സെന്‍ കുമാര്‍ തുറന്നത്  'ബി നിലവറ' തന്നെയാണ്!

By ഡോ. കെ.എം സീതിFirst Published Jul 10, 2017, 11:24 AM IST
Highlights

സെന്‍കുമാര്‍ ഒരു ആവേശത്തിന് പറഞ്ഞതൊന്നുമല്ല. 'സ്ഥിതി വിവര'ക്കണക്കുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. അത് അദ്ദേഹം ഉണ്ടാക്കിയതുമല്ല. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതിവിവരണ വകുപ്പ് 2015 ലെ റിപ്പോര്‍ട്ടും സിഡിഎസ്സിലെ കെസി സക്കറിയയുടെ പഠനവും എല്ലാം ഇതൊക്കെ തന്നെയാണ് പറയുന്നത്. 

പോരാത്തതിന് സെന്നിന്റെ ഗുരു നമുക്കെല്ലാം പ്രിയങ്കരനായ പ്രൊഫ എംഎ ഉമ്മന്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കലാകൗമുദിയില്‍ എഴുതിയ ലേഖനവും ഇത് തന്നെയാണ് പറയുന്നത്. സര്‍വീസില്‍ നിന്നും വിടപറയുന്ന ദിവസം സെന്‍, പ്രൊഫ ഉമ്മനെ വീട്ടില്‍ പോയി കണ്ടു ആശീര്‍വാദം വാങ്ങുന്ന ചിത്രം ഇക്കണോമിക് അസോസിയേഷന്റെ ഫേസ്ബുക്ക് പേജിലും ഉണ്ട്. അത് ആകസ്മികമാണെന്നു പറഞ്ഞു നമുക്ക് സമാധാനിക്കാം. 

അങ്ങനെ 'സ്ഥിതിവിവരം' അദ്ദേഹത്തിന് എന്തായാലും ഉണ്ട്. അതെങ്ങനെ എപ്പോള്‍ ഉപയോഗിക്കണമെന്ന കാര്യം മാത്രമേ ബാക്കിയുള്ളൂ. 'സ്ഥിതിവിവരത്തിന്റെ' രീതിശാസ്ത്രവും മറ്റും വേറെ ചര്‍ച്ചചെയ്യാം. സര്‍ക്കാര്‍ വകുപ്പും സിഡിഎസ്സും പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ 'ഡെക്കാന്‍ ക്രോണിക്കിള്‍',  'ടൈംസ് ഓഫ് ഇന്ത്യ' തുടങ്ങിയ പത്രങ്ങള്‍ ആഘോഷിച്ചത് നമ്മള്‍ മറന്നു. 

'മുസ്ലിം പേടി' നന്നായി ചെലവാക്കാന്‍ പറ്റിയ സംസ്ഥാനമാണ് കേരളം.

എന്തായാലും 'മുസ്ലിം പേടി' നന്നായി ചെലവാക്കാന്‍ പറ്റിയ സംസ്ഥാനമാണ് കേരളം. 2050 എത്തുമ്പോള്‍ ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളുടെ (36%) പകുതി മാത്രമാകുമെന്നും ഒരു പത്രം തട്ടിവിട്ടു. ഇവരൊന്നും അന്വേഷിക്കാതെ പോയ ഒരു കാര്യമുണ്ട്. മതാടിസ്ഥാനത്തിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ ആരെയാണ് ആത്യന്തികമായി സഹായിക്കുന്നതെന്നത്. അത് ലോകത്തിലെല്ലാം പൊതുവെ തീവ്രവലതു പക്ഷത്തിന്റെ ഹിംസാത്മക രാഷ്ട്രീയത്തെയാണ് പരിപോഷിപ്പിക്കുന്നത്. അതിന്റെ ഫലം അനുഭവിക്കുന്നത് മത,ഭാഷാ,വംശീയ ന്യൂനപക്ഷങ്ങളും കുടിയേറ്റ സമൂഹങ്ങളുമാണ്. 

യൂറോപ്പിലെ നവനാസികളും, നവഫാസിസ്റ്റുകളും അമേരിക്കയിലെ തീവ്രവലതുപക്ഷവും എല്ലാം ഇത് യഥേഷ്ടം ഉപയോഗിക്കുമ്പോള്‍ ഇന്ത്യയിലെ പരിവാര്‍ ശക്തികള്‍ക്ക് ഇതെല്ലാം മാതൃകാസമൂഹങ്ങളാണ്. 

'സ്ഥിതിവിവരം' അങ്ങനെ ഉണ്ടാവുക മാത്രമല്ല, ഉണ്ടാക്കുക കൂടിയാണ്.

'സ്ഥിതിവിവരം' അങ്ങനെ ഉണ്ടാവുക മാത്രമല്ല, ഉണ്ടാക്കുക കൂടിയാണ്. എന്തായാലും കേരളത്തിന്റെ 'ക്രമസമാധാനം' ഭദ്രമായി. 

സെന്‍ കുമാര്‍ തുറന്നത് ബി നിലവറ തന്നെയാണ്. ശംഖുംമുഖത്തെ കടല്‍ കേരളമാകെ പടര്‍ന്നു കയറാന്‍ ഇനി വിഴിഞ്ഞം തുറമുഖത്തിന്റെ ആവശ്യമില്ല.

(ഫേസ്ബുക്ക് പോസ്റ്റ്)
 

click me!