പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

By മുഖ്താര്‍ ഉദരംപൊയില്‍First Published Nov 1, 2017, 5:06 PM IST
Highlights

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

ആറാം ക്ലാസു കഴിഞ്ഞാണ് എന്നെ യതീംഖാനയില്‍ കൊണ്ടാക്കുന്നത്. അനാഥ, അഗതി മന്ദിരമാണ്. എടവണ്ണ ഐ.ഒ.എച്ച്.എസിലാണ് പഠനം. ഏഴാം ക്ലാസ് വലിയ അലമ്പില്ലാതെ കഴിഞ്ഞുകിട്ടി. എട്ടിലെത്തി. പഠനം അത്ര രസമുള്ള കാര്യമായിരുന്നില്ല.

ആഴ്ചയില്‍ ഒരു ദിവസമാണ് ഡ്രോയിംഗ് ക്ലാസുള്ളത്. തങ്ങള്‍ മാഷ് നല്ല ചിത്രങ്ങള്‍ വരച്ചു തന്ന് കളര്‍ ചെയ്യിക്കും. കളര്‍ ചെയ്യുന്നതെങ്ങനെയെന്ന് കാട്ടിത്തരും. വരക്കാന്‍ മാത്രം വാസനയുള്ള എനിക്ക് ആകെ ഇഷ്ടമുള്ള ഒരു ക്ലാസായിരുന്നു അത്. ഡ്രോയിംഗ് ബുക്ക് നിറയെ വെരി ഗുഡുകള്‍ നിറഞ്ഞു. കുട്ടികള്‍ ചിത്രം വരക്കാന്‍ അവരുടെ വരബുക്കുമായി എന്റടുത്തു വരും. 

വരകളില്‍ നിറം കൊടുക്കാന്‍ മാത്രമല്ല തങ്ങള്‍ മാഷ് പഠിപ്പിച്ചത്, സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുന്നതെങ്ങനെ എന്നും മാഷ് പഠിപ്പിച്ചു. ളറിംഗ് ഹോം വര്‍ക്കാണ്. വരച്ചു കഴിഞ്ഞാല്‍ വരബുക്ക് മടക്കി വെക്കും. പിന്നെ മാഷ് കഥ പറഞ്ഞു തരും. എത്രയെത്ര കഥകള്‍. ക്ലാസിക്കുകള്‍. അറബിക്കഥകള്‍. മലയാളത്തിലെ നല്ല കഥകള്‍.. 

ചിത്രം വരച്ചും കഥ പറഞ്ഞും തങ്ങള്‍ മാഷ് എന്റെ മാഷായി. എന്നും എല്ലാ പിരീഡും മാഷ് വന്നെങ്കിലെന്ന് മോഹിച്ചു പോകും. കഥ കേള്‍പ്പിച്ച് കഥ വായിക്കാനും കഥ എഴുതാനും പ്രേരിപ്പിച്ചത് മാഷാണ്. വായനയിലേക്ക് വഴി നടത്തിയത് മാഷുടെ കഥപറച്ചിലുകളാണ്. പിന്നീട് വായിച്ച പല കഥകളും മാഷ് പറഞ്ഞുതന്നിട്ടുള്ളതാണല്ലോ എന്ന് തിരിച്ചറിയുമ്പോള്‍ മാഷ് മനസ്സില്‍ വലുതായിക്കൊണ്ടിരുന്നു.

ചിത്രം വരച്ചും കഥ പറഞ്ഞും തങ്ങള്‍ മാഷ് എന്റെ മാഷായി.

സ്‌കൂള്‍ പഠന കാലത്ത് ആദ്യമായി ഒരു മല്‍സരത്തിന് എന്റെ പേര് ചേര്‍ക്കുന്നത് മാഷാണ്. സ്‌കൂള്‍ യുവജനോല്‍സവത്തില്‍ ചിത്രരചനാ മല്‍സരത്തിന് എന്റെ പേരു ചേര്‍ത്തിട്ടുണ്ടെന്നും നന്നായി വരക്കണമെന്നും എന്നോട് ക്ലാസില്‍ വന്ന് പറയുകയായിരുന്നു.

അതുവരെ സ്‌കൂള്‍ തലത്തില്‍ ഒരു മല്‍സരത്തിലും ഞാന്‍ പങ്കെടുത്തിരുന്നില്ല. എന്നെ ആരും പങ്കെടുപ്പിച്ചുമില്ല. അവിടെയൊക്കെ മല്‍സരങ്ങള്‍ അധ്യാപകരുടെ മക്കള്‍ക്ക് മാത്രമുള്ളതായിരുന്നല്ലോ. എനിക്ക് വലിയ സന്തോഷം തോന്നി. മല്‍സരത്തില്‍ പങ്കെടുക്കണം. വരച്ച് വിജയിക്കണം.

അപ്പോഴും കണക്ക് വലിയ ഏനക്കേടായി കിടപ്പുണ്ടായിരുന്നു. കണക്ക് ടീച്ചര്‍ ദയ കാട്ടിയിരുന്നില്ല, ആരോടും. അടിക്ക് കയ്യും കണക്കുമില്ല. പിച്ചിപ്പിച്ചി തൊലിമാന്തി ചോര പൊടിക്കും. കൈപ്പടത്തിലായിരുന്നു അടി.  കണക്ക് പിരീഡ് ഒരു യുദ്ധക്കളമായിരുന്നു എനിക്ക്. ബദര്‍, ഉഹ്ദ്, ഖന്തക്ക്...!

കണക്ക് പിരീഡ്, ബേക്കിലെ ബെഞ്ചിന്റെ അടിയില്‍ ഒളിച്ചിരിപ്പായിരുന്നു ആദ്യത്തെ അടവ്. ചെങ്ങായ്മാര് മിണ്ടില്ല. ചില ദിവസങ്ങളില്‍ അവിടെ കിടന്നങ്ങ് ഉറങ്ങിക്കളയും. പെണ്‍കുട്ടികളും ചില പഠിപ്പിസ്റ്റുകളും പാരയായിത്തുടങ്ങിയപ്പോഴാണ് ക്ലാസ് കട്ട് ചെയ്യാന്‍ തുടങ്ങിയത്. രണ്ടോ മൂന്നോ പിരീഡിലാവും കണക്ക്. ഇന്റര്‍വെല്ലിന്റെ നേരത്ത് പുറത്തിറങ്ങിയാല്‍ പിന്നെ ഉച്ചക്ക് ശേഷമേ ക്ലാസില്‍ കയറൂ. ബുധനാഴ്ച ആദ്യ പിരീഡായിരുന്നു കണക്ക്. അന്ന് ക്ലാസ് ടീച്ചര്‍ വന്ന് ഹാജര്‍ വിളിച്ച് പോവുമ്പോള്‍ പിന്നാലെ ഇറങ്ങും. പിന്നെ ഇന്റര്‍വെല്ലിനു ശേഷമാവും ക്ലാസില്‍ കേറുക.

സ്‌കൂളിനു ബേക്കിലുള്ള പറങ്കിമൂച്ചിക്കുന്നിലേക്കാണ് കയറിപ്പോവുക. അവിടെ മൂച്ചിക്കൊമ്പില്‍ മാങ്ങയും കടിച്ചീമ്പിയിരിക്കും. ഉയരമില്ലാത്ത തെങ്ങില്‍ നിന്ന് തേങ്ങ പറിച്ച് പാറയിലെറിഞ്ഞ് പൊട്ടിച്ച് തിന്നും. താഴെ പീടികയില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന ഇരുപത്തഞ്ച് പൈസ വട്ടത്തിലുള്ള ബിസ്‌ക്കറ്റ് തിന്നും. കടലാസ് ചുരുട്ടി ബീഡിയുണ്ടാക്കി വലിക്കും. ഒന്നോ രണ്ടോ തലതിരിഞ്ഞ ചെങ്ങായ്മാരുമുണ്ടാവും ഒപ്പം.
 
സ്‌കൂള്‍ യുവജനോല്‍സവത്തിന്റെ തലേന്നാണ് ക്ലാസുകട്ട് വിഷയം യതീംഖാനയില്‍ അറിയുന്നത്. തിങ്കളാഴ്ച നാലാം പിരീഡ് വന്ന ഫിസിക്‌സ് ടീച്ചറാണ് എന്നെ കാണാഞ്ഞ് കുട്ടികളോട് അന്വേഷിച്ചത്. അന്ന് മൂന്നാം പിരീഡായിരുന്നു കണക്ക്. 

കുടുങ്ങി. ഇനി വീട്ടിലേക്ക് കാര്‍ഡയക്കും. വീട്ടില്‍ നിന്ന് ആളുവരണം. 

പെണ്‍കുട്ടികള്‍ സത്യം പറഞ്ഞു. നുണ പറയാനും മാത്രം അവരൊന്നും വലുതായിട്ടില്ലായിരുന്നു. ടീച്ചറാണ് വിവരം യതീംഖാനയിലെത്തിച്ചത്. ടീച്ചറുടെ ക്ലാസില്‍ പഠിക്കുന്ന ഒരുത്തനെയാണ് വിവരം പറയാന്‍ ഏല്‍പ്പിച്ചിരുന്നത്. അവന്‍ ഒരു 'മുത്തഖി'യായിരുന്നു. കച്ചറയും കള്ളത്തരമൊന്നും അറിയാത്ത ഒരു പാവം. അവന്‍ നേരെ വാര്‍ഡനോട് ചെന്ന് കാര്യം പറഞ്ഞു. ശേഷം എന്റടുത്ത് വന്ന് ടീച്ചര്‍ പറഞ്ഞയച്ചതിനാല്‍ ഓഫീസില്‍ പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു. അവനോട് എന്ത് പറയാനാണ്.

പിറ്റേന്ന്, കലോത്സവം നടക്കുന്ന ദിവസം. ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കണം. ക്ലാസിലെ കുട്ടികള്‍ തട്ടിക്കൂട്ടിയ ഒരു ടാബ്ലോയിലും ഞാനുണ്ടായിരുന്നു. ഞങ്ങളുടെ ഹൗസ് അവതരിപ്പിക്കുന്ന ആണ്‍കുട്ടികളുടെ ഒപ്പനയില്‍ പുതിയാപ്പിളയും ഞാനായിരുന്നു. 

ഒപ്പനക്കുള്ള വെള്ളത്തുണിയും കുപ്പായവും വരക്കാനുള്ള നിറങ്ങളും കവറിലിട്ട് സ്‌കൂളിലേക്ക് പുറപ്പെടാന്‍ നേരത്തെ തന്നെ ഒരുങ്ങി. പുറപ്പെടാന്‍ നേരത്താണ് വാര്‍ഡന്‍ എന്നെ തടഞ്ഞു വെച്ചത്. മുഖ്താര്‍ പോവണ്ട.

കുടുങ്ങി. ഇനി വീട്ടിലേക്ക് കാര്‍ഡയക്കും. വീട്ടില്‍ നിന്ന് ആളുവരണം. 

കുട്ടികള്‍ ജാഥയായി സ്‌കൂളിലേക്ക് പോയി. ഞാന്‍ ഒറ്റക്കായി. ഓഫീസിനു മുന്നില്‍ ഞാന്‍ വീട്ടുകാരെയും കാത്തിരുന്നു. വാര്‍ഡന്‍ കാര്‍ഡെഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് കരച്ചില്‍ വന്നു.

മൂന്നാലു ദിവസം കഴിഞ്ഞാണ് ഉപ്പ വന്നത്. ഉപ്പയുടെ മുഖത്ത് ദേഷ്യവും വിഷമവുമുണ്ടായിരുന്നു. 

എന്നെ വരക്കാനും വായിക്കാനും എഴുതാനും പഠിപ്പിച്ചത് തങ്ങള്‍ മാഷാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.

പിന്നീട് സ്‌കൂളില്‍ വെച്ച് കണ്ടപ്പോള്‍ തങ്ങള്‍ മാഷ് ചോദിച്ചു, എന്തേ മല്‍സരത്തില്‍ പങ്കെടുക്കാതിരുന്നതെന്ന്. ഞാനൊന്നും മിണ്ടിയില്ല. നീ പങ്കെടുക്കേണ്ടതായിരുന്നു. മാഷ് പറഞ്ഞു. 

എനിക്ക് കണ്ണില്‍ വെള്ളം വന്നു.

നല്ല വണ്ണം പഠിക്കണം. അവസരങ്ങള്‍ പാഴാക്കരുത്. മാഷ് പറഞ്ഞു. 

എനിക്ക് വലിയ കുറ്റബോധം തോന്നി.

ആദ്യമായിട്ടാണ് ഒരാള്‍ എന്നില്‍ പ്രതീക്ഷയുണ്ടെന്ന് പറയുന്നത്. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കത്തില്ലെടോ എന്നാണിതു വരെ എല്ലാ അധ്യാപകരും പറഞ്ഞിട്ടുള്ളത്. (അത്രക്ക് കുരുത്തക്കേടായിരുന്നല്ലോ കയ്യിലിരുപ്പ്.)

എന്നെ വരക്കാനും വായിക്കാനും എഴുതാനും പഠിപ്പിച്ചത് തങ്ങള്‍ മാഷാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ഒരു നല്ല അധ്യാപകനുള്ള മാതൃകയാണ് മാഷ്. 

പിന്നീട്, കാലങ്ങള്‍ കഴിഞ്ഞ്, വലുതായ ശേഷം കുട്ടികള്‍ക്കു മുമ്പില്‍ നില്‍ക്കാന്‍ അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ തങ്ങള്‍ മാഷെ ഓര്‍ക്കും. ഞാനറിയാതെ ഞാനൊരു തങ്ങള്‍ മാഷാവും. അപ്പോള്‍ കുട്ടികള്‍ പറയും. മാഷ് നല്ല മാഷാ ട്ടോ...

ഞാന്‍ ചിരിക്കും.

'മാഷിന്റെ പേരെന്താ'- കുട്ടികള്‍ ചോദിക്കും.

ഞാന്‍ പറയും 'തങ്ങള്‍ മാഷ്...'

'തങ്ങള്‍ മാഷോ.. നല്ല പേര്...'

കുട്ടികള്‍ ആര്‍ക്കും.

 

താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്
 

click me!