80 വയസ്സില്‍ 12000 കിലോ മീറ്റര്‍ തനിയെ ഡ്രൈവ് ചെയ്ത് ഒരു മുത്തശ്ശി

By Web TeamFirst Published Aug 5, 2018, 5:53 PM IST
Highlights

കാറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ജൂലിയ യാത്ര തിരിച്ചത്. ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കാനായി വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ ഉയര്‍ത്തേണ്ടിവന്നു. വലിയ ടയറുകള്‍ പിടിപ്പിച്ചു, അകത്തും വ്യത്യാസം വരുത്തി. 

എണ്‍പതാമത്തെ വയസില്‍ ഒരാള്‍ എന്തൊക്കെ ചെയ്യും? വീട്ടിലിരിക്കും, ചിലപ്പോള്‍ വായിക്കും, ചിലപ്പോള്‍ പചകം, ചിലര്‍ പ്രാര്‍ത്ഥന... പക്ഷെ, ജൂലിയ മുത്തശി സൂപ്പറാണ്. അവരെ അതിനൊന്നും കിട്ടില്ല. അവരൊരു യാത്ര നടത്തി, കേപ് ടൗണിലുള്ള ജൂലിയ  ഒന്നും രണ്ടുമല്ല 12,000 കിലോമീറ്ററാണ് യാത്ര ചെയ്തത്. കേപ് ടൗണില്‍ നിന്നും ലണ്ടനിലുള്ള മകളെ കാണാന്‍ പോയതോ സ്വയം ഡ്രൈവ് ചെയ്തും. ഈ റെക്കോര്‍ഡ് കിലോമീറ്റര്‍ കീഴടക്കാന്‍ അവര്‍ തിരഞ്ഞെടുത്ത കാര്‍ ട്രേസി എന്ന 1997 മോഡല്‍ AE96 ടൊയോട്ട കൊറോള ആണ്. 

അതിനെ കുറിച്ച് ജൂലിയ പറയുന്നതിങ്ങനെ, ''എനിക്ക് 80 വയസ്, ഞാന്‍ ഓടിക്കുന്ന ടൊയോട്ടയ്ക്ക് 20 വയസ് - അങ്ങനെ ഞങ്ങള്‍ രണ്ട് പേര്‍ക്കും കൂടി 100 വയസ്''

കാറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ജൂലിയ യാത്ര തിരിച്ചത്. ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കാനായി വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ ഉയര്‍ത്തേണ്ടിവന്നു. വലിയ ടയറുകള്‍ പിടിപ്പിച്ചു, അകത്തും വ്യത്യാസം വരുത്തി. ട്രേസിയുടെ സര്‍വീസ് കഴിഞ്ഞയുടന്‍ തന്നെ ജൂലിയ തന്‍റെ യാത്ര തുടങ്ങി. രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി കടക്കാനുള്ള പേപ്പറുകള്‍ ജൂലിയയുടെ കൈയില്‍ ഇല്ലായിരുന്നതിനാല്‍ കെനിയയില്‍ നിന്ന് എത്യോപ്യയിലേക്ക് പോകുമ്പോള്‍ ഒരു തവണ ജൂലിയക്ക് 10 കിലോമീറ്റര്‍ തിരികെ വണ്ടി ഓടിച്ചുവരേണ്ടി വന്നു. പിന്നെയുമുണ്ടായി വെല്ലുവിളികള്‍,  'ആവശ്യത്തിനുള്ള പണം ഇല്ലായിരുന്നു. എന്റെ ബ്ലോഗിലൂടെ ഞാന്‍ കുറെ നല്ല മനസുള്ളവരെ പരിചയപ്പെട്ടു. അവര്‍ എനിക്ക് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കി'' ജൂലിയ പറയുന്നു. 

സഹാറ മരുഭൂമിയില്‍ ഒരു ഗൈഡിന്റെ പോലും സഹായമില്ലാതെയാണ് ജൂലിയ യാത്ര ചെയ്തത്. 'എന്റെ ഗൈഡിന് പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ എത്യോപ്യ അതിര്‍ത്തിയില്‍ നിന്നും ഖാര്‍ത്തോമിലേക്ക് ഞാന്‍ ഒറ്റക്ക് വണ്ടി ഓടിച്ചു പോയി. ഭാഷ ഒരു പ്രശ്‌നമായിരുന്നു. എങ്കിലും സുഡാന്‍കാര്‍ എനിക്ക് കൃത്യമായി വഴി കാണിച്ചു തന്നു.'- ജൂലിയയ്ക്ക് ആത്മവിശ്വാസം.

വഴിയിലുണ്ടായ ഓരോ അനുഭവത്തേയും ജൂലിയ ആസ്വദിച്ചു, ഓര്‍ത്തുവച്ചു, 'എത്യോപ്യയിലൂടെ പോകുമ്പോഴാണ്. കുറെ സ്ത്രീകള്‍ വഴിലൂടെ നടന്ന് പോകുന്നു. കാര്‍ നിര്‍ത്തി ചാരിറ്റി സ്ഥാപങ്ങളില്‍ നിന്നും ലഭിച്ച ബിസ്‌കറ്റുകളും 2000 പേനകളും ഞാന്‍ അവര്‍ക്ക് നല്‍കി. അവരോടൊപ്പം നിന്ന് കുറച്ച് ചിത്രങ്ങളെടുത്തു. അതില്‍ ഒരു പെണ്‍കുട്ടി എനിക്ക് ഭക്ഷണം നല്‍കി. കഴിച്ചത് എന്താണെന്ന് എനിക്ക് അറിയില്ല, എന്നാലും അവള്‍ കാണിച്ച സ്‌നേഹം എത്ര വലുതായിരുന്നു. എല്ലാം കഴിഞ്ഞ് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിട്ടാണ് പിരിഞ്ഞത്. '- ജൂലിയ പറഞ്ഞു.

12000 കിലോമീറ്റര്‍ ഓടിയിട്ടും ട്രേസിക്ക് കുഴപ്പങ്ങളൊന്നുമുണ്ടായില്ല. 'ട്രേസി വളരെ നല്ലൊരു വണ്ടിയാണ്. ഒരു കുഴപ്പവുമില്ലാതെയാണ് എന്നെ ഇത്രയും ദൂരം എത്തിച്ചത്.'-ജൂലിയയ്ക്ക് ട്രേസിയോട് അത്രയും മതിപ്പുമുണ്ട്.

യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ചില ടിപ്പുകളും പറഞ്ഞുതരും ജൂലിയ മുത്തശ്ശി. 'ഒരു രാജ്യം ചുറ്റിക്കാണണമെങ്കില്‍ പറ്റിയ മാര്‍ഗം ഡ്രൈവിംഗ് ആണ്. വിമാനത്താവളത്തിലൊക്കെ പോയി സമയം കളയരുത്. പിന്നെ, കൂടുതല്‍ ആളുകളെ കാണുക, അവരോടൊപ്പം ഭക്ഷണം കഴിക്കുക. അത് യാത്ര കൂടുതല്‍ മനോഹരമാക്കും. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഡ്രൈവിംഗ് ഒരുപാട് ഇഷ്ടപ്പെടുന്നതും.'

അപ്പോള്‍ പ്രായമൊന്നും തടസമായി കാണേണ്ട, യാത്രയ്ക്കൊരുങ്ങാം. 

click me!