ഞങ്ങളപ്പോള്‍ തൊടുപുഴയില്‍ ധ്യാനം കൂടാന്‍ പോയേക്കുവല്ലായിരുന്നോ

First Published Aug 9, 2018, 1:10 PM IST
Highlights

ദേശാന്തരത്തില്‍ ഡോ.സ്മിത എഴുതുന്നു

ആ ഭരണി. അതിനു ഇങ്ങനെ ഒരു അന്ത്യം ആയിരിക്കും എന്നാരും കരുതിയിരുന്നില്ല.

ദുബായിൽ എന്‍റെ ഭർത്താവ് ജോലി ചെയ്യുന്ന ആയുർവേദ ആശുപത്രിയുടെ സ്വീകരണ മുറിയിൽ തന്നെയായിരുന്നു അതിന്‍റെ സ്ഥാനം. മുട്ടുവേദന കാരണം വലഞ്ഞ ഒരു അറബി, തന്‍റെ അസുഖം മാറ്റി കൊടുത്തതിനുള്ള നന്ദി സൂചകമായി സമ്മാനിച്ചത്. ഏകദേശം അഞ്ഞൂറു ദിർഹം വില വരും. അതിനെക്കാളും അതിന്‍റെ പഴക്കവും കൊത്തുപണികളും ആയിരുന്നു ഏറ്റവും ആകർഷണീയമായ കാര്യം.

അവിടെ വരുന്ന പലരും അതിനെ മോഹിച്ചും, തൊട്ടു തലോടിയുമെല്ലാം കടന്നു പോയി. ആരെയും ഭ്രമിപ്പിക്കാൻ കഴിയുന്ന ഒരു മനോഹാരിത അതിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വെറുതെ ഇരുന്നപ്പോ ഞാനും മോളും  ആശുപത്രിയിലേക്ക് പോയി. അന്ന് പക്ഷെ സ്വീകരണമുറിയിൽ ആ ഭരണി കണ്ടില്ല. പെയിന്‍റിങ് നടക്കുന്നതിനാൽ ഭരണി എങ്ങോട്ടോ സുരക്ഷിതമായി മാറ്റി വെച്ചിരിക്കുകയാണെന്ന് അറിഞ്ഞു.

സാധാരണ  ഞങ്ങൾ ചെല്ലുമ്പോൾ വിശ്രമിക്കുന്ന ഒരു ചെറിയ മുറി ഉണ്ടവിടെ. കണ്‍സള്‍ട്ടേഷൻ റൂമിന്‍റെ തൊട്ടടുത്തു തന്നെ. ആരെങ്കിലും വരുമ്പോൾ വിശ്രമിക്കാൻ ഉപയോഗിക്കും എന്നല്ലാതെ മറ്റാരും അവിടെ കയറാറില്ല.

ഞാനും മോളും സന്തോഷത്തോടെ ആ മുറിയിൽ കയറി. അവിടെ അതാ റൂമിന്‍റെ മൂലയിൽ സ്വസ്ഥമായി ആ ഭരണി ഇരിക്കുന്നു.  റൂമിലെ കർട്ടൻ മാറ്റിയാൽ പുറംകാഴ്ചകൾ കാണാം. കർട്ടൻ മാറ്റി തിരിഞ്ഞതും അവിടെ ഇരുന്ന എന്തിലോ തട്ടി ഞാൻ ഭരണിയുടെ മുകളിലേക്ക് വീണു. ഭാഗ്യത്തിന് ഭരണിക്കുള്ളിൽ വീണില്ല. ഭരണിയും ഞാനും കൂടി ഉരുണ്ടു മറിഞ്ഞു തറയിൽ കിടന്നു. എന്താണ് സംഭവിക്കുന്നത് എന്നു പോലും മനസ്സിലാകാതെ ഞാൻ ചാടി എണീറ്റു..

വീണപ്പോൾ ഞാനും ഭരണിയും ഉണ്ടായിരുന്നു. പക്ഷെ എണീറ്റപ്പോൾ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഭരണി തവിടുപൊടി ആയിരിക്കുന്നു. ഭരണി വീണ് പൊട്ടിയ ശബ്ദം കേട്ടു മോൾ ഉറക്കെ കരയാൻ തുടങ്ങി. ഇതെല്ലാം കേട്ട് വെപ്രാളത്തോടെ ഓടി വന്ന എന്‍റെ ഭർത്താവ്  കണ്ടത് തകർന്നു കിടക്കുന്ന ഭരണിയും ഉറക്കെ കരയുന്ന മോളേയും നിർവികാരമായി നിൽക്കുന്ന എന്നെയുമായിരുന്നു.

'എന്‍റെ ദൈവമേ' എന്നു വിളിച്ച് നെഞ്ചത്തു കൈവെച്ചു കൊണ്ടു ഭരണിക്കരികിലിരുന്ന ഭർത്താവിനെ ഞാൻ ഓടി ചെന്നു പിടിച്ചു. പെട്ടെന്നുള്ള ഷോക്കിൽ വല്ല നെഞ്ചുവേദനയും വന്നതാണോ എന്തോ. മനുഷ്യന്‍റെ കാര്യമല്ലേ. എനിക്കാകെ പേടിയായി.

"എന്ത് പറ്റി?" ഞാൻ പേടിച്ചു പേടിച്ചു ചോദിച്ചു. "ഇത്രയും പറ്റിയത് പോരെ?? എത്ര വില പിടിപ്പുള്ള വസ്തുവാണ് നീ നശിപ്പിച്ചതെന്നറിയോ? ഇതിന് ഞാൻ അവരോടൊക്കെ എന്ത് സമാധാനം പറയും ദൈവമേ?''
''അതിന് ഞാൻ ഇത് തട്ടിപ്പൊട്ടിക്കാനായിട്ടു ഇങ്ങോട്ടു വന്നതൊന്നുമല്ലല്ലോ. ഇങ്ങനെയൊക്കെ അങ്ങു സംഭവിച്ചു പോയി. അല്ലെങ്കിലും പണ്ട് എനിക്ക് കല്യാണാലോചന നടക്കുന്ന സമയത്ത് ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ട് എന്‍റെ നക്ഷത്രവും ഭരണിയും തമ്മിൽ ചേരില്ലാന്ന്. ചിലപ്പോ അതു കൊണ്ടായിരിക്കും.''

"മിണ്ടാതെ അവിടെ നിന്നോ. അല്ലെങ്കിൽ ഈ ഭരണിയുടെ അവസ്ഥയിലാക്കും നിന്നെ ഞാൻ..." ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. എനിക്ക് ഭയങ്കര വിഷമം തോന്നി. ഒരുപാട് വർഷങ്ങൾക്ക് മുന്നേ ഏതോ ഒരു പ്രതിഭയുടെ കൈവിരലുകളാൽ  മെനഞ്ഞെടുത്ത  കലാവിരുത് ഞാൻ കാരണം നശിപ്പിക്കപ്പെട്ടത്തിൽ... തകർക്കാൻ എന്തെളുപ്പം സാധിച്ചു. ഭരണിയുടെ അവശിഷ്ടങ്ങൾ എല്ലാമെടുത്ത് അവിടെയിരുന്ന ഒരു വലിയ ബാഗിൽ നിറച്ചു. എന്നിട്ട് ഒന്നുമറിയാത്ത പോലെ ഞങ്ങൾ റൂമിൽ ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ റിസപ്ഷനിൽ നിൽക്കുന്ന ചേച്ചി അവിടേക്കു വന്നു. സംസാരിക്കുന്നതിനിടയിൽ ചോദിച്ചു, ഇവിടെ ഇരുന്ന ഭരണി ഇവിടെ?

'ഭരണിയോ? അറിയില്ല.' 
'ഒരു പന്ത്രണ്ടു മണിക്ക് ഞാൻ ഇവിടെ വന്നപ്പോൾ അതിവിടെ തന്നെ ഉണ്ടായിരുന്നല്ലോ.'
'പന്ത്രണ്ട് മണിക്കോ? അപ്പൊ ഞങ്ങൾ തൊടുപുഴയിൽ ധ്യാനം കൂടാൻ പോയിരിക്കുകയായിരുന്നു.' 
'എവിടെ പോയെന്നു?' ചേച്ചി സംശയത്തോടെ നോക്കി. 
'അല്ല സോറി പന്ത്രണ്ടു മണിക്ക് ഞങ്ങൾ ഇവിടെ ഇല്ലായിരുന്നു... ഞങ്ങൾക്കറിയില്ല...' മനസ്സിൽ കുറ്റബോധം തോന്നുമ്പോൾ ചെയ്യുന്നതെല്ലാം യാന്ത്രികം ആയിരിക്കുമെന്നാണല്ലോ... അപ്പോഴേക്കും ഭരണി കാണാതായ വിവരം എല്ലാവരും അറിഞ്ഞു.

പിന്നെ ഒട്ടും ആലോചിച്ചില്ല. നേരെ ചെന്നു വേണ്ടപ്പെട്ടവരോട് കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞു... "നിങ്ങൾ വല്യ മനുഷ്യരാണ്... ഞാനും എന്‍റെ ഭർത്താവും മോളും അടങ്ങുന്ന ഞങ്ങളുടെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാതെ ഒരു അതിഥി വന്നു... ഞങ്ങളുടെ ജീവിതം ശിഥിലമാക്കാനുള്ള കഴിവ് ആ പാവത്തിന് ഇല്ലായിരുന്നെങ്കിലും അതിന്‍റെ ജീവിതം ഞങ്ങൾ ശിഥിലമാക്കി... ഒടുവില് ഒരിക്കലും തിരിച്ചു വരാത്ത മറ്റൊരു ലോകത്തേക്ക് ഞങ്ങൾ ആ അതിഥിയെ പറഞ്ഞയച്ചു. ഞങ്ങളോട് ക്ഷമിക്കണം.''

കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല... പിന്നെ എല്ലാവരും മെല്ലെ ചിരിക്കാൻ തുടങ്ങി. ആ ഭരണിയെ നഷ്ടപ്പെട്ടു എന്ന സത്യം ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടായിരുന്നെങ്കിലും, അറിയാതെ പറ്റിയ അബദ്ധം ആയതിനാലും, പരസ്പരം നല്ല സൗഹൃദത്തിൽ ആയതിനാലും എല്ലാവരും അതൊരു തമാശയായി എടുക്കാൻ തന്നെയങ്ങു തീരുമാനിച്ചു.

click me!