
കാന്‍പൂരില്‍ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു. ഇലക്ഷന്‍ പ്രഖ്യാപിക്കും മുന്‍പേ തന്നെ, കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ വിലയിരുത്തല്‍ ആവും എന്നത് കൊണ്ടും, ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ പിടിച്ചുലച്ച കുടുംമ്പ വഴക്ക് കൊണ്ടും ആകാംഷ നിറച്ച തെരഞ്ഞെടുപ്പ്. നാട് ഒന്നാകെ പോളിംഗ് ബൂത്തിലേയ്ക്ക് എന്നൊക്കെയുള്ള കേട്ടുപഴകിച്ച ഇലക്ഷന്‍ വാര്‍ത്തകള്‍ക്ക് ഇവിടെ പ്രസക്തിയില്ല. അങ്ങിനെയൊരു പതിവ് ഈ നാടിനില്ല.
വോട്ടു ചെയ്യുക എന്ന അവകാശം ഒരു ലഹരി പോലെ ഉള്ളില്‍ സൂക്ഷിക്കുന്നത് കൊണ്ടാവാം ഇലക്ഷന്‍ എന്ന് കേള്‍കുമ്പോഴെല്ലാം ആ ദിവസം ഒന്ന് വന്നിരുന്നെങ്കില്‍ എങ്കില്‍ ആഗ്രഹിക്കുന്നത്.അപ്പോഴും ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യും എന്ന ചോദ്യം ആദ്യം മുതല്‍ തന്നെ അലട്ടിയിരുന്നു. ബിജെപി എന്ന പൊതു ശത്രുവിനെതിരെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും കൈ കോര്‍ക്കുമ്പോള്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ടിയാണ് മറ്റൊരു എതിരാളി.
ഇവിടെ ജീവിച്ചറിഞ്ഞ സാഹചര്യങ്ങളില്‍ നിന്ന് കിട്ടിയ അറിവ് അനുസരിച്ച് സമാജ് വാദി പാര്‍ട്ടിയെ തെരഞ്ഞെടുക്കാം എന്ന് ഒടുവില്‍ തീരുമാനിച്ചു. അങ്ങനെ ഇരിക്കെ ആരോ പറഞ്ഞു ഇവിടെ സമാജ് വാദിക്ക് സ്ഥാനാര്‍ഥി ഇല്ലെന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ആണ് മത്സരിക്കുന്നത് എന്നും അറിഞ്ഞു. അത് വീണ്ടും എന്റെ അസ്വസ്ഥത വര്‍ദ്ധിപ്പിച്ചു.
വോട്ടു ചെയ്തു പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ സംതൃപ്തി തോന്നിയില്ല. സഖ്യ സംവിധാനത്തെ പോലും മാന്യമായി ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പോയ ഒരു പാര്‍ട്ടിക്ക് വോട്ടു നല്‍കേണ്ടി വന്ന എന്റെ ഗതികേട് ഓര്‍ത്ത് എനിക്ക് ഈ നാട്ടിലെ വ്യവസ്ഥയോടു പുച്ഛം തോന്നി. വ്യാവസായിക സംസ്‌ക്കാരം ജീവിതത്തില്‍ ലയിച്ചു ചേര്‍ന്ന ഈ നാട്ടില്‍ എന്ത് കൊണ്ട് എന്നെ പോലൊരാള്‍ക്ക് ഇടതു പക്ഷം എന്ന ഓപ്ഷന്‍ കിട്ടുന്നില്ല എന്ന ചോദ്യം ആ പോളിംഗ് ബൂത്തില്‍ നിന്നും ഇറങ്ങിയ നേരം മുതല്‍ എന്നെ പിന്തുടര്‍ന്ന് തുടങ്ങിയിരിക്കുന്നു.
ഇത് ഇന്ന് എന്നോട് തന്നെ ചോദിക്കാം എന്നല്ലാതെ ഉത്തരം തരാന്‍ തക്ക ആര്‍ജവമുള്ള ഒരാളെയും അറിയില്ല എങ്കിലും ഒരു ചോദ്യത്തിന്റെ ശ്വാസം മുട്ടലില്‍ നെടുവീര്‍പ്പിടാനുള്ള സ്വാതന്ത്യം എന്റെതാണ്. അത് കൊണ്ട് തന്നെ, മലിനീകരണത്തിന് പേര് കേട്ട നാടെന്നും കുറഞ്ഞ വിലക്ക് ലതര്‍ ഉല്‍പ്പന്നങ്ങള്‍ കിട്ടുന്ന നാടെന്നും മറ്റെല്ലാവരും വിലയിടുന്ന കാണ്പൂരിനെ കുറിച്ച് എനിക്ക് ചോദ്യങ്ങള്‍ ചോദിക്കാം, വിലയിരുത്തലുകള്‍ നടത്താം, ഓര്‍മ്മപെടുതലുകളിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാം.
എനിക്ക് വോട്ടുള്ള മഹാരാജ് പൂരില്‍ ആരൊക്കെയാണ് സ്ഥാനാര്‍ത്ഥികള്‍ എന്ന് പോളിംഗ് ബൂത്തില്‍ എത്തും വരെ നിശ്ചയം ഉണ്ടായിരുന്നില്ല. അത് ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഫലം ആണ്.
വീട് കേറി ഇറങ്ങി പ്രചരണം നടത്തുന്ന അനുയായികളെയോ ചെറിയ കവലകളില്‍ പോലും പ്രസംഗിക്കാന്‍ എത്തുന്ന സ്ഥാനാര്‍ഥികളെയോ ഇവിടെ കാണാന്‍ ആവില്ല.
പണവും സ്വാധീനവും ഒഴുക്കി നടത്തുന്ന ശക്തി പ്രകടനങ്ങള്‍ വലിയ മൈതാനങ്ങളില്‍ നടക്കുന്ന ഉത്സവങ്ങള്‍ മാത്രമാണ്.
ഇടയ്ക്ക് ബൈക്കില്‍ പാര്‍ട്ടിയുടെ കൊടി കെട്ടി വച്ചു യാതൊരു വീര്യവുമില്ലാത്ത മുദ്രാവാക്യം വിളിച്ചു കടന്നു പോകുന്ന പത്തോ പതിനഞ്ചോ പേരടങ്ങുന്ന സംഘങ്ങള്‍ ആണ് ഇവിടുത്തെ ഇലക്ഷന്‍ പ്രചാരകര്‍. പിന്നെ ഇലക്ഷന് രണ്ടു ദിവസം മുന്പ് വീടുകളില്‍ എത്തി സ്ലിപ് തന്നു പോകുന്ന ചിലരും. ഇത്തവണ എനിക്ക് അങ്ങിനെ ഒരു സ്ലിപ് പോലും കിട്ടിയിരുന്നില്ല.
ഇവിടെ തീരെ പതിവില്ലാത്ത വിധം പ്രായമായവരും സ്ത്രീകളും ബോളിംഗ് ബൂത്തില്‍ എത്തുന്നതും തങ്ങളുടെ പേര് ലിസ്റ്റില്‍ ഇല്ല എന്ന് അറിയുന്നവര്‍ ഉദ്യോഗസ്ഥരോട് കലഹിക്കുന്നതും, മറ്റെവിടെയോ ആണ് സെന്റര്‍ എന്ന് അറിയുന്നവര്‍ തിരക്ക് ഏറും മുന്‍പേ അവിടെ എത്താന്‍ പരക്കംപായുന്നതും കണ്ടപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി. കഴിഞ്ഞ ഇലക്ഷനില്‍ മലയാളം ന്യൂസ് ചാനലുകളില്‍ മാറി മാറി കേട്ട 'എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ അവര്‍ പോളിംഗ് ബൂത്തിലേയ്ക്ക് എത്തി കൊണ്ടിരുന്നു' എന്ന വാചകം ഓര്‍മ്മ വന്നു.
കൈയ്യില്‍ മഷി പുരട്ടി വോട്ടിംഗ് മെഷിനിനു മുന്‍പില്‍ എത്തുമ്പോള്‍ നാട്ടില്‍ വച്ചു പലരും പറഞ്ഞു കേട്ടിട്ടുള്ള 'ബാലറ്റ് പേപ്പറിലേയ്‌ക്കോ വോട്ടിംഗ് മെഷിനിലെയ്‌ക്കോ നോക്കുമ്പോള്‍ സ്വന്തം സ്ഥാനര്‍ത്ഥിയുടെ ചിഹ്നം മാത്രമേ കാണൂ' എന്ന അതിശയോക്തി ഓര്‍മ്മ വന്നു. എനിക്കിവിടെ പ്രത്യേകിച്ച് എന്റേത് എന്ന് പറയാന്‍ ഒരു സ്ഥാനാര്‍ഥി ഇല്ല. അത് കൊണ്ട് തന്നെ മെഷിനിലേയ്ക്ക് ശ്രദ്ധിച്ചു നോക്കി. ആദ്യത്തെ ചിഹ്നം സൈക്കിള്‍, താഴേയ്ക്ക് നോക്കുമ്പോള്‍ ആനയും താമരയും കൈപ്പത്തിയും കണ്ടു.
അഖിലേഷിന്റെ സഖ്യ സമവാക്യങ്ങള്‍ പൊളിയുന്നത് ഓര്‍ത്തു.
ഇതില്‍ സൈക്കിള്‍ ചിഹ്നത്തിലെ സ്ഥാനാര്‍ഥി വിജയിക്കാന്‍ ആണോ അതോ കൈപ്പത്തി ചിഹ്നത്തിലെ സ്ഥാനാര്‍ഥി വിജയിക്കാന്‍ ആണോ സമാജ് വാദി പാര്‍ടി പ്രവര്‍ത്തിച്ചിട്ടുണ്ടാവുക എന്ന് ഞാന്‍ ആലോചിച്ചു നോക്കി.
സഖ്യ പ്രഖ്യാപനത്തിന് ശേഷം ചിലയിടങ്ങളില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല എന്ന് ആദ്യമേ കേട്ടിരുന്നു. ഇത്തരം അച്ചടക്കലംഘനം കേരളത്തില്‍ ആണെങ്കില്‍ രാഷ്ട്രീയ പാര്‍ടികള്‍ എങ്ങിനെ ആവും നേരിടുക എന്നും എന്ത് നടപടി എടുക്കും എന്ന് നമുക്ക് അറിയാം. എന്നാല്‍ ഇവിടെ അങ്ങിനെ ഒരു സാഹചര്യം നിലവില്‍ ഇല്ല.
പാര്‍ട്ടികളെ ചോദ്യം ചെയ്യാന്‍ അറിയാത്ത ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത ഉള്ളതായി ഇവിടെ ഒരു പാര്‍ട്ടിയും വിശ്വസിക്കുന്നില്ല. ജനങ്ങള്‍ക്ക് വലിയ റോള് ഒന്നും ഇല്ലാത്ത ഒന്നായി ഭരണവും ഭരണ സംവിധാനങ്ങളും ഇവിടെ അകന്നു നില്‍ക്കുകയാണ്.
ഇലക്ഷന്‍ അടുക്കുമ്പോള്‍ ചിരിച്ച മുഖവുമായി വരുന്ന രാഷ്ട്രീയക്കാരെ കേരളത്തിലെ ജനങ്ങള്‍ പരിഹസിക്കുന്നത് നിത്യ സംഭവം ആണെങ്കില്‍ ഇവിടെ ഉള്ള അഴുക്കു ചാല്‍ നിറഞ്ഞ ഗലികളിലും വണ്ടി എത്താത്ത ഗ്രാമങ്ങളിലും ഉള്ളവര്‍ക്ക് അങ്ങിനെ ഒരു പരാതിയും ഉണ്ടാവാന്‍ ഇടയില്ല.
കാരണം അവിടെയ്‌ക്കൊന്നും ഇലക്ഷന് പോലും ഒരു സ്ഥാനാര്‍ത്ഥിയും ചെല്ലുക പതിവില്ല.
കാന്‍പൂര്‍ ഇപ്പോഴിത് ലതര്‍ വ്യവസായത്തിന്റെ കേന്ദ്രം, ഓരോ അണുവിലും തൊഴിലാളികളുടെ വിയര്‍പ്പു മണക്കുന്ന നഗരം. എന്നാല്‍ ഈ നാടിന് ഇവിടെ തന്നെ ആരും തീരെ ഓര്‍മ്മിക്കാത്ത ഒരു ഭൂതകാലം ഉണ്ട്. ചരിത്രം കഥയെഴുതുമ്പോള്‍ മറക്കാതെ തുന്നി ചേര്‍ക്കുന്ന ഒരധ്യായം ഈ നാടിനെ കുറിച്ചാണ്. അനീതിയെ തുരത്താന്‍ യുദ്ധം ചെയ്തവരുടെ കഥയാണ് അത്. 1857 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ മറന്നു കളയാന്‍ പാടില്ലാത്ത ഒരു യുദ്ധകാണ്ഡം ഈ മണ്ണില്‍ ആണ് അരങ്ങേറിയത്.
നാനാ സാഹെബിന്റെ നേതൃത്വത്തില്‍ ഉള്ള സൈന്യം നടത്തിയ കാന്‍പൂര്‍ ഉപരോധം ഇന്ന് ചരിത്ര വിദ്യാര്‍ഥികള്‍ വിരസതയോടെ വായിച്ചു പോകുന്ന ഒരു കഥ മാത്രം ആയിരിക്കുന്നു. ബ്രിട്ടീഷ് പട്ടാള ക്യാമ്പിനെ ആക്രമിച്ചു കീഴടക്കുകയും പിന്നീട് അലഹബാദിലേയ്ക്ക് നാട് കടന്ന പട്ടാള ജെനറലിനെയും സംഘത്തെയും വഴി മദ്ധ്യേ കൂട്ടകൊലയ്ക്ക് ഇരയാക്കുകയും ചെയ്ത ഒരു കൂട്ടം ആളുകള്‍ ഈ നാടിന്റെ സന്തതികള്‍ ആയിരുന്നു.അതിന്റെ പ്രതികാരമായി പിന്നീടു ബ്രിട്ടീഷ് സൈന്യം കൊന്നു തള്ളിയ ആയിരങ്ങളുടെ ചോരയും ഈ മണ്ണില്‍ ആണ് വീണത്.
കാലങ്ങള്‍ക്ക് ശേഷം ഇന്ത്യ സ്വതന്ത്ര രാഷ്ട്രം ആയപ്പോള്‍ ആ വിപ്ലവ വീര്യം ഈ നാടിനു എങ്ങിനെ ആവും നഷ്ടപ്പെട്ടിട്ടുണ്ടാവുക . പണിയെടുക്കാന്‍ മാത്രം അറിയാവുന്ന ഒരു വിഭാഗമായി ഇവിടുത്തെ ഭൂരിപക്ഷ ജനവിഭാഗം എങ്ങനെ ആവും മാറിയിട്ടുണ്ടാവുക. കാന്‍പൂര്‍ തൊഴിലാളി വര്‍ഗ സംഘടനകളുടെയും പാര്‍ടികളുടെയും കണ്ണില്‍ എങ്ങിനെ ആവും പെടാതെ പോയിട്ടുണ്ടാവുക. ചരിത്ര കഥകളുടെ പിന്നാമ്പുറങ്ങളില്‍ വിഴുപ്പലക്കി ഗര്‍വ്വ് കാണിക്കാന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയില്ല.അവരില്‍ ഭൂരിപക്ഷവും കൂലി വേലക്കരാണ്. ലോക തൊഴിലാളി ദിനം എന്നൊന്ന് ഉണ്ടെന്നോ തൊഴിലാളികള്‍ക്ക് വേണ്ടി വിപ്ലവം നടന്നിട്ടുണ്ടെന്നോ അറിയാത്തവര്‍ ആണ്.
ഇവരെ രാഷ്ട്രീയം പഠിപ്പിക്കാന്‍, ഒളിവ് ജിവിതത്തിന്റെ ഇരുട്ടില്‍ നിന്ന് വന്നു ഇങ്ക്വിലാബ് വിളിപ്പിക്കാന്‍ എന്ത് കൊണ്ടാവും അന്‍പതുകളിലും അറുപതുകളിലും ഒരു പാര്‍ടിയും ഇവിടെയ്ക്ക് വരാതെ പോയത്.
എന്ത് കൊണ്ടാവും ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ഒരു എകെജിയോ, ഇഎംഎസ്സോ ഇവിടെ ഉണ്ടാവാതെ പോയത്.എന്ത് കൊണ്ടാവും മണ്ണില്‍ പണിയെടുക്കുന്നവന് വേണ്ടി രക്തം ചൊരിയാന്‍ ഈ നാടിനു ഒരു പി. കൃഷ്ണ പിള്ളയോ വര്‍ഗ്ഗീസ്സോ ഇല്ലാതെ പോയത്.
രണ്ടായിരത്തില്‍ അധികം വരുന്ന വ്യവസായശാലകളില്‍ പണിയെടുക്കുന്ന അസംഘടിതര്‍ ആയ ലക്ഷ കണക്കിന് തൊഴിലകള്‍ക്ക് വേണ്ടി ഒരു മുദ്രാവാക്യവും ഉയര്‍ത്താത്ത രാഷ്ട്രീയ പ്രസ്ഥാനം. ഉടുതുണിക്ക് മറുതുണി ഇല്ലാത്ത, ശരാശരി മനുഷ്യന് വേണ്ട എല്ലാ അവകാശങ്ങളും നിഷേധിക്കപെട്ടു ജീവിച്ചു മരിക്കുന്ന ഈ മനുഷ്യരോട് വിപ്ലവം പറയാന്‍, എന്റെ നാട്ടില്‍ ഞാന്‍ അനുഭവിച്ചിട്ടുള്ള ജനാധിപത്യ ബോധം എന്ന ആതാമാവിശ്വസത്തെ കുറിച്ച് പറയാന്‍ ഞാന്‍ ആശക്തയാണ്. ലോകത്ത് എവിടെയുമുള്ള തൊഴിലാളികളുടെ കണ്ണുനീര്‍ കാണേണ്ട പ്രസ്ഥാനം, ചിലര്‍ക്ക് മാത്രം പ്രസക്തം ആകുകയും ചിലര്‍ക്ക് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒന്നായി ചുരുങ്ങുകയും ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കുന്നത് ആത്മ വഞ്ചന ആണ്.
ഇന്നും ഇവിടെ ഒരു തൊഴിലാളി പ്രസ്ഥാനം ഉണ്ടാക്കുന്നതിനെ കുറിച്ചോ അതിന്റെ സാധ്യതകളെ കുറിച്ചോ ഇടതുപക്ഷം ആലോചിക്കുന്നുണ്ട് എന്ന് തോന്നിയിട്ടില്ല.
ക്യാപ്റ്റന്‍ ലക്ഷ്മി ജീവിച്ചു ജനങ്ങളെ സേവിച്ചു മരിച്ച നാടാണ് കാന്‍പൂര്‍. സിപി എമ്മിന്റെ നേതാവും ക്യാപ്ടന്‍ ലക്ഷ്മിയുടെ മകളുമായ സുഭാഷിണി അലിയുടെ കൂടി നാടാണ് കാന്‍പൂര്‍.
എന്നിട്ടും ഇവിടെയ്ക്ക് പ്രസ്ഥാനത്തെ വളര്‍ത്തണോ ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനോ ആരും തന്നെ ഇവിടെയ്ക്ക് വരാതെ ഇരിക്കുന്നത് അസ്വസ്ഥതയും വേദനയും സൃഷ്ടിക്കുന്നു.
തൊഴിലാളികളും മുതലാളികളും നിലനില്‍ക്കുന്ന ഒരു രാജ്യത്തു സമരങ്ങള്‍ അവസാനിക്കുന്നില്ല എന്ന് തോഴിലാളി പ്രസ്ഥാനങ്ങള്‍ തിരിച്ചറിയണം.അവര്‍ കൊടുക്കുന്ന ആത്മ വിശ്വാസത്തില്‍ ആകാശത്തേക്ക് മുഷ്ട്ടി ചുരുട്ടി എറിഞ്ഞു ദിക്കുകള്‍ മുഴങ്ങും വിധം അവകാശങ്ങള്‍ക്ക് വേണ്ടി അലറി വിളിക്കാന്‍ ആവുന്ന വിപ്ലവ ബോധം ഇവരുടെ ഉള്ളിലും ഉറങ്ങുന്നുണ്ട്. നിവര്‍ത്തികേടു കൊണ്ട് ഏതെങ്കിലും പാര്‍ട്ടിയെ തെരഞ്ഞെടുക്കേണ്ട ഗതികേട് ഈ നാട്ടിലെ ജനങ്ങള്‍ക്ക് ഉണ്ടാവരുത്.അവര്‍ക്കും സ്വപ്‌നം കാണാനും തെറ്റ് ചോദ്യം ചെയ്യാനും അവകാശം ഉണ്ട്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം