പെണ്‍പ്രവാസം!

Published : Oct 13, 2017, 04:16 PM ISTUpdated : Oct 05, 2018, 03:46 AM IST
പെണ്‍പ്രവാസം!

Synopsis

പ്രവാസമെന്നത് ത്യാഗങ്ങളും, യൗവനം നഷ്ടപ്പെടുത്തലും, സ്വപ്ന സാക്ഷാത്ക്കാരങ്ങള്‍ക്കായുള്ള പണക്കൊയ്ത്തും മാത്രമാണോ?

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

2009 ഓഗസ്റ്റ് മാസം നാലിന് മസ്‌കറ്റ് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന നിമിഷം വരെ ഏതൊരു നാട്ടിന്‍പുറത്തുകാരിയെയും പോലെ ഗള്‍ഫ് എന്നതൊരു പണം കൊയ്‌തെടുക്കുന്ന എണ്ണപ്പാടം മാത്രമായിരുന്നു എനിക്കും. കല്യാണം കഴിഞ്ഞ് 40  ദിവസത്തിന് ശേഷം ഒറ്റയ്ക്ക് വിമാനം കയറി വരുന്ന ഒരു പെണ്ണിന്റെ പ്രവാസ ജീവിതം അവിടെ തുടങ്ങുന്നു.  ഒമാനിലെ ചുട്ടുപൊള്ളുന്ന കാറ്റ്  തൊട്ടുണര്‍ത്തിയത്  വിരഹത്തോടൊപ്പം ജീവിത യഥാര്‍ത്ഥ്യങ്ങളുടെ സത്യങ്ങളുമായിരുന്നു.  

നാട്ടിലുപേക്ഷിച്ചു പോന്നത് പ്രാണപ്രിയനെ  മാത്രമായിരുന്നില്ലല്ലോ. മഴ , മരങ്ങള്‍, പച്ചപ്പ്, സൗഹൃദങ്ങള്‍, നാട്ടുവഴികള്‍ , വര്‍ത്തമാനങ്ങള്‍ അങ്ങനെ  എന്നോട് ചേര്‍ത്ത് നിര്‍ത്തിയിരുന്ന എല്ലാ അഹങ്കാരങ്ങളും  വിമാനം പറന്നുയരുന്നതിനനുസരിച്ചു ഓര്‍മ്മയുടെ  പുറകിലേക്ക്  തള്ളിയിട്ടുകൊണ്ടായിരുന്നല്ലോ മെച്ചപ്പെട്ടൊരു തൊഴില്‍ എന്ന  മധുരക്കനി തേടിയിറങ്ങിയത്. 

പൊള്ളുന്ന പകലുകള്‍, സന്ധ്യകള്‍, ഒറ്റപ്പെടല്‍, പുതിയ ഇടങ്ങള്‍, മുഖങ്ങള്‍.  നിവര്‍ന്നു നില്‍ക്കുവാന്‍ സമയമെടുത്തു  എന്ന് പറയാതിരിക്കാന്‍ വയ്യ. പെട്ടെന്ന് തോറ്റു  തിരിച്ചു പോകാന്‍  മനസ്സനുവദിച്ചില്ല. ഇന്ത്യന്‍ സ്‌കൂളിലെ സ്‌പെഷല്‍ എഡ്യൂക്കേഷന്‍  സെന്ററിലെ നിഷ്‌കളങ്കമായ  കുഞ്ഞു മുഖങ്ങളില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ മറന്നു വെക്കാന്‍ തുടങ്ങി.

പിന്നെ കാത്തിരിപ്പ്.  വിസിറ്റിംഗ് വിസയിലൂടെ പറന്നെത്തിയ പ്രിയതമനുമൊത്തു കൂടൊരുക്കം. പിന്നെയൊരു പരക്കം പാച്ചിലായിരുന്നു. ജീവിക്കാന്‍ വേണ്ടി .    ചെലവുചുരുക്കലിന്റെ ഭാഗമായി അതുവരെ കാണാത്ത ഏതോ കുടുംബത്തോടൊപ്പം മേല്‍ക്കൂര പങ്കിടല്‍.  Mphil  ബിരുദം കൊണ്ടൊന്നും കാര്യമില്ലെന്നും പരിചയക്കാരോ ശിപാര്‍ശയോ  ഇല്ലാതെ ജോലി ലഭിക്കാന്‍ പോകുന്നില്ലെന്നുമുള്ള വാക്കുകളൊന്നും ഒരുമിച്ചു ജീവിക്കാന്‍ തന്നെ തീരുമാനിച്ചിറങ്ങിയവരെ    തളര്‍ത്തുവാന്‍ പോന്നവയല്ലായിരുന്നു. നന്മയുടെ മുഖങ്ങള്‍, സ്വാന്തനവാക്കുകള്‍ അതും ജീവിതത്തില്‍ ആദ്യമായി കാണുന്നവരില്‍ നിന്ന്. ഞാനുമൊരു പ്രവാസിയായി

പിന്നെ പിന്നെ പതിയെ അറിഞ്ഞു തുടങ്ങി. പച്ചപ്പില്ലാത്ത ഈ ഭൂമിയിലും  ഈശ്വരന്‍ പച്ചയായ മനുഷ്യരെ കന്ധൂര എന്ന വെള്ള വസ്ത്രം ധരിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത് എന്നെ പോലെ സ്വപ്നങ്ങള്‍ തേടിയിറങ്ങിയ കുറെ മനുഷ്യജീവികള്‍ക്കു  അന്നം നല്‍കുവാന്‍ മാത്രമായിരുന്നില്ല. തനിയെ റോഡ് മുറിച്ചു കടക്കുമ്പോള്‍ വണ്ടി നിര്‍ത്തി കടന്നു പൊയ്‌ക്കോളൂ എന്ന്  തലയാട്ടി  ക്ഷമാപൂര്‍വം പുഞ്ചിരിയോടെ കാത്ത് നിന്നവരില്‍, പോകുന്നിടത്തെല്ലാം നീയൊരു സ്ത്രീയാണ് അതുകൊണ്ടു ക്യു  നിന്ന് ബുദ്ധിമുട്ടേണ്ട കാര്യമില്ല എന്ന് പറഞ്ഞു കൗണ്ടറിന്റെ  മുന്നിലേക്ക് തള്ളി നിര്‍ത്തിയവരില്‍,  സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സാധനം വാങ്ങി ക്യാഷ് കൗണ്ടറില്‍ കാത്തു നില്‍ക്കേണ്ടി വന്നപ്പോളൊക്കെ പേരോ ഊരോ ചോദിക്കാതെ  പരിപ്പ് കടല എന്ന് തുടങ്ങി എന്റെ ലൊട്ടു ലൊടുക്ക് സാധനങ്ങള്‍ വരെ എന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ കവറിലാക്കി  ട്രോളിയില്‍ എടുത്തു വെച്ച് പുഞ്ചിരി സമ്മാനിച്ചവരില്‍,  കനത്ത മേക്കപ്പും  വിലയേറിയ സുഗന്ധ ദ്രവ്യങ്ങളും പൂശി കറുത്ത നീളന്‍ കുപ്പായങ്ങളില്‍ വന്നു 'ഹൗ ആര്‍  യു ' എന്ന് ചോദിച്ചു കാണുമ്പോഴൊക്കെ എന്നെ അവരുടെ  കരവലയത്തിലൊതുക്കി എന്നെ  അത്ഭുതപ്പെടുത്തിയവരില്‍, 11 മാസത്തെ ഡ്രൈവിംഗ് പഠനത്തിനിടയില്‍ ഒരിക്കല്‍ പോലും മുഖം കറുപ്പിക്കാതെ അങ്ങയേറ്റം ക്ഷമയോടെ എന്നെ വളയം  പിടിക്കാന്‍ പ്രാപ്തയാക്കിയ എന്റെ  ഡ്രൈവിംഗ് അദ്ധ്യാപകനില്‍,   ഇവരില്‍ നിന്നൊക്കെ എനിക്ക് കുറെയേറെ പഠിക്കാനുണ്ടായിരുന്നു ..   
  
ഒരു പാട് ജീവിതങ്ങള്‍ കണ്ടു, തൊട്ടറിഞ്ഞു. കുടുംബത്തിലെ പ്രാരബ്ധം കൊണ്ട് കയറി വന്നു തുച്ഛമായ ശമ്പളത്തില്‍ പകലോ രാത്രിയോ ഇല്ലാതെ പണിയെടുത്തു എപ്പോള്‍ വേണമെങ്കിലും തീപിടിക്കാവുന്ന  അല്ലെങ്കില്‍ കാറ്റെടുക്കാവുന്ന അരക്ഷിതമായ മേല്‍ക്കൂരക്കു കീഴെ ക്ഷീണം കൊണ്ട് തളര്‍ന്നുറങ്ങുമ്പോഴും വീട്ടുകാരുടെ പുഞ്ചിരികള്‍ സ്വപ്നം കാണുന്ന യൗവനങ്ങള്‍,  30  വര്‍ഷത്തോളം  കഷ്ടപ്പെട്ട് പണിയെടുത്തു  ജീവിതം ഹോമിച്ചു വെറും കൈയോടെ നാട്ടിലേക്കു കയറിപോകേണ്ടി വന്നവര്‍,  വര്‍ഷങ്ങളോളം അധ്വാനിച്ചു ജീവിത സായാഹ്നത്തില്‍ ശരീരം മുഴുവന്‍ രോഗങ്ങളുമായി രോഗക്കിടക്കയിലേക്കായി വിമാനം കയറുന്നവര്‍, തലേ ദിവസം ഓവര്‍ടൈം കഴിഞ്ഞു നാട്ടിലേക്കു വിളിച്ചു സംസാരിച്ചു ഉറങ്ങാനായി കിടന്നു പിറ്റേ ദിവസം ഹൃദയസ്തംഭനം വന്നു ജീവന്‍ വേര്‍പെട്ട് പെട്ടിയില്‍ നീണ്ടു  നിവര്‍ന്നു കിടന്നു ഉറ്റവരുടെ അടുത്തേക്ക് യാത്രയായവര്‍, ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരുന്നു എല്ലാ ആര്‍ഭാടങ്ങളും അനുഭവിച്ച് ഒരു  ദിവസം രാവിലെ  ഓഫിസില്‍ ചെല്ലുമ്പോള്‍ ജോലി പോയി എന്നറിഞ്ഞു പകച്ചു പോയവര്‍, ആരോ എന്തെന്നോ അറിയാതെ ആശുപത്രിക്കിടക്കയില്‍ അബോധാവസ്ഥയില്‍ നാട്ടിലേക്കു കയറ്റിവിടുവാന്‍ ആരുടെയൊക്കെയോ കാരുണ്യം തേടി കാത്തുകിടക്കുന്നവര്‍,  മരിക്കുന്നതിന് മുമ്പെങ്കിലും നാട്ടിലേക്കു  പോകാന്‍  കഴിയണേ എന്ന പ്രാര്‍ത്ഥനയുമായി  എംബസി വരാന്തകളില്‍ ദിവസങ്ങളോളം   കയറിയിറങ്ങുന്ന കണ്ണീരുണങ്ങി പറ്റിപിടിച്ച മുഖമുള്ളവര്‍,  അങ്ങനെ അങ്ങനെ പ്രവാസത്തിനു എത്രയെത്ര മുഖങ്ങള്‍ ആണ്. 

അങ്ങയേറ്റം അരക്ഷിതാവസ്ഥയില്‍ ജീവിക്കേണ്ടി വരുമ്പോഴും എന്തിലൊക്കെയോ എങ്ങനെയെക്കെയോ സന്തോഷം കണ്ടെത്തുന്നവരാണ് ഞാനടക്കമുള്ള പ്രവാസികള്‍. അവധി ദിനങ്ങളിലെ  ഇവിടുത്തെ  ആരാധനാലയങ്ങളിലെ തിരക്ക് ദൈവഭക്തി എന്നതിനുപരി  ഒരു ഒത്തുചേരലിനുള്ള അവസരം സൃഷ്ടിക്കുന്നു എന്നതുകൊണ്ടും കൂടിയാണ്.  നമ്മള്‍ തനിച്ചല്ല എന്നൊരു തോന്നല്‍ ഉണ്ടാക്കിയെടുക്കാനുള്ള മനഃപൂര്‍വ്വമായ ഒരു ശ്രമം. 

എങ്കിലും പറയട്ടെ എന്നെ പോലുള്ള  ഒരു പെണ്ണിന് ഇവിടം വളരെ സുരക്ഷിതമായിരുന്നു. ഞാന്‍ എന്നിലെ എന്നെ കണ്ടെത്തിയത് എന്റെ പ്രവാസ ജീവിതത്തിലാണ്.  ഇത്രയും സുരക്ഷിതമായും സമാധാനമായും ജീവിതം ആസ്വദിക്കാന്‍ എന്റെ നാട്ടില്‍ കഴിയുമോ എന്ന് തോന്നുന്നില്ല  എന്ന് പറയേണ്ടിവരുന്നതില്‍ ഒട്ടും അഭിമാനിക്കുന്നില്ല. പക്ഷെ  സത്യം അതാണ്.  

ജന്മനാട്ടില്‍  ക്രൂരമായി ആക്രമിക്കപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട പെണ്മക്കളുടെ അമ്മമാരുടെ   കരച്ചിലുകള്‍  രാത്രികളില്‍ പലപ്പോഴും എന്റെ ഉറക്കം കളയുന്നു. അപ്പോഴൊക്കെ   ഞാന്‍ ഇവിടെ ആയതു കൊണ്ട് സുരക്ഷിതയാണല്ലോ എന്ന സ്വാര്‍ത്ഥമായ ഒരു ആശ്വാസം എന്നെ പൊതിയുന്നു.

കഴിഞ്ഞ ദിവസം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള  ഗര്‍ബ  എന്ന് പേരുള്ള ഡാന്‍ഡിയ നൃത്തം കഴിഞ്ഞു  കൂടെ ജോലിചെയ്യുന്ന കൂട്ടുകാരുമായി  തിരിച്ചു വരുമ്പോള്‍ സമയം രാത്രി 11  ആകാറായിരുന്നു. കൂടെയുണ്ടായിരുന്നു ധന്യ ടീച്ചര്‍ വണ്ടിയില്‍ നിന്നറങ്ങി  യാത്ര പറയുമ്പോള്‍ പറഞ്ഞു 'അനൂ  നാട്ടിലാണെങ്കില്‍ ഞാന്‍ നിന്നെ ഈ സമയത്തു ഒറ്റയ്ക്ക് വിടില്ലായിരുന്നു. ഇവിടെ പേടിക്കാനൊന്നുമില്ല' .  വെളിച്ചം കുറഞ്ഞ ഇന്‍ഡസ്ട്രയില്‍ ഏരിയയിലൂടെ തിരിച്ചു വീട്ടിലേക്കു വണ്ടിയോടിച്ചു വരുമ്പോള്‍ മനസ്സില്‍ പറഞ്ഞു, ഇല്ല,  എന്റെ നാട് അങ്ങനെയായിരിക്കില്ല ഞാന്‍ മടങ്ങി ചെല്ലുമ്പോള്‍.

എട്ടുവര്‍ഷത്തെ പ്രവാസ ജീവിതം ബാങ്ക് ബാലന്‍സില്‍ ഒട്ടും തന്നെ മാറ്റം  വരുത്തിയിട്ടില്ല. സ്വപ്നങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും പ്രവാസ ജീവിതം നല്ലതേ സമ്മാനിച്ചിട്ടുള്ളു. ജീവിതങ്ങളെ  ഇത്രയേറെ അടുത്ത് കാണാന്‍  കഴിഞ്ഞതും  ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞതും  ഇവിടെയായതു കൊണ്ടാണ്. വളരെ ചെറിയ തോതില്‍ ആണെങ്കില്‍ കൂടിയും നാട്ടില്‍ ആരുടെയൊക്കെയോ സന്തോഷത്തിനു കാരണം ഞാന്‍ എന്ന പ്രവാസിയുടെ കൂടി വിയര്‍പ്പാണല്ലോ.

അതിര്‍വരമ്പുകള്‍  ഇല്ലാത്ത  ഒരുപാട്  നല്ല ബന്ധങ്ങള്‍, നിര്‍ണായക ഘട്ടങ്ങളില്‍ എവിടെ നിന്നൊക്കെയോ നീണ്ടു  വരുന്ന സഹായ ഹസ്തങ്ങള്‍,  ഒത്തു ചേരലുകള്‍, ചേര്‍ത്ത് പിടിക്കലുകള്‍, പങ്കുവെക്കലുകള്‍.. പ്രവാസത്തിന്റെ നുറുങ്ങു വെട്ടങ്ങള്‍.

വളരെ കാലം കാത്തിരുന്ന് ഇവിടെ കിട്ടുന്ന മഴക്ക് നാട്ടിലെ ഇടവപ്പാതിയെക്കാള്‍ ഭംഗിയാണ്. രാത്രിയില്‍ ആകാശത്തില്‍ പൂത്തുലഞ്ഞ നില്‍ക്കുന്ന  നക്ഷത്രങ്ങളില്‍ നിന്ന് പെയ്യുന്ന വെളിച്ചം പകലിലെ  പൊള്ളിക്കുന്ന ചൂടിന്റെ ഓര്‍മ്മകളെ  കെടുത്തി കളയാറുമുണ്ട്.  പാതിരാത്രിയിലും കടല്‍ത്തീരത്ത് പോയി എത്ര നേരം വേണമെങ്കിലും തിരകളെണ്ണി നിലാവ് നനയുവാന്‍  കഴിയുക എന്നത് തന്നെ എന്റെ  ഭാഗ്യങ്ങളാണ്..

മൂന്നര മണിക്കൂറിന്റെ ദൂരത്തില്‍ എപ്പോള്‍ കയറി ചെന്നാലും (വെറുംകൈയോടെയാണെങ്കിലും) എത്ര കാലമായി കണ്ടിട്ട് എന്ന് ചോദിക്കാന്‍ നാട്ടില്‍ വളരെ കുറച്ചാണെങ്കിലും ആളുണ്ട്, കാത്തിരിക്കുന്ന  ഇടങ്ങളുണ്ട്  എന്ന ധൈര്യം . ഇതൊക്കെമതി. ധാരാളം. 

അല്ലെങ്കില്‍ തന്നെ അവനവന്‍  ജീവിച്ചിരിക്കുന്ന ചുറ്റുപാടുകളുടെ  ഭംഗി ആസ്വദിക്കാന്‍ കഴിയാതെ  പോകുന്നതിനേക്കാള്‍ വലിയ പ്രവാസം എന്താണ്?

 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!