ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

By ആന്‍സി ജോണ്‍First Published Oct 31, 2017, 4:41 PM IST
Highlights

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 


കാലങ്ങളായുള്ള ഹോസ്റ്റല്‍ വാസം പകര്‍ന്നു തന്ന ഒരുകാര്യം തിരിച്ചുകടിക്കാത്ത എന്തിനേം തിന്നാനുള്ള മനസ്സാണ്. പാമ്പിനെ തിന്നണ നാട്ടില്‍പ്പോയാല്‍ നടുമുറി തന്നെ തിന്നണം എന്നൊക്കെ പറഞ്ഞത് ഞങ്ങളെപ്പോലുള്ള ഹോസ്റ്റല്‍ പിള്ളേര്‍ക്ക് വേണ്ടിയാവാം.

എല്ലാര്‍ക്കും അറിയാവുന്നപോലെ, അന്തകാലത്ത് പെമ്പിള്ളാരുടെ ഹോസ്റ്റലിലെ ഫുഡ് ഒക്കെ റൊമ്പ പ്രമാദം. എന്നും എല്ലാനേരവും 'സെവന്‍ കോഴ്‌സ്' ആണ്. വലിയ അലങ്കോലമില്ലാത്ത ഭാഷയില്‍ പറഞ്ഞാല്‍ ഏഴാം ദിവസത്തിലെ ഫുഡിലും ഒന്നാംദിവസത്തെ ബാക്കിയങ്ങനെ ഒളിച്ചുകിടക്കും, അത്ര തന്നെ. 

മണവും നിറവുമൊക്കെ മാറിയാലും വിളമ്പുന്നവര്‍ക്കതൊന്നും ബാധകമല്ല. മുഖഭാവം കണ്ടാല്‍ എന്തോ പുതുപുത്തന്‍ വിഭവം ആദ്യമായി പരീക്ഷിക്കണ മട്ടാവും.
ആദ്യമായി ഹോസ്റ്റലില്‍ വച്ച് കപ്പപ്പുഴുക്ക് കിട്ടിയപ്പോള്‍ വലിയ സന്തോഷം. ഈ എലി പുന്നെല്ലു കണ്ടപോലെ എന്നൊക്കെ പറയാം. കടുകൊക്കെ പൊട്ടിച്ച്, ഹോ നല്ല സ്വയമ്പന്‍ കപ്പപ്പുഴുക്ക്! 

എന്നിട്ടും എന്താണെന്നറിയില്ല, എന്റെ സന്തോഷം മറ്റുള്ളവരുടെ മുഖത്തൊന്നുമില്ല! എല്ലാരും മുഖമൊക്കെ വീര്‍പ്പിച്ചിരിക്കുന്നു. 

'ഒന്നുകൂടി കണ്ണുതുറന്ന് നോക്കെടാ' എന്നുള്ള പറച്ചില്‍ കേട്ടാണ് കപ്പപ്പുഴുക്കില്‍ കയ്യിട്ടത്. ആഞ്ഞൊരു നോട്ടം തന്നെ കൊടുത്തു. ഇത്തിരി സംശയം തോന്നി ഒരു കടുകെടുത്തു നോക്കിയ നമ്മടെ മുഖവും വീര്‍ത്തുതുടങ്ങി. കണ്ണൊക്കെ തള്ളിവരണുണ്ട്. എണീറ്റ് നിന്ന് ഒപ്പീസു പാടാനാണ് ആദ്യം തോന്നിയത്. എണ്ണിയാലൊടുങ്ങാത്ത കുത്തന്‍ചേട്ടന്മാരല്ലേ വീരമൃത്യു പ്രാപിച്ചങ്ങനെ നിരനിരയായി...

എന്നിട്ടും എന്താണെന്നറിയില്ല, എന്റെ സന്തോഷം മറ്റുള്ളവരുടെ മുഖത്തൊന്നുമില്ല!

ഈ വിശപ്പ് എന്നൊരു 'മാരണം' ഇല്ലാരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയ ദിവസങ്ങളായിരുന്നു അത്. മാസങ്ങള്‍, വര്‍ഷങ്ങള്‍. എണ്ണാന്‍ കൈവിരലുകളും കാല്‍വിരലുകളുമൊന്നും പോരാ.

ഒരു പരിധിവരെ ഇതിനെ മറികടക്കുന്നത് ഓരോരുത്തരും വീട്ടില്‍പ്പോയിവരുമ്പോള്‍ കെട്ടിപ്പൊതിഞ്ഞുകൊണ്ടുവരുന്ന അവലോസുപൊടിയും അവല്‍ വിളയിച്ചതും ചമ്മന്തിപ്പൊടിയും അച്ചാറുകളും ഉണ്ണിയപ്പവുമൊക്കെയാണ്. ആക്രാന്തത്തോടെ കാത്തിരിക്കുന്ന കൂട്ടുകാരുടെ മുന്നിലേക്ക് പൊതിയൊക്കെ മുഴുവനായി കാണിച്ചാല്‍, ടാ പിടീന്ന് സംഭവം സ്വാഹ. അപ്പോപ്പിന്നെ ഇത്തിരിയൊക്കെ ഒളിപ്പിച്ചുവച്ചാകും പങ്കുവെക്കല്‍. നമ്മടെ റൂമില്‍ വച്ചാല്‍ 'തൊണ്ടിമുതലായി' പിടിച്ചെടുക്കുമെന്നതിനാല്‍ മിക്കവാറും അടുത്ത റൂമാവും നമ്മടെ പത്തായപ്പുര.

ഗുഡ് ഷെപ്പേര്‍ഡ് ഹോസ്റ്റലിലെ എന്റെ പത്തായപ്പുര നാഗാലാന്റില്‍നിന്നുള്ള ഇമോ, സോനന്‍ എന്നീ രണ്ടു സുന്ദരിക്കുട്ടികളുടെ റൂമിലായിരുന്നു. സുന്ദരികള്‍ എന്നതിലേറെ വിശ്വസ്തര്‍! എടുത്തുകൊള്ളാന്‍ പറഞ്ഞാലും ഉടമസ്ഥര്‍ കൂടെയുണ്ടെങ്കിലേ അവരെടുക്കൂ. രണ്ടാള്‍ക്കും നമ്മടെ അവലോസുപൊടി വീക് നെസ് . അവര്‍ക്കായി പ്രത്യേകം പൊതിഞ്ഞെടുക്കാന്‍ മറക്കാറില്ല. നന്ദിയായി മിക്കപ്പോഴും ഹോട്ടല്‍ പാര്‍സലുകള്‍ നമ്മടെ മുന്നില്‍ പ്രത്യക്ഷപ്പെടും.

പിള്ളേര് രണ്ടും പ്ലസ് ടുവിനാണ് പഠിക്കുന്നത്. സ്വര്‍ണക്കരണ്ടിയും വെള്ളിക്കരണ്ടിയുമൊക്കെയായി ജനിച്ചതുകൊണ്ട് ഫുഡ് നല്ലവണ്ണം ആസ്വദിച്ചുകഴിക്കണ പിള്ളേര്‍ക്കാണേല്‍ ചില ദിവസങ്ങളിലെ ഹോസ്റ്റല്‍ ഫുഡ് വായിലോട്ടു ഇടാന്‍ പറ്റില്ല. നേരെ ഹോട്ടലിലേക്കാവും പോവുക. തിരികെ വരുമ്പോള്‍ ചെറിയൊരു പൊതി എനിക്കായുമുണ്ടാകും. മിക്കവാറും ചൈനീസ് ഫുഡ്,  നൂഡില്‍സ് അല്ലെങ്കില്‍ ചിക്കന്‍ഫ്രൈഡ് റൈസ്. ചൈനീസ് പോയിട്ട് മസാല ദോശവാങ്ങാന്‍ നമ്മടെ പോക്കറ്റ് സമ്മതിക്കാത്ത ആ കാലത്ത് അതൊക്കെ വലിയൊരു സംഭവം തന്നെ.

അവരുടെ തനതായ ഫുഡുകളെക്കുറിച്ചൊക്കെ പറഞ്ഞറിയാം. ബാംപൂ ഷൂട്ടും പോര്‍ക്കിറച്ചിയും ചേര്‍ന്ന കറി കൂട്ടി ഒരു മുട്ടന്‍ പ്‌ളേറ്റ് ചോറ് കഴിക്കണ കാര്യം പറയുന്നതില്‍ രണ്ടാള്‍ക്കും നൂറുനാവാണ്.

ചില റെസിപി കേള്‍ക്കുമ്പോള്‍ ഇത്തിരി ഓക്കാനമൊക്കെ വരും. എന്നാലും പുറമേ കാണിക്കാതെ വളരെ ശ്രദ്ധയോടെ കേട്ടിരിക്കും. വലിയ ചാണകപ്പുഴുക്കളെ ഫ്രൈ ചെയ്ത ചോറില്‍ ചേര്‍ത്ത് അതുപോലെ കുറെ വെജിറ്റബിള്‍സ് പുഴുങ്ങി അതില്‍ പട്ടിയിറച്ചി അല്ലെങ്കില്‍ പുഴുങ്ങിയ മീനൊക്കെ ഇട്ടത്. പുല്‍ച്ചാടികളെയും പാറ്റകളെയുമൊക്കെ കരുകരുപ്പായി വറുത്തത്! അങ്ങനങ്ങനെ... ഒരിക്കല്‍ അവരുടെ നാട്ടില്‍ ചെന്ന് രുചികരമായ ഇത്തരം ഫുഡൊക്കെ കഴിക്കണമെന്ന് സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കും.

ഫസ്റ്റ് ഇയര്‍ എക്‌സാം കഴിഞ്ഞു അവധിക്കു പോകുമ്പോള്‍ ഒരു സര്‍പ്രൈസുമായിട്ടാവും തിരികെ വരിക എന്നാണവര്‍ പറഞ്ഞത്.

മണിപ്പൂരിലുള്ള അമ്മാവന്റെ വീട്ടില്‍ നിന്നും എനിക്കായി ഒരു സ്‌പെഷ്യല്‍ പാര്‍സലുമായിട്ടാണ് സോനന്‍ പ്രത്യക്ഷപ്പെട്ടത്.

പത്തുമുപ്പത്തഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഓഫീസ് വിട്ടു ഒരുപാട് വൈകി മടുത്തുവന്ന എന്നെയുംകാത്ത് ഒരു ഡബ്ബ പുല്‍ച്ചാടി ഫ്രൈയും പോര്‍ക്കില്‍ ബാംപൂ ഷൂട്ടും വൈനും പലപല സോസുകളും ചേര്‍ത്ത ഒരു മിക്‌സ് കറിയും കയ്യിലേന്തി നിറചിരിയുമായി ഇമോ!

ആദ്യം ഒരിത്തിരി മടിയൊക്കെ തോന്നിയെങ്കിലും രണ്ടും കല്‍പ്പിച്ചൊരു പിടിപിടിപ്പിച്ചു. സത്യം പറയാലോ ചോറിനൊപ്പം സംഗതി രണ്ടും സൂപ്പര്‍! കൂടെ നിറയെ കാന്താരിപോലുള്ള പച്ചമുളകിട്ട ബാംപൂ ഷൂട്ടുകൊണ്ടുള്ള അച്ചാറുമുണ്ട്. കൊള്ളാം, അടിപൊളി എന്നൊക്കെ എങ്ങനെ പറയാതിരിക്കും? ഒരു നുള്ളേ നാവില്‍ വച്ചുള്ളൂ, അണ്ഡകടാഹം വരെ പുകഞെരിഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് മണിപ്പൂരിലുള്ള അമ്മാവന്റെ വീട്ടില്‍ നിന്നും എനിക്കായി ഒരു സ്‌പെഷ്യല്‍ പാര്‍സലുമായിട്ടാണ് സോനന്‍ പ്രത്യക്ഷപ്പെട്ടത്. ഡിന്നര്‍ സമയമായതും സോനന്‍ ഓടിയെത്തി-ടണ്‍ടണെയ്!

ചെറിയൊരു മണ്‍ഭരണിയാണ് കയ്യില്‍. 

മെസ്സ് ഹാളില്‍നിന്നും ഫുഡ് റൂമിനുള്ളില്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. അതിനാല്‍ ഒളിച്ചുപിടിച്ചാണ് ചോറുമായി ഇമോ എത്തിയത്. അടുത്ത കൂട്ടുകാരായ ഞങ്ങള്‍ മൂന്നുനാലുപേര്‍ മാത്രം. ഞാനാണേല്‍ ഭയങ്കര ആകാംക്ഷയിലാണ. കഴിഞ്ഞ ആഴ്ചയിലെ പോര്‍ക്കിന്റെയും ബാംപൂ ഷൂട്ടിന്റെയും രുചി നാവിലുണ്ട്. അതിലും മെച്ചമാകുമെന്ന് സോനന്റെ മുഖത്തെ തെളിച്ചം വിളിച്ചുപറയുന്നു.

സെലോടേപ് ഒക്കെ വച്ച് നല്ലവണം സീല്‍ ചെയ്ത ഭരണി മെല്ലെ തുറന്നുതുടങ്ങിയതുംആകാംഷയില്‍നിന്നും ഉല്‍ക്കണ്ഠയിലേക്കായി നമ്മടെ ഭാവം. മെല്ലെമെല്ലെ പടരുന്ന മണം. മണമെന്ന നല്ലവാക്ക് പറഞ്ഞാല്‍ ശരിയാവില്ല ഒരുതരം 'വാട' അതങ്ങനെ കൂടുതല്‍ കൂടുതലായി. മുഖത്തിപ്പോള്‍ ഓക്കാനം എന്നൊരു ഭാവം മാത്രം. 

കൂടെയുണ്ടായിരുന്ന മൂന്നുപേരും ജീവനുംകൊണ്ടോടി. പോയ വഴി പുല്ലുമുളക്കില്ലാന്നുറപ്പ്. അമ്മാതിരി ഓട്ടം.

സോനന്റെ മുഖം ഇത്തിരി സങ്കട ഭാവത്തില്‍, I know it has a pretty pungent smell. but I am sure, it will be very tatsy!

പറഞ്ഞിട്ട് കാര്യമില്ലെന്റെ മോളെ, ന്നാലും പറ...

'Dear ...what is this ?'- ഒരു രോദനം പോലായി നമ്മടെ ചോദ്യം.

'Fermented fish. believe me, it will be very tatsy. though it smells little awkward. Ann, as per my request aunt prepared this.. it's very special. just for you'

'Just For You ! 

ഇനി ഒന്നും പറയാനില്ല. സ്‌നേഹത്തിന് സുഗന്ധം മാത്രമല്ലാ ദുര്‍ഗന്ധവുമാവാം. പക്ഷേ അത് അയല്‍ റൂമിലുള്ളവര്‍ക്കു കൂടി ബോധ്യമാവണ്ടേ. ഡോര്‍മിറ്ററിയാണ്. ഏഴടി പൊക്കത്തിലുള്ള കാര്‍ഡ്‌ബോര്‍ഡ് ഭിത്തിക്കുമുകളിലുള്ള വായുവിന്റെ പട്ടയം നമ്മടെ കയ്യിലില്ല, എല്ലാര്‍ക്കും കൂടി പതിച്ചു നല്‍കിയതാണ്. 

അധികം വൈകിയില്ല , അടുത്തടുത്ത റൂമുകളില്‍ നിന്നും ചീത്തപറച്ചിലുകളുടെ ജുഗുല്‍ബന്ദി!

തെലുഗ്, കന്നഡ, ഹിന്ദി, ബംഗാളി... ഹോ ഹോ!

ചെവിയാണോ മൂക്കാണോ പൊത്തേണ്ടതെന്ന കാര്യത്തില്‍ ബല്ലാത്ത കണ്‍ഫ്യൂസന്‍. പൊത്തിയിട്ടും കാര്യമില്ലെന്നറിയാം. വിധിയെന്നു പറയണത് ആനവണ്ടിയില്‍ വന്നാലും കൃത്യമായും സ്റ്റോപ്പിലിറങ്ങും!

ദാ വരണു ആറ്റംബോംബ് പോലെ നമ്മടെ മലയാളവും.

'ഛീ, ന്താടാ, ആന്‍, കക്കൂസില്‍ പോകാന്‍ പാടില്ലേ ഇവിടെ മുഴുവന്‍ നാറ്റിക്കണോ.... ?'

തൊട്ടടുത്ത മുറിയില്‍ നിന്നാണ്. ചളിപ്പുകൊണ്ട് ഇടനെഞ്ചിലൊരു പിടുത്തം!

അധികം വൈകിയില്ല , അടുത്തടുത്ത റൂമുകളില്‍ നിന്നും ചീത്തപറച്ചിലുകളുടെ ജുഗുല്‍ബന്ദി!

'അയ്യോ, എന്റെ അല്ലാ, എന്റെ ഇങ്ങനെയല്ലാ ' എന്നൊക്കെ പറയണം എന്നൊക്കെയുണ്ട്. വായങ്ങട് സീലടിച്ചപോലെ!

'Sonan, dear, please close it , we will have it some other day'-അടക്കിപ്പിടിച്ച് , ഒരുതരത്തിലാണ് പറയാന്‍ പറ്റിയത്. 

മനസ്സില്ലാമനസ്സോടെ സോനന്‍ തുറന്ന ഭരണി വീണ്ടും അടച്ചു വച്ചു. 

ഹോ, ഇത്തിരി കൂടോത്രം അറിയാരുന്നേല്‍ പുറപ്പെട്ടുപോയ മണമൊക്കെ തിരിച്ചെടുത്ത് ഭരണിയില്‍ കയറ്റിയടക്കാരുന്നു.

ഭരണി നല്ലവണ്ണം സീലൊക്കെ വച്ച്, മ്ലാനമായ മുഖവുമായി കുനിഞ്ഞിരിക്കുന്ന സോനനെ ആശ്വസിപ്പിച്ചു. സാരല്ലെടാ പോട്ടെ'

ആ സാരമില്ലായ്മക്ക് ഒരു വിലയുമില്ലാതെ ദാ വരണ് ഇടിവെട്ടുപോലെ നമ്മടെ വാര്‍ഡന്റെ വക പൂരപ്പാട്ട്. ദേഷ്യം പിടിച്ച പിള്ളേരാരോ ഒറ്റുകൊടുത്തതാണ്. വാര്‍ഡന്റെ ഉച്ചസ്വരം അടുത്തടുത്തു വരണതും ഞങ്ങള്‍ മൂന്നാളും ചാടിയെണീറ്റു. പുള്ളിക്കാരി റൂമിലെത്തിയാല്‍ പണി പാളും. ചടു പടാ ചോറു പാത്രങ്ങള്‍ കട്ടിലിനടിയിലോട്ട്. 
അതിനിടയില്‍, എന്താണോ സംഭവിക്കാന്‍ പാടില്ലാത്തത് അത് തന്നെ സംഭവിച്ചു.

ഡിം .....!!!

ഇമോയുടെ കൈ തട്ടി നമ്മടെ ഭരണി മേശപ്പുറത്തുനിന്നും താഴെ സിമന്റ് തറയില്‍ വീണ് പൊട്ടിച്ചിതറി ഇഹലോകവാസം വെടിഞ്ഞു. അത്രനേരവും ശ്വാസമടക്കി അടങ്ങിക്കൂടിയ 'ഭൂതം' സര്‍വ്വസ്വാതന്ത്ര്യത്തോടെ തുള്ളിത്തുളുമ്പി പടര്‍ന്നുപടര്‍ന്ന് ഡോര്‍മെട്രിയും കടന്ന് വരാന്തയിലേക്ക്!

ബാക്കിയുള്ള രംഗങ്ങള്‍ ഒന്നൊന്നായി, സൂര്‍ത്തുക്കളേ, നിങ്ങളുടെ മനോധര്‍മ്മത്തിനു വിടുന്നു...

 

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

 
click me!