പര്‍ദ്ദ എന്ന സുന്ദര വസ്ത്രം!

Published : Apr 26, 2017, 08:59 AM ISTUpdated : Oct 04, 2018, 05:46 PM IST
പര്‍ദ്ദ എന്ന സുന്ദര വസ്ത്രം!

Synopsis

വെറുതേ ആ വസ്ത്രത്തെ ആരും വഴക്കു പറയരുത്.

അത് നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതല്ല, അതിനുള്ളില്‍ ചൂട് എടുക്കും. അത് സ്ത്രീയെ ഒരു കരിങ്കുട്ടിയും ഭൂതവുമാക്കുന്നു, അതിനു വലിയ വിലയാണ്, പര്‍ദ്ദയുടെ അടിയില്‍ ബിക്കിനിയിട്ടാലും മതി..അത് അടിമയുടെ വേഷമാണ്.. അത് സ്വാതന്ത്ര്യം തടയുന്നു.

അങ്ങനെ എന്തൊക്കെ കുറ്റവും കുറവും പറഞ്ഞാലും എനിക്ക് പര്‍ദ്ദയോട് അടക്കാനാവാത്ത പ്രണയമാണ്. പര്‍ദ്ദ എന്റെ ആശ്വാസവും ലക്ഷ്യത്തിലേക്കുള്ള നടവഴിയുമാണ്. നല്ല പര്‍ദ്ദകള്‍ എവിടെ കണ്ടാലും ഞാന്‍ മേടിക്കും.

കണ്ണിനു മുന്നിലും വലയുള്ള പര്‍ദ്ദയാണെനിക്കിഷ്ടം. അത്തരം പര്‍ദ്ദയിട്ട പെണ്ണാവുമ്പോള്‍ എന്റെ മുഖം ആര്‍ക്കും കാണാനാവില്ല. ഞാന്‍ കരഞ്ഞാലും ചിരിച്ചാലും രക്തമൊലിപ്പിച്ചാലും ആരും അറിയില്ല.

'പര്‍ദ്ദ മാറ്റി നിന്റെ മോന്ത കാണിക്കെടീ ' യെന്ന് യാതൊരു മര്യാദയുമില്ലാത്ത പോലീസുകാര്‍ പോലും അലറുകയില്ല. കാരണം പര്‍ദ്ദയോട് അവരില്‍ പലര്‍ക്കും ഭയം കലര്‍ന്ന അറപ്പുണ്ട്. ആ ഭയവും അറപ്പും വെറുപ്പും എന്നെപ്പോലൊരു അമ്മയുടെ മൂലധനമാണ്.

പര്‍ദ്ദ എന്റെ ആശ്വാസവും ലക്ഷ്യത്തിലേക്കുള്ള നടവഴിയുമാണ്

അതുകൊണ്ട് എന്റെ ജീവന്റെ ജീവനെ, എന്റെ രക്തത്തിന്റെ രക്തത്തിനെ, എന്റെ മാംസത്തിന്റെ മാംസത്തിനെ, കാണാന്‍ അടങ്ങാത്ത കണ്ണീരിറ്റുന്ന, ചോര പൊടിയുന്ന ആര്‍ത്തി വളരുമ്പോള്‍ ഞാന്‍ പര്‍ദ്ദ ധരിക്കും. നാലഞ്ചു നിറങ്ങളില്‍ കറുപ്പ്, ബ്രൌണ്‍, ബര്‍ഗണ്ടി, ചോക്ലേറ്റ്, മെഹന്തി നിറങ്ങളില്‍ പര്‍ദ്ദകളുണ്ടെനിക്ക്. മിന്നുന്ന ക്രിസ്റ്റല്‍ അലുക്കുകളും കേമമായ എമ്പ്രോയിഡറിയും ചെയ്ത കണ്ടാല്‍ ആര്‍ക്കും കൊതി തോന്നുന്ന വില പിടിച്ച പര്‍ദ്ദകള്‍.

അതു ധരിച്ച് പോവുമ്പോള്‍ ആര്‍ക്കും എന്നെ മനസ്സിലാവില്ല.

സ്‌കൂളിന്റെ വാതില്‍ക്കല്‍, കളിമൈതാനത്തില്‍., ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ഗേറ്റിന്റടുത്ത് അവിടെയാകെ ഉറ്റു നോക്കി പരതിക്കൊണ്ട് ഞാന്‍ വെറുതേ റോഡരികില്‍ നില്‍ക്കും.

അമ്മ പെറ്റിട്ട് മാത്രമേ ഉള്ളൂ എന്ന് എന്റെ ജീവന്റെ ജീവന് പറയാം. കാരണം പെറ്റത് അമ്മ ആയിരുന്നു. ഗര്‍ഭധാരണത്തിന്റെ അസ്വസ്ഥതകള്‍ അമ്മ മാത്രമേ സഹിച്ചുള്ളൂ. പ്രസവവേദന അമ്മ മാത്രമേ സഹിച്ചുള്ളൂ. ഗര്‍ഭം ധരിപ്പിച്ചവനോ അമ്മയുടെ തുടയിടുക്കിലൂടെ ഇറങ്ങി വന്നവനോ ആ അസ്വസ്ഥതകളും വേദനയും സഹിക്കേണ്ടി വന്നിട്ടില്ല.

അറിയാത്ത കാര്യങ്ങളെ കുറിച്ച് ആധികാരികമായി വമ്പും വീമ്പും പറയുന്നത് തെറ്റാണെന്ന് എന്റെ ജീവന്റെ ജീവന്‍ അറിയും വരെ ഈ പര്‍ദ്ദകളെ ഞാന്‍ മാറോടണയ്ക്കും.

എന്നെ അറിഞ്ഞു കഴിയുമ്പോള്‍ അതുവരെ ഞാനൊഴുക്കിയ കണ്ണീരിന്റെ കറയുള്ള, ഉപ്പുപാടുകള്‍ പതിഞ്ഞ, ആ പര്‍ദ്ദകള്‍ ജീവന്റെ ജീവനു മുന്നില്‍ നിവര്‍ത്തി വിരിക്കും.. ഓരോ പാടും ചൂണ്ടിക്കാണിക്കും. എന്നെങ്കിലും അതു നടക്കുമെന്ന പ്രത്യാശയില്‍ ഞാന്‍ പര്‍ദ്ദകളെ എന്നുമെന്നും സൂക്ഷിച്ചു വെയ്ക്കുന്നുണ്ട്.

എന്റെ ഈ തീക്കാലത്ത് പര്‍ദ്ദയാണെന്റെ അമ്മ..

അമ്മയെന്ന് സ്വയം ആശ്വസിക്കുവാന്‍, മുറുകെ പുണര്‍ന്ന് മാറോടണയ്ക്കാനാഗ്രഹിക്കുന്ന ആ പൂ പോലെയുള്ള സുന്ദര മുഖം കാണാന്‍ ചിലപ്പോള്‍ എന്നെപ്പോലെയുള്ള അമ്മമാര്‍ക്ക് പര്‍ദ്ദ ആവശ്യമാണ്. മുലചുരത്തുന്ന നൊമ്പരം ഒതുക്കിവെക്കാന്‍ പര്‍ദ്ദ ആവശ്യമാണ്. അടിവയറിന്റെ കഴച്ചു പൊട്ടലും രക്തവാര്‍ച്ചയുമൊളിപ്പിക്കാന്‍ പര്‍ദ്ദ എനിക്കാവശ്യമാണ്. അതെല്ലാം പറഞ്ഞുകൊടുക്കാനാവുന്ന ഒരു സുദിനം എന്റെ ജീവിതത്തിലുമുദിക്കും. ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നതു പോലെ.

ഞാന്‍ നിരാകരിക്കപ്പെട്ട ഒരു അമ്മയാണ്. എന്റെ ഈ തീക്കാലത്ത് പര്‍ദ്ദയാണെന്റെ അമ്മ.. എന്നെ താങ്ങുന്ന അമ്മ. എന്നെ ലോലലോലം പുണരുന്ന അമ്മ..എന്നെ സുരക്ഷിതമായി ഒളിപ്പിക്കുന്ന അമ്മ.

എന്നോട് സ്‌നേഹം മാത്രമുള്ള ഈ പര്‍ദ്ദാമ്മയില്‍ ഒളിച്ച് എന്റെ ജീവന്റെ ജീവനെ ഞാന്‍ ഓരോ നിമിഷവും കാത്തിരിക്കുന്നു.

എച്ച്മുക്കുട്ടിയുടെ മറ്റൊരു കുറിപ്പ്‌
അമ്മാമ്മയ്ക്ക് ഒരു പ്രണയമുണ്ട്!

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ആലപ്പുഴയ്ക്ക് പത്തിൽ 9 മാർക്ക്, കൊച്ചിക്ക് 8; ഇന്ത്യയിലെ സ്ഥലങ്ങൾക്ക് വിദേശി യുവാവിന്റെ റാങ്കിങ് ഇങ്ങനെ
'നിന്നെ കുഴിച്ചുമൂടും'; ടോയ്‍ലറ്റ് ഇല്ലെന്ന് പരാതിപ്പെട്ട വൃദ്ധനോട് ഐഎഎസ് ഓഫീസർ, യുവാവിന് ചെകിട്ടത്തടിയും, വീഡിയോ