
കോട്ടയം: താഴത്തങ്ങാടിയിൽ തുടർച്ചയായി പെയ്ത മഴയിൽ തനിച്ചായിപ്പോയ നായയുടെ കഥയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഴയിൽ വെള്ളം കയറിയപ്പോൾ സ്വന്തം തടി രക്ഷിക്കാൻ ഒാടുന്നതിനിടയിൽ വർഷങ്ങളോളം തങ്ങളുടെ കാവലാളായിനിന്ന നായയെ വീട്ടുകാർ മറന്നു. കൂട്ടിൽ പൂട്ടിയിട്ട നായ അരയ്ക്കൊപ്പം വെള്ളത്തിൽ രണ്ടു ദിവസമായി മുങ്ങി കിടക്കുകയായിരുന്നു. ഒന്നു തിരിഞ്ഞ് നോക്കിയിരുന്നെങ്കിൽ ഉറപ്പായും അതിനെ രക്ഷിക്കാൻ അവർക്ക് തോന്നിയെനെ. തന്നെ തനിച്ചാക്കില്ല അവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാകും ഒന്ന് കുരച്ച് ശബ്ദംപോലുമുണ്ടാക്കാതെ അവൻ അങ്ങനെ കിടന്നത്.
നായയുടെ ദയനീയ അവസ്ഥ കണ്ട് അയൽവാസികൾ മൃഗസ്നേഹികളായ ഒരുകൂട്ടം ചെറുപ്പക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഒന്നര കിലോമീറ്ററോളം അരയ്ക്കൊപ്പം വെള്ളത്തിലൂടെ നടന്ന് ആ ചെറുപ്പക്കാർ അവന്റടുത്ത് എത്തി. തീർത്തും അവശ നിലയിലായിരുന്ന നായ കൂട്ടിൽ കിടന്ന ഒരു തടി കഷണത്തിൽ പിടിച്ച് തല മാത്രം വെള്ളത്തിന് മുകളിൽ ഉയർത്തി പിടിച്ച് നിൽക്കുകയായിരുന്നു.
ശരീരം മുഴുവൻ മരവിച്ച അവസ്ഥയിലായിരുന്ന അവനെ അവർ കൂട്ടിൽനിന്നും പുറത്തെടുത്തു. പെട്ടെന്നുതന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ച് വേണ്ട ചികിത്സ നൽകുകയും അവന്റെ ദേഹം ചൂട് പിടിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഭക്ഷണമൊക്കെ കഴിച്ച് ആൾ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ചെറുപ്പക്കാർ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നായയും മൃഗസ്നേഹികളായ ഒരുകൂട്ടം ചെറുപ്പക്കാരും ആളുകളുടെ പ്രിയതാരങ്ങളായി മാറുകയാണ്.
"വെള്ളം പൊങ്ങി വീടും മറ്റും അടച്ചിട്ട് പോകുന്നവരോട് ഒരു അഭ്യർത്ഥന, കഴിവതും ഈ മിണ്ടാപ്രാണികളെ കൂട്ടിലടയ്ക്കുകയും കെട്ടി ഇടാതെയും പോവുക. ഇത്തരം സന്ദർഭങ്ങളിൽ അവയ്ക്ക് സ്വയം രക്ഷപെടാനെങ്കിലും സാധിക്കുമല്ലോ.. മനുഷ്യനായാലും മൃഗമായാലും ജീവന്റെ വില അതൊന്നു തന്നെയാണ്"- എന്ന അഭ്യർത്ഥനയൊടോയാണ് സംഭവം സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവച്ചത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം