
കൊടുങ്ങല്ലൂര്‍ അശ്വതി കാവുതീണ്ടലിനിടയില്‍ എനിക്ക് പലപ്പോഴും അവിസ്മരണീയങ്ങളായ അനുഭവങ്ങള്‍ പകര്‍ന്ന്കിട്ടിയിട്ടുള്ളത് യജമാനന്മാരുടെയടുത്ത് നിന്ന് വെളിച്ചപ്പാടുകളെ നോക്കുമ്പോഴാണ്. ചില വെളിച്ചപ്പാടുകള്‍ തങ്ങളുടെ ഉള്ളിന്റെയുള്ളിലെ ഒരു തീവ്രമായ നൊമ്പരത്തെ, അതിദാരുണമായ ഒരു വിലാപത്തോടെ യജമാനരുടെ മടിയിലേക്ക് ചോരയിറ്റുന്ന മുടിയോടൊപ്പം ഇടുന്നതും, അവരുടെ മുടിയിഴകളിലൂടെയുള്ള തലോടലില്‍ ആശ്വാസംകൊണ്ട് നേര്‍ത്തടങ്ങി, സമാധാനം കിട്ടിയ മുഖത്തോടെ പിന്തിരിയുന്നതും എന്നിലെ അവിശ്വാസി എത്രയോ തവണ കണ്ട് വിസ്മയിച്ചിട്ടുണ്ട്.
ഭരണിയുത്സവത്തിന്റെ നല്ല ഫോട്ടോകള്‍ എനിക്ക് കിട്ടിയിട്ടുള്ളതും ഇവിടെനിന്നു തന്നെയാണ്.
ഇത്തവണ ഏറെ വൈകിയാണെത്തിയത്. തൃശൂരില്‍നിന്നും കയറിയ ബസ്സ് പാതിവഴിയില്‍ കേടായതും, തിരക്കുകാരണം അടുത്ത രണ്ടു ബസ്സുകളില്‍ കയറാനാകാത്തതുമായിരുന്നു കാരണങ്ങള്‍.
പെട്ടെന്നായിരുന്നു അവന്റെ നുഴഞ്ഞുകയറിയുള്ള വരവ്.
തിരക്കൊഴിഞ്ഞ ഒരു സമയത്ത് യജമാനരുടെ അടുത്തായി ഞാന്‍ നിലയുറപ്പിച്ചു. കുറെയേറെ വര്‍ഷങ്ങളായി ഇവിടേയ്ക്ക് വരുന്നതുകൊണ്ട് പല വെളിച്ചപ്പാടുകളുടെയും മുഖങ്ങള്‍ പരിചിതങ്ങളായിരുന്നു.
പെട്ടെന്നായിരുന്നു അവന്റെ നുഴഞ്ഞുകയറിയുള്ള വരവ്. ഏകദേശം ഇരുപത്തഞ്ചുവയസ്സുള്ള, മറ്റൊരു ഫോട്ടോഗ്രാഫര്‍. അധികാരപൂര്‍വ്വമായി, ആളുകളുടെ മുമ്പില്‍ അവന്‍ കയറിനിന്നു. ഇരുകൈകളുംകൊണ്ട് ക്യാമറ മുകളിലേക്കുയര്‍ത്തി്, അവന്‍ ഫോട്ടോ് എടുത്തുകൊണ്ടേയിരുന്നു. വ്യൂഫൈന്‍ഡറിലൂടെ നോക്കി ആളുകളുടെ ഇടയിലൂടെ ഫോക്കസ്‌ചെയ്തു ഫോട്ടോസ് എടുത്തിരുന്ന എന്നെയും എന്റെക്യാമറയെയും അവന്‍ ഒരു പ്രാവശ്യം സൂക്ഷിച്ചുനോക്കി. ബോഡിയില്‍ ഞാന്‍ ഘടിപ്പിച്ചിരുന്ന 50 mmന്റെ ലെന്‌സ് കണ്ടതും എന്നെ ഒരു വല്ലാത്ത ചിരിയോടെ അവന്‍ വീണ്ടുമൊന്നു നോക്കി.
Reconstruction with Sickle; Revolution and Ritual ഫോട്ടോ: ഹരിഹരന്‍ സുബ്രഹ്മണ്യന്‍
'കുറച്ചൊക്കെ തമാശയും വേണ്ടേ ജീവിതത്തില്‍? അത്‌കൊണ്ട് ഞാന്‍ ഇവിടെത്തന്നെ നിന്നെടുത്തോളാം.'
'ദാ.. ഇത് പോലെ പോക്കിയെടുത്താ നല്ല ഏരിയ കവറായിക്കിട്ടും' എന്നും പറഞ്ഞു അവന്‍ ഫോട്ടോ എടുക്കുന്നത് തുടര്‍ന്നു.
വെളിച്ചപ്പാടുകളുടെ ഒരു സംഘം വരുന്നത്കണ്ട് അവന്‍ ആവേശഭരിതനായി.
ചടുലമായ താളത്തില്ലുള്ള ഭരണിപ്പാട്ടും പാടിയായിരുന്നു അവര്‍ വന്നത്.
'അതേയ്... നിങ്ങളെടുക്കുന്നില്ലെങ്കില്‍ ഒന്ന് മാറിയേ. ഞാനെടുക്കട്ടെ.'.
എന്നോടായി അവന്‍ പറഞ്ഞു.
'ഞാന്‍ എടുക്കുന്നില്ലെന്ന് ആര് പറഞ്ഞു?'
'നിങ്ങള്‍ വെറുതെ ഒരു തമാശയ്ക്ക് എടുക്കുന്നതല്ലേ?'
എന്റെ ലെന്‍സിലേക്ക് ഒരു തവണകൂടി അവന്‍ പുച്ഛത്തോടെ നോക്കി.
'കുറച്ചൊക്കെ തമാശയും വേണ്ടേ ജീവിതത്തില്‍? അത്‌കൊണ്ട് ഞാന്‍ ഇവിടെത്തന്നെ നിന്നെടുത്തോളാം.'
ഞാന്‍ പറഞ്ഞു.
ഈ ഫോട്ടോയൊക്കെ എടുക്കാന്‍ വരുമ്പോ ഇങ്ങനെയുള്ള സെന്റിമെന്റ്‌സ് ഒന്നും കൊണ്ടുവരരുത്.'
അപ്പോഴായിരുന്നു ആരോ പുറകില്‍ നിന്നും എന്റെ മുതുകില്‍ തട്ടിയത്.
തിരിഞ്ഞുനോക്കിയപ്പോള്‍ ചുളിവുകള്‍ വീണ മുഖത്തോടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഏറെ വയസ്സായ ഒരു സ്ത്രീയെയാണ് കണ്ടത്.
'ഞങ്ങളുടെ വെളിച്ചപ്പാടാ അത്. ഒന്ന് കണ്ടോട്ടെ?'
'പിന്നെന്താ...?'
'അവര്‍ക്ക് കയറിനില്‍ക്കുവാനുള്ള സ്ഥലത്തിനായി ഞാന്‍ ഒരല്‍പ്പം മാറിയതും, കൗശലം നിറഞ്ഞ ഒരു ചിരിയോടെ അവന്‍ അവിടേക്ക് കയറി നിന്നു.
'എന്ത് പണിയാടാ നീ കാണിച്ചേ...!!'
കലശലായ സങ്കടത്തോടെ ആ സ്ത്രീ അവനോടു അങ്ങനെ ആരാഞ്ഞതും എനിക്ക് ദേഷ്യം ഇരച്ചുവന്നതും ഒരുമിച്ചായിരുന്നു.
'ഒന്ന് മാറിനിന്നേ, അവരത് കാണട്ടെ.'- എന്നും പറഞ്ഞ് ഞാന്‍ അവനെ മാറ്റിനിര്‍ത്തി.
അടുത്തുനിന്നിരുന്ന രണ്ടാളുകള്‍ അത് ഏറ്റുപറഞ്ഞതോടെ ഏറെ വൈമനസ്യത്തോടെ അവന്‍ ഒഴിഞ്ഞുമാറി.
പാട്ടിന്റെ മുറുക്കത്തില്‍ ആ സ്ത്രീയുടെ വെളിച്ചപ്പാട് ഒന്നുകൂടി ഉറഞ്ഞുതുള്ളി. ഭീകരമായ ഒരു അലര്‍ച്ചയോടെ അയാള്‍ സ്വന്തം ശിരസ്സ് പള്ളിവാളുകൊണ്ട് കൊത്തിമുറിച്ചു.
'അമ്മേ...'
അപ്പോഴാണ് ഞാന്‍ ആ പയ്യന്റെ ക്യാമറ ശ്രദ്ധിച്ചത്. നിക്കോണ്‍ D 500 ആയിരുന്നു അത് . ഒരു 300 mm ലെന്‍സായിരുന്നു അതില്‍ ഘടിപ്പിച്ചിരുന്നത്.
ജലാശയങ്ങളുടെ കരയിലും വനാന്തരങ്ങളിലും പക്ഷികളെ ഫോട്ടോ എടുക്കാന്‍ പോകുന്ന ധാരാളം ആളുകളുടെ കയ്യില്‍ ഈ മോഡല്‍ ഞാന്‍ അടുത്തിടെയായി കണ്ടുവരുന്നുണ്ട്. ഒരു പക്ഷെ ഇവനും അവരിലൊരാളായിരിക്കുമോ എന്ന് ഞാന്‍ ഭയന്നു.
ആണെങ്കില്‍?
വനാന്തരങ്ങളിലെ പക്ഷികള്‍ ആകെ വലഞ്ഞുപോയേനെ!
അവിടെനിന്ന് പിന്തിരിയുമ്പോള്‍ അവന്‍ എന്റെ ചുമലില്‍ തട്ടി.
'ഈ ഫോട്ടോയൊക്കെ എടുക്കാന്‍ വരുമ്പോ ഇങ്ങനെയുള്ള സെന്റിമെന്റ്‌സ് ഒന്നും കൊണ്ടുവരരുത്.'
ഉറച്ചസ്വരത്തില്‍ അവന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് മുമ്പുണ്ടായിരുന്നപോലെയുള്ള ഒരു ബഹുമാനം ആളുകള്‍ക്ക് ഫോട്ടോഗ്രാഫര്‍മാരോട് ഇല്ലാത്തതെന്ന് അവന്റെ മട്ടും ഭാവവും കാട്ടിത്തന്നുകൊണ്ടേയിരുന്നു.
അല്ലെങ്കിലും ഒരു സൗമ്യനായ ഫോട്ടോഗ്രാഫറില്‍ നിന്നും കുതിരകയറുന്ന ഒരു ക്യാമറയുടമയിലേയ്ക്കുള്ള മനുഷ്യന്റെ പതനം കല്യാണങ്ങളിലും മറ്റെല്ലാ ചടങ്ങുകളിലും നാം കണ്ടുകൊണ്ടിരിക്കുകയല്ലേ?
..............................................
(ഹരിഹരന്‍ സുബ്രഹ്മണ്യന്‍ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമാണ്. ഇന്ത്യയിലും വിദേശത്തും ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനങ്ങളില്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും ചിത്രങ്ങള്‍ക്ക് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കലാസംബന്ധമായ ലേഖനങ്ങള്‍ പല പ്രധാനപ്പെട്ട കലാപ്രസിദ്ധീകരണങ്ങളിലും പ്രകാശിതങ്ങളായി. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ ബുക്കിംഗ് ഓഫീസില്‍ ജോലി ചെയ്യുന്നു. പാലക്കാടുള്ള ഇമേജ് ഫോട്ടോഗ്രഫി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആണ്)
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.