സാനിറ്ററി പാഡുകള്‍ അപകടകാരികളോ?

Published : Jul 18, 2017, 02:26 PM ISTUpdated : Oct 05, 2018, 03:01 AM IST
സാനിറ്ററി പാഡുകള്‍ അപകടകാരികളോ?

Synopsis

സാനിറ്ററി നാപ്കിനുകള്‍ അപകടകാരികള്‍ ആണെന്നും പണ്ടു കാലത്തുപയോഗിച്ചിരുന്ന തുണികളിലേക്ക് തിരികെ പോകണം എന്നും വ്യാപകമായി പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇതെഴുതാന്‍ കാരണം.

എന്താണ് വാസ്തവം?

സാനിറ്ററി നാപ്കിനുകളില്‍ നിന്നും പുറത്തു വരുന്ന 'ഡയോക്‌സിന്‍' എന്ന രാസവസ്തുവിനെ ക്കുറിച്ചും ഒക്കെ ഇത്തരം കുറിപ്പുകളില്‍ വിശദമായി പറയുന്നുണ്ട്.

ഇതിന്റെ കെമിസ്ട്രിയും, ഫിസിക്‌സും ഒക്കെ ഇഴ പിരിച്ചു നോക്കുന്നതിനും മുമ്പേ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നോക്കാം.

എന്നാണ് ഇപ്പോള്‍ കാണുന്ന തരത്തിലുള്ള സാനിറ്ററി നാപ്കിനുകള്‍ പ്രചാരത്തില്‍ ആയത്?

പത്താം നൂറ്റാണ്ടില്‍ തുണി മടക്കി ആര്‍ത്തവ രക്തസ്രാവം തടയുന്നത് ഗ്രീക്ക് കഥകളില്‍ പറഞ്ഞിട്ടുണ്ട്. വളരെ കാലങ്ങളോളം ഇങ്ങിനെ തുടര്‍ന്നു.

തുണിക്കഷ്ണം മടക്കി ഉപയോഗിച്ചിരുന്നതു കൊണ്ടാണ് ഇംഗ്ലീഷില്‍ ആര്‍ത്തവകാലത്തെ 'on the rag' എന്ന് വിശേഷിപ്പിക്കുന്നത്.

ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്ന കമ്പനി ആണ് 1888 ആദ്യമായി disposable (ഒരു തവണ ഉപയോഗിച്ചിട്ട് കളയാനുളള) ആയ സാനിറ്ററി നാപ്കിനുകള്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങിയത്.

കട്ടി കുറഞ്ഞ തുണിയില്‍ പൊതിഞ്ഞ പഞ്ഞി (cotton) ആയിരുന്നു ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്ന സാനിറ്ററി നാപ്കിനുകള്‍. ഇപ്പോള്‍ കാണുന്ന തരം ഒട്ടിക്കുന്ന (adhesive) സാനിറ്ററി നാപ്കിനുകള്‍ പ്രചാരത്തില്‍ ആയത് 1980 കളില്‍ ആണ്.

എങ്ങിനെയാണ് ഇത്രയും കട്ടി കുറഞ്ഞ വസ്തു ആര്‍ത്തവ രക്തത്തെ വലിച്ചെടുക്കുന്നത്?

അതിനായി അല്‍പ്പം കെമിസ്ട്രി പറയണം.

എന്താണ് സാനിറ്ററി നാപ്കിന്റെ ഘടനയും കെമിസ്ട്രിയും?

പൊതുവായുള്ള ഘടന ഇതാണ്.

മേല്‍ ആവരണം: പോളിഒലിഫീന്‍ (CnH2n എന്ന പൊതുവായ ഘടനയുള്ള പോളിമര്‍ ആയ ആല്‍ക്കീനുകള്‍; ഉദാഹരണം പോളിപ്രൊപ്പിലീന്‍) കൊണ്ടുള്ള നെയ്യപ്പെട്ടത് അല്ലാത്ത (nonwoven fabric ) വളരെ മൃദുവായ ഒരു പാളി ആണ് ഏറ്റവും മുകളില്‍. ഇത് നല്ല രീതിയില്‍ ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിവുള്ള രീതിയില്‍ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

മധ്യഭാഗം: ദ്രാവകങ്ങള്‍ വലിച്ചെടുക്കാന്‍ പ്രാപ്തിയുള്ള absorbent gel ആണ് മധ്യത്തിലായി വച്ചിരിക്കുന്നത്, ഇതിന്റെ കൂടെ സെല്ലുലോസും (wood pulp), റയോണ്‍, പോളിഎസ്റ്റര്‍ മിശ്രിതവും ഉണ്ടാവും. ഇതില്‍ absorbent gel ഉണ്ടാക്കിയിരിക്കുന്നത് polyacrylate എന്ന acrylic പോളിമറിന്റെ സോഡിയം ലവണം ആണ്. നാപ്പികളില്‍ ഇതേ പോളിമര്‍ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ കെമിക്കല്‍ ഫോര്‍മുല [CH2CH(CO2Na)]n ആണ്. ഇവയ്ക്ക്, ഇവയുടെ ഭാരത്തിന്റെ 200 മുതല്‍ 300 ഇരട്ടിയോളം വെള്ളം വലിച്ചെടുക്കാന്‍ പറ്റും.

താഴെയുള്ള ആവരണം: മേല്‍ ആവരണത്തില്‍ ഉപയോഗിച്ച പോലെയുള്ള പോളിഒലിഫീനുകള്‍ ആണ് താഴെയുള്ള അവരണവും. ഇവയൊന്നും മാരകമായ ഒരു അസുഖവും വരുത്തുന്ന കെമിക്കലുകള്‍ അല്ല.

 സാനിറ്ററി നാപ്കിനുകളില്‍ നിന്നും പുറത്തു വരുന്ന ഡയോക്‌സിന്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നൊക്കെ വാട്ട്‌സാപ്പ് മെസ്സേജുകളില്‍ വായിച്ചല്ലോ? എവിടെയാണ് അപ്പോള്‍ ഈ ഡയോക്‌സിന്‍?

സെല്ലുലോസും (wood pulp), റയോണ്‍ ഇവയുടെ കളര്‍ തൂവെള്ള ആക്കുന്നതിനായി, ബ്ലീച്ച് ചെയ്യും. ബ്ലീച്ച് (രാസമിശ്രിതങ്ങള്‍ ഉപയോഗിച്ച് വെളുപ്പിക്കുക) ചെയ്യാന്‍ ഉപയോഗിക്കുന്നത് ക്ലോറിന്‍ സംയുക്തങ്ങള്‍ ആണെങ്കില്‍ ചെറിയ അളവില്‍ ഉപോല്‍പ്പന്നമായി ഡയോക്‌സിന്‍ (2,3,7,8 tterachlorodibenzo para dioxin (TCDD) യും polychlorinated dibenzofurans (PCDFs) എന്ന വിഷ വസ്തു ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത ഉണ്ട്.

എന്നിരുന്നാലും, പ്രധാനപ്പെട്ട കമ്പനികള്‍ എല്ലാം ഡയോക്‌സിന്‍ ഉണ്ടാകാത്ത തരത്തിലുള്ള കെമിക്കലുകള്‍ ആണ് ഉപയോഗിക്കുന്നത്.

ഉദാഹരണത്തിന് Always പാഡുകള്‍ അവരുടെ വെബ്‌സൈറ്റില്‍ ഇത് കൃത്യമായി പറഞ്ഞിട്ടുണ്ട്. https://always.com/…/tips…/pubetry-101/whatsinalwayspads. ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് സാനിറ്ററി പാഡുകള്‍ വാങ്ങുമ്പോള്‍ നിലവാരം ഉള്ളത് നോക്കി വാങ്ങുക.

2014 ല്‍ ജപ്പാനില്‍ നടത്തിയ ഒരു പഠനത്തില്‍ (Risk assessment study of dioxins in sanitary napkins produced in Japan., Ishii S, Katagiri R, Kataoka T, Wada M, Imai S, Yamasaki K. Regulatory Toxicology and Pharmacology, 2014 Oct;70(1):35762. doi: 10.1016/j.yrtph.2014.07.020. Epub 2014 Jul 29.
സാനിറ്ററി നാപ്കിനുകളില്‍ ഗ്യാസ് chromatography യും മാസ് സ്‌പെക്‌ട്രോസ്‌കോപ്പിയും ഉപയോഗിച്ചുള്ള പഠനത്തില്‍ Toxic Equivalents (വിഷലിപ്തത TEQ/g) കണ്ടെത്തിയത് ഇങ്ങനെയാണ്. 'Daily exposure volumes were estimated to be 0.0000240.00042pg TEQ/kg/d. For hazard assessment, we used 0.7pg TEQ/kg/d which was the lowest level of TDI among TDI values reported by international agencies.'

അതായത് ചുരുക്കി പറഞ്ഞാല്‍ സാനിറ്ററി നാപ്കിനുകളില്‍ നിന്നും വരുന്ന ഡയോക്‌സിന്റെ അളവ് അവഗണിക്കാവുന്ന അത്രയും ചെറുതാണ് എന്നര്‍ത്ഥം.

ഇന്ത്യയില്‍ സമാനമായ പഠനങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നും എടുത്തു പറയേണ്ട കാര്യമാണ്.

എന്നിരുന്നാലും അന്ത്രരാഷ്ട്ര കമ്പനികള്‍ ഗുണനിലവാരം ഉറപ്പാക്കിയേ സാധാരണ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാറുള്ളൂ. മുകളില്‍ പറഞ്ഞ ഉദാഹരണം ശ്രദ്ധിക്കുക. ചുരുക്കത്തില്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള കാര്യമായ ഒരു അപകടവും സാനിറ്ററി നാപ്കിനുകളില്‍ ഇല്ല.

സാനിട്ടറി നാപ്കിനുകള്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഒരു അടയാളമാണ്. അതൊരു വലിയ സൗകര്യം ആണ്.

ആര്‍ത്തവ സമയങ്ങളില്‍ പേടിക്കാതെ പുറത്തിറങ്ങാനുള്ള ഒരു ധൈര്യമാണ്. അതൊരു സുരക്ഷിതത്വം ആണ്.

പഴയ തുണിക്കെട്ടിലേക്കു പോകണം എന്നൊക്കെ പറയുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം സ്ത്രീയെ വീട്ടില്‍ അടച്ചിടുക എന്നതു തന്നെ.

എന്നിരുന്നാലും ഗുണ നിലവാരം ഉള്ളത് നോക്കി വാങ്ങണം എന്നുള്ളത് അടിവരയിട്ടു പറയുന്നു.

കൂടുതല്‍ വായനയ്ക്ക് 

1. Risk assessment study of dioxins in sanitary napkins produced in Japan., Ishii S, Katagiri R, Kataoka T, Wada M, Imai S, Yamasaki K. Regulatory Toxicology and Pharmacology, 2014 Oct;70(1):357-62doi: 10.1016/j.yrtph.2014.07.020. Epub 2014 Jul 29.
2. https://always.com/…/tips-…/puberty-101/whats-in-always-pads
3. Additive for a sanitary napkin and a method of adding the same, IS Lin - US Patent App. 09/987,304, 2001

.........................................................................

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD.  അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി.
നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ,  'തന്മാത്രം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?