ന്യൂസിലൻഡിലെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയിൽ ഇന്ദിരാ ഗാന്ധിയുടെ ഘാതകരിലൊരാളുടെ മരുമകനായ ബാൽതേജ് സിംഗ് അറസ്റ്റിലായി. പാനീയങ്ങളിൽ മെത്താംഫെറ്റാമൈൻ കലർത്തി രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇയാൾക്ക് 22 വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചു. കുടുംബത്തിൻ്റെ കുപ്രസിദ്ധി കാരണം പേര് വെളിപ്പെടുത്തരുതെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു.
ന്യൂസ്‍ലന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ അറസ്റ്റിലായത്, ഇന്ദിരാ ഗാന്ധിയുടെ ഘാതകരിൽ ഒരാളുടെ മരുമകൻ. രാജ്യത്തെ ഏറ്റവും വലിയ മെത്താംഫെറ്റാമൈൻ ഇറക്കുമതിക്കാരനാണ് അറസ്റ്റിലായ ബാൽതേജ് സിംഗ് എന്ന് ന്യൂസ്‍ലൻഡ് പോലീസ് അറിയിച്ചു. 22 വർഷത്തെ ജയിൽ ശിക്ഷയാണ് ഇയാൾക്ക് ലഭിച്ചത്. എന്നാൽ, തന്‍റെ പേരും സ്വത്വവും മറച്ച് വയ്ക്കണമെന്ന ആവശ്യം കോടതി തള്ളി. ഇതോടെയാണ് ഇയാളുടെ പേര് വിവരങ്ങൾ ന്യൂസിലൻഡ് മാധ്യമമായ 'സ്റ്റഫ്' വെളിപ്പെടുത്തിയത്.
പേര് വെളിപ്പെടുത്തരുതെന്ന് അച്ഛൻ
ലോകമെമ്പാടുമുള്ള സിഖുകാർക്കും ഹിന്ദുക്കൾക്കും ഇടയിൽ കുടുംബത്തിനുള്ള കുപ്രസിദ്ധി, അവരെ ദ്രോഹിക്കാൻ ഇടയാക്കുമെന്ന ഭയമുണ്ടെന്നും അതിനാൽ പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നുമാണ് ബാൽതേജ് സിംഗിന്‍റെ അച്ഛൻ കോടതിയോട് അപേക്ഷിച്ചത്. എന്നാൽ, അപേക്ഷ ന്യൂസ്‍ലന്‍ഡ് കോടതി തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയിൽ ബാൽതേജ് സിംഗ് പ്രമുഖ സ്ഥാനം വഹിക്കുന്നെന്ന് ന്യൂസിലൻഡ് അധികൃതർ പറയുന്നു ഇന്ദിരാ ഗാന്ധിയുടെ കൊലപാതത്തിൽ പങ്കാളിയായതിന് പിന്നാലെ കുടുംബം വലിയ തോതിലുള്ള ഭീഷണികളും ശത്രുതയും അക്രവും നേരിട്ടതായും ലോകമെമ്പാടുമുള്ള സിഖ്, ഹിന്ദു സമൂഹങ്ങൾക്കിടയിൽ ഇത് കുപ്രസിദ്ധിയ്ക്ക് ഇടയാക്കിയെന്നും സിംഗിന്‍റെ പിതാവ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നെന്ന് സ്റ്റഫ് റിപ്പോർട്ട് ചെയ്തു.
പേര് വെളിപ്പെടുത്തണമെന്ന് സർക്കാർ
ബാൽതേജ് സിംഗിന്‍റെ ബന്ധുക്കളുടെ സുരക്ഷയ്ക്കുള്ള അപകടസാധ്യത, നീതിന്യായ വ്യവസ്ഥയിൽ പൊതുതാൽപ്പര്യത്തേക്കാൾ കൂടുതലാണെന്ന് പറഞ്ഞ കോടതി ആദ്യം ഇയാളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തേണ്ടെന്ന് വിധിച്ചിരുന്നു. എന്നാൽ ന്യൂസിലൻഡ് സർക്കാർ ഈ വിധിക്കെതിരെ അപ്പീൽ നൽകി. വലിയ തോതിൽ മയക്കുമരുന്ന് ന്യൂസിലൻഡിലേക്ക് ഇറക്കുമതി ചെയ്ത ഒരാളെ തിരിച്ചറിയുന്നതിൽ പൊതുതാൽപ്പര്യമുണ്ടെന്ന് സർക്കാർ വാദിച്ചു. പിന്നാലെ കഴിഞ്ഞ നവംബറിൽ കോടതി മുൻ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ബാൽതേജ് സിംഗിന്‍റെ പേര് വെളിപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന അപകട സാധ്യത വളരെ കുറവാണെന്നും ജഡ്ജിമാർ ഉത്തരവിൽ പറഞ്ഞു. ന്യൂസ്‍ലൻഡ് സുപ്രീം കോടതിയിൽ വിധിയെ ചോദ്യം ചെയ്യാൻ സിംഗ് ആദ്യം ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചുവെന്നും സ്റ്റഫ് റിപ്പോർട്ട് ചെയ്തു. പാനീയങ്ങൾ എന്ന് ലേബൽ ചെയ്ത വാണിജ്യ കയറ്റുമതിക്കുള്ളിൽ മെത്താംഫെറ്റാമൈൻ ഒളിപ്പിച്ച് കടത്തുന്ന ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ബാൽതേജ് സിംഗ് എന്ന് ന്യൂസ്‍ലൻഡ് പോലീസ് പറയുന്നു.
ലഹരി കടത്തിയത് വെള്ളത്തിൽ കലർത്തി
2021-ൽ, ദില്ലിയിൽ നിന്ന് ന്യൂസിലൻഡിലേക്ക് എത്തിച്ച തേങ്ങാവെള്ളത്തിന്‍റെ ടിന്നുകളിൽ ലയിപ്പിച്ച മെത്താംഫെറ്റാമൈനും ലഹരി നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവായ എഫെഡ്രിനും അടങ്ങിയതായി കണ്ടെത്തിയിരുന്നു. 2022 -ൽ ഈ സംഘം ന്യൂസ്‍ലൻഡിലേക്ക് കാനഡയിൽ നിന്നും യുഎസിൽ നിന്നും കണ്ടെയ്‌നറുകളിൽ പതിനായിരക്കണക്കിന് "ഹണി ബിയർ" ലാഗർ ബിയറും കൊമ്പുച്ച കുപ്പികളും ഇറക്കുമതി ചെയ്തിരുന്നു. ഇങ്ങനെ പാനീയങ്ങളിൽ മെത്താംഫെറ്റാമൈൻ കലർത്തിയാണ് സംഘം രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരത്തിൽ എത്തുന്ന ലഹരി കലർന്ന വെള്ളം പ്രത്യേക വ്യാവസായിക യൂണിറ്റിലെത്തിച്ച് അവ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറ്റുന്നു. 700 കിലോയിലധികം ലഹരി കലർന്ന ദ്രാവകവും ക്രിസ്റ്റലൈസ് ചെയ്ത മെത്താംഫെറ്റാമൈനും പോലീസ് പിടിച്ചെടുത്തു. ന്യൂസിലൻഡ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സിങ്ങിന്‍റെ കൂട്ടാളിയായ ഹിമാത്ജിത് സിംഗ് കഹ്‌ലോൺ 21 വയസ്സുള്ള ഒരാൾക്ക് ബിയർ ടിന്നുകളിൽ ഒന്ന് അബദ്ധത്തിൽ നൽകിയതിനെ തുടർന്നാണ് ഈ ലഹരി കടത്ത് വെളിച്ചത്ത് വന്നത്. ഹിമാത്ജിത് സിംഗ് കഹ്‌ലോണിനെ കൊലപാതക കേസിൽ 21 വർഷത്തെക്ക് ശിക്ഷിച്ചു.


