'എങ്ങോട്ട് രക്ഷപ്പെടണം ഞങ്ങള്‍, മരണത്തിലേക്കോ; ഒരു സിറിയക്കാരന്‍ ചോദിക്കുന്നു!

Published : Sep 17, 2018, 07:48 PM ISTUpdated : Sep 19, 2018, 09:28 AM IST
'എങ്ങോട്ട് രക്ഷപ്പെടണം ഞങ്ങള്‍, മരണത്തിലേക്കോ; ഒരു സിറിയക്കാരന്‍ ചോദിക്കുന്നു!

Synopsis

പക്ഷെ, ഇത്തവണ സാധാരണ അവധിക്കാലം പോലെയായിരുന്നില്ല! വീടിനരികിലുള്ള തോട്ടത്തില്‍ എല്ലാവരും ഒരുമിച്ചിരുന്ന നേരം ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ഇസ്രയേല്‍ മിസൈലുകള്‍ വന്ന് പതിച്ചു. മലഞ്ചെരിവിലെ റോഡുകള്‍ തകര്‍ന്നു; ഓടി രക്ഷപ്പെടുകയല്ലാതെ മാര്‍ഗമില്ലായിരുന്നു.

പലായനങ്ങളും നിന്നുതുടങ്ങിയിട്ടുണ്ട്. ഒരുപാട് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടച്ചു. ഒരു പരിധിക്കപ്പുറം സ്വീകരിക്കാനാവില്ല, ഇനിയും വന്നാല്‍ സായുധമായി നേരിടുമെന്ന് യൂറോപ്യന്‍ രാജ്യങ്ങളടക്കം പറഞ്ഞു തുടങ്ങി. ഏത് നിമിഷവും പതിച്ചേക്കാവുന്ന ബോംബുകള്‍ കാത്തു നില്‍ക്കണോ ഏതെങ്കിലും കടലിടുക്കില്‍ ഐലന്‍ കുര്‍ദിമാരാവണോ എന്നാണ് ഓരോ സിറിയക്കാരനും തന്നോട് തന്നെ ചോദിക്കുന്നത്.

സ്വന്തം നാടിനെ നെഞ്ചോട് ചേര്‍ത്ത് നടക്കുന്ന ഒരു സിറിയന്‍ സുഹൃത്തുണ്ട്. ആ മണ്ണിനെക്കുറിച്ച് വര്‍ണിക്കാന്‍ നൂറു നാവാണ്; യുദ്ധവും രാഷ്ട്രീയ അനിശ്ചിതത്വവും തങ്ങിനില്‍ക്കുന്ന നാടുകളില്‍ നിന്നുള്ളവര്‍ക്ക് സാധാരണയില്ലാത്ത ദേശസ്നേഹവും പ്രതീക്ഷകളും. ഇരുപത്തിയഞ്ചു വര്‍ഷത്തിലേറെയായുള്ള പ്രവാസം അവസാനിപ്പിച്ച്, ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം തിരിച്ച് സിറിയയിലേക്ക് മടങ്ങുമെന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. അവിടെയാണ് വേരുകളും പൂത്തു കായ്ക്കുന്ന നാളെകളുമെന്ന്... പക്ഷെ, ഇത്തവണ അവധിക്ക് പോയിവന്നതോടെ ആ തിരികള്‍ കെട്ടുപോയതുപോലെ. തിരികെ മടങ്ങണമെന്ന മോഹം ഇപ്പോൾ ആ സംസാരത്തിലില്ല.

യുദ്ധത്തിന്‍റെ കെടുതികള്‍ അത്ര ബാധിച്ചിട്ടില്ലാത്ത പട്ടണമായിരുന്നു അവരുടേത്. മറ്റുള്ള നഗരങ്ങള്‍ തകര്‍ന്നപ്പോള്‍ അവിടെയുള്ളവരെപ്പോലും സ്വീകരിച്ച, വളര്‍ന്നുകൊണ്ടിരുന്ന ഒരിടം. മലഞ്ചെരിവിലൂടെയുള്ള പാതകളും മഞ്ഞുമൂടുന്ന പച്ച പുതച്ച കുന്നുകളുമൊക്കെയുള്ള ഗ്രാമങ്ങള്‍. തോട്ടങ്ങള്‍ക്കരികിലുള്ള വീടും ചെറിയ അരുവിയുമെല്ലാം പലവുരു വീഡിയോയായും ചിത്രങ്ങളായും കണ്ടിരുന്നു. അവിടേക്കാണ് അവധിക്കാലമാഘോഷിക്കാന്‍ അദ്ദേഹം ചെന്നതും.

പക്ഷെ, ഇത്തവണ സാധാരണ അവധിക്കാലം പോലെയായിരുന്നില്ല! വീടിനരികിലുള്ള തോട്ടത്തില്‍ എല്ലാവരും ഒരുമിച്ചിരുന്ന നേരം ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ഇസ്രയേല്‍ മിസൈലുകള്‍ വന്ന് പതിച്ചു. മലഞ്ചെരിവിലെ റോഡുകള്‍ തകര്‍ന്നു; ഓടി രക്ഷപ്പെടുകയല്ലാതെ മാര്‍ഗമില്ലായിരുന്നു. അവരുടെ നഗരവും തകര്‍ന്നു തുടങ്ങി. പിടിച്ചുപറിയും കൈയേറ്റങ്ങളും. ജനങ്ങളുടെ കയ്യിലുള്ള പണവും വാഹനവുമെല്ലാം സൈന്യം പിടിച്ചെടുക്കാന്‍ തുടങ്ങിയത്രെ, വര്‍ധിച്ചു വരുന്ന യുദ്ധച്ചെലവുകള്‍ക്കായാണ് ഈ പിടിച്ചുപറി.

സിറിയ-റഷ്യ-ഇറാനിയന്‍ സൈന്യങ്ങളാണ് ഒരു വശത്ത്. മറുവശത്ത് ഇസ്രയേലും സഖ്യകക്ഷികളും. മിസൈലുകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു, നഗരങ്ങള്‍ മണ്ണടിയുന്നു. വിമാനത്താവളവും പോര്‍ട്ടുമെല്ലാം റഷ്യന്‍ അധീനതയിലാണ്, സിറിയക്കാര്‍ക്ക് വിലയൊന്നുമില്ല. ഭരണാധികാരിയായ ബാഷര്‍ അല്‍ അസദ് പേരിനു മാത്രമാണ്, നിയന്ത്രണമൊന്നുമില്ല. സിറിയ അസ്വസ്ഥമായി നില്‍ക്കുന്നതാണ് പ്രദേശത്തെ ആധിപത്യം നിലനിര്‍ത്താന്‍ നല്ലത് എന്നതിനാല്‍ പ്രാദേശിക വിപ്ലവങ്ങള്‍ക്ക് ആയുധങ്ങളും ഫണ്ടും നല്‍കി, ഇടയ്ക്ക് ആയുധനിര്‍മാണമുണ്ടെന്നാരോപിച്ച് മിസൈലുകള്‍ വര്‍ഷിച്ച് അമേരിക്കന്‍ ഇസ്രയേല്‍ സംഘവും - ഇതിനിടയില്‍ നിലയില്ലാതെ സിറിയന്‍ ജനത. എന്നാണ്, എങ്ങനെയാണ് ഇതിനൊരവസാനമെന്ന് ആര്‍ക്കുമറിയില്ല. നാടിനെ സ്നേഹിക്കുമ്പോഴും ജീവിക്കണമെങ്കില്‍ പലായനം ചെയ്യുകയല്ലാതെ വേറെ മാര്‍ഗമില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യര്‍!

പലായനങ്ങളും നിന്നുതുടങ്ങിയിട്ടുണ്ട്. ഒരുപാട് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടച്ചു. ഒരു പരിധിക്കപ്പുറം സ്വീകരിക്കാനാവില്ല, ഇനിയും വന്നാല്‍ സായുധമായി നേരിടുമെന്ന് യൂറോപ്യന്‍ രാജ്യങ്ങളടക്കം പറഞ്ഞു തുടങ്ങി. ഏത് നിമിഷവും പതിച്ചേക്കാവുന്ന ബോംബുകള്‍ കാത്തു നില്‍ക്കണോ ഏതെങ്കിലും കടലിടുക്കില്‍ ഐലന്‍ കുര്‍ദിമാരാവണോ എന്നാണ് ഓരോ സിറിയക്കാരനും തന്നോട് തന്നെ ചോദിക്കുന്നത്.

'തിരികെ മടങ്ങാന്‍ ഏറെ മോഹമുണ്ട്, പക്ഷേ എവിടേക്കാണ് മടങ്ങുക? എന്തിലേക്കാണ് മടങ്ങുക? - നിസ്സംഗതയോടെ, വേദനയോടെ അയാള്‍ ചോദിക്കുമ്പോള്‍ എന്തു മറുപടി പറയാനാണ്.

പ്രവാസം എല്ലായ്പ്പോഴും അതിജീവനത്തിനുള്ള മാര്‍ഗമോ ഭാഗ്യപരീക്ഷണമോ ഒന്നുമല്ല. പകരം സ്വന്തം മണ്ണില്‍ നിന്ന് ഓടിരക്ഷപ്പെടേണ്ടിവന്നവരുടെ, തിരിച്ചുപോകാന്‍ നാടില്ലാതായിപ്പോയവരുടെ കച്ചിത്തുരുമ്പാണ്. ഭൂമിയുമായി അവരെ ബന്ധിപ്പിച്ച് നിര്‍ത്താനുള്ള ഒരേയൊരു പൊക്കിള്‍ക്കൊടിയാണ്.

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!