മാതാപിതാക്കള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

Published : Aug 05, 2018, 07:20 PM ISTUpdated : Aug 06, 2018, 12:21 PM IST
മാതാപിതാക്കള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

Synopsis

പ്രസവശേഷമുള്ള 42 ദിവസത്തിനകവും മരിക്കുന്ന സ്ത്രീകളുടെ നിരക്ക് ( Maternal mortality rate)ഒരു ലക്ഷം സജീവ പ്രസവങ്ങളിൽ (live births) 46 ആണ് കേരളത്തിൽ. 

വിവാഹം കഴിഞ്ഞാലുടന്‍ തുടങ്ങും 'വിശേഷമൊന്നും ആയില്ലേ' എന്നു ചോദിക്കാന്‍. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ചികിത്സയും തുടങ്ങും. അത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് ഡോക്ടര്‍ സുനില്‍ പി.കെ പറയുന്നത്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പും ശേഷവും പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുഞ്ഞ് എന്നു വേണമെന്നത് അച്ഛന്‍റെയും അമ്മയുടേയും തീരുമാനമായിരിക്കണം. മാത്രമല്ല കുഞ്ഞുങ്ങള്‍ വളരുന്ന ഓരോ ഘട്ടത്തിലും അനാചാരങ്ങളും മറ്റും അവരുടെ ആരോഗ്യം തകര്‍ക്കാതെ നോക്കണമെന്നും ഡോ. സുനില്‍ ഓര്‍മ്മിപ്പിക്കുന്നു. 'ജീവശാസ്ത്രപരമായി അച്ഛനും അമ്മയും ആകുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു നല്ല രക്ഷിതാവാകാന്‍. നമ്മുടെ പിള്ളേർ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ മുതിർന്നവരുടെ ആദ്യത്തെ ഡയലോഗ് " പറഞ്ഞിട്ടെന്താ, വളർത്തുദോഷം തന്നെ " എന്നായിരിക്കും. അത് കേട്ട് നമുക്കരിശം കയറുമെങ്കിലും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും മാതാപിതാക്കളുടെ പങ്ക് നിസ്തുലമാണ്' എന്നും ഡോക്ടര്‍ സുനില്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: ജീവശാസ്ത്രപരമായി അച്ഛനോ അമ്മയോ ആകുന്നത് താരതമ്യേന എളുപ്പമുള്ള കാര്യമാണ്. (അനപത്യ ദു:ഖം പേറി ഒരു കുഞ്ഞിക്കാൽ കാണാൻ പെടാപ്പാട് പെടുന്ന നിരവധി പേരെ മറന്നു കൊണ്ടല്ല ഈ ലളിതവത്കരണം) എന്നാൽ ഒരു നല്ല Parent ആവുക എന്നത് നല്ല മല്ല് പിടിച്ച പണിയാണ് താനും! നമ്മുടെ പിള്ളേർ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ മുതിർന്നവരുടെ ആദ്യത്തെ ഡയലോഗ് " പറഞ്ഞിട്ടെന്താ ,വളർത്തുദോഷം തന്നെ " എന്നായിരിക്കും. അത് കേട്ട് നമുക്കരിശം കയറുമെങ്കിലും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും മാതാപിതാക്കളുടെ പങ്ക് നിസ്തുലമാണ്.

പാരന്‍റിങ് സംബന്ധിച്ച് നിരവധി പുസ്തകങ്ങളുണ്ട്. കൂട്ടത്തിൽ അനുഭവപരിചയം വിളമ്പി നമ്മെ വഴിതെളിക്കാൻ നിരവധി പ്രായമായവരുമുണ്ടാകും ബന്ധുമിത്രാദികളായി. നല്ലതേത്, ചീത്തയേത് എന്നറിയാതെ നട്ടം തിരിയുന്ന പുതുമാതാപിതാക്കൾ ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലാത്ത മാമൂലുകൾക്ക് വശംവദരാകുന്നതും സമ്മർദത്തിനടിമപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്.

ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾ കുട്ടികളിൽ ഊട്ടിയുറപ്പിക്കേണ്ട മാതാപിതാക്കൾ ക്ലേശിച്ച് പോകുന്നത് സമൂഹത്തിന്‍റെ അളവുകോലുകൾക്കനുസരിച്ച് അവ സമരസപ്പെടുത്തിക്കൊണ്ടു പോകാൻ ശ്രമിക്കുമ്പോഴാണ്.

ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് " ഒരു അച്ഛൻ എങ്ങനെ ആയിരിക്കരുത് എന്ന് ഞാൻ പഠിച്ചത് എന്റെ അച്ഛനിൽ നിന്നാണ് " എന്ന്. സമുദ്രം പോലെയുള്ള പാരന്‍റിംഗ് എന്ന വിഷയം! ഞാൻ നല്ല ഒരു അച്ഛനാണോ എന്ന് എനിക്ക് പോലും തീർച്ചപ്പെടുത്താനാവുന്നില്ല. ഭാവിയിൽ മക്കൾ അവരുടെ അച്ഛനെ എങ്ങനെ രേഖപ്പെടുത്തുന്നു എന്ന് കാത്തിരുന്നു കാണുകയേ വഴിയുള്ളൂ. എന്തായാലും തുടങ്ങാം അല്ലേ. 

എപ്പോൾ വേണം കുഞ്ഞാവ?

ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയിൽ ഏറെ പ്രസക്തമാണിക്കാര്യം. മധുവിധുവിന്‍റെ പുതുമോടി തീരുംമുമ്പേ കേൾക്കാൻ തുടങ്ങും എവിടെത്തിരിഞ്ഞാലും വിശേഷം ഒന്നും ഇല്ലേ എന്ന ചോദ്യം നാനാ ഭാഗത്തു നിന്നും. മറ്റ് കുടുംബാസൂത്രണ മാർഗങ്ങൾ യാതൊന്നും ഉപയോഗിക്കാതെ ഒരു വർഷത്തോളം ഒന്നിച്ച് താമസിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടും കുഞ്ഞുവാവയുണ്ടായില്ലെങ്കിലേ infertility അഥവാ വന്ധ്യത എന്ന ഗണത്തിൽ പെടുത്താൻ കഴിയൂ. ഇന്നത്തെക്കാലത്ത് ഭാര്യാ ഭർത്താക്കന്മാർ പരസ്പരം പരിചയപ്പെട്ട് ,സങ്കോചമകന്ന് ഒന്നിടപെട്ട് വരുമ്പോഴേയ്ക്കും വന്ധ്യതാ ചികിത്സാ നിവാരണ കേന്ദ്രത്തിലെ വരിയിൽ നിൽക്കാൻ തുടങ്ങും!

നിങ്ങളുടെ സാഹചര്യങ്ങൾ വിലയിരുത്തി സുരക്ഷിതമായ സന്താന നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിച്ച് ,ഒരു കുഞ്ഞ് എന്ന് വേണം എന്ന് നിശ്ചയിക്കുക. റിഥം മെത്തേഡ്, ഗർഭനിരോധന ഉറകൾ എന്നിവയോടൊപ്പം തന്നെ ഗർഭനിരോധന ഗുളികകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരം ഗുളികകൾ കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും.

 ഫോളിക് ആസിഡ്

ഒരു കുഞ്ഞാവാം എന്ന് തീരുമാനിച്ച് കഴിഞ്ഞാൽ ഗർഭധാരണത്തിന് മുമ്പ് തന്നെ ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചു തുടങ്ങാം. ജനിക്കുന്ന കുഞ്ഞുങ്ങളിൽ ന്യൂറൽ ട്യൂബ് ഡിഫക്ട്സ് തടയുന്നതിനും , ഗർഭപാത്രത്തിൽ നിന്ന് മറുപിള്ള നേരത്തേ തന്നെ വിട്ടു പോകുന്ന Abruptio Placenta തടയുന്നതിനും, ഗർഭിണികളിലെ വിളർച്ച ( ഫോളിക് ആസിഡ് അപര്യാപ്തത മൂലമുള്ളവ) തടയുന്നതിനും ഇത് സഹായിക്കുന്നു.

ഗർഭിണിയായാൽ

എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവിന് ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. ഏറെ കഷ്ടപ്പാടുള്ള ഒരു കാര്യമാണ് ഗർഭകാലം. ഭാര്യയെ ചേർത്തു പിടിച്ച്, സ്നേഹ സാന്ത്വനമേകി കൂടെ ചരിക്കുക. ഭാര്യയുടെ വയറിൽ മുഖം ചേർത്ത് കിന്നാരം പറയുന്ന ഭർത്താവ് പതിവ് സിനിമാ പൈങ്കിളി ദൃശ്യം ആണെങ്കിലും സംഗതി അനുകരിക്കേണ്ട ഒന്നാണ്. ഗർഭസ്ഥ ശിശുവിന് സംഗീതവും പുറത്തെ ശബ്ദങ്ങളും മനസ്സിലാക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സമ്മർദ്ദങ്ങളില്ലാത്ത സ്നേഹം നിറഞ്ഞ ഒരന്തരീക്ഷം ഗർഭിണിയായ ഭാര്യയ്ക്ക് ഒരുക്കിക്കൊടുക്കാൻ ഭർത്താവ് ഏറെ ശ്രദ്ധ ചെലുത്തണം. ഗർഭിണികളുടെ ചാക്കോളുകൾ (" എനിക്ക് മസാല ദോശ തിന്നാനാണിഷ്ടം" എന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ പാർവതീടെ ഡയലോഗ് ഓർമ്മയില്ലേ? ) നിവർത്തിച്ചു കൊടുക്കലും പ്രസവത്തിന് കൂട്ടിക്കൊണ്ട് പോകലും ഒക്കെ നാട്ടു നടപ്പായി തീർന്നതും ഈ ഗർഭിണിയുടെ മാനസികോല്ലാസത്തിനും സമ്മർദ്ദ ലഘൂകരണത്തിനും വേണ്ടത് തന്നെയാവാം.

 പ്രസവം എവിടെ വച്ച്?

നിങ്ങൾ നല്ലൊരു അച്ഛനോ അമ്മയോ എന്ന് തീരുമാനിക്കുന്ന ഒരു പ്രധാന ഘടകമാണിത്. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രം ഏറെ വളർന്ന്, ഗർഭ കാലത്തും , പ്രസവശേഷമുള്ള 42 ദിവസത്തിനകവും മരിക്കുന്ന സ്ത്രീകളുടെ നിരക്ക് ( Maternal mortality rate)ഒരു ലക്ഷം സജീവ പ്രസവങ്ങളിൽ (live births) 46 ആണ് കേരളത്തിൽ. പ്രാകൃതമായ രീതിയിൽ വീട്ടിൽ പ്രസവം ആസൂത്രണം ചെയ്ത് ദയവു ചെയ്ത് ഈ സംഖ്യ ഉയർത്താതിരിക്കുക.

 വന്നല്ലോ കുഞ്ഞാവ !

കുഞ്ഞാവ ഉണ്ടായാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം മുലപ്പാൽ എത്രയും വേഗം നൽകുക എന്നതാണ്. സാധാരണ പ്രസവമാണെങ്കിൽ ജനിച്ച് അര മണിക്കൂറിനകവും സിസേറിയനാണെങ്കിൽ നാല് മണിക്കൂറിനകവും കുഞ്ഞിന് പാലു കൊടുക്കണം എന്ന നിർദ്ദേശങ്ങളൊക്കെ പഴങ്കഥയായിക്കഴിഞ്ഞു. കുഞ്ഞ് ജനിച്ചാലുടൻ തന്നെ മുലപ്പാൽ കൊടുക്കണം എന്നാണിപ്പോൾ. ഗർഭപാത്രം ചുരുങ്ങുന്നതിനും, മറുപിള്ള വേർപെട്ട് പോരുന്നതിനും പ്രസവാനന്തര രക്തസ്രാവം കുറയ്ക്കുന്നതിനുമെല്ലാം ഇത് സഹായിയ്ക്കും.

മുലപ്പാലിന് മുമ്പ് മറ്റൊന്നും വേണ്ട

നേരത്തേ പറഞ്ഞതുപോലെ ജനിച്ച ഉടനെത്തന്നെ മുലയൂട്ടുന്നത് സാർവത്രികമായി നടപ്പിൽ വന്നിട്ടില്ല. അതുകൊണ്ട് തന്നെ മുലപ്പാൽ കൊടുക്കുന്നതിന് മുമ്പ് മറ്റൊന്നും കുഞ്ഞിന് കൊടുക്കരുത് എന്നത് ഉറപ്പാക്കേണ്ടത് അച്ഛന്‍റെ ചുമതലയാണ്. മതവും സമുദായവും ആചാരവുമായുള്ള അടി കലശൽ തുടങ്ങുന്നു എന്നർത്ഥം. നേരത്തേ തന്നെ ഇതു സംബന്ധിച്ച അറിയിപ്പ് വീട്ടുകാർക്ക് നൽകുന്നത് നന്നായിരിക്കും.

ഓതിയ വെള്ളം, തേനും വയമ്പും, സ്വർണം ഉരച്ച വെള്ളം ഇതൊക്കെ കുഞ്ഞുങ്ങൾക്ക് നൽകപ്പെടുന്ന സംഗതികളാണ്. മുലപ്പാലിനേക്കാൾ യാതൊരു മഹത്വവും ദിവ്യത്വവും ഇവയ്ക്കില്ല എന്നു മാത്രമല്ല ഗുരുതരമായ അണുബാധയ്ക്ക് ഇവ വഴിതെളിക്കുകയും ചെയ്യും.

ഒരിയ്ക്കൽ ഒരു വല്യമ്മാവൻ ഇടതു കയ്യിലെ മോതിരവിരലിലെ സ്വർണമോതിരമൂരി വെള്ളത്തിൽ ഉരയ്ക്കുന്നത് കണ്ട് എന്റെ കണ്ട്രോൾ പോയി. നേരാം വണ്ണം അപ്പിയിട്ട് കഴുകി , കൈ വൃത്തിയായിട്ടില്ലെങ്കിൽ, ആ കുഞ്ഞാവയ്ക്ക് വല്യമ്മാവൻ ആദ്യമായി പകർന്നു നൽകുന്നത് മലത്തിലെ അണുക്കളെയാവും!

ആറു മാസം വരെ മുലപ്പാൽ മാത്രം

കുഞ്ഞിന് ദാഹിയ്ക്കും എന്നു പറഞ്ഞ് തിളപ്പാച്ചാറിയ വെള്ളവും ജ്യൂസും നൽകുന്ന അച്ഛമ്മയും കൂട്ടരുമുണ്ടാവും.എന്നാൽ കുഞ്ഞിന്‍റെ ദാഹവും വിശപ്പും ശമിപ്പിക്കാനും, സമ്പൂർണ വളർച്ചയ്ക്കും ഉതകുന്ന അമൃത് തന്നെയാണ് മുലപ്പാൽ എന്നത് മറന്നു പോവരുത്.

"ഞാൻ പെറ്റു കിടക്കുമ്പോൾ ഗോദാവരി പോലെ ശറേന്ന് പാൽ ഒഴുകുകയായിരുന്നു " എന്ന് ഡയലോഗടിക്കുന്ന അമ്മച്ചിമാർ ആദ്യമായി അമ്മയായതിന്‍റെ അന്ധാളിപ്പിലിരിക്കുന്ന പെൺകുട്ടിയ്ക്ക് ഏൽപ്പിക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല. ദയവ് ചെയ്ത് മുലപ്പാൽ കുറവ് എന്ന് സ്വയം തീരുമാനിച്ച് പൊടിപ്പാൽ തുടങ്ങരുത്. ആവശ്യമെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ഫോർമുല ഫീഡ്സ് തുടങ്ങുക. അത് തുടങ്ങിയാലും മുലക്കുപ്പികൾ ഒഴിവാക്കുക.

 കുഞ്ഞാവകളുടെ വളർച്ചാ വികാസങ്ങൾ കൃത്യമായി വിലയിരുത്തുന്നതിന് ഇമ്മ്യൂണൈസേഷൻ കാർഡിലെ ഗ്രോത്ത് ചാർട്ടുകൾ ഉപയോഗിക്കുക. 

ഒരു വയസ്സ് കഴിഞ്ഞാൽ കുഞ്ഞിന് വീട്ടിലെ മറ്റുള്ളവർക്കായി ഉണ്ടാക്കുന്ന ഭക്ഷണം തന്നെ മതി. എരിവ് മാത്രം കുറച്ച് കൊടുക്കണം. 

നിർബന്ധിച്ചുള്ള ഭക്ഷണം കൊടുക്കൽ ഒഴിവാക്കുക. 

പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം കുഞ്ഞുങ്ങൾക്ക് നൽകുക. 

അവരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് നിങ്ങളല്ലാതെ മറ്റാരാണ്!

PREV
click me!

Recommended Stories

വ്യാജ റാബിസ് വാക്സിൻ വിൽപ്പന; ഇന്ത്യയിലേക്കുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പൊതുജനാരോഗ്യ വകുപ്പ്
'പപ്പാ എനിക്ക് വേദന സഹിക്കാൻ കഴിയുന്നില്ല'; കാനഡയിലെ ആശുപത്രിക്ക് മുന്നിൽ എട്ട് മണിക്കൂർ നീണ്ട കാത്തിരിപ്പ്, ഒടുവിൽ ഇന്ത്യൻ വംശജൻ മരിച്ചു