പാക് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്‍റെ മകൻ ജുനൈദ് സഫ്ദറിന്‍റെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ ചർച്ചകൾ വധുവിനെക്കുറിച്ചായിരുന്നില്ല, മറിച്ച് വധുവിനെക്കാൾ സുന്ദരിയായി ഒരുങ്ങിയെന്ന പേരിൽ അമ്മ മറിയം നവാസിനെക്കുറിച്ചായിരുന്നു.
മുന്‍ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മകളും പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്‍റെ മകൻ ജുനൈദ് സഫ്ദറും ഷാൻസെ അലിയും ലാഹോറിൽ നടന്ന ആഡംബര വിവാഹ ചടങ്ങിൽ വിവാഹിതരായി. വിവാഹ ആഘോഷത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വരന്‍റെ അമ്മ വധുവിനെക്കാൾ സുന്ദരിയാണെന്ന കുറിപ്പുകൾ ഉയർന്നു. ഇതോടെ വിവാഹ ചിത്രങ്ങൾ വൈറലായി. നവാസ് ഷെരീഫ് കുടുംബത്തിന്‍റെ ദീർഘകാല സുഹൃത്തും സഖ്യകക്ഷിയുമായ റൊഹൈൽ അസ്ഗറിന്‍റെ ചെറുമകളാണ് വധു, ഷാൻസെ അലി.
വിവാഹം മകന്‍റെത്, വൈറലായത് അമ്മ
ആഡംബരപൂർണ്ണമായ ആഘോഷങ്ങൾ പെട്ടെന്ന് വൈറലായി. വിവാഹത്തിലെ ഫാഷൻ തെരഞ്ഞെടുപ്പുകളാണ് പാകിസ്ഥാൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് തുടക്കമിട്ടത്, വധുവിന്റെ ഇന്ത്യൻ ഡിസൈനർ വസ്ത്രങ്ങളും മറിയം നവാസിന്‍റെ ആകർഷണീയതയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രങ്ങൾ വൈറലായി, വധുവിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് മുമ്പുതന്നെ, മറിയം നവാസ് ഓൺലൈനിൽ ഒരു പ്രധാന ചർച്ചാ വിഷയമായി. മകന്‍റെ മെഹന്തി ചടങ്ങിനായി, പഞ്ചാബ് മുഖ്യമന്ത്രി മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയും പിന്നാലെ വിവാഹത്തിന് പരമ്പരാഗത പുതിന പച്ച വസ്ത്രവും ധരിച്ച് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റി.
അമ്മയെ പ്രശംസിച്ച് നെറ്റിസെന്‍സ്
പാക് സമൂഹ മാധ്യമ ഉപയോക്താക്കൾ മറിയം നവാസിനെ ആവോളം പ്രശംസകൾ കൊണ്ട് മൂടി. ചിലർ അവരുടെ രൂപഭാവത്തെ പ്രശംസിച്ചപ്പോൾ മറ്റ് ചിലർ അവർ വധുവിന്‍റെ സൗന്ദര്യം കവർന്നെന്ന് പരിഭവിച്ചു. "മറിയം നവാസും വധുവിന്‍റെ വേഷം ധരിക്കാനും അഭിനയിക്കാനുമുള്ള അവളുടെ ഒരിക്കലും അവസാനിക്കാത്ത അഭിനിവേശവുമെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. മറിയം നവാസ് വധുവിനെക്കാൾ സുന്ദരിയായി കാണപ്പെടുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. ഒരു വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി വധുവാണ്. വധുവിനെക്കാൾ മികച്ച വസ്ത്രം ആരും ധരിക്കരുതെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.


