ഈശ്വരന്‍ മാഷ്

By ഐ കെ ടി.ഇസ്മായില്‍ തൂണേരിFirst Published Oct 31, 2017, 4:52 PM IST
Highlights

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലം അശാന്തിയുടെ കാര്‍മേഘങ്ങള്‍ തൂങ്ങിനിന്ന 1980കളിലെ സ്‌കൂള്‍ കാലം. വിദ്വേഷം നിറയാത്ത കാലത്തിന്റെ ഹൃദയഗീതങ്ങള്‍ നെഞ്ചിലെറ്റിയ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ അപ്പോഴുമുണ്ടായിരുന്നു. അവര്‍ക്ക് മൂല്യവത്തായ ദിശാബോധം നല്‍കാന്‍ പ്രാപ്തിയുള്ള ഏതാനും അദ്ധ്യാപകരും. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേരാണ് ഇരിങ്ങണ്ണൂര്‍ ഹൈസ്‌കൂളിലെ ഹിന്ദി അദ്ധ്യാപകന്‍ ഈശ്വരന്‍ മാഷ് എന്ന ഈശ്വരന്‍ നമ്പൂതിരിയുടെത്. വെളുത്ത് തടിച്ച ശരീരം, അമ്പതിലേറെ പ്രായം, മീശയടക്കം ഷേവ് ചെയ്ത വലിയ മുഖത്ത് ഗൗരവഭാവം, ഒറ്റച്ചുറ മുണ്ടും മുറിക്കൈയന്‍ ഷര്‍ട്ടും,അതിനുള്ളിലൂടെ തെളിഞ്ഞു കാണുന്ന പൂണൂല്‍. ഇത്രയുമാണ് ഒറ്റനോട്ടത്തിലുള്ള ഈശ്വരന്‍ മാഷ്.

മുടവന്തേരി പെരിയണ്ടി എല്‍.പി.സ്‌കൂളിലയും,തൂണേരി ഈശ്വരവിലാസം യു.പി.സ്‌കൂളിലെയും പഠനശേഷം ഇരിങ്ങണ്ണൂര്‍ ഹൈസ്‌കൂളിലെത്തുന്നതിന് മുമ്പുതന്നെ ഈശ്വരന്‍ മാഷിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാതുകളിലും എത്തിയിരുന്നു. അദ്ദേഹത്തിന്റെ സവിശേഷ ശിക്ഷാരീതിയായ നുള്ളല്‍ കുപ്രസിദ്ധമായിരുന്നു. 

അതുകൊണ്ട് തന്നെയാവണം അദ്ദേഹവുമായി അടുക്കാന്‍ മടിച്ചു നിന്നതും. വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥയായ 'കണ്ണീരും, കിനാവും' എന്റെ കൈയില്‍ കാണാനിടയായതോടെയാണ് ഞങ്ങള്‍ തമ്മിലുള്ള 'സമദൂര'ത്തിന് അറുതിയായത്. നല്ലൊരു വായനാപ്രിയനായ അദ്ദേഹത്തിന് എന്നോട് അല്പം മതിപ്പ് തോന്നിയിരിക്കണം. സ്വന്തം സമുദായത്തിലെ നവോത്ഥാനചിന്തകളോടപ്പം നില്ക്കുമ്പോഴും മൂല്യവത്തായ പാരമ്പര്യങ്ങളെ കൈവിടാനും അദ്ദേഹം തയ്യാറായിരുന്നില്ല. ഈ നീക്കുപോക്കുകള്‍ക്കിടയിലും 'നുള്ളല്‍ കഷായ'ത്തിന്റെ കയ്പ്പ് മുറപോലെ അനുഭവിച്ചുപോന്നു.രാഷ്ട്രാഷയോടുള്ള എന്റെ മടുപ്പും ചെറുകുസൃതികളും അതിന് മതിയായ കാരണങ്ങളായിരുന്നു.

മിക്കവാറും പതിനൊന്നിനായിരിക്കും പതിവായി ഹിന്ദി ക്ലാസ്. ക്ലാസ്മുറിയുടെ പിന്നിലാണ് സ്‌കൂള്‍ കാന്റീന്‍. ഉച്ചഭക്ഷണം തയ്യാറാക്കുന്ന സമയമാണ്. വറുക്കുന്ന മത്സ്യത്തിന്റെ മണം ക്ലാസ്സിലാകെ പരക്കും. പൂര്‍ണ്ണമായും സസ്യാഹാരിയായ സാറിനെ ഇത് തെല്ലൊന്നുമല്ല അലോസരപ്പെടുതിയിരുന്നത്. മീന്‍ കൊതിയന്മാരായ ഞങ്ങളാകട്ടെ അത് നന്നായി ആസ്വദിക്കുകയും ചെയ്യും.

മാഷ് എന്നെ അരികില്‍ വിളിച്ചു ഒരക്ഷരം പറയാതെ എന്നെ തലോടുക മാത്രം ചെയ്തു.

ഈശ്വരന്‍ മാഷിന് ചില രസകരമായ ചിട്ടകളുണ്ട്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ നിശ്ചിതമായ ചെറിയൊരു തുക വേറെ തന്നെ കരുതും. അത് ആദ്യം കണ്ടുമുട്ടുന്ന ഭിക്ഷക്കാരനുള്ളതാണ്. അതോടെ അന്നത്തെ ദാനധര്‍മ്മാദികള്‍ക്ക് വിരാമം. പിന്നെ ചോദിക്കുന്നവര്‍ക്ക് പിറ്റേന്നത്തെ ക്വാട്ട മാത്രം. ഉപനിഷത്തുകളിലും,വേദങ്ങളിലും  അവഗാഹമുള്ള മാഷ് ഒരിക്കല്‍ ശബരിമല മേല്‍ശാന്തിക്കായി മത്സരിച്ചു എന്ന് കേട്ടിരുന്നു. ഭാരതം മുഴുവന്‍ സഞ്ചരിച്ച അദ്ദേഹം യാത്രകളിലെ അനുഭവസാക്ഷ്യങ്ങള്‍ ലളിതമായി ഞങ്ങള്‍ക്ക് പകര്‍ന്നു തരുമായിരുന്നു. ആലങ്കാരികവും, ശൈലീപരവുമായ അദ്ദേഹത്തിന്റെ ഭാഷാപ്രയോഗങ്ങള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹം മലയാള അധ്യാപകനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്. മികച്ചൊരു ഫലിത പ്രിയന്‍ കൂടിയാണ് മാഷ്.

1984 ഒകേ്‌ടോബര്‍ 31.

പ്രാധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ കറുത്ത നാള്‍. പതിനൊന്നരയ്ക്കുള്ള ഇടവേള കഴിഞ്ഞ് ഞാനെത്തിയത് അല്പം വൈകി ക്ലാസ് തുടങ്ങിക്കഴിഞ്ഞാണ്. സ്‌കൂള്‍ പരിസരത്തെ ചായക്കടയിലെ റേഡിയോ വഴി ആ ദു:ഖവൃത്താന്തത്തിന്റെ സൂചനകള്‍ എനിക്ക് ലഭിച്ചിരുന്നു.വൈകിയെത്തിയ കാരണത്താല്‍ മാഷില്‍ നിന്ന് കണക്കിന് കിട്ടി.പതിവിന് വിപരീതമായി വടിപ്രയോഗമായിരുന്നു.പ്രഹരങ്ങള്‍ക്കൊടുവില്‍ ഞാന്‍ കേട്ട ദു:3 വാര്‍ത്ത സാറോട് പറഞ്ഞു. നിജസ്ഥിതി അറിയാതെ 'അതുമിതും' പറഞ്ഞതിന് രണ്ട് കൂടുതല്‍ കിട്ടിയത് മിച്ചം. ഒരു മണിക്കൂറിനകം ഔദ്യോഗിക അറിയിപ്പ് വന്നു. പ്രത്യേക അസംബ്ലി വിളിച്ച് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. രണ്ടുമൂന്നു ദിവസത്തെ അവധി കഴിഞ്ഞ് സ്‌കൂള്‍ വീണ്ടും തുറന്ന ദിവസം സ്റ്റാഫ് മുറിയിലേക്ക് വിളിപ്പിക്കപ്പെട്ടു. മാഷ് എന്നെ അരികില്‍ വിളിച്ചു ഒരക്ഷരം പറയാതെ എന്നെ തലോടുക മാത്രം ചെയ്തു. ആ തലോടല്‍ ഏറെ വാചാലമായിരുന്നു.

സ്‌കൂള്‍ വിട്ടു കോളേജിലേക്കും, ജീവിതമാര്‍ഗ്ഗം തേടി മണലാരണ്യത്തിലേക്കും പറിച്ചു നടപ്പെട്ടതില്‍ പിന്നെ മാഷിനെ ഒരിക്കലും കാണാനായില്ല. കൂടപ്പിറപ്പായ അലസത അതിന് വിഘാതമായി എന്ന് പറയുകയാവും ശരി. ഒടുവില്‍ ഗള്‍ഫില്‍ കിട്ടിയ പത്രത്തിന്റെ ചരമക്കോളത്തില്‍ നിന്നും ആ വിയോഗം ഞാനറിഞ്ഞു. ആ മനീഷിയുടെ സ്‌നേഹസാന്ദ്രമായ  ശബ്ദം കാതുകളില്‍ ഒരിക്കല്‍ക്കൂടി മുഴങ്ങി.ഗുരുശിഷ്യ ബന്ധത്തിന്റെ വൈകാരികതയും കാല്‍പനികതയും കൂട്ടിയിണക്കിയ ആ നല്ല അധ്യാപകന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രാര്‍ത്ഥനകള്‍.

താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'
 

click me!