സിനിമകളിൽ കണ്ടുശീലിച്ച 'രക്ഷകൻ' ഇമേജുള്ള നായകന്മാരുടെ കാലം കഴിയുന്നു. തന്നെ രക്ഷിക്കാൻ എത്തുന്ന സൂപ്പർ ഹീറോ നായകന്മാരേക്കാൾ, തന്റെ വികാരങ്ങൾ മനസ്സിലാക്കുന്ന തുല്യനായ ഒരു പങ്കാളിയെയാണ് ഇന്നത്തെ ഇന്ത്യൻ സ്ത്രീകൾ ആഗ്രഹിക്കുന്നത്. 

ഇന്ത്യൻ പ്രണയ സങ്കല്പങ്ങളിൽ കാലങ്ങളായി നിലനിന്നിരുന്ന 'രക്ഷകൻ' ഇമേജുകൾ തകരുന്നു. കുതിരപ്പുറത്തെത്തുന്ന രാജകുമാരൻ വന്ന് തന്നെ രക്ഷിക്കുമെന്ന് സ്വപ്നം കണ്ടിരുന്ന പഴയ ബോളിവുഡ് ക്ലീഷേകൾക്ക് പകരം, പ്രണയത്തിൽ തുല്യമായ പരിഗണനയും വൈകാരികമായ തിരിച്ചറിവും ആഗ്രഹിക്കുന്ന പുതിയൊരു തലമുറയാണ് ഇന്ത്യയിൽ വളർന്നുവരുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ഡേറ്റിംഗ് ആപ്പായ 'ഹാപ്പൻ' നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് ഈ കൗതുകകരമായ മാറ്റം വ്യക്തമാകുന്നത്. ഈ പുതിയ പ്രവണതയെ 'നോ സേവിയർ സീസൺ' എന്നാണ് വിദ്ഗധർ വിശേഷിപ്പിക്കുന്നത്.

ബോളിവുഡിൽ നിന്ന് കെ-ഡ്രാമയിലേക്ക്

ഇന്ത്യൻ യുവതികളുടെ ഈ മാറ്റത്തിന് പിന്നിൽ കൊറിയൻ പരമ്പരകളുടെ അഥവാ കെ-ഡ്രാമകളുടെ വലിയ സ്വാധീനമുണ്ടെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. സർവേയിൽ പങ്കെടുത്ത 49 ശതമാനം യുവതികളും പറയുന്നത് കെ-ഡ്രാമകളിലെ പുരുഷ കഥാപാത്രങ്ങളുടെ വൈകാരികമായ ഇടപെടലുകൾ തങ്ങളുടെ സങ്കല്പങ്ങളെ സ്വാധീനിക്കുന്നു എന്നാണ്. മുൻപ് ആധിപത്യം പുലർത്തുന്ന പുരുഷന്മാരെയായിരുന്നു സ്ത്രീകൾ ഇഷ്ടപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് 62 ശതമാനം പേരും ആഗ്രഹിക്കുന്നത് കരുത്തും ഒപ്പം വൈകാരികമായ പക്വതയുമുള്ള പങ്കാളികളെയാണ്.

'ക്രാഷ് ലാൻഡിംഗ് ഓൺ യു', 'ഇറ്റവോൺ ക്ലാസ്' തുടങ്ങിയ ആഗോള ഹിറ്റുകളിലെ സ്ത്രീ കഥാപാത്രങ്ങളെയാണ് 36 ശതമാനം യുവതികളും മാതൃകയാക്കുന്നത്. ഈ കഥാപാത്രങ്ങൾ സ്വതന്ത്രരാണെന്ന് മാത്രമല്ല, തങ്ങളുടെ പങ്കാളിയിൽ നിന്ന് തുല്യമായ പ്രയത്നവും ബഹുമാനവും ആഗ്രഹിക്കുന്നവരുമാണ്.

മാറുന്ന പ്രണയ നിയമങ്ങൾ

പ്രണയത്തിലെ ആൽഫാ പുരുഷ സങ്കല്പങ്ങളെ ഇന്ത്യൻ സ്ത്രീകൾ ഇപ്പോൾ പാടെ തള്ളിക്കളയുകയാണ്. പ്രണയ ബന്ധങ്ങളിൽ തുല്യമായ ഉത്തരവാദിത്തം കാണിക്കാത്ത പുരുഷന്മാരെ 36 ശതമാനം പേരും ഒഴിവാക്കുന്നു. വെറുതെ പൂക്കളും സമ്മാനങ്ങളുമായി വരുന്ന പ്രകടനങ്ങളേക്കാൾ പങ്കാളിയുടെ താല്പര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാനും ഒപ്പം നിൽക്കാനും കഴിയുന്നവർക്കാണ് മുൻഗണന. ഏതാണ്ട് 31 ശതമാനം സ്ത്രീകൾക്ക് വേണ്ടത് അർത്ഥവത്തായ ആശയവിനിമയമാണ്.

വിദഗ്ധരുടെ നിരീക്ഷണം

ഇന്ത്യയിലെ യുവതികൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റത്തെ സാംസ്കാരികമായ ഒരു പുനർക്രമീകരണം എന്നാണ് ഹാപ്പൻ സി.ഇ.ഒ കരീമ ബെൻ അബ്ദുൽമാലക് വിശേഷിപ്പിക്കുന്നത്. പ്രണയം എന്നത് ഒരാളെ രക്ഷിക്കാനുള്ള വഴിയല്ല, മറിച്ച് തുല്യരായ രണ്ടുപേരുടെ കൃത്യമായ തിരഞ്ഞെടുപ്പായി മാറുന്നതിനെയാണ് 'നോ സേവിയർ സീസൺ' അടയാളപ്പെടുത്തുന്നത്. ആധിപത്യം പുലർത്തുന്ന പങ്കാളിയേക്കാൾ തങ്ങളുമായി മാനസികമായി പൊരുത്തപ്പെട്ടു പോകുന്ന ഒരാളെയാണ് ഡേറ്റിംഗ് ആപ്പുകളിൽ ഇന്ത്യൻ യുവതികൾ ഇപ്പോൾ തിരയുന്നതെന്നാണ് റിപ്പോർട്ട്.

ചുരുക്കത്തിൽ, ലോകോത്തര കൊറിയൻ സീരീസുകൾ വെറും വിനോദം മാത്രമല്ല, ഇന്ത്യൻ സമൂഹത്തിലെ പ്രണയ സങ്കല്പങ്ങളെയും ലിംഗസമത്വത്തെയും പുതിയ രീതിയിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു എന്നുകൂടിയാണ് ഈ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്.