ഇനിയൊരു മുരുകന്‍ ഉണ്ടാവാതിരിക്കാന്‍  നാം അടിയന്തിരമായി ചെയ്യേണ്ടത്

Published : Aug 11, 2017, 03:59 PM ISTUpdated : Oct 05, 2018, 03:46 AM IST
ഇനിയൊരു മുരുകന്‍ ഉണ്ടാവാതിരിക്കാന്‍  നാം അടിയന്തിരമായി ചെയ്യേണ്ടത്

Synopsis

1976ല്‍ അമേരിക്കയിലെ അസ്ഥിരോഗ വിദഗ്ധനായ ജയിംസ് കെ സ്‌റ്റൈനര്‍ക്ക് ഒരു വിമാനാപകടം പറ്റി. അയാള്‍ തന്നെ പൈലറ്റ് ചെയ്ത ചെറുവിമാനം നെബ്രാസ്‌ക്കയെന്ന സ്ഥലത്ത് വിജനമായ ഒരു പാടത്ത് ഇടിച്ചിറങ്ങി. ഭാര്യയും നാലു കുട്ടികളും ഉണ്ടായിരുന്നു കൂടെ. ഭാര്യ അപ്പോള്‍ തന്നെ മരിച്ചു. മൂന്നു കുട്ടികള്‍ തലയ്ക്ക് ക്ഷതം പറ്റി ബോധം നഷ്ടപ്പെട്ടു. ഒരാളുടെ കൈ ഒടിഞ്ഞു. സ്‌റ്റൈനറുടെ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവു പറ്റി.

അപകടസ്ഥലത്ത് സ്‌റ്റൈനെര്‍ പറ്റുന്ന രീതിയില്‍ കുട്ടികള്‍ക്ക് ചികില്‍സ നടത്തി. അതു വഴി പോയ കാര്‍ തടഞ്ഞ് നിര്‍ത്തി കുട്ടികളെ അതില്‍ കയറ്റി. അടുത്ത ആശുപത്രിയില്‍ ചെന്നു. അമേരിക്കക്കാര്‍ വണ്‍ ഹോര്‍സ് റ്റൗണ്‍ എന്ന് പറയുന്ന പോലൊരു സ്ഥലം. ആശുപത്രി പൂട്ടികിടക്കുന്നു. തുറപ്പിച്ചു. ഡോക്ടറെ വിളിച്ചു വരുത്തി. അവിടെ ഇങ്ങനെയുള്ള പരുക്കുകള്‍ ചികില്‍സിക്കാന്‍ സൗകര്യം തീരെ ഇല്ല. ഡോക്ടര്‍ക്ക് പരിചയക്കുറവും. അവസാനം സ്‌റ്റൈനര്‍ ലിങ്കണ്‍ എന്ന സ്ഥലത്തെ തന്റെ സഹപ്രവര്‍ത്തകരെ വിളിച്ച് ഹെലികോപ്റ്ററില്‍ കുട്ടികളെ അവിടെ നിന്നും മാറ്റി.

തിരിച്ച് ലിങ്കണില്‍ എത്തിയ സ്‌റ്റൈനര്‍ക്ക് ആ അനുഭവം മറക്കാന്‍ കഴിഞ്ഞില്ല. 'അപകടം പറ്റിയടത്ത് ആശുപത്രിയില്‍ കിട്ടിയ ചികില്‍സയെക്കാള്‍ നല്ല രീതിയില്‍ എനിക്ക് എന്റെ കുട്ടികളെ നോക്കാന്‍ കഴിഞ്ഞെങ്കില്‍... അത് സിസ്റ്റത്തിന്റെ തകരാറാണ് '- അയാള്‍ പറഞ്ഞു. 'സിസ്റ്റം മാറ്റണം.'

സ്‌റ്റൈനര്‍ സിസ്റ്റം മാറ്റി. നികത്താനാകാത്ത അയാളുടെ സ്വകാര്യനഷ്ടത്തില്‍ നിന്നും ലോകത്തിന് ഒരു നേട്ടം ഉണ്ടായി. സ്‌റ്റൈനറും സഹപ്രവര്‍ത്തകരും 1978ല്‍ ഇന്ന് എ റ്റി എല്‍ എസ് എന്നു വിളിക്കുന്ന അപകട ചികില്‍സാ പ്രോട്ടൊക്കോളിന്റെ പൂര്‍വ്വരൂപം അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഏര്‍പ്പെടുത്തി.

നികത്താനാകാത്ത അയാളുടെ സ്വകാര്യനഷ്ടത്തില്‍ നിന്നും ലോകത്തിന് ഒരു നേട്ടം ഉണ്ടായി

എന്താണ് എ റ്റി എല്‍ എസ് (ATLS Advanced Trauma Life Support)? 
ഇതൊരു ട്രെയിനിങ്ങ് പ്രോഗ്രാമാണ്. അമേരിക്കന്‍ കോളേജ് ഓഫ് സര്‍ജന്‍സിന്റെ പേരില്‍ ഇപ്പോള്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും ഇത് നടത്തുന്നു. അപകടം സംഭവിച്ചാല്‍ എങ്ങനെ ചികില്‍സിക്കണം എന്നതിന്റെ ഒരു പരിശീലനം. ജീവന്‍ രക്ഷിക്കുന്നതാണ് ATLS ദൗത്യം. ജീവന് ഭീഷണിയായിട്ടുള്ള പരുക്കുകള്‍ കണ്ടെത്തി ചികില്‍സിക്കുന്നു. ഇവിടെ മുന്‍ഗണന ജീവനുള്ള ഭീഷണിയാണ്. എറ്റവും നാടകീയമായി തോന്നുന്ന പരുക്കുകളല്ല പലപ്പോഴും മരണകാരണം. തുടയെല്ല് ഒടിഞ്ഞ് പുറത്തേക്ക് കുന്തം പോലെ നില്‍ക്കുന്നതല്ല അതിന്റെ ഉടമയെ കൊല്ലുന്നത്. ആരും ശ്രദ്ധിക്കാത്ത നെഞ്ചിലെ ക്ഷതമാണ്.

മറ്റ് ചികില്‍സാ മേഖലകളില്‍ നിന്നും ഈ രീതി വ്യത്യസ്തമാണ്. ഓ പിയില്‍ രോഗിയെ നോക്കുന്നത് പോലെയല്ല അപകടത്തില്‍പ്പെട്ട ആളെ പരിശോധിക്കേണ്ടത്. ഓപി യില്‍ വരുന്ന രോഗിയുടെ വിശദമായ രോഗചരിത്രം മനസ്സിലാക്കി, ദീര്‍ഘമായി പരിശോധിച്ച് വേണ്ട ടെസ്റ്റുകള്‍ ചെയ്ത് രോഗനിര്‍ണ്ണയം നടത്താന്‍ ശ്രമിക്കുന്നു. 

അപകടത്തില്‍ ഇത് നടക്കില്ല. ഇവിടെ സമയം നിര്‍ണ്ണായകമാണ്. ജീവന് ഭീഷണിയുണ്ടോ, എന്നതാണ് ഏക ചോദ്യം. അപകടം സംഭവിച്ച രോഗിക്ക് ഗുരുതരമായ എല്ലാ പരുക്കുകളും ഉണ്ടെന്ന് ആദ്യമേ കരുതി ഓരോന്നിനും വേണ്ടി പരിശോധിച്ച് ഒഴിവാക്കുന്നു. ആഫ്രിക്കന്‍ സഫാരിയിലെ ബിഗ് ഫൈവ് ആന, സിംഹം, കാണ്ടാമൃഗം, കാട്ടുപോത്ത്, പുലി എന്ന പോലെ റ്റ്രോമയിലെ ബിഗ് ഫൈവിനു വേണ്ടി ഇവിടെ പരിശോധകന്‍ നോക്കുന്നു. തല, നെഞ്ച്, വയര്‍, ഇടുപ്പ്, തുട. ഓരോ ഘട്ടത്തിലും കഴുത്തിനെയും നട്ടെല്ലിനെയും ശ്രദ്ധിക്കുന്നു.

എ റ്റി എല്‍ എസ്. പ്രോട്ടോക്കോളിലെ എറ്റവും പ്രധാനമായ ഭാഗം ആദ്യം ചെയ്യുന്ന പ്രാഥമിക നിരീക്ഷണമാണ് (Primary survey). 

ABCD എന്ന് ചുരുക്കാം. 

A എയര്‍വേ (airway): രോഗിയുടെ ശ്വാസനാളത്തിന് തടസ്സമുണ്ടോ? ഇതാണ് സുപ്രധാനം. മുഖത്തു പരുക്കു പറ്റുന്ന രോഗി സ്വന്തം രക്തത്തില്‍ ശ്വാസംമുട്ടി മരിച്ചേക്കാം. നിമിഷങ്ങള്‍ മതി തലച്ചോറിന് ഓക്‌സിജന്‍ കിട്ടാതെ മരിക്കാന്‍. അബോധാവസ്ഥയിലുള്ള രോഗികള്‍ക്ക് ഈ അപകടം സംഭവിക്കാന്‍ സാദ്ധ്യത കൂടുതലാണ്. എയര്‍വേ സംരക്ഷിക്കാനായി ചില രോഗികള്‍ക്ക് വായില്‍ കൂടി റ്റിയൂബ് കടത്തി കൃതൃമമായി ശ്വാസോച്ഛ്വാസം കൊടുക്കുന്നു.

B ബ്രീത്തിങ്ങ് (breathing):  ശ്വാസനാളം ക്ലിയര്‍. ഇനി ശ്വാസം വലിക്കുണ്ടോ? ശ്വസിക്കുന്നുണ്ടെങ്കില്‍ രോഗിയുടെ രക്തത്തില്‍ ഓക്‌സിജന്‍ ആവശ്യത്തിനുണ്ടോ? ഇല്ലെങ്കില്‍ എന്തായിരിക്കും കാരണം? വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചു കയറിയോ? ശ്വാസകോശത്തില്‍ നിന്നും വായു പുറത്തേക്ക് ലീക്ക് ചെയ്യുന്നുണ്ടോ? നെഞ്ചില്‍ രക്തസ്രാവം? സംസാരിച്ചിരിക്കുന്ന രോഗികള്‍ക്ക് പൊതുവെ കുഴപ്പമില്ലായിരിക്കും. എന്നാലും നോക്കണം. ഇവര്‍ക്കും പലപ്പോഴും ഇന്റ്യുബേഷനും വെന്റിലേഷനും വേണ്ടി വരുന്നു.

C സര്‍ക്കുലേഷന്‍ (circulation): ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടോ? വേണ്ടത്ര രക്തസമ്മര്‍ദ്ദമുണ്ടോ? രക്തസ്രാവമുണ്ടോ? രക്തസമ്മര്‍ദ്ദം കുറവാണെങ്കില്‍ എന്താണ് പ്രശ്‌നം. വല്യ മുറിവുണ്ടോ? അതോ അതിലും അപകടകരമായി ഉള്ളില്‍ രക്തം വാര്‍ന്നു പോകുന്നുണ്ടോ? നെഞ്ചിനുള്ളില്‍? വയറിനുള്ളില്‍? വാരിയെല്ലിന്‍കൂട് തകര്‍ന്നിട്ടുണ്ടോ?

D ഡിസബിലിറ്റി (disabiltiy): തലച്ചോറ് പ്രവര്‍ത്തിക്കുന്നുണ്ടോ? AVPU എന്ന സംഗ്രഹം ഇവിടെ ഉപയോഗിക്കുന്നു. അലെര്‍ട്ട് (Alert) രോഗി സാധാരണ പോലെ പ്രതികരിക്കുന്നു. വെര്‍ബല്‍ (Verbal) സംസാരിക്കുന്നു പക്ഷെ പ്രതികരണം ശരിയായ രീതിയിലല്ല. പെയിന്‍ (Pain) വേദനയല്ലാതെ മറ്റൊന്നും അറിയുന്നില്ല. അണ്‍കോണ്‍ഷിയസ് (Unconcious) രോഗിയെ ഉണര്‍ത്താന്‍ കഴിയുന്നില്ല. ഇത് തലച്ചോറിന്റെ ക്ഷതം കൊണ്ട് മാത്രമല്ല, രക്തത്തില്‍ ഓക്‌സിജനോ പഞ്ചസാരയോ കുറഞ്ഞിട്ടുമാവാം. കുറച്ചു കൂടി കൃത്യമായ രീതിയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഗ്ലാസ്‌ഗോ കോമ സ്‌കെയില്‍ ( Glasgow Coma Scale GCS) നിര്‍ണ്ണയിക്കുന്നു. ഇതൊരു സ്‌കോറാണ്. മൂന്ന് മുതല്‍ പതിനഞ്ചു വരെ സ്‌കോര്‍ ചെയ്യാം. പതിനഞ്ചില്‍ പതിനഞ്ച് എന്നാല്‍ തലച്ചോറിന് പ്രശ്‌നമൊന്നും പരിശോധനയില്‍ കാണുന്നില്ല എന്നു സൂചിപ്പിക്കുന്നു, പതിനഞ്ചില്‍ മൂന്ന് ഗുരുതരമായ പരുക്കും.

ഇതൊക്കെ ചെയ്യുന്ന സാഹചര്യം പലപ്പോഴും നമ്മുടെ നാട്ടില്‍ പ്രയാസമേറിയതാണ്.

അത്യാഹിത വിഭാഗം എന്ന സംഘര്‍ഷമേഖല
പ്രൈമറി സര്‍വേ ഒരു ഉപബോധത്തിലാണ് പരിശീലനമുള്ള ഡോക്ടര്‍ നോക്കുന്നത്. നന്നായി ബാറ്റ് ചെയ്യുന്ന ബാറ്റ്‌സ്മാന്‍ ക്രീസില്‍ നില്‍ക്കുന്ന പോലെ. ആലോചനയില്ല, അതിനുള്ള സമയമില്ല. അബോധവസ്ഥയിലാണോ, എയര്‍വേ നോക്കൂ, തടസ്സമുണ്ട്, സക്ഷന്‍ കൊടുക്കാം. ശ്വസിക്കുന്നുണ്ട്, സാച്ചുറേഷന്‍ കുഴപ്പമില്ല, കാലില്‍ രക്തസ്രാവം, പ്രഷര്‍ ബാന്‍ഡേജ് കൊടുക്കൂ, കോമാ സ്‌കെയില്‍ എങ്ങനെ? ഇങ്ങനെ പോകുന്നു. ഇത്രയുമായാല്‍ മാത്രമേ അടുത്ത കാര്യങ്ങളിലേക്ക് കടക്കാന്‍ കഴിയൂ.

ഇതൊക്കെ ചെയ്യുന്ന സാഹചര്യം പലപ്പോഴും നമ്മുടെ നാട്ടില്‍ പ്രയാസമേറിയതാണ്. അത്യാഹിത വിഭാഗം സംഘര്‍ഷമേഖലയാണ്. ഗുരുതരാവസ്ഥയില്‍ ഒന്നില്‍ കൂടുതല്‍ രോഗികള്‍, പരിഭ്രമിച്ചും ദേഷ്യപ്പെട്ടും നില്‍ക്കുന്ന ബന്ധുക്കള്‍, മദ്യപിച്ച് അഴിഞ്ഞാടുന്ന മറ്റു കൂറെ പേര്‍, ഇതെല്ലാം ഇവിടെ സാധാരണ കാഴ്ചയാണ്. ഇവരെയെല്ലാം നിയന്ത്രിക്കാന്‍ പല ആശുപത്രികളിലും ഡോക്ടര്‍മാരും നഴ്‌സുമാരും മാത്രമേ കാണാറുള്ളു. ക്ഷമയോടെ കാര്യം പറഞ്ഞ് മനസ്സിലാക്കി ഇവരെയൊക്കെ മാറ്റി നിര്‍ത്തി വേണം ചികില്‍സ.

ഇവിടെയാണ് എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര പരിശീലനം നേടിയ ഡോക്ടറുടെ ആവശ്യകത.

വേണം, എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധര്‍ 
ഇതെല്ലാം ചെയ്യാനുള്ള പാകതയും പരിശീലനവും എംബിബിഎസ് കഴിഞ്ഞ് ഉടനെ ഇറങ്ങിയ ഡോക്ടറിന് അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ. പക്ഷെ അവരാണ് പലപ്പോഴും ഒറ്റക്ക് ഇതൊക്കെ നേരിടേണ്ടി വരുന്നതും. സ്‌പെഷ്യലിസ്റ്റ് ഡോക്ടറിന് പൊതുവേ ഇത്തരം സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്നില്ല. ഓപ്പറേഷന്‍ തിയറ്റര്‍, ഐസിയു എന്നിങ്ങനെ അല്പം കൂടി സ്വച്ഛമായ സ്ഥലങ്ങളില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.

ഇവിടെയാണ് എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര പരിശീലനം നേടിയ ഡോക്ടറുടെ ആവശ്യകത. അത്യാഹിതം മാത്രം കൈകാര്യം ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ്. വലിയ ആശുപത്രികളില്‍ ചിലതില്‍ ഇവരാണ് അത്യാഹിതവിഭാഗം മേധാവികള്‍. റോഡപകടം മാത്രമല്ല അത്യാഹിതങ്ങളെല്ലാം, നെഞ്ചുവേദന മുതല്‍ പൊള്ളല്‍ വരെയുള്ള രോഗങ്ങളിലെ, പ്രാഥമിക ചികില്‍സ നല്‍കാന്‍ ഇവര്‍ നേതൃത്വം നല്‍കുന്നു.

ഞാനിപ്പോള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ മൂന്ന് എമര്‍ജെന്‍സി ഡോക്ടര്‍മാരാണ് അത്യാഹിത വിഭാഗം നടത്തുന്നത്. ഇവരുടെ കൂടെ കാഷ്വാലിറ്റി ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങിയ ഇവര്‍ തന്നെ പരിശീലിപ്പിച്ച ഒരു റ്റീം. നാഷണല്‍ ഹൈവേയുടെ അരികിലാണ് ആശുപത്രി. രാത്രിയും പകലും അപകടം സംഭവിച്ചവര്‍ ഇവിടെ എത്തുന്നു.

പോളിട്രോമ രോഗികളെ ചികില്‍സിക്കാന്‍ ഒരു വലിയ ടീം തന്നെ വേണം

അതിവേഗ ക്ഷതങ്ങളുടെ കാലം
ഇന്നത്തെ റോഡപകടങ്ങള്‍ പലതും അതിവേഗ ക്ഷതങ്ങളാണ് (High veloctiyt rauma). ജീവിതത്തിന് വേഗത കൂടിയപ്പോള്‍ കൊടുക്കേണ്ടി വരുന്ന വില. സാധാരണ പരുക്കുകളല്ല. പലതും പോളിട്രോമ (poltyrauma). എന്നു വച്ചാല്‍ ശരീരത്തിന്റെ ഒന്നില്‍ കൂടുതല്‍ ഭാഗങ്ങള്‍ക്ക് ഗുരുതര പരുക്ക്. തലയും നെഞ്ചും വയറും, തലയും കൈയ്യും കാലും, നെഞ്ചും കാലും നട്ടെല്ലും, എല്ലാ ഘടനയിലും കാണാം. ഇങ്ങനെയുള്ള അപകടങ്ങള്‍ മുപ്പത് കൊല്ലം മുന്‍പ് വിരളമായിരുന്നു. ഇന്നത് സര്‍വസാധാരണം.

പോളിട്രോമ രോഗികളെ ചികില്‍സിക്കാന്‍ ഒരു വലിയ ടീം തന്നെ വേണം. മരണകാരണം അനവധി. വളരെ സങ്കീര്‍ണ്ണമായ ഒന്നിലധികം ശസ്ത്രക്രിയകള്‍ വേണ്ടി വരും. ഇതൊക്കെ താങ്ങാനുള്ള ശാരീരികമായ അവസ്ഥ വേണം രോഗിക്ക്. കൃത്യമായ പ്ലാനിങ്ങ് വേണ്ട ചികില്‍സ. ശസ്ത്രക്രിയകളുടെ റ്റൈമിങ്ങ് സുപ്രധാനമാണ്. എല്ലാ ആശുപത്രിയിലും ഇവരെ ചികില്‍സിക്കാന്‍ പറ്റില്ല. പല മേഖലകളിലെ വിദഗ്ധരായ ചികില്‍സകര്‍ വേണം. ആധുനിക യന്ത്രങ്ങളുടെ സഹായം വേണം. ഏറ്റവും പ്രധാനമായി ചികില്‍സ ക്രമീകരിക്കാനും നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുവാനായി തീവ്രപരിചരണ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ( critical care specialist) ഉണ്ടാവണം.

പിന്നെ എമര്‍ജെന്‍സി ഡോക്ടറുടെ ബാധ്യതയാണ് അവരുടെ ഭാവി കാര്യങ്ങള്‍.

എമര്‍ജെന്‍സി ഡോക്ടറുടെ ബാധ്യതകള്‍
ഇവര്‍ക്കെല്ലാം പക്ഷെ പ്രാഥമിക ചികില്‍സ ATLS പ്രോട്ടോക്കോള്‍ തന്നെയാണ്. എയെര്‍വ്, ബ്രീത്തിങ്ങ് , സര്‍ക്കുലേഷന്‍, ഡിസെബിലിറ്റി എന്ന മന്ത്രത്തില്‍ തന്നെ തുടങ്ങണം. രോഗി സ്‌റ്റേബിള്‍ ആയാല്‍ ആവശ്യമുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ വിളിക്കാം. ഓര്‍ത്തോക്കാരനായ എന്നെ വിളിക്കുന്നത് അപ്പോഴാണ്. അപ്പോഴേക്കും രോഗി സുരക്ഷിതമായ സാഹചര്യത്തിലാണ്. വൈറ്റല്‍സ് സ്‌റ്റേബിള്‍. ഐ വി ലൈന്‍ കൈയ്യില്‍, കഴുത്തില്‍ കോളര്‍, ഒടിഞ്ഞ എല്ലുകളില്‍ സ്പ്ലിന്റ്. എല്ലിന് എന്തു വേന്നം എന്നു മാത്രം തീരുമാനിച്ചാല്‍ മതി.

ഈ ആശുപത്രിയില്‍ അപകടം പറ്റി വരുന്ന ഒരു വലിയ വിഭാഗം ആള്‍ക്കാരും യാത്രക്കാരാണ്. വിദൂരസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍. പലരും ഒറ്റക്ക്. പലരും ബോധരഹിതര്‍. ഊരും പേരും അറിയില്ല... ഇവരെ എത്തിക്കുന്നത് സ്ഥലവാസികളായ നാട്ടുകാരോ പോലീസുകാരോ ആവും. എത്തിച്ചു കഴിഞ്ഞു അവര്‍ പോകുന്നു. പിന്നെ എമര്‍ജെന്‍സി ഡോക്ടറുടെ ബാധ്യതയാണ് അവരുടെ ഭാവി കാര്യങ്ങള്‍.

ഇവരെയെല്ലാം തന്നെ സ്റ്റെബിലൈസ് ചെയ്യുന്നു. ബന്ധുക്കളെ കണ്ടുപിടിച്ച് അറിയിക്കുന്നു. അത്യാവശ്യ ചികില്‍സ കൊടുക്കുന്നു. ബാക്കി ബന്ധുക്കളുടെ തീരുമാനം. ചിലത് പക്ഷെ കാത്തിരിക്കാന്‍ പറ്റില്ല. അത്യാവശ്യം സര്‍ജറിയോ ക്രിറ്റിക്കല്‍ വിഭാഗത്തിന്റെയോ ചികില്‍സ വേണം. ഉദാഹരണത്തിന് രക്തകുഴലിന് ക്ഷതമുള്ള രോഗി. അല്ലെങ്കില്‍ നെഞ്ചിന്‍കൂട് തകര്‍ന്നവര്‍. അതിനുള്ള വൈദഗ്ധ്യം ഇവിടെയില്ല. അങ്ങനെയുള്ള അണ്‍ നോണ്‍ രോഗികളെ റഫര്‍ ചെയ്യുന്നു. അതും സുരക്ഷിതമായി മാറ്റാന്‍ കഴിയുന്ന ഒരു ആംബുലന്‍സില്‍ മാത്രം. സാധാരണ മെഡിക്കല്‍ കോളേജിലേക്കാണ് വിടുന്നത്. ഇത് ഇവിടെ ഒരു നിത്യ കാഴ്ചയാണ്.

നാളെ മുരുകനെ പോലെ ഒരു അശുപത്രി റ്റ്രോളിയില്‍ നിങ്ങളോ ഞാനോ ആയിരിക്കും കിടക്കുക.

മുരുകന്‍ നല്‍കുന്ന പാഠങ്ങള്‍
ഇങ്ങനെ ബന്ധുക്കള്‍ ആരും ഇല്ലാതെ ആഗസ്റ്റ് ആറിന് രാത്രി പത്തു മണിയോടെ നാട്ടുകാര്‍ ഇവിടെ എത്തിച്ച രണ്ടുപേരായിരുന്നു മുരുകനും മുത്തുവും. മുത്തുവിനു കൈയ്യില്‍ ഒരു ഒടിവും ഗുരുതരമല്ലാത്ത മുറിവുകളും ചതവുകളും മാത്രം. മുരുകന്‍ അങ്ങനെയല്ലായിരുന്നു. അബോധാവസ്ഥയിലാണ് അയാള്‍ വന്നത്. GCS 3/15. കൈയ്യില്‍ ഒരു ഒടിവുണ്ട്, എല്ല് പുറത്തു കാണാം. കാലില്‍ വലിയ മുറിവ്. നെഞ്ചിലും വയറിലും ഇടുപ്പിലും പ്രശ്‌നമില്ല. ഗുരുതരമായ ഹെഡ് ഇഞ്ചുറി.

എമര്‍ജെന്‍സി ഡോക്ടുടെ നേതൃതത്തില്‍ മുരുകന്റെ ചികില്‍സ തുടങ്ങി. എയര്‍വേ സുരക്ഷിതമാക്കുവാന്‍ ഇന്റ്റിയുബേറ്റ് ചെയ്തു. കൃത്രിമമായി ശ്വസോച്ഛ്വാസം കൊടുത്തു. ഐ വി കാനുലകള്‍ ഇട്ടു. ഒടിവ് സ്പ്ലിന്റ് ചെയ്തു. മുറിവ് ബാന്‍ഡേജ് ചെയ്തു. മുരുകന്‍ സ്‌റ്റേബിള്‍, പക്ഷെ ഇനി അത്യാവശ്യമായി നൂറോസര്‍ജന്‍ കാണണം. അന്ന് നൂറോസര്‍ജന്‍ ലീവില്‍. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ തീരുമാനിക്കുന്നു. അതിനായി വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് വിളിക്കുന്നു. ആംബുലന്‍സ് ഡ്രൈവര്‍ തനിക്ക് പരിചയമുള്ള ഒരു എന്‍.ജി.ഓ യുമായി ബന്ധപ്പെടുന്നു, അടുത്തുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടെന്ന് അവര്‍ പറഞ്ഞതനുസരിച്ച് രോഗിയെ അവിടേക്ക് കൊണ്ടുപോകുന്നു.

അതു കഴിഞ്ഞുള്ള കാര്യങ്ങള്‍ ഇപ്പോള്‍ മീഡിയയില്‍ വല്യ ചര്‍ച്ചയാണ്. ആറോ ഏഴോ ആശുപത്രികളില്‍ പോയെന്നും അവിടെയൊന്നും രോഗിയെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും പറയുന്നു. മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. യുവജനസംഘടനകള്‍ സമരം ചെയ്യുന്നു. മന്ത്രി ആശുപത്രികള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ മരുന്ന് മാഫിയാ വിളികള്‍ നടക്കുന്നു.

അന്വേഷണം വേണം. കൊണ്ട് പോയ ആശുപത്രികളില്‍ സൗകര്യമുണ്ടായിട്ടാണ് മുരുകനെ ചികില്‍സിക്കാത്തതെങ്കില്‍ നടപടിയെടുക്കണം. തെറ്റ് ചെയ്തവരെ ശിക്ഷിക്കണം. ഇത് ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്. നാളെ മുരുകനെ പോലെ ഒരു അശുപത്രി റ്റ്രോളിയില്‍ നിങ്ങളോ ഞാനോ ആയിരിക്കും കിടക്കുക.

ഇത് വായിക്കുന്ന സമയവും കേരളത്തിലെ ഏതെങ്കിലും ഒരാശുപത്രിയില്‍ ഒരു മുരുകനെ കിടത്തിയിരിക്കുകയാണ്.

മുരുകന്‍ നമ്മളറിഞ്ഞ ഒരാള്‍ മാത്രം
ഇവിടെ പക്ഷെ മനസ്സിലാക്കേണ്ടത് മുരുകന്റെ സംഭവം ഇതാദ്യമായല്ല ഉണ്ടായിരിക്കുന്നത് എന്നാണ്. നിങ്ങള്‍ ഇത് വായിക്കുന്ന സമയവും കേരളത്തിലെ ഏതെങ്കിലും ഒരാശുപത്രിയില്‍ ഒരു മുരുകനെ കിടത്തിയിരിക്കുകയാണ്. അയാള്‍ ആരെന്നോ അയാളുടെ ബന്ധുക്കള്‍ എവിടെയെന്നോ ആര്‍ക്കും അറിയില്ല. വിദഗ്ധ ചികില്‍സ വേണം അയാള്‍ക്ക്. ഏതെങ്കിലും വലിയ ആശുപത്രിയില്‍. ഇനി എന്തു ചെയ്യണം? ആംബുലന്‍സില്‍ കയറ്റി ഓരോ ആശുപത്രിയിലും ചെന്ന് സര്‍ജനുണ്ടോ, വെന്റിലേറ്റര്‍ ഉണ്ടോ എന്നു ചോദിക്കണോ? അതാണ് ചെയ്യാന്‍ പോകുന്നത്. അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അതില്‍ മുരുകന്‍ നമ്മളറിഞ്ഞ ഒരാള്‍ മാത്രം.

ഇത് ഇവിടെ കാണാതെ പോകുന്ന ഒരു മനുഷ്യാവകാശലംഘനം ആണ്. കേരളത്തില്‍ ഇപ്പോള്‍ വര്‍ഷം അയ്യായിരം പേരാണ് അപകടങ്ങളില്‍ മരിക്കുന്നത്. ഒരു വര്‍ഷം അയ്യായിരം. ഒരു ദിവസം പത്തില്‍ കൂടുതല്‍ പേര്‍ ജോലിക്കോ മറ്റേതെങ്കിലും ആവശ്യത്തിനോ വീട്ടില്‍ നിന്നും ഇറങ്ങി, പിന്നെ തിരിച്ചെത്തുന്നില്ല. ഓരൊ വീട്ടിലും ഒരു വികലാംഗന്‍, ഓരോ കുടുബത്തിലും ഒരു അപകട മരണം, എന്ന ആരോഗ്യ സൂചികയിലേക്ക് നാം കുതിച്ചു പായുന്നു.

അപകടം സംഭവിക്കുന്ന നേരം നാം ഒറ്റക്കായിരിക്കും പലപ്പോഴും. ആരും ബൈസ്റ്റാന്‍ഡറെയും കൊണ്ട് നടക്കാറില്ലല്ലോ അപകടം പറ്റിയാല്‍ കൂട്ടിരിക്കാനായി. അങ്ങനെ നാം ഒരു ആശുപത്രി ട്രോളിയില്‍ എത്തിയാല്‍, ബോധമറ്റ് അങ്ങനെ കിടന്നാല്‍, അവിടെ ഇത് ചികില്‍സിക്കാനുള്ള സൗകര്യമില്ല എന്ന് പരിശോധിക്കുന്ന ഡോക്ടര്‍ പറഞ്ഞാല്‍, പിന്നെ എന്താണ്?

ആശുപത്രികളില്‍ എമര്‍ജെന്‍സി ഡോക്ടറുടെ സേവനം നിര്‍ബന്ധമാക്കണം.

ചര്‍ച്ചകള്‍ക്കപ്പുറം നാം ചെയ്യേണ്ടത് 
ഇതിനൊരു മാര്‍ഗ്ഗരേഖ ഉണ്ടാക്കാന്‍ ആര്‍ക്കും താല്പര്യമില്ല. ബലം പിടിച്ച ചര്‍ച്ചയാണ്. രണ്ട് ദിവസം കാണും. അതു കഴിഞ്ഞ് അടുത്ത സിനിമാനടന്റെ ലൈംഗിക ജീവിതത്തെ കുറിച്ചാവും. റോഡില്‍ ശവം വീണുകൊണ്ടിരിക്കും.

എന്തു ചെയ്യാന്‍ കഴിയും? ആശുപത്രിയില്‍ എത്തുന്നത് കഴിഞ്ഞുള്ളതിനെ പറ്റി ആലോചിക്കാം. അതിനു മുന്നേ പലതും ചെയ്യാന്‍ കഴിയും. റോഡ് നന്നാക്കാം. ആംബുലന്‍സ് സര്‍വീസ് മെച്ചപ്പെടുത്താം. ആംബുലന്‍സില്‍ വരുന്നവര്‍ക്ക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്‌നിങ്ങ് നിര്‍ബന്ധമാക്കാം. അതൊക്കെ നമുക്ക് മറ്റൊരു ദിവസം പറയാം.

ആശുപത്രിയില്‍ എത്തിയാല്‍? അപകടം കൂടുതല്‍ കൈകാര്യം ചെയ്യുന്ന ആശുപത്രികളില്‍ എമര്‍ജെന്‍സി ഡോക്ടറുടെ സേവനം നിര്‍ബന്ധമാക്കണം. ഒരു സംശയവും വേണ്ട. ഇവര്‍ ജീവന്‍ രക്ഷിക്കും. ATLS മെഡിക്കല്‍ കോളേജില്‍ തന്നെ പരിശീലിപ്പിച്ച് അതിനുള്ള സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കണം. അങ്ങനെ ചെയ്താല്‍ ഏത് ചെറിയ ആശുപത്രിയില്‍ പോയാലും അപകടം നടന്നാലുള്ള അടിസ്ഥാന ചികില്‍സയെ കുറിച്ചു അവിടത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്ല ബോധം ഉണ്ടാവും.

ഒരു കണ്ട്രോള്‍ സെന്റര്‍ ഉണ്ടാക്കാന്‍ വലിയ പ്രയാസമില്ല. രാഷ്ട്രീയ ഇച്ഛാശക്തി മതി.

സെന്റ്രല്‍ കണ്‍റ്റ്രോള്‍ റൂം എന്ന അനിവാര്യത
അത്യാവശ്യമായി വേണ്ടത് ഒരു സെന്റ്രല്‍ കണ്‍റ്റ്രോള്‍ റൂമാണ്. പോളിട്രോമ ഉണ്ടായ രോഗിയുടെ അവസ്ഥ ചികില്‍സിക്കുന്ന ഡോക്ടര്‍ക്ക് ഇവിടെ അറിയിക്കാന്‍ കഴിയും. ഉദാഹരണത്തിന്, അത്യാവശ്യമായി കാലിലെ രക്തക്കുഴലിന് ക്ഷതം പറ്റിയ ഒരു രോഗിയാണെന്ന് കരുതുക. പ്രാഥമിക ചികില്‍സ കഴിഞ്ഞ് ഡോക്ടര്‍ ഇവിടെ അറിയിച്ചാല്‍ ഈ ഓപ്പറേഷന്‍ ചെയ്യാന്‍ കഴിവുള്ള സര്‍ജന്മാരുടെയും ആശുപത്രികളുടെയും ലിസ്റ്റ് ലഭിക്കും. മുരുകന്റെ കേസില്‍ ന്യൂറോസര്‍ജനും ഒഴിവുള്ള വെന്റിലേറ്ററും എവിടെയുണ്ടെന്ന് മനസ്സിലാക്കാം. അവിടെ വിവരം അറിയിക്കാം. രോഗിയെ അങ്ങോട്ടു മാറ്റാം.

എയര്‍ ആംബുലന്‍സും മറ്റും പിന്നെയാവാം. ഇങ്ങനെ ഒരു കണ്ട്രോള്‍ സെന്റര്‍ ഉണ്ടാക്കാന്‍ വലിയ പ്രയാസമില്ല. രാഷ്ട്രീയ ഇച്ഛാശക്തി മതി. പോലീസും സര്‍ക്കാര്‍ സംവിധാനവും ഐഎംഎ പോലെയുള്ള സംഘടനകളും വിചാരിച്ചാല്‍ ഇത് ഒരു ആഴ്ച കൊണ്ട് ശരിയാക്കാന്‍ കഴിയും.

പൗരന്റെ ജീവന്‍ സ്റ്റെയ്റ്റിന്റെ ചുമതല തന്നെയാണ്. അപകടങ്ങളില്‍ മരിക്കുന്നത് വലിയ പങ്കും ചെറുപ്പക്കാരാണ്. മറ്റ് അസുഖമൊന്നുമില്ലാത്തവര്‍, പ്രയോജനമുള്ള ജോലി ചെയ്യുന്നവര്‍. കൃത്യമായ മാര്‍ഗരേഖ നല്‍കേണ്ടത് സ്റ്റെയ്റ്റ് തന്നെയാണ്. ഇവിടെ ഈ വിഷയത്തില്‍ ഉണ്ടായ മനുഷ്യാവകാശലംഘനത്തില്‍ ആദ്യം പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് സ്റ്റെയ്റ്റിനെയാണ്.

പതുക്കെ വണ്ടി ഓടിക്കുക.

ഇനി ഒരു മുരുകന്‍ ഉണ്ടാവാതിരിക്കാന്‍ 
സ്‌റ്റൈനറുടെ അപകടം അയാള്‍ക്ക് നഷ്ടമുണ്ടാക്കി, എങ്കിലും ലോകത്തിന് മുഴുവന്‍ ഒരു വലിയ നേട്ടം ലഭിച്ചു. മുരുകന്റെ ദാരുണമായ മരണം, അതുണ്ടായ സാഹചര്യം, ഇതൊന്നും പെട്ടെന്ന് മറക്കാതെ, അതില്‍ നിന്ന് എന്തു കിട്ടും എന്ന് നാം പരിശോധിക്കണം. വിചാരണകള്‍ തുടരട്ടെ, അതു കൊണ്ടൊക്കെ ഇനി ഒരു മുരുകന്‍ ഉണ്ടാവരുത് എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് തോന്നിയാല്‍ അതാവും ഇതു കൊണ്ടുണ്ടാകാവുന്ന നേട്ടം.

പിന്നെ. അപകടം ഒഴിവാക്കാന്‍ നോക്കുക. ഹെല്‍മെറ്റ് ധരിക്കുക. ആഴ്ചയില്‍ ഒരാളെങ്കിലും നടന്ന് വരും. കൈയ്യില്‍ നിസ്സാര ഒടിവ്, ചെറിയ മുറിവ്. 'ഹെല്‍മെറ്റ് ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറ്റിയില്ല. തല പോസ്റ്റില്‍ ഇടിച്ചതാണ്.' സ്ഥിരം കേള്‍ക്കുന്നതാണ്.

സീറ്റ് ബെല്‍റ്റ് ഇടുക. കുട്ടികളെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്താതിരിക്കുക. റോഡിന്റെ വലതു വശത്തു കൂടി നടക്കുക. സീബ്രാ ക്രോസ്സിങ്ങില്‍ മാത്രം റോഡ് മുറിക്കുക.

പതുക്കെ വണ്ടി ഓടിക്കുക.

അത്യാഹിത വിഭാഗം നിസ്സഹായതയുടെ സ്ഥലമാണ്. ഒരു നിമിഷം കൊണ്ട് പൂര്‍ണ്ണാരോഗ്യത്തിന്റെ അഹങ്കാരത്തില്‍ നടന്നവര്‍ പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്തവരായി മാറി എത്തുന്ന സ്ഥലം. ഞാന്‍ കണ്ടിട്ടുള്ള ദാരുണമായ കാഴ്ചകളില്‍ ഒന്ന് തുടയെല്ല് ഒടിഞ്ഞ് കിടന്ന് കരയുന്ന ഒരാളുടേതാണ്. തൊട്ടടുത്ത മുറിയില്‍ അയാളുടെ മകള്‍. ഒരു കൊച്ചു കുട്ടി. ദേഹമാസകലം തൊലി ആഴത്തില്‍ പോയി. കാലിലും കൈയ്യിലും ഒടിവ്. കുട്ടി കരഞ്ഞു വിളിക്കുന്നു. കരച്ചില്‍ കേട്ട് അച്ഛന്‍ കരയുന്നു. ഒടിവിന്റെ വേദനയിലല്ല. നിസ്സഹായതയുടെ കരച്ചില്‍.

കഴിയുമെങ്കില്‍ ഞങ്ങളെ കാണാന്‍ അത്യാഹിത വിഭാഗത്തില്‍ വരാതിരിക്കുക. ഞങ്ങളും നിങ്ങളെയവിടെ കാണാനാഗ്രഹിക്കുന്നില്ല. ശ്രദ്ധിക്കുമല്ലോ.
 

കടപ്പാട്: ഇന്‍ഫോ ക്ലിനിക്ക്
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഓർഡർ ചെയ്തെത്തിയ ചിക്കൻക്കറി പാതിയോളം കഴിച്ചപ്പോൾ കണ്ടത് 'ചത്ത പല്ലി', പിന്നാലെ ഛർദ്ദി; വീഡിയോ വൈറൽ
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!