ബെംഗളൂരുവിൽ ടാക്സിയിൽ പാസ്‌പോർട്ടും വാലറ്റുമടങ്ങിയ ബാഗ് മറന്നുവെച്ച യാത്രക്കാരനെ കണ്ടെത്താന്‍ മണിക്കൂറുകളോളം തിരച്ചിൽ നടത്തി ഡ്രൈവറായ ഉത്തം. ഒടുവില്‍ ബാഗ് സുരക്ഷിതമായി ഉടമയെ ഏല്പിച്ചു. ഉത്തമിന്റെ സത്യസന്ധതയെ പ്രശംസിച്ച് പങ്കുവെച്ച പോസ്റ്റ് വൈറല്‍.

യാത്രക്കാരൻ ടാക്സിയിൽ മറന്നുവച്ചിട്ടുപോയ പാസ്‌പോർട്ടും പി.ആർ കാർഡും അടങ്ങിയ ബാഗ് തിരികെയേല്പിക്കാൻ മണിക്കൂറുകളോളം കഷ്ടപ്പെട്ട ഉത്തം എന്ന ക്യാബ് ഡ്രൈവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കാനഡയിലെ വാൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലെൻ ഐവൻ എന്ന സ്റ്റാർട്ടപ്പ് സ്ഥാപകനാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും പുലർച്ചെ 2.30 -ഓടെയാണ് യുവാവ് ഉത്തമിന്റെ ടാക്സിയിൽ വീട്ടിലെത്തിയത്. യാത്രാക്ഷീണം കാരണം കാറിൽ നിന്നും ഇറങ്ങുന്നതിനിടയിൽ പാസ്‌പോർട്ടും പി.ആർ കാർഡും വാലറ്റും അടങ്ങിയ സ്ലിംഗ് ബാഗ് സീറ്റിൽ മറന്നുപോയി.

Add Asianetnews as a Preferred SourcegooglePreferred

പിറ്റേന്ന് രാവിലെ 10.30 -ഓടെ അച്ഛൻ ചോദിക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട കാര്യം ഗ്ലെൻ അറിയുന്നത്. അപ്പോഴേക്കും ബാഗ് തിരികെ നൽകാനായി ഉത്തം അന്വേഷണം തുടങ്ങിയിരുന്നു. പാസ്‌പോർട്ടിലെ വിലാസം ഗ്ലെൻ ഇറങ്ങിയ സ്ഥലവുമായി കൃത്യമായി ഒത്തുപോകാത്തതിനാൽ, ഉത്തം ആ പ്രദേശം മുഴുവൻ തിരഞ്ഞു. ഒരു മണിക്കൂറോളം ആ പരിസരത്തെ ഓരോ വീടുകളിലും കയറിയിറങ്ങിയും അയൽവാസികളോട് ചോദിച്ചും ഉത്തം ചെലവഴിച്ചു. ആ സമയത്താണ് ഭാ​ഗ്യത്തിന് തെരുവിലൂടെ നടന്നുപോവുകയായിരുന്ന ഗ്ലെന്നിന്റെ അച്ഛനെ ഉത്തം കണ്ടുമുട്ടിയത്. അങ്ങനെ സുരക്ഷിതമായി ബാഗ് ഉടമയുടെ കൈകളിൽ തിരിച്ചെത്തി.

മാസങ്ങളോളം നീളുന്ന നൂലാമാലകളിൽ നിന്നും തന്നെ രക്ഷിച്ച ഉത്തമിനെ 'ബെംഗളൂരുവിലെ യഥാർത്ഥ ഹീറോ' എന്നാണ് ഗ്ലെൻ വിശേഷിപ്പിച്ചത്. ഉത്തമിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. 'ഉത്തമിന്റെ സത്യസന്ധതയും അർപ്പണബോധവും എന്നെ അത്ഭുതപ്പെടുത്തി. വെറുമൊരു ഡ്രൈവർ എന്നതിലുപരി വലിയ മാനുഷിക മൂല്യമുള്ള വ്യക്തിയാണദ്ദേഹം' ഗ്ലെൻ കുറിച്ചു.

View post on Instagram

പോസ്റ്റ് വൈറലായതോടെ ഉത്തമിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. 'ലോകത്തിന് ഇതുപോലെയുള്ള കൂടുതൽ പേരെ ആവശ്യമുണ്ട്' എന്ന് ഒരാൾ കമന്റ് ചെയ്തു. 'പാസ്‌പോർട്ടും രേഖകളും നഷ്ടപ്പെടുന്നത് എത്ര വലിയ തലവേദനയാണെന്ന് അറിയുന്നവർക്ക് ഉത്തം ചെയ്ത ഈ പ്രവർത്തിയുടെ വില മനസ്സിലാകും. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ' തുടങ്ങിയ കമന്റുകളാണ് മറ്റ് ചിലർ കുറിച്ചത്.