ഡോക്ടറേറ്റ് വേളയില്‍ പട്ടിണിക്കാലത്ത് സഹായിച്ച നല്ല മനുഷ്യരെ ഓര്‍ത്ത് മലയാളി യുവതിയുടെ കണ്ണുനനയിക്കുന്ന പോസ്റ്റ്

Published : Oct 25, 2016, 09:23 AM ISTUpdated : Oct 05, 2018, 03:25 AM IST
ഡോക്ടറേറ്റ് വേളയില്‍ പട്ടിണിക്കാലത്ത് സഹായിച്ച നല്ല മനുഷ്യരെ  ഓര്‍ത്ത് മലയാളി യുവതിയുടെ കണ്ണുനനയിക്കുന്ന പോസ്റ്റ്

Synopsis

ഇതൊരു ഫേസ്ബുക്ക് പോസ്റ്റാണ്. സ്വീഡിഷ് സര്‍വകലാശാലയില്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച വേളയില്‍ ഒരു മലയാളി പി.എച്ച്ഡി വിദ്യാര്‍ത്ഥിനി പോസ്റ്റ് ചെയത ഫേസ്ബുക്ക് കുറിപ്പ്. ലോകത്തിലെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റികളില്‍ ഒന്നില്‍നിന്ന് ഡോക്ടറേറ്റ് നേടി നില്‍ക്കുമ്പോള്‍ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കാലത്ത് തന്നെ സഹായിച്ച നല്ല മനുഷ്യരെ മുഴുവന്‍ ഓര്‍ക്കുകയാണ് ബിന്ദു സുനില്‍ കരിങ്ങന്നൂര്‍ എന്ന മലയാളി ഗവേഷക ഈ പോസ്റ്റിലൂടെ.  

ആരുടെയും കണ്ണു നനയിക്കുന്ന വരികള്‍ ഇതാ ഇവിടെ:

എന്റെ ഗവേഷണ പ്രബന്ധം. എന്റെ ആദ്യത്തെ പുസ്തകം.  കടപ്പാട് ദൈവങ്ങളോടാണ്, അതെ ഒത്തിരി ആള്‍ദൈവങ്ങളോട്. 

വികാസ് ട്യൂട്ടോറിയല്‍ കോളേജിലെ ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോള്‍ എന്റെ പേര് ഒരിക്കലും വെട്ടാന്‍ ഒരവസരം പോലും കൊടുത്തിട്ടില്ല. എന്നിട്ടും ഒരു വഴക്കുപോലും പറയാതെ ക്‌ളാസിലിരുത്തി പഠിപ്പിച്ച ഒരു കൂട്ടം അദ്ധ്യാപകരോട്. 

പത്താം ക്‌ളാസ് കഴിഞ്ഞു കൂലിവേലയ്ക്കിറങ്ങിയ സമയം ജോണ്‍സണ്‍ സാറിന്റെ വീടാണെന്നറിയാതെ ചെന്ന് പെട്ടു ഞാന്‍. ചാണകം നിറച്ച ആദ്യ കുട്ട തലയിലെടുത്തു വെച്ച് തന്നു.  കണ്ണില്‍ നോക്കാതിരിക്കാന്‍ പ്രയാസപ്പെട്ടു. വൈകുന്നേരം അന്നത്തെ പണിക്കുള്ള കാശു കയ്യില്‍ തരുമ്പോള്‍ ഇനി നിന്നെ ഈ കോലത്തില്‍ കണ്ടു പോകരുതെന്ന് പറയാതെ പറഞ്ഞു സാറിനോട്. 

എന്റെ മോളാ, ഫസ്റ്റ് ക്ലാസോടു കൂടിയാ പത്താം ക്ലാസ് പാസായതെന്നു അഭിമാനത്തോട് കൂടി പറഞ്ഞ അമ്മയ്ക്ക് 200 രൂപ അധികം കൂലികൊടുത്തിട്ട്, ഗോമതി കൊച്ചു പഠിക്കട്ടെ എന്നു പറഞ്ഞ മുതലാളിയോട്. 

കയ്യിലിരുന്ന ചില്ലറ കൊടുത്തു, ചേട്ടാ എനിക്ക് കോളേജിലിടാന്‍ ഒരു ചെരുപ്പ് വേണം, പക്ഷേ മുഴുവന്‍ കാശില്ല എന്ന് അദ്ദേഹത്തിന് കേള്‍ക്കാന്‍ മാത്രം പറഞ്ഞ എനിക്ക് ചില്ലറ തിരികെ തന്നു കൂടെ ഒരു ചെരുപ്പും പൊതിഞ്ഞു തന്ന കടയുടമസ്ഥനോട്. 

എല്ലാവരും 50 രൂപ കൂട്ടി ഇട്ടാല്‍ ബിന്ദുവിനെ കൂടി ടൂറിനു കൊണ്ടുപോകാമെന്ന് മനസ്സ് കാട്ടിയ Bsc കൂട്ടുകാരില്‍, നീ വലിയ വീട്ടിലെ പിള്ളേരുകൂടെയല്ലേ ടൂറിനു പോകുന്നത് ഇതും കൂടിവെച്ചോ എന്നുപറഞ്ഞു കടമായി മേടിച്ച പൈസക്കൊപ്പം 200 രൂപ കൂടിത്തന്ന സലിയണ്ണനോട്. 

സന്ധ്യയായതിനാല്‍ പൈസയില്ലാഞ്ഞിട്ടും ഒരു ധൈര്യത്തില്‍ ബസില്‍ കയറി, ടിക്കറ്റിനു പൈസയ്ക്ക് കൈനീട്ടിയപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞതു കണ്ടു സാരമില്ല കേട്ടോ എന്ന് ചുമലുയര്‍ത്തി കാണിച്ച കണ്ടക്ടറോട്. 

ദിവസവും വേടിക്കുന്ന രണ്ടു ദോശയാണ് അന്നത്തെ ഭക്ഷണം എന്നറിഞ്ഞു മുതലാളി കാണാതെ അധികം രണ്ടെണ്ണം കൂടി തന്നു കടയില്‍ നിന്നറങ്ങുമ്പോള്‍ ആരും കാണാതെ ചിരി പാസാക്കുന്ന ഏന്തിവലിഞ്ഞു നടക്കുന്ന പ്രായം ചെന്ന ആ ഒരു മനുഷ്യനോട്. 

ക്രിസ്മസ് അവധിക്കുപോയാല്‍ തിരിച്ചു പഠിക്കാന്‍ വരാന്‍ ചിലപ്പോള്‍ പറ്റില്ല എന്നറിയാവുന്ന എനിക്ക് ഹോസ്റ്റലിനു പിറകിന്നുള്ള പേരമരവും അതിലെ പേരയ്ക്കയും ആഹാരമായപ്പോള്‍ വിശന്നിരിക്കുമ്പോള്‍ പേരയ്ക്കയ്ക്ക് എന്ത് രുചിയാ എന്നു പറഞ്ഞു കൂടെക്കൂടിയ കൂട്ടുകാരിയാട്. 

എന്റെ പ്രീയപ്പെട്ട M.Sc കൂട്ടുകാരോട്. മക്കളെ എന്നുവിളിച്ചു സ്‌നേഹത്തില്‍ പൊതിഞ്ഞ മറുപടികള്‍ അയയ്ക്കുന്ന അദ്ധ്യാപകനോട്. 

പിന്നെ സഹായിച്ചവരെല്ലാം എനിക്ക് ദൈവതുല്യരാണ്.

പതിനഞ്ചാം വയസില്‍ കൂലിവേലയ്ക്കിറങ്ങിയ എനിക്ക് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി നില്‍കുമ്പോള്‍ നേരെവരുന്ന മനുഷ്യര്‍ ദൈവങ്ങളാണ്. വിഷമങ്ങള്‍, അനുഗ്രഹങ്ങളും ആയി മാത്രമേ കാണാന്‍ പറ്റുള്ളു. 

നന്ദി പറയേണ്ടത്.. അക്ഷരാഭ്യാസം ഇല്ലാത്ത, നാട്ടുകാരുടെ പ്രേരണയാല്‍ സ്‌കൂളില്‍ വിട്ടു എന്നെ പഠിപ്പിച്ച അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകള്‍ക്കും പിന്നെ അദ്ധ്യാപകര്‍ക്കും എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ക്കും .. പിന്നെ മുകളില്‍ പറഞ്ഞ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും. ശരിക്കും അവരല്ലേ കാണപ്പെട്ട ദൈവങ്ങള്‍?
 

 

 

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ചൈനീസ് ഭീഷണി; അവസാനത്തെ പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിട്ട് ഹോങ്കോങ്
'വെറും 50 മീറ്റർ അകലെയാണ് വീട്. എന്നാലും മുത്തച്ഛൻ, കൂട്ടിക്കൊണ്ട് പോകാൻ എപ്പോഴുമെത്തും'; വൈറലായി യുവതിയുടെ കുറിപ്പ്