148 ദിവസമായി ഇന്ത്യയിൽ യാത്ര ചെയ്യുകയാണ് അമേരിക്കൻ സഞ്ചാരിയായ ചാർളി ഇവാൻസ്. തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക്  ഇന്ത്യയില്‍ ലഭിച്ച ചികിത്സയെ പുകഴ്ത്തിക്കൊണ്ട് ചാള്‍സ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇന്ത്യയിലെ ആരോഗ്യരംഗത്തെയും ചികിത്സാരീതികളെയും പുകഴ്ത്തി ഒരു അമേരിക്കൻ സഞ്ചാരി പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചാർളി ഇവാൻസ് എന്ന യുവാവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിലെ ചികിത്സാ സൗകര്യങ്ങൾ ഏറ്റവും മികച്ചത് തന്നെയാണെന്നും പാശ്ചാത്യ രാജ്യങ്ങളേക്കാൾ എത്രയോ മുകളിലാണ് ഇന്ത്യയുടെ സ്ഥാനമെന്നുമാണ് ചാർളി തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പറയുന്നത്.

148 ദിവസമായി ഇന്ത്യയിൽ യാത്ര ചെയ്യുകയാണ് ചാർളി. കഴിഞ്ഞ ആഴ്ചകളിൽ തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും താൻ നേടിയ ചികിത്സകളെ കുറിച്ചുമാണ് ചാർളി വീഡിയോയിൽ പറയുന്നത്. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയിൽ ഒരു ഡോക്ടറെ കാണുക, ആശുപത്രിയിൽ പോവുക എന്നതൊക്കെ വളരെ എളുപ്പമാണ്. നീണ്ട കാത്തിരിപ്പൊന്നും ആവശ്യമില്ല എന്ന് യുവാവ് പറയുന്നു. മാത്രമല്ല, ആയുർവേദ മരുന്നിനെ കുറിച്ചും യുവാവ് പറയുന്നുണ്ട്. തൊണ്ടവേദനയ്ക്ക് താൻ ഉപയോഗിച്ച Yogi Kanthika പോലുള്ള ആയുർവേദ മരുന്നുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്തരം മരുന്നുകൾ അമേരിക്കയിൽ ഇല്ലെന്നുമാണ് യുവാവ് പറയുന്നത്. ഇന്ത്യൻ സുഹൃത്തുക്കൾ നിർദ്ദേശിച്ച സസ്യങ്ങൾ ഉപയോഗിച്ചുള്ള വീട്ടിലെ ചികിത്സയും തന്നെ വലിയ രീതിയിൽ സഹായിച്ചതായി യുവാവ് പറയുന്നു.

View post on Instagram

ആയുർവേദം, വീട്ടുവൈദ്യങ്ങൾ, അലോപ്പതി എന്നിവ കൂടിച്ചേർന്നതാണ് ഇന്ത്യയിലെ ചികിത്സയെ വേഗത്തിലാക്കുന്നതെന്നാണ് ചാർളി പറയുന്നത്. 'ആദ്യമായിട്ടാണ് ഇന്ത്യയിൽ വെച്ച് എനിക്ക് സുഖമില്ലാതെയാകുന്നത്. ആധുനിക മരുന്നുകൾക്കൊപ്പം പാരമ്പര്യ രീതികൾ കൂടി ചേരുമ്പോൾ രോഗം പെട്ടെന്ന് മാറുന്നു' എന്നും ചാർളി തന്റെ ക്യാപ്ഷനിൽ കുറിച്ചു. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധ നേടിയത്. അമേരിക്കയിൽ ഡോക്ടറെ കാണാൻ വേണ്ടി വരുന്ന നീണ്ട കാത്തിരിപ്പിനെ കുറിച്ചും ഭീമമായ ഇൻഷുറൻസ് തുകയെ കുറിച്ചുമെല്ലാം ആളുകൾ കമന്റ് നൽകി.