കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!
കറുവപ്പട്ടയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. എന്നാല്‍, വാങ്ങുമ്പോള്‍ വ്യാജനെ തിരിച്ചറിയാം. ഒപ്പം കൃഷി ചെയ്യുന്നതിനെ കുറിച്ചും അവയുടെ മാര്‍ക്കറ്റിംഗ് ഡിമാന്‍ഡുകളെ കുറിച്ചും കൂടിയറിയാം.

കറുവപ്പട്ടയോട് ഒരു പ്രത്യേക പ്രിയമാണ് മലയാളികൾക്ക്. ബിരിയാണിയിലും കേക്കിലും തുടങ്ങി വെള്ളം തിളപ്പിക്കുമ്പോൾ പോലും നമ്മൾ കറുവപ്പട്ട ഉപയോഗിക്കാറുണ്ട്. പലരും വീട്ടാവശ്യങ്ങൾക്കായി കറുവ വളർത്താറുണ്ടെങ്കിലും അവയുടെ മാർക്കറ്റിംഗ് ഡിമാന്റുകളെ കുറിച്ച് നമുക്ക് വലിയ ബോധ്യമില്ല.
സിനമൺ എന്നറിയപ്പെടുന്ന കറുവപ്പട്ട വാണിജ്യാടിസ്ഥാനത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നത് ശ്രീലങ്കയിലാണ്. എന്നാൽ, കേരളവും കറുവ കൃഷിക്ക് വളക്കൂറുള്ള മണ്ണുതന്നെ. ഏക്കറിൽ ഏകദേശം അഞ്ഞൂറോളം മരങ്ങൾ വളർത്താം എന്നാണ് കണക്ക്. അങ്ങനെയെങ്കിൽ ഒരു ഏക്കറിൽ നിന്ന് 100 കിലോ വരെ പട്ട ലഭിക്കും. മൂന്നാം വർഷം മുതൽ പട്ട ചെത്തിയെടുക്കാം.
കറുവപ്പട്ട കിലോയ്ക്ക് 1500 രൂപ വരെയാണ് വില ലഭിക്കാറുള്ളത്. ഒരിക്കൽ പട്ട വെട്ടിയെടുത്താൽ അതേ മരങ്ങളിൽ നിന്ന് വീണ്ടും മൂന്നോ നാലോ വർഷത്തിന് ശേഷം വിളവെടുപ്പ് നടത്താം. പട്ടയ്ക്ക് മാത്രമല്ല കറുവയുടെ ഇലയ്ക്കും കായയ്ക്കും വിപണിയിൽ നല്ല ഡിമാൻഡ് ആണ്. കായയ്ക്ക് കിലോ 1,600 രൂപ വരെ കേരളത്തിലെ മാർക്കറ്റുകളിൽ വില ലഭിക്കാറുണ്ട്. അതേസമയം കറുവയുടെ ഉണങ്ങിയ ഇലകൾക്കും ആവശ്യക്കാർ ഏറെയാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീരത്തിലെത്തുന്ന വിഷാംശം നിർവീര്യമാക്കുന്നതിനും ബിപിയും കൊളസ്ട്രോളും കുറയ്ക്കുന്നതിനുമൊക്കെ കറുവപ്പട്ട ഉത്തമമാണ് എന്ന് പറയാറുണ്ട്. എന്നാൽ, കറുവപ്പട്ട എന്ന പേരിൽ നമ്മൾ ഉപയോഗിക്കുന്നത് അതിൻറെ വ്യാജനല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കറുവപ്പട്ടയുടെ ഉത്പാദനം വിപണിയിൽ കുറവായതിനാൽ പലപ്പോഴും നമ്മൾ വാങ്ങുന്നത് കറുവപ്പട്ടയുടെ അപരനെയാണ്.
വിദേശ രാജ്യങ്ങളില്‍ ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ നിരോധനമുള്ള കാസിയയെയാണ് കറുവപ്പട്ടയെന്ന് തെറ്റിദ്ധരിപ്പിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കൂടുതലും വിൽപ്പന നടത്തുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യുന്ന കാസിയ അധികമായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കണ്ടെത്തൽ.

