ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

By Faisal Bin AhamadFirst Published Jan 31, 2017, 8:03 AM IST
Highlights

അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് സൈനുദ്ദീനാണ് ഉമ്മു റാഷിദിനെക്കുറിച്ച് ആദ്യം പറഞ്ഞത്. ഉമ്മു റാഷിദിന് ട്രക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചിരിക്കുന്നു. യു.എ.ഇ സ്വദേശിയായ ആദ്യ വനിതാ ട്രക്ക് ഡ്രൈവര്‍ എന്ന ചരിത്ര നേട്ടത്തിലാണ് ഈ 55 കാരി. 

അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് സൈനുദ്ദീനാണ് ഉമ്മു റാഷിദിനെക്കുറിച്ച് ആദ്യം പറഞ്ഞത്. ഉമ്മു റാഷിദിന് ട്രക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചിരിക്കുന്നു. യു.എ.ഇ സ്വദേശിയായ ആദ്യ വനിതാ ട്രക്ക് ഡ്രൈവര്‍ എന്ന ചരിത്ര നേട്ടത്തിലാണ് ഈ 55 കാരി. 

അവരുടെ ഈ നേട്ടം വാര്‍ത്തയാക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം അവരോട് ഫോണ്‍ ചെയ്ത് അറിയിക്കാന്‍ പക്ഷേ പ്രശ്‌നം. ഉമ്മു റാഷിദിന് അറബി മാത്രമേ അറിയൂ. എനിക്കാവട്ടെ അറബി വഴങ്ങില്ല. സൈനുദ്ദീന് അറബി ഷൂയി ഷൂയി*... 

അവസാനം സൈനു തന്നെ ദ്വിഭാഷിയെ കണ്ടെത്തിത്തന്നു. അല്‍ എനില്‍ ഫോട്ടോഗ്രാഫറായ ഇസ്‌കന്തര്‍. പാക്കിസ്ഥാന്‍ സ്വദേശിയായ ഇദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇദ്ദേഹം ഉമ്മുറാഷിദുമായി സംസാരിച്ച് തീയതിയും സമയവും തീരുമാനിച്ചു. 

55 വയസുണ്ടെങ്കിലും സദാ ചുറുചുറുക്ക്. കല്യാണം കഴിഞ്ഞ നാല് മക്കളുണ്ടിവര്‍ക്ക് . വിധവയാണ്

ഇസ്‌കന്തറിനേയും കൂട്ടി അങ്ങനെ ഞാനും ക്യാമറാമാന്‍ ജോബി വാഴപ്പിള്ളിയും ഉമ്മുറാഷിദിന്റെ അടുത്തേക്ക്.അല്‍ ഐന്‍ നഗരത്തിലെ ഡ്രൈവിംഗ് സ്‌കൂളിന് സമീപം തന്റെ ഫോര്‍വീലറുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു അവര്‍. 55 വയസുണ്ടെങ്കിലും സദാ ചുറുചുറുക്ക്. കല്യാണം കഴിഞ്ഞ നാല് മക്കളുണ്ടിവര്‍ക്ക് . വിധവയാണ്. ഞങ്ങളെത്തുമ്പോള്‍ സന്തോഷത്തിലായിരുന്നു അവര്‍. യു.എ.ഇയുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം.

യു.എ.ഇയില്‍ വനിതകള്‍ക്ക് ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുക്കുന്നതിന് അനുവാദമില്ല. അതുകൊണ്ട് തന്നെ തനിക്ക് ഹെവി ലൈസന്‍സ് എടുക്കണമെന്ന ആവശ്യവുമായി ഉമ്മുറാഷിദ് അല്‍ഐനിലെ ഡ്രൈവേഴ്‌സ് ആന്റ് വെഹിക്കിള്‍സ്  ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചപ്പോള്‍ ഈ നിയമ തടസ്സം പറഞ്ഞ് മടക്കി അയച്ചു. 

അവരുടെ രണ്ട് ആണ്‍മക്കളും ലൈസന്‍സ് എടുക്കുന്നതിന് എതിരായിരുന്നു. നമ്മുടെ നാട്ടിലൊക്കെ ചോദിക്കുന്നത് പോലെ തന്നെ 'ഉമ്മയ്ക്ക് ഈ വയസുകാലത്ത് എന്തിന്റെ കേടാണ്' എന്ന് അവര്‍ അറബിയില്‍ ഇവരോട് ചോദിച്ചിരിക്കണം. അവരതിന് എന്ത് മറുപടി പറഞ്ഞു എന്നറിയില്ല. ഏതായാലും ഉമ്മുറാഷിദിന്റെ. രണ്ട് പെണ്‍ മക്കളും ട്രക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള ഇവരുടെ ശ്രമത്തിന് പിന്തുണ പ്രഖ്യാപിച്ചു. പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരും.

 ആറ് ചക്രങ്ങളുള്ള വണ്ടിയെ നിയന്ത്രിക്കുക തനിക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ലെന്ന് ഇവര്‍

ഉമ്മുറാഷിദ് തന്റെ ശ്രമം തുടര്‍ന്നു. യു.എ.ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസിലെത്തി ആവശ്യം ഉന്നയിച്ചു. ഭാഗ്യമെന്ന് പറയാം അന്നുതന്നെ ഇവര്‍ക്ക്  ആഭ്യന്തര മന്ത്രി പ്രത്യേക അനുമതി നല്‍കി. 

അങ്ങിനെ പഠനത്തിലേക്ക്. പാക്കിസ്ഥാന്‍ സ്വദേശിയായ നജീബുറഹ്മാന്റെ കീഴിലാണ് ട്രക്ക് ഡ്രൈവിംഗ് അഭ്യസിച്ചത്. 20 ദിവസത്തെ പരിശീലനത്തിന് ശേഷം ആദ്യ ടെസ്റ്റില്‍ തന്നെ വിജയിച്ചു. ആറ് ചക്രങ്ങളുള്ള വണ്ടിയെ നിയന്ത്രിക്കുക തനിക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ലെന്ന് ഇവര്‍. ഉയര്‍ന്ന സീറ്റുമായും ഗിയറുമായും പരിചയിക്കുന്നതില്‍ മാത്രമായിരുന്നു കുറച്ചെങ്കിലും പ്രശ്‌നം. വലിയ ഭാരമുള്ളതും നീളമേറിയതുമായ ട്രക്കായത് കൊണ്ട് തന്നെ പാര്‍ക്ക്  ചെയ്യുമ്പോഴും റിവേഴ്‌സ് എടുക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് മാത്രം. പുഞ്ചിരിയോടെ ഇവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അറബിയിലാണ് സംസാരമെങ്കിലും ഒന്നുപോലും വിടാതെ പകര്‍ത്തു കയാണ് ക്യാമറാമാന്‍ ജോബി.

അവരുടെ ഡ്രൈവിംഗ് നല്ലതാണ്. അതുകൊണ്ട് തന്നെ ഒരു കുഴപ്പവുമുണ്ടാകില്ല -ഇടയ്ക്ക് നജീബുറഹ്മാന്റെ സര്‍ട്ടിഫിക്കറ്റ്. 

മക്കളെല്ലാം വിവാഹം കഴിഞ്ഞ് വേറെ പോയതോടെ ഈ വിധവ ഒറ്റയ്ക്കാണ് താമസം. അല്‍ഐനിലെ തന്റൈ കൃഷിയിടവും നോക്കിനടത്തി ജീവിക്കുന്നു. വീട്ടിലേക്ക് വരൂ എന്ന് സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു, ഉമ്മു റാഷിദ്. 

അങ്ങിനെ അല്‍ഐന്‍ നഗരത്തില്‍ നിന്നും 65 കിലോമീറ്ററോളം അകലെയുള്ള അല്‍ നഹല്‍ എന്ന പ്രദേശത്തെ ഇവരുടെ താമസ സ്ഥലത്തേക്ക്. തന്നെ പിന്തുടര്‍ന്നാല്‍ മതിയെന്ന് പറഞ്ഞ് ഫോര്‍വീലറില്‍ കയറി വാഹനം പറത്തി ഉമ്മുറാഷിദ്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തിലാണ് അവര്‍ വാഹനമോടിക്കുന്നത്. ആ വാഹനത്തെ പിന്തുടരാന്‍ ഞങ്ങളുടെ ചെറിയ കാര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. 

മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തിലാണ് അവര്‍ വാഹനമോടിക്കുന്നത്.

ഉമ്മുറാഷിദിന് നേരത്തെ തന്നെ കാറും പിക്കപ്പും ഓടിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ട്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇവര്‍ പിക്കപ്പ് ഓടിക്കുന്നു. ഡ്രൈവിംഗ് ഇവര്‍ക്കൊരു ഹരമാണ്. അതിനുമപ്പുറം ജീവിതത്തിന്റെ് ഭാഗവും. അല്‍ ഐനിലെ തന്റെ കൃഷിയിടത്തില്‍ നിന്ന് പച്ചക്കറികളും പുല്ലും മാര്‍ക്കറ്റുകളില്‍ എത്തിച്ച് വിറ്റാണ് ഇവര്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. തന്റെ ചെറിയ ലോറിയിലാണ് ഉമ്മുറാഷിദ് കൃഷിയിടത്തില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. 110 കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റില്‍ വരെ ഇവര്‍ ഒറ്റയ്ക്ക് വണ്ടിയോടിച്ച് പച്ചക്കറികള്‍ എത്തിക്കുന്നു. 

അല്‍ നഹലിലെ ഉമ്മുറാഷിദിന്റെ കൃഷിസ്ഥലം വിശാലമാണ്. അഞ്ഞൂറോളം ഈന്തപ്പനകള്‍. പിന്നെ ധാരാളം പച്ചക്കറികളും. തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, മുളക്, നാരകം, ഉള്ളി, വെണ്ട.. ഇങ്ങനെ പോകുന്നു പച്ചക്കറികൃഷി. തീറ്റപ്പുല്ലും വില്‍പ്പനയ്ക്കായി കൃഷി ചെയ്തിട്ടുണ്ട്. പണിക്കാരുണ്ട്. എങ്കിലും എല്ലാം നോക്കി നടത്തുന്നത് ഉമ്മു റാഷിദ് തന്നെ. 

താലത്തില്‍ മഞ്ഞച്ചോറിന് നടുവില്‍ ചെറിയൊരു ആടിനെ മുഴുവനോടെ പുഴുങ്ങി വച്ചിരിക്കുന്നു. മജ്ബൂസാണ്.

കൃഷിസ്ഥലം കണ്ട് നടക്കുമ്പോള്‍ അവര്‍ വിളിക്കുന്നു. ഉച്ചഭക്ഷണത്തിന് സമയമായി, ഇനി ഭക്ഷണം കഴിച്ചിട്ടാവാം, ബാക്കി കാണുന്നത്.ഭക്ഷണ ഹാളില്‍ ഞങ്ങളെ കൊണ്ടിരുത്തിയപ്പോള്‍ ഞെട്ടി. താലത്തില്‍ മഞ്ഞച്ചോറിന് നടുവില്‍ ചെറിയൊരു ആടിനെ മുഴുവനോടെ പുഴുങ്ങി വച്ചിരിക്കുന്നു. മജ്ബൂസാണ്. ചോറിന് നടുവില്‍ 'വിശ്രമിക്കുന്ന' പുഴുങ്ങിയ ആടിനെ കണ്ടതേ കഴിക്കാനുള്ള എല്ലാ ആവേശവും പോയി. ഒന്നാമത് ആട്ടിറച്ചി അത്ര പഥ്യമല്ല. രണ്ടാമത് പല്ലുകാട്ടി നില്‍ക്കുന്ന ആ ആട്ടിന്‍ തല.'.. എന്റെ മുഖഭാവം കണ്ട ഇസ്‌ക്കന്തറിന് ചിരി. ഞാനും ജോബിയും 'പെട്ടല്ലോ പടച്ചോനേ' എന്ന് മനസില്‍ പറഞ്ഞ് പരസ്പരം നോക്കി. ഇനി എന്ത് ചെയ്യും?

ഞങ്ങള്‍ക്കായി ഉമ്മു റാഷിദ് പ്രത്യേകം തയ്യാറാക്കിയതാണ് ഈ മജ്ബൂസ്. ഉമ്മു റാഷിദിന്റെ മാതൃതുല്യമായ സ്‌നേഹത്തിലും നിര്‍ബന്ധത്തിലും വഴങ്ങി അവസാനം മജ്ബൂസ് കഴിക്കാതിരിക്കാനായില്ല. ചിലപ്പോള്‍ അങ്ങിനെയാണ്. എത്ര ഇഷ്ടമില്ലാത്ത ഭക്ഷണവും സ്‌നേഹമസൃണമായ നിര്‍ബന്ധത്തില്‍ അറിയാതെ കഴിച്ചു പോകും.

ആടുകള്‍ മനുഷ്യരെപ്പോലെ രണ്ട് കാലില്‍ നിന്ന് ഉമ്മ കൊടുക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെ.

വിശ്രമത്തിന് ശേഷം പോയത് ഉമ്മു റാഷിദിന്റെ ആട്ടിന്‍ പറ്റത്തെ കാണാന്‍. കൃഷി മാത്രമല്ല, കോഴിയും ആടുമെല്ലാം വളര്‍ത്തുന്നുണ്ട് ഇവര്‍. വ്യത്യസ്തമായ കാഴ്ചയായിരുന്നു അവിടെ. ഉമ്മുറാഷിദ് എത്തിയതോടെ ആടുകള്‍ രണ്ട് കാലില്‍ നിന്ന് അവര്‍ക്ക്  ഉമ്മ കൊടുക്കുന്നു! ആടുകളെ തലോടിയും ഉമ്മ കൊടുത്തും ആട്ടിന്‍പറ്റങ്ങള്‍ക്കിടയിലൂടെ അവര്‍. ഇങ്ങനെ ആടുകളെ പച്ചപ്പുല്ല് തീറ്റിച്ചും തലോടിയും ഉമ്മ കൊടുത്തും അരമണിക്കൂറോളം അവരവിടെ ചെലവഴിച്ചു. ആടുകള്‍ മനുഷ്യരെപ്പോലെ രണ്ട് കാലില്‍ നിന്ന് ഉമ്മ കൊടുക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെ. ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത മനോഹര രംഗങ്ങള്‍ക്കാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. 

ചിത്രീകരണം: വി.പി ഇസ്ഹാഖ്

'ഇതെങ്ങനെ സംഭവിക്കുന്നു? 

'നിങ്ങള്‍ സ്‌നേഹം നല്‍കിയാല്‍ ഈ മിണ്ടാപ്രാണികള്‍ എത്രയോ അളവ് തിരിച്ച് നല്‍കും-ഉമ്മു റാഷിദിന്റെ മറുപടി. 

'മൃഗങ്ങളെ വളര്‍ത്തുകയും കൃഷിയില്‍ സജീവമാവുകയും ചെയ്യൂ' എന്ന യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഉപദേശം ശിരസ്സാ വഹിക്കുകയാണ് ഇവര്‍.ശൈഖ് സായിദ് ദാനം നല്‍കിയതാണ് ഈ കൃഷിസ്ഥലം. 

ഗവണ്‍മെന്റില്‍നിന്ന് മാസം തോറും ലഭിക്കുന്ന കാശ് കൊണ്ട് ഇവര്‍ക്ക്  സുഖമായി ജീവിക്കാവുന്നതേ ഉള്ളൂ. എന്നാല്‍ അങ്ങനെ വെറുതെ ഇരിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് തന്നെയാണ് കൃഷിയിലും മറ്റും സജീവമായത്. 

കിലോമീറ്ററുകള്‍ അകലെയുള്ള മാര്‍ക്കറ്റിലേക്ക് ഇതുവരെ, ദിവസവും രണ്ടും മൂന്നും തവണ ചെറിയ ലോറിയും ഓടിച്ച് പോകേണ്ടിയിരുന്നു ഇവര്‍ക്ക് ഇപ്പോള്‍ ട്രക്ക് ലൈസന്‍സ് കിട്ടിയതോടെ ജീവിതം കൂടുതല്‍ സുഗമമാകും. വലിയ ട്രക്ക് ആകുമ്പോള്‍ ഒറ്റ ട്രിപ്പ് പോയാല്‍ മതിയല്ലോ.

ഇവരുടെ ആഗ്രഹങ്ങള്‍ അവസാനിക്കുന്നില്ല. ഇനി ബസ് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കണമെന്നാണ് ഉമ്മുറാഷിദ് പറയുന്നത്. 

സമയം കിട്ടുമ്പോള്‍ ഇനിയും എന്റെ അതിഥിയാകണം- യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉമ്മുറാഷിദ് ക്ഷണിച്ചു. 'തീര്‍ച്ചയായും' എന്ന എന്റെ മറുപടി കേട്ട ഇസ്‌കന്തറിന് ചിരി. ഉച്ചഭക്ഷണത്തിലെ ആട്ടിന്‍ തലയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം അവര്‍ കാണാതെ എന്നെ പല്ലിളിച്ചു കാട്ടി. 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍:

ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

click me!