
ചൈനയിൽ ആൺകുഞ്ഞിന് ജന്മം നൽകി 59 -കാരി. ഒരു കുഞ്ഞ് കൂടി വേണമെന്ന അവരുടെ ദീർഘകാലത്തെ ആഗ്രഹമാണ് ഇതോടെ സഫലമായി തീർന്നത്. ഇവർക്ക് ഒരു മകളുണ്ട്. ആ മകൾ വിദേശത്താണ് താമസിക്കുന്നത്. ഇത് സ്ത്രീക്കും ഭർത്താവിനും കടുത്ത ഒറ്റപ്പെടൽ അനുഭവപ്പെടാൻ കാരണമായത്രെ. ഇതോടെയാണ് മറ്റൊരു കുട്ടി കൂടി വേണം എന്ന ആഗ്രഹം ഇവരിലുണ്ടാക്കുന്നത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 9 -ന് കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്ജിയാഗാങ് നമ്പർ 1 പീപ്പിൾസ് ആശുപത്രിയിൽ സിസേറിയൻ വഴിയാണ് ഇവർ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. ജനനസമയത്ത് കുഞ്ഞിന് 2.2 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
പ്രാദേശിക വാർത്താ പോർട്ടലായ jsnews.org.cn റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, സൂ എന്ന ഈ 59 -കാരി ഇതോടെ ഈ നഗരത്തിലെ ഏറ്റവും പ്രായം കൂടി ഗർഭം ധരിക്കുന്ന സ്ത്രീയായി മാറിയിരിക്കയാണ്. തന്റെ നവജാത ശിശുവിനെ കണ്ടതും അവന്റെ കരച്ചിൽ കേട്ടതും അതിയായ സന്തോഷവും പറഞ്ഞറിയിക്കാനാവാത്ത വികാരവുമാണ് തന്നിലുണ്ടാക്കിയത് എന്ന് സൂ പറഞ്ഞു. വീണ്ടും അമ്മയാകാനുള്ള തന്റെ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല എന്നും അവർ പറയുന്നു.
മകൾ വിദേശത്തേക്ക് പോയതോടെ താനും ഭർത്താവും ഒറ്റപ്പെട്ടുപോയി. അതോടെ ഒരു കുഞ്ഞുകൂടി വേണമെന്ന ആഗ്രഹം തീവ്രമായി. അങ്ങനെ ആരോഗ്യകാര്യത്തിലൊക്കെ ശ്രദ്ധിച്ചു എന്ന് സൂ പറയുന്നു. ഐവിഎഫിലൂടെയാണ് സൂ ഗർഭിണി ആയത്. പ്രായം കൂടുതലായതിനാൽ തന്നെ സൂവിന്റെ ആരോഗ്യകാര്യത്തിൽ കൃത്യമായ പ്ലാൻ തന്നെ ഡോക്ടർമാർ തയ്യാറാക്കിയിരുന്നു. ഗർഭിണിയായതിന് പിന്നാലെ പല ആരോഗ്യപ്രശ്നങ്ങളും സൂവിനുണ്ടായിരുന്നു. എന്തിരുന്നാലും 33 ആഴ്ചകളും അഞ്ച് ദിവസവും കഴിഞ്ഞപ്പോൾ ഡോക്ടർമാർ സൂവിന് സിസേറിയൻ നടത്തി. അതോടെ സൂവിന്റെയും ഭർത്താവിന്റെയും ആഗ്രഹം സഫലമാവുകയായിരുന്നു. കുഞ്ഞ് വന്നതോടെ വലിയ സന്തോഷത്തിലാണ് ഇപ്പോൾ ദമ്പതികൾ.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം