
ആഗസ്തിലെ ആദ്യത്തെ ആഴ്ച മുലയൂട്ടല്‍ വാരമാണ്. മുലപ്പാലിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായാണ് ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരത്തിന്‍റെ മുദ്രാവാക്യം 'മുലയൂട്ടല്‍ ജീവന്‍റെ അടിസ്ഥാനം' ("Breastfeeding: Foundation for Life") എന്നതാണ്.
മുലയൂട്ടുന്നത് ജൈവികമാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ടെങ്കിലും, പൊതുസ്ഥലങ്ങളിലെ മുലയൂട്ടലിന് ഇപ്പോഴും അംഗീകാരം കിട്ടിയിട്ടില്ല. കുഞ്ഞിന്‍റെ മനുഷ്യാവകാശമോ, വിശപ്പോ ഒന്നും അവിടെ പ്രാധാന്യമര്‍ഹിക്കുന്നുമില്ല. സ്ത്രീയുടെ ശരീരം മുലയൂട്ടുമ്പോഴാണെങ്കിലും നന്നായി പൊതിഞ്ഞു തന്നെ പിടിക്കണമെന്ന അഭിപ്രായക്കാര്‍ എല്ലാ രാജ്യത്തുമുണ്ട്. മറച്ചുവയ്ക്കാത്ത മുലയൂട്ടല്‍ ചിത്രങ്ങള്‍ വിവാദവുമായിട്ടുണ്ട്.
അങ്ങനെ വിമര്‍ശിക്കപ്പെട്ടവരിലൊരാളാണ് ക്രിസ്സി ടെഗന്‍. മോഡലും നടിയുമായ ക്രിസി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അനാവശ്യ കമന്‍റുകള്‍ വരികയായിരുന്നു.
ചിത്രത്തില്‍ ക്രിസി മകളെ മുലയൂട്ടുകയായിരുന്നു. മറുവശത്ത് മകളുടെ പാവക്കുഞ്ഞിനെയും മുലയൂട്ടുന്നതുപോലെ ചിത്രത്തില്‍ കാണാം. ചിത്രത്തിന് നിരവധി കമന്‍റുകളാണ് വന്നത്. മറച്ചുവച്ച് മുലയൂട്ടണമെന്ന തരത്തിലുള്ള കമന്‍റുകള്‍ക്ക് തക്ക മറുപടിയും ക്രിസി നല്‍കി. ദിവസവും താന്‍ പലതും പോസ്റ്റ് ചെയ്യുന്നുണ്ട്. പാചകം, വളര്‍ത്തുമൃഗങ്ങളോടൊപ്പമുള്ള ചിത്രങ്ങള്‍, അങ്ങനെ പലതും. അതൊന്നും അസ്വസ്ഥമാക്കാതെ ഇത് അസ്വസ്ഥമാക്കുന്നുവെങ്കില്‍ തന്‍റെ കുഴപ്പമല്ലെന്ന തരത്തിലായിരുന്നു അവരുടെ മറുപടി.
അടുത്തിടെ മലയാളം വനിതാ മാഗസിന്‍ ഗൃഹലക്ഷ്മിക്കു നേരെയും മോഡല്‍ ജിലു ജോസഫിനു നേരെയും ആരോപണങ്ങളുണ്ടായി. പൊതുസ്ഥലത്തെ മുലയൂട്ടലുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനത്തോടൊപ്പം മുലയൂട്ടുന്നത് കാണിക്കുന്ന കവര്‍ ചിത്രമായിരുന്നു മാഗസിന്‍റേത്. മോഡലായിരുന്ന ജിലു ജോസഫായിരുന്നു കവര്‍ ചിത്രത്തില്‍. ജിലുവിന്‍റെ കയ്യിലുണ്ടായിരുന്നത് സ്വന്തം കുഞ്ഞായിരുന്നില്ല, കുഞ്ഞിനെ മുലയൂട്ടാതെ പോസ് ചെയ്യുകയായിരുന്നു, മറയില്ലാതെ ആയിരുന്നു മുലയൂട്ടുന്നത് തുടങ്ങി നിരവധി വിവാദങ്ങളാണ് ഇതിനു പിറകെ ഉണ്ടായത്.
വേറൊരു ചര്‍ച്ചയ്ക്ക് തുടക്കമായത് നടി ക്രിസ്റ്റിയന്‍ സെറാറ്റോസിന്‍റെ സാമൂഹ്യമാധ്യമത്തിലെ ചിത്രവുമായി ബന്ധപ്പെട്ടാണ്. 'ഇതെന്‍റെ ശരീരവും എന്‍റെ പേജുമാണ്. എനിക്കിഷ്ടമുള്ളത് ഞാന്‍ പോസ്റ്റ് ചെയ്യും' എന്ന കാപ്ഷനോടെ ആയിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. #workingmom#chill എന്നും എഴുതിയിരുന്നു.
ഫിറ്റ്നസ് ഗൈഡായ സാറാ സ്റ്റേജിന്‍റെ ചിത്രവും ഇതുപോലെ വിമര്‍ശനം നേരിട്ടു. എന്നാല്‍, 'ആ ചിത്രം ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ തല പുതപ്പിട്ട് മൂടിക്കോളൂ'വെന്ന മറുപടിയാണ് സാറാ തിരികെ നല്‍കിയത്.
2016ല്‍ എക്വിനോക്സ് ജിം ആന്‍ഡ് ഫിറ്റ്നെസ് സെന്‍റര്‍ പുറത്തിറക്കിയ പരസ്യവും ഇതുപോലെ ചര്‍ച്ചയാവുകയും വിമര്‍ശനം നേരിടുകയും ചെയ്തു. ഒരു മോഡല്‍ ഇരട്ടകുട്ടികളെ മുലയൂട്ടുന്ന ചിത്രമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കമ്മിറ്റ് ടു സംതിങ്ങ് ("Commit to Something." ) എന്ന കാമ്പയിനിന്‍റെ ഭാഗമായിരുന്നു ഇത്.
ഇത് ദേശീയവും അന്തര്‍ദേശീയവുമായി ശ്രദ്ധ നേടിയ നീക്കങ്ങളാണ്. കുറേക്കാലമായി നിരവധി അമ്മമാര്‍ ഇതുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്.