
ബംഗളൂരു: ആഘോഷ വേളയില്‍ വിളമ്പിയ ഭക്ഷണങ്ങള്‍ക്കൊപ്പം പാത്രങ്ങള്‍ കൂടി കഴിക്കാന്‍ സാധിക്കും. കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ്. സമീപഭാവിയില്‍ തന്നെ അങ്ങനെയൊരു കാര്യമുണ്ടാകും. ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ നമ്മുടെ തീന്‍മേശയില്‍ ഉടന്‍ എത്തുമെന്ന് ഉറപ്പ് തന്നിരിക്കുകയാണ് ബെംഗളൂരു അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗജമുഖ എന്റര്‍പ്രൈസസ്.
ഭക്ഷണത്തോടൊപ്പം തന്നെ കഴിക്കാന്‍ സാധിക്കുന്ന പാത്രങ്ങള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, തുടങ്ങിയവയുമായാണ് കമ്പനി രംഗത്ത് എത്തിയിരിക്കുന്നത്.
ഷൈല ഗുരുദത്ത്, ലക്ഷ്മി ഭീമാചാര്‍ എന്നിവരാണ് ഈ പുതുസംരംഭത്തിന് പിന്നില്‍. എഡിബിള്‍ പ്രോ എന്ന പേരിലാണ് ഈ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തുക. സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പദാര്‍ഥങ്ങളില്‍ നിന്നാണ് ഈ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതെന്ന് ഷൈല ഗുരുദത്ത് പറയുന്നു. ഇവ കഴിക്കുകയോ മണ്ണിലുപേക്ഷിക്കുകയോ ചെയ്യാം. മണ്ണിലുപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇവ ലയിച്ചു ചേരും.
ചന്ദന നിറമുള്ള, സുഗന്ധമുള്ള ഈ പാത്രങ്ങള്‍ അത്രയെളുപ്പത്തിലൊന്നും കഴിക്കാനാകില്ല. ഭക്ഷണങ്ങള്‍ കരുതാനുള്ളതുകൊണ്ട് കനമുള്ളതാണ് പാത്രങ്ങള്‍. അല്‍പം നനവുള്ള ഭക്ഷണസാധനങ്ങള്‍ പാത്രങ്ങളില്‍ വച്ചാല്‍ അവ നേര്‍ത്തതാകും. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളും അകത്താക്കാം. ആദ്യമായല്ല കഴിക്കാവുന്ന പാത്രങ്ങള്‍ ഇന്ത്യയിലെത്തുന്നത്. കെന്‍റക്കി ഫ്രൈഡ് ചിക്കന്‍ (കെഎഫ്‌സി) രണ്ടു വര്‍ഷംമുന്‍പ് കഴിക്കാവുന്ന ‘റൈസ് ബോളുകള്‍’ തങ്ങളുടെ സ്റ്റോറുകളിലെത്തിച്ചിരുന്നു. കെഎഫ്‌സി ഔട്‌ലെറ്റുകളില്‍ ഇവ ഹിറ്റായിരുന്നു. ഇതിനു പിന്നാലെ ഹൈദരാബാദ് ആസ്ഥാനമായ ‘ബേയ്ക്കീസ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയും ഭക്ഷ്യയോഗ്യമായ സ്പൂണുകള്‍ പുറത്തിറക്കി. ഭക്ഷ്യയോഗ്യമായ സ്പൂണുകള്‍ നിര്‍മിക്കുക വഴി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ സന്ദേശം നല്‍കുക എന്ന ലക്ഷ്യവും ബേയ്ക്കീസിനുണ്ടായിരുന്നു. 100 സ്പൂണുകളടങ്ങിയ ഒരു ബോക്‌സിനു 300 രൂപയാണ് അവര്‍ ഈടാക്കുന്നത്. ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. എങ്കിലും, ഒന്നരവര്‍ഷം വരെ ഇവ കേടുകൂടാതെ ഇരിക്കും. അമേരിക്കയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നു തങ്ങള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നു കമ്പനി അധികൃതര്‍ പറയുന്നു.
എന്തായാലും ഇറങ്ങാന്‍ പോകുന്ന പാത്രങ്ങള്‍ പ്ലാസ്റ്റിക് ഉപയോഗത്തെ കുറച്ചെങ്കിലും ചെറുക്കാന്‍ സഹായിക്കുമെന്ന് കരുതാം.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.