കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

Published : Feb 20, 2017, 09:35 AM ISTUpdated : Oct 05, 2018, 03:13 AM IST
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

Synopsis

രാവേറെയായെങ്കിലും നഗരം ഉറങ്ങാന്‍ തുടങ്ങുന്നതേയുള്ളൂ.മടുപ്പിക്കുന്ന ഏകാന്തത വല്ലാതെ വെറുത്തു തുടങ്ങിയപ്പോഴാണ് ഈ പാതിരാ നടത്തം തുടങ്ങിയത്, ഇളയരാജയോ രവീന്ദ്രന്‍ മാഷോ ഉസ്താദ് മെഹ്ദി ഹസ്സനോ ആര്‍ ഡി ബര്‍മനോ കാണും കൂട്ടിന്. കുറച്ച് നാളായി രാജസാറിനോടു വല്ലാത്തൊരിഷ്ടം. .

കാസറഗോഡും ബത്തേരിയുമൊക്കെ ജോലി സംബന്ധമായി താമസിക്കേണ്ടി വരുമ്പോള്‍ സെക്കന്റ് ഷോ കഴിഞ്ഞിട്ടാണ് ഇതുപോലെ പാതിരായ്ക്ക് നാട്ടില്‍ നടക്കാറുള്ളത്. തെരുവോരങ്ങളില്‍ അഭയം തേടുന്നവരെ നിസ്സഹായതയോടെ നോക്കി നിന്നിട്ടുണ്ട്. ബത്തേരിയുടെ ചൂളുന്ന തണുപ്പില്‍ ചാക്കിനുള്ളില്‍ വിറപൂണ്ട് കിടക്കുന്ന, കാസറഗോഡ് ബസ് സ്റ്റാന്റിന്റെ മുന്നില്‍ മഴയത്ത് ബീഡിപ്പുകയില്‍ ഉള്ളുചുടുന്ന നഗരത്തിന്റെ പുറമ്പോക്ക് സന്തതികള്‍

പല രാത്രികളിലും ഉറക്കം നഷ്ടപ്പെടുത്തിയവയാണ് അവര്‍ക്കിടയിലെ കുഞ്ഞുങ്ങളുടെ കരച്ചിലും അമ്മമാരുടെ കണ്ണീര്‍ വറ്റിയ ദൈന്യതയും.

ഈ നഗരങ്ങള്‍ക്ക് അത്തരം തെരുവോരസങ്കടങ്ങള്‍ ഇല്ലല്ലോ എന്നാലോചിച്ച് 'കല്ല്യാണ തേന്‍നിലാ'വും കേട്ട് നടപ്പാതയുടെ ഓരം ചേര്‍ന്ന് കോര്‍ണിഷ് സിഗ്‌നല്‍ ലക്ഷ്യമാക്കി കൈകള്‍ വീശി നടന്നു.

പെട്ടെന്നാണ് മുന്‍പേ നടന്നു പോയ ആള്‍ വേച്ച് വേച്ച് നിലത്തിരിക്കുന്നത് ശ്രദ്ധിച്ചത്

പെട്ടെന്നാണ് മുന്‍പേ നടന്നു പോയ ആള്‍ വേച്ച് വേച്ച് നിലത്തിരിക്കുന്നത് ശ്രദ്ധിച്ചത്. മുഷിഞ്ഞ പാക്കിസ്താനി സല്‍വാര്‍ കുര്‍ത്ത വേഷം. ആകെ വിയര്‍ത്ത് കുളിച്ചിട്ടുണ്ട്.അടുത്തെത്തിയപ്പോഴാണ് എവിടെയോ കണ്ട മുഖം എന്ന് തിരിച്ചറിഞ്ഞത്.അതേ..ഷബീര്‍ ഭായ്. വീടുമാറ്റത്തിന്റെ സമയത്ത് സാധനങ്ങള്‍ കയറ്റിയിറക്കാനായിട്ട്  ഓഫീസിന്റെ താഴെയുള്ള ലോറി സ്റ്റാന്റില്‍ നിന്ന് കുറച്ച് നാള്‍ മുമ്പാണ് ഇയാളെ ഏര്‍പ്പാടാക്കിയത്. 55 ന് മുകളില്‍ പ്രായം കാണും. സാധു മനുഷ്യന്‍..

'എന്തു പറ്റി ഭായ്' എന്ന ചോദ്യത്തിന്  'ഒന്നുമില്ല സാബ്' എന്ന് പതിഞ്ഞ സ്വരത്തില്‍ വേദന നിറഞ്ഞ ശബ്ദത്തിലായിരുന്നു  മറുപടി. കൈ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചപ്പോഴേക്കും അയാള്‍ പതുക്കെയെണീറ്റ് റോഡരികിലെ മരച്ചുവട്ടിലെ ഒടിഞ്ഞ സ്ലാബില്‍  ചാഞ്ഞിരുന്ന് എന്നെ നോക്കി ചിരിക്കാന്‍ ദയനീയമായി ശ്രമിച്ചു.  പാക്കിസ്ഥാനി ലോറി ഡ്രൈവര്‍മാരും സഹായികളും വിശ്രമിക്കുന്ന മരച്ചോട് പാതിരാനേരത്ത് ശൂന്യമായിരുന്നു. 'വെള്ളം വേണോ ' എന്നത് കേട്ടപ്പോള്‍ ദയനീയമായെന്നെ  നോക്കി, ഓടി ചെന്ന് തൊട്ടടുത്തുള്ള കഫറ്റീരിയയില്‍ നിന്ന് രണ്ട് കുപ്പിവെള്ളം കൊണ്ടു കൊടുത്തത് ഒറ്റയിരുപ്പില്‍ തീര്‍ത്തു. പാവം ആഗസ്ത് മാസത്തിന്റെ ചൂട് താങ്ങാനാകാതെ വല്ലാതെ കഷ്ടപ്പെട്ടു. മുഴുക്കയ്യന്‍ കുര്‍ത്തയുടെ കൈതലപ്പു കൊണ്ട് വിയര്‍പ്പു തുടച്ച് എന്നെ നോക്കുമ്പോഴേക്കും ഞാന്‍ എന്റെ ചോദ്യം പിന്നെയും ആവര്‍ത്തിച്ചിരുന്നു. 'എന്താണ് പെട്ടന്ന് പറ്റിയത് ? മുമ്പ് ഇങ്ങനെയെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ?'

'ഇല്ല സാബ്.. ഇല്ല'- ഇടറിയ മറുപടി. 

'ഹോസ്പിറ്റലില്‍ പോകണോ?'

'മകളാണ്, സാബ്... ഏറ്റവും ഇളയവള്‍,  ഫാത്തിമ '.

വേണ്ടയെന്ന തലയാട്ടല്‍. ഒന്നും മിണ്ടാതെ ഏതാനും മിനിറ്റുകള്‍. കൈയും കെട്ടി, ഷബീര്‍ ഭായിയെ ശ്രദ്ധിച്ച് നിന്നു.പതിയെ ആളൊന്നെണീറ്റ് ഇരുപ്പ് ശരിയാക്കി മുരടനക്കി, കുര്‍ത്തയുടെ കീശയില്‍ നിന്ന് പേഴ്‌സെടുത്ത് അതിലെയൊരു ഫോട്ടോ എനിക്ക് നേരെ പിടിച്ചു.. മൂന്നോ നാലോ വയസ്സു പ്രായമുള്ള വിടര്‍ന്ന ചിരിയും കുസൃതികണ്ണുകളുമുള്ള സുന്ദരിക്കുട്ടി! 

'മകളാണ്, സാബ്... ഏറ്റവും ഇളയവള്‍,  ഫാത്തിമ '.

'മാഷാ അള്ളാ! ദൈവം മോള്‍ക്ക്  ആയുരാരോഗ്യം നല്‍കട്ടെ ...'. ഞാന്‍ പറഞ്ഞു നിറുത്തിയതും ഭായി കണ്ണുകള്‍ നിറഞ്ഞ് ചുണ്ടുകള്‍ വിതുമ്പി, കൈലേസു കൊണ്ട് മുഖം പൊത്തി..

ദൈവമേ!

'ഭായ് ...' വിറച്ച ശബ്ദത്തോടെ  ആ ചുമലില്‍ തൊട്ടു...

'ഞാനിന്നു വരെ നേരില്‍ കാണാത്ത എന്റെ പൊന്നുമോളാണ്, എന്റെ ഫാത്തിമ. ഇവളെയും ഗര്‍ഭത്തിലേറ്റി നിറവയറോടെ നിന്ന ബീവിയും മറ്റു നാലാണ്‍മക്കളും ഉമ്മയും സഹോദരങ്ങളുമടക്കമുള്ള വലിയ കുടുംബത്തെപ്പോറ്റാനായി കഴിഞ്ഞ നാലുവര്‍ഷമായി ഇവിടെ പണിയെടുക്കുകയാണ്.നാട്ടില്‍ പോലും പോകാതെ...'

'ഭായ് ...' വിറച്ച ശബ്ദത്തോടെ  ആ ചുമലില്‍ തൊട്ടു...

ഫോണ്‍ വിളികളിലൂടെയും  ഫോട്ടോകളിലൂടെയും മാത്രം ഒരച്ഛന്റെ സ്‌നേഹം പകര്‍ന്ന് നല്‍കേണ്ടി വരുന്നവന്റെ പിടച്ചില്‍. ആ വാക്കുകള്‍ എന്നില്‍ തീ കോരിയിട്ടുവല്ലോ ഈശ്വരാ...

'സാബ്.... രണ്ടാഴ്ചയായി മോള്‍ക്ക് അസുഖം ബാധിച്ചിട്ട്. കടുത്ത പനിയാണത്രെ. ഇവിടെ എനിക്കാണെങ്കില്‍ കുറച്ച് മാസങ്ങളായി  പണികളും കുറവാണ്'. 

ഇന്ന് മോള്‍ക്ക് രോഗം കൂടി. ആശുപത്രിയില്‍ ആക്കിയിരിക്കുകയാണത്രെ. 'ഇളയ മകനാണ് ഇപ്പോള്‍ വിളിച്ചത്. രണ്ട് മാസമായി പണം അയച്ചത് തന്നെ കടം വാങ്ങിയിട്ടാണ്, സാബ് ... വാടക കൊടുക്കാത്തതിനാല്‍ കഴിഞ്ഞയാഴ്ച മുതല്‍  കിടപ്പ് ഈ മരച്ചോട്ടിലും'

അയാളെന്നെ പോലും നോക്കാതെ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എന്താണ് സംഭവിക്കുന്നത്?  കൈകാലുകള്‍ മരവിച്ച് നാവു വറ്റി ഞാനവിടെ തറഞ്ഞു നിന്നു. 

നാട്ടില്‍ നിന്ന് വന്നിട്ട് ഒരു മാസമാകുന്നതേയുള്ളൂ, കൈയ്യില്‍ അന്നന്നത്തെ ചെലവിനുള്ള കാശുമാത്രമേ കാണൂ. അരുണ്‍ നാട്ടില്‍ പോയിരിക്കുന്നു. എന്തു ചെയ്യുമെന്നാലോചിച്ചു നില്‍ക്കുമ്പോളേയ്ക്കും ഫോണ്‍ അടിച്ചു.ഭായിയുടെ കീശയില്‍ നിന്നാണ്. പഞ്ചാബി കലര്‍ന്ന ഉറുദുവില്‍ ഇടറിയ ശബ്ദത്തില്‍ ആളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് നെഞ്ചും തടവുന്നു.

ന്റെ കൃഷ്ണാ...സ്വന്തം ചോരയിലുണ്ടായതിനെ ഒരു നോക്കുപോലും കാണാതെ ഇവിടെയിങ്ങനെ നെഞ്ചുലച്ച് കണ്ണീര്‍ മറച്ച് നമ്മളോടൊക്കെ ചിരിച്ച് കൂടെ നടക്കുന്നവര്‍ എത്ര പേരുണ്ടാകും ? പത്തേമാരി കാലത്ത് മാത്രമല്ല ഇപ്പോഴും ഇതൊക്കെയുണ്ടല്ലോ!

പേഴ്‌സ് തപ്പിയപ്പോള്‍ കിട്ടിയത് ആകെ 200 ദിര്‍ഹത്തിനടുത്ത്. അതെല്ലാം കൂട്ടി ഭായിയുടെ കൈയ്യില്‍ വച്ച് കൊടുത്ത് മുഖത്തേക്ക് നോക്കാതെ തിരിഞ്ഞു നടന്നു.

 കൈകാലുകള്‍ മരവിച്ച് നാവു വറ്റി ഞാനവിടെ തറഞ്ഞു നിന്നു. 

'സാബ് .... വേണ്ട സാബ്.... പറയുന്നത് കേള്‍ക്കൂ'.

ഇല്ല. ഞാന്‍ തിരിഞ്ഞു നോക്കില്ല ഭായ്. എന്റെ കണ്ണീരണിഞ്ഞ മുഖം എനിയ്ക്കുമാത്രം അവകാശപ്പെട്ടതാണ്.

ഹെഡ്‌സെറ്റില്‍ അപ്പോള്‍ ആര്‍ ഡി ബര്‍മന്റെ പാട്ടായിരുന്നു..

'തുജ് സേ നാരാസ് നഹീ ,സിന്ദഗീ
ഹേരാന്‍ ഹൂ മേം ,
ഓ ഹേരാന്‍ ഹൂ മേം..
തേരേ മാസൂം സവാലോം
സേ പരേഷാന്‍ ഹൂ മേം '

ഇല്ല, ജീവിതമേ നിന്നോടെനിയ്ക്ക് പരിഭവമൊന്നുമില്ല മറിച്ച് അതിശയങ്ങള്‍ മാത്രം. ഉള്ളം തൊടുന്ന നിന്റെ നിഷ്‌കളങ്ക ചോദ്യങ്ങളോടുള്ള വേവലാതി മാത്രം 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

സെക്യൂരിറ്റി ​ഗാർഡിന് 3 ലക്ഷം സബ്സ്ക്രൈബർമാരുണ്ട്, പോസ്റ്റ് ഷെയർ ചെയ്ത് ഇന്ത്യൻ ഫൗണ്ടർ
പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ