ഓര്‍മ്മയുണ്ടോ കേരളമേ ആ പ്രളയനാളുകള്‍?

By Speak UpFirst Published Nov 22, 2018, 4:02 PM IST
Highlights

രാഷ്ട്രീയവും മതവും ബാക്കിയെല്ലാം മാറ്റി വെച്ച് പ്രകൃതി നല്‍കിയ പ്രളയത്തെ അതിജീവിച്ചതുപോലെ ഈ 'മനുഷ്യ  നിര്‍മ്മിത പ്രളയത്തെയും' നമ്മള്‍ക്ക് അതിജീവിയ്‌ക്കേണ്ടതുണ്ട്. ഒരേ മനസ്സോടെ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. -ജ്യോതി രാജീവ് എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

എല്ലാ പ്രായത്തിലെയും വിശ്വാസികളായ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന് സുപ്രീം കോടതി വിധി വന്ന ആ ദിവസങ്ങളിലും കുട്ടനാട് വെള്ളപ്പൊക്ക ദുരിതങ്ങളിലായിരുന്നു. കേരളത്തെ നടുക്കിയ പ്രളയത്തിനു തൊട്ടുമുമ്പുണ്ടായ വെള്ളപ്പൊക്കം. ജോലിയുമായ് ബന്ധപ്പെട്ട് ആ ദിവസങ്ങളില്‍ അധികനേരവും കുട്ടനാട്ടിലെ സാധാരണ മനുഷ്യര്‍ക്കിടയിലായിരുന്നു. അവരുടെ ടെന്‍ഷനൊക്കെ മാറ്റാന്‍ വെറുതെ ചര്‍ച്ചയ്ക്കുള്ള വിഷയമായി 'ശബരിമല സ്ത്രീ പ്രവേശനം' എടുത്തിട്ടു..

'ഓ നാലുനേരവും വയറ് നിറയെ ഉണ്ടുറങ്ങി ജീവിക്കുന്നോര്‍ക്കും ടിവി ക്കാര്‍ക്കും കൊള്ളാം ദൈവവും കോടതിയുമൊക്കെ.  ഞങ്ങള്‍ക്കൊക്കെ തലയ്ക്കുമേളില് കണ്ടില്ലേ..  വേറെ പണിയില്ല'  'അവനോന്റെ കൈയ്യുണ്ടേല് അവനോന്റെ തലയ്ക്കുവെയ്ക്കാം' ഇങ്ങനെയൊക്കെയായിരുന്നു അന്ന് കേട്ട പ്രതികരണങ്ങള്‍. 

പിന്നെയാണ് ആ കോടതി വിധിയെത്തിയത്

ആണും പെണ്ണും ഒരുപോലെ പണിയെടുത്ത് ജീവിക്കുന്നു. അവിടെ തുല്ല്യതയോ ശബരിമലയോ ആചാരങ്ങളോ ഒന്നും വിഷയങ്ങളല്ലായിരുന്നു. ഓണ്‍ലൈനിലാണല്ലോ  ഇതൊക്കെ വലിയ വിഷയങ്ങളെന്നോര്‍ത്ത് ഞാനും ചിരിച്ചു. 

പിന്നീട് കേരളത്തെ മുഴുവന്‍ ഭയത്തിലാക്കി പ്രളയം വന്നു. അന്നും  ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട 'ചില ജാതി വിചാരങ്ങള്‍' കണ്ടു. അപ്പോഴും ബഹുഭൂരിപക്ഷം കേരളീയരും ജാതിമതരാഷ്ട്രീയ കുപ്പായങ്ങളൊഴിവാക്കി 'നമ്മള്‍' എന്ന് ഒറ്റ ചിന്തയുമായി നില്‍ക്കുകയായിരുന്നു. എല്ലാവരും പരസ്പരം താങ്ങായി. അപരനുവേണ്ടി  വീടിന്റെ വാതിലുകള്‍ തുറന്നിട്ടുകൊടുത്തു.  കേരളത്തിനെതിരെ വരുന്ന ഓരോ വാക്കിനേയും നമ്മള്‍ ട്രോളി. കേരളീയര്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മനുഷ്യരെപ്പോലെ അല്ലെന്നും കേരളീയരെന്ന പൊതുവികാരം ഉള്ളവരാണെന്നുമൊക്കെ നാം വല്ലാതെ അഹങ്കരിച്ചു.

പിന്നെയാണ് ആ കോടതി വിധിയെത്തിയത്. കേരളം പ്രളയക്കെടുതിയില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഒന്നിച്ച് ശ്രമിക്കുന്ന നാളുകളില്‍. പുറത്തുനിന്നുള്ള സഹായങ്ങള്‍ പലതും മുടങ്ങിക്കിടന്ന നാളുകളില്‍ നമുക്ക് നമ്മളേ ഉള്ളൂ എന്ന തിരിച്ചറിവില്‍ മുന്നോട്ടു പോവുകയായിരുന്ന കേരളീയര്‍ പൊടുന്നെ ആരോ സഡന്‍ ബ്രേക്കിട്ടതുപോലെ അകന്നു പോയി. 

അതേ നമ്മുടെ വീടുകളിലേയ്ക്ക് ഇന്ന് കടന്നുവരുന്ന ചര്‍ച്ചകള്‍ ഭയപ്പെടുത്തുന്നുണ്ട്

പിന്നെ തുടങ്ങി തെറിവിളികള്‍. ധ്രുവീകരണങ്ങള്‍. മതമെന്നും, ആചാരമെന്നും, രാഷ്ട്രീയമെന്നും കൃത്യമായ അജണ്ടകളുള്ളവരുടെ കണ്‍കെട്ടില്‍ക്കുടുങ്ങി,  കുടിലതയോടെയും  കൊലവെറിയോടെയും ചിന്താശേഷിയെ പണയംവെച്ചുള്ള ആക്രോശങ്ങള്‍. രാഷ്ട്രീയം, അതേതുപാര്‍ട്ടിയുമാകട്ടെ, അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് നിന്നുകൊടുത്ത് നാം അറിഞ്ഞും അറിയാതെയും നശിപ്പിക്കുന്നത് നമ്മുടെ സ്വസ്ഥജീവിതത്തെയാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ നല്ല നാളെകളെയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ബാബരി മസ്ജിദ്  തകര്‍ക്കപ്പെട്ടതും രാജ്യം കത്തുന്നതും കേരളം എന്ന ഈ ഇട്ടാവട്ടത്തിലെ ഒരുമയുടെയും സ്‌നേഹത്തിന്റെയും തണലില്‍ ചേര്‍ന്നിരുന്ന് ചര്‍ച്ചചെയ്തവരാണ് നമ്മള്‍.

അതേ നമ്മുടെ വീടുകളിലേയ്ക്ക് ഇന്ന് കടന്നുവരുന്ന ചര്‍ച്ചകള്‍ ഭയപ്പെടുത്തുന്നുണ്ട്. കേരളത്തെ വിഴുങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ നാം തല വെച്ചു കൊടുക്കരുത്. 

രാഷ്ട്രീയവും മതവും ബാക്കിയെല്ലാം മാറ്റി വെച്ച് പ്രകൃതി നല്‍കിയ പ്രളയത്തെ അതിജീവിച്ചതുപോലെ ഈ 'മനുഷ്യ  നിര്‍മ്മിത പ്രളയത്തെയും' നമ്മള്‍ക്ക് അതിജീവിയ്‌ക്കേണ്ടതുണ്ട്. ഒരേ മനസ്സോടെ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. 

click me!