
ദൂദ്പത്രിയില്‍നിന്നും റിയാസ് റിസ്ബഗ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ദൂത് പത്രി. ശ്രീനഗറില്‍ നിന്ന് 42 കി.മീ ബഡ്ഗാം വഴി സഞ്ചരിച്ചാല്‍ ചെന്നെത്തുന്ന ഹില്‍സ്റ്റേഷനാണ് ദൂത്പത്രി. ചെമ്മരിയാടിന്‍ പറ്റങ്ങള്‍ മേഞ്ഞുനടക്കുന്ന പുല്‍മേടുകള്‍ക്കിടയിലൂടെ വലിയ ആരവങ്ങളൊന്നുമില്ലാതെ പാല്‍ നിറമുള്ള തണുത്ത ഹിമജലമൊഴുകുന്ന ദൃശ്യം ഏറെ മനോഹരമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും ചപ്പ് ചവറുകളുടെയും കൂമ്പാരങ്ങളില്ലാത്ത പ്രകൃതിയുടെ മറ്റൊരു ദൃശ്യവിസ്മയം. ശുദ്ധ വായു തേടി യാത്ര ചെയ്യുന്നവര്‍ക്ക് ആവേശം പകരുന്ന അനുഭവങ്ങളും കാഴ്ചകളും കൊണ്ട് ധന്യമാണ് ദൂത്പത്രി.
കൃഷിയിടങ്ങള്‍ നിറഞ്ഞ ചെറിയ ഗ്രാമങ്ങള്‍ക്കിടയില്‍ വളരെ കുറച്ച് വീടുകള്‍. 'ഖേതു'കളില്‍ കൃഷിപ്പണിയിലേര്‍പ്പെട്ടിരിക്കുന്ന മുതിര്‍ന്നവരും കുട്ടികളും മേഞ്ഞ് നടക്കുന്ന കന്നുകാലികള്‍, ആട്ടിന്‍പറ്റങ്ങള്‍. ദൂത്പത്രിയിലേക്കുള്ള യാത്രയിലെ കാഴ്ചകള്‍ അവിസ്മരണീയമാണ്. നീലാകാശവും മഞ്ഞപ്പട്ടണിഞ്ഞ പച്ചപ്പാടങ്ങളും അവിടെ വിയര്‍പ്പൊഴുക്കുന്ന മനുഷ്യരും തടിയും പുല്ലും മണ്ണും ചേര്‍ത്ത് നിര്‍മ്മിച്ച വീടുകളും കാണുമ്പോള്‍ ഗൃഹാതുരമായൊരു ഭൂതകാലത്തിന്റെ സ്മരണയില്‍ നാം ലയിച്ച് പോകും.
ദൂത്പത്രിയിലേക്കുള്ള യാത്രയിലെ കാഴ്ചകള്‍ അവിസ്മരണീയമാണ്
റോഡിന് ഇടതുവശത്തൂടെ ഒരു കൈത്തോട് ഒഴുകുന്നുണ്ട്. അതിനപ്പുറം വീടുകളാണ്. തോടിന് കുറുകെയിട്ടിരിക്കുന്ന മരപ്പാലങ്ങള്‍. തോടിന്‍ കരയില്‍ വാഹനമൊതുക്കി ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ തോട്ടില്‍ പതഞ്ഞൊഴുകുന്ന വെള്ളം കൈക്കുമ്പിളില്‍ കോരിയെടുത്തു. ഒരു നിമിഷം! കൈകള്‍ തരിച്ച് പോയി. എന്തൊരു തണുപ്പ്. പര്‍വ്വതങ്ങളില്‍ നിന്ന് ഹിമജലം ഉരുകിയൊഴുകുകയാണ്. ഉരുളന്‍ കല്ലുകളിലിരുന്നപ്പോള്‍ ചുറ്റിലും മഞ്ഞയും വെള്ളയും പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നു. മാദകമായൊരു സൗന്ദര്യമുണ്ട് ആ തണുത്ത പൂക്കള്‍ക്ക്.
അല്‍പ്പമകലെ തടികള്‍ കൊണ്ട് തീര്‍ത്ത ഒരു പൊടിമില്ല് കണ്ടു. പത്ത് പന്ത്രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് ജോലിക്കാരി. പേര് മുന്നി. അവളുടെ ഉമ്മ ആശുപത്രിയില്‍ പോയിരിക്കുന്നു. ഈ മില്ലിനൊരു പ്രത്യേകതയുണ്ട്. അതി ശക്തിയില്‍ ഒഴുകിയെത്തുന്ന തോട്ടിലെ ജലം മറ്റൊരു കൈത്തോട് പണിത് അല്‍പ്പം തിരിച്ച് വിട്ട് മില്ലിനടിയിലേക്ക് ഒരു ചെറുവെള്ളച്ചാട്ടം തീര്‍ത്തിരിക്കുന്നു. വെള്ളം ശക്തിയില്‍ ചാടുന്നിടത്ത് മരത്തില്‍ തീര്‍ത്ത വലിയ ചക്രങ്ങള്‍ തിരിയുമ്പോഴാണ് മില്ല് പ്രവര്‍ത്തിക്കുന്നത്. ചോളമണികള്‍ കുറേശ്ശെയായി ആട്ട് കല്ലില്‍ പൊടിച്ച് പൊടിയായി വരുന്നു. കൂലിയിനത്തില്‍ കിട്ടുന്ന ധാന്യപ്പൊടികള്‍ പുറത്ത് വിറ്റാണ് മുന്നിയുടെ കുടുംബം ജീവിക്കുന്നത്. തൊട്ടടുത്ത വയലില്‍ പണിയെടുക്കുന്ന അവളുടെ പിതാവും സഹോദരികളും.
പുല്‍മേടുകളില്‍ സൂര്യന്‍ മഞ്ഞയും പച്ചയും വര്‍ണ്ണങ്ങള്‍ വിതറിയ സായാഹ്നം.
വളഞ്ഞ് പുളഞ്ഞ് പോകുന്ന ദൂത്പത്രിയുടെ ചുരം റോഡിനിരുവശത്തും ചിനാര്‍ മരങ്ങളുടെ ദൃശ്യങ്ങളില്‍ ലയിച്ചിരിക്കുമ്പോള്‍, ഹിമപാതങ്ങള്‍ 6 മാസക്കാലം വെളുപ്പിന്റെയും, കറുപ്പിന്റെയും പുകമഞ്ഞില്‍ ദൂത്പത്രിയുടെ മറ്റൊരു മുഖം സങ്കല്‍പ്പിച്ചു നോക്കി. ഐസ് മൂടിയ വീടുകളില്‍ മുഴുനീളന്‍ കമ്പിളി വസ്ത്രത്തിനുള്ളില്‍ കാങ്കിടിയെന്ന ചൂടുകനല്‍ ചട്ടികള്‍ താങ്ങിനടക്കുന്ന മനുഷ്യരും അവരുടെ ചെമ്മരിയാടിന്‍ പറ്റങ്ങളും മനസ്സില്‍ തെളിഞ്ഞു. 2014 ലെ പ്രളയ കാലത്ത് ശ്രീനഗറില്‍ കഴിഞ്ഞപ്പോള്‍ അത്തരം കാഴ്ചകള്‍ അനുഭവിച്ചിരുന്നു.
ദൂത്പത്രിയിലെ പുല്‍മേടുകളില്‍ സൂര്യന്‍ മഞ്ഞയും പച്ചയും വര്‍ണ്ണങ്ങള്‍ വിതറിയ സായാഹ്നം. ചെമ്മരിയാടിന്‍ പറ്റങ്ങള്‍ മേയുന്ന താഴ്‌വര നോക്കിയിരിക്കുമ്പോള്‍ സമയം പോകുന്നതറിയുന്നില്ല. കുന്നിന്‍ ചെരുവിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന വഴികളില്‍ കുടുംബങ്ങള്‍ ഉല്ലാസ നിമിഷങ്ങള്‍ പങ്ക് വെക്കുന്നു. ടൂറിസ്റ്റുകള്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ വക പ്രത്യേകം തയ്യാറാക്കിയ നിരവധി വീടുകള്‍ ഇവിടെയുണ്ട്. പച്ചനിറത്തില്‍ പ്രകൃതിയോട് ചേര്‍ന്ന നിര്‍മ്മിതി. മരങ്ങള്‍ കൊണ്ട് അലങ്കരിച്ച മുറികളില്‍ താപനില ക്രമീകരിച്ചിരിക്കുന്നു.
സ്വപ്നങ്ങളില്‍ നിറയാറുള്ള മനോഹരമായൊരു താഴ്‌വാരം
താഴ്‌വരകള്‍ക്കപ്പുറം വെള്ളിക്കൊലുസിട്ട്, ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ മുന്നോട്ടൊഴുകുന്ന ദൂത്പത്രിയെന്ന അരുവിയിലെത്താം. കുതിരസവാരിയാണ് ഇവിടെ ഏറെ സാഹസികമായ ഒരിനം. മൂന്ന് മണിക്കൂര്‍ നീളുന്ന സവാരിക്ക് മൂന്നൂറ് മുതല്‍ അവസരങ്ങള്‍ക്കനുസരിച്ച് ഫീസ് ഈടാക്കുന്നു. കുന്നിന്‍മുകളിലെ ഒറ്റയടിപ്പാതകളിലൂടെയും മരപ്പാലങ്ങളിലൂടെയുമുള്ള യാത്ര ഒരനുഭവം തന്നെയാണ്. ടൂറിസ്റ്റുകള്‍ക്ക് വിശ്രമിക്കുന്നതിനുള്ള ഇടങ്ങളും ബാത്‌റൂം സൗകര്യങ്ങളുമെല്ലാം ഇവിടെ മികച്ച രീതിയില്‍ ഒരുക്കിയിട്ടുണ്ട്. ചിനാര്‍ മരങ്ങളുടെ നിഴലില്‍ പുല്‍മേടുകളുടെ ഭംഗിയാസ്വദിച്ച് എത്ര നേരം വേണമെങ്കിലും ഇവിടെ ചിലവിടാം.
പുഴക്കരയിലെ കര്‍ഷക ഗ്രാമത്തിലെ വീടുകളാണ് മറ്റൊരാകര്‍ഷണം. മേല്‍ക്കൂരയില്‍ മണ്ണും ചുള്ളിക്കമ്പുകളും, തടികൊണ്ടുള്ള ചുവരുകള്‍ ചളി കൊണ്ട് അടച്ചിരിക്കുന്നു. താഴ്‌വരയ്ക്ക് അഭിമുഖമായി വീടിനകത്തേക്ക് കയറാം. മനുഷ്യര്‍ക്കൊപ്പം ആടുകള്‍ക്കും ഈ വീട്ടില്‍ സൗകര്യമുണ്ട്. ഏത് കൊടും തണുപ്പിലും താപനില പ്രത്യേക രീതിയില്‍ ക്രമീകരിക്കാനുള്ള സൗകര്യങ്ങളും അകത്തുണ്ട്. ചോളം കൊണ്ട് തീര്‍ത്ത ചപ്പാത്തിയും, തക്കാളി ചട്ട്ണിയും സല്‍ക്കരിച്ച കാശ്മീരി ഭവനം സ്വാദുള്ള ഓര്‍മ്മയായി മനസ്സിലുണ്ട്. മോഹനമായ താഴ്‌വാരം വിട്ട് പോരാന്‍ മനസ്സനുവദിക്കുന്നില്ല. സുഖകരമായ കാലാവസ്ഥയില്‍ ഇവിടെ ദിവസങ്ങളോളം തങ്ങുന്ന യാത്രികകരുണ്ട്.
ദൂത്പത്രിയില്‍ നിന്നും തിരിച്ചുള്ള യാത്രയില്‍ കാശ്മീരി കബാബിന്റെ മയക്കുന്ന ഗന്ധം അടുത്തുള്ള കടയിലേക്ക് ചെന്നു. തണുപ്പുള്ള സായാഹ്നത്തിനൊപ്പം കാശ്മീരി കഹ്‌വയും എരിവുള്ള കബാബും. ഓരോ യാത്രകളിലെയും സ്വാദോര്‍മകളുടെ ബാക്കി പോലെ.
സ്വപ്നങ്ങളില്‍ നിറയാറുള്ള മനോഹരമായൊരു താഴ്‌വാരം കണ്‍മുമ്പില്‍ നിന്നകന്നപ്പോള്‍ വീണ്ടും വീണ്ടും കൊതിച്ചു പോകാന്‍ മാത്രം സുന്ദരിയാണ് ദൂത്പത്രി.
ദൂദ്പത്രിയില്‍നിന്നും റിയാസ് റിസ്ബഗ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.