കേരളം കാണേണ്ട അഞ്ച് സമരങ്ങള്‍

By Web DeskFirst Published Jun 5, 2018, 7:42 PM IST
Highlights
  • പരിസ്ഥിതിക്കും കുടിവെള്ളത്തിനും ശുദ്ധവായുവിനും നെല്‍വയലിനും അതിജീവനത്തിനും വേണ്ടിയുള്ള സമരങ്ങള്‍

ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോകുന്നു, ഒരു മരം നട്ട്, അല്ലെങ്കില്‍ മുറിച്ചു മാറ്റിയ മരങ്ങളെ ഓര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ട് പതിവുപോലെ ഈ ദിനവും നാം വിസ്മരിക്കും. അപ്പോഴും പരിസ്ഥിതിക്കും കുടിവെള്ളത്തിനും ശുദ്ധവായുവിനും നെല്‍വയലിനും അതിജീവനത്തിനും വേണ്ടിയുള്ള സമരങ്ങള്‍ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും. അത്തരം അനവധി സമരങ്ങളിലൂടെയാണ് കേരളം ഈ വര്‍ഷം കടന്നു പോയത്. പല സമരങ്ങളും മുന്‍സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു. ചിലത് വിജയം കണ്ടു. ചിലത് ഇപ്പോഴും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.   

1. കീഴാറ്റൂര്‍ സമരം - വയല്‍ക്കിളികള്‍
കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാര്‍ രൂപീകരിച്ച സമരസമിതിയായിരുന്നു വയല്‍ക്കിളികള്‍. കേരളം കണ്ട ഏറ്റവും വലിയ ജനകീയ സമരമായിരുന്നു ഇത്. സമരത്തെ തുടര്‍ന്ന് ബൈപാസ് അലെന്‍മെന്റുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. സിപിഎം അധികാരത്തിലിരിക്കുന്ന സമയത്ത്, പാര്‍ട്ടിഗ്രാമത്തില്‍ സമരം നടത്തി വിജയിച്ച ചരിത്രമായിരുന്നു വയല്‍ക്കിളികളുടേത്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള ജനകീയ മുന്നേറ്റമാണ് കീഴാറ്റൂരില്‍ കണ്ടത്. പരിസ്ഥിതി സംരക്ഷിക്കണമെന്ന ആവശ്യത്തിനൊപ്പം തന്നെ ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതിനുള്ള സമരം കൂടിയായിരുന്നു കീഴാറ്റൂരിലേത്. 

2. എന്‍ഡോസള്‍ഫാന്‍ സമരം
കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെ സമരമാണ് എന്‍ഡോസള്‍ഫാന്‍  സമരം. കാസര്‍കോടു ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ വ്യോമമാര്‍ഗം അമിത ഗാഢതയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചതാണ് തലമുറകളെയാകെ തീരാ ദുരിതത്തിലാക്കിയ വന്‍ ദുരന്തത്തിനു കാരണം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്താണ് അവര്‍ തങ്ങളുടെ ദുരിതം സര്‍ക്കാരിനെ നേരിട്ട് അറിയിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബാംഗങ്ങളും അടങ്ങുന്ന 250 ഓളം പേരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി തയ്യാറാക്കിയ പട്ടിക വെട്ടിച്ചുരുക്കുകയും, നൂറ് കണക്കിന് ഇരകളെ പുറത്താക്കുകയും ചെയ്തിരുന്നു. അതിന്റെ പ്രതിഷേധമെന്ന നിലയിലാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ഭോപ്പാല്‍ വാതക ദുരന്തത്തിന് സമാനമായ അവസ്ഥയാണ് കാസര്‍കോഡ് എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരുടേത്. ഇവര്‍ക്ക് നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്ന എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുകയുണ്ടായി. 

3. തുരുത്തി സമരം
കണ്ണൂര്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലെ പട്ടികജാതി കോളനിയാണ് തുരുത്തി. ദളിത് ആവാസ വ്യവസ്ഥയിലാണ് ഇവിടത്തെ ജനങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി മുപ്പതോളം കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളും ആരാധനാലയങ്ങളുമാണ് നഷ്ടപ്പെടാന്‍ പോകുന്നത്. അതിനെതിരെയുള്ള സമരത്തിലാണ് തുരുത്തി ജനത. കുന്നുകള്‍ ഇടിച്ചു നിരത്തി മണ്ണ് കൊണ്ടുവന്നിട്ട് ദേശീയ പാത വികസനം നടത്തുന്നത് വഴി ഇവിടത്തെ തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും നശിക്കുന്നു. പരിസ്ഥിതിയ്‌ക്കൊപ്പം ജനങ്ങളുടെ ജീവിതം തന്നെ വെല്ലുവിളി നേരിടുന്ന അവസ്ഥയാണ് തുരുത്തിയില്‍ ഇപ്പോഴുള്ളത്. ആരാധനങ്ങള്‍ പൊളിച്ച് മാറ്റുന്ന സ്ഥിതിവിശേഷമാണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മുപ്പത് കുടുംബങ്ങളാണ് ഇവിടെ പലായന ഭീഷണി നേരിടുന്നത്. തങ്ങളുടെ ആവാസ വ്യവസ്ഥ തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് അവരുടെ സമരം.  

4. വൈപ്പിന്‍ എല്‍പിജി പ്ലാന്റ് 
എറണാകുളം ജില്ലയിലെ പുതുവൈപ്പിനില്‍ ജനങ്ങള്‍ സമരം ചെയ്തത് പാചകവാതക പ്ലാന്റിനെതിരെയായിരുന്നു. പുതുവൈപ്പ് എല്‍പിജി സംഭരണ പ്ലാന്റ് പരിസ്ഥിതി പ്രശ്‌നത്തോടൊപ്പം തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ഉയര്‍ത്തിയപ്പോഴാണ് ജനങ്ങള്‍ സമരം ചെയ്യാന്‍ തീരുമാനിച്ചത്. ജനകീയ സമരങ്ങള്‍ക്ക് മികച്ച മാതൃകകളിലൊന്നായിരുന്നു പുതുവൈപ്പ് സമരം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. കൂടുതല്‍ ജനകീയമായ സമരമായിട്ടാണ് വൈപ്പിന്‍ സമരം മുന്നോട്ട് പോയത്. 

സമരമുഖത്തെ ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോയും ദൃശ്യങ്ങളും മാധ്യമങ്ങളില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രൊജക്റ്റിന് കേന്ദസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇവിടത്തെ ജനങ്ങള്‍ ഇപ്പോഴും സമരമുഖത്ത് സജീവമാണ്. ഇപ്പോഴും പുതുവൈപ്പിനിലെ സമരപ്പന്തല്‍ പൊളിച്ചിട്ടില്ല. 

5. അതിരപ്പിള്ളി ജലവൈദ്യുതി സമരം
പരിസ്ഥിതി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന ഏറ്റവും ഒടുവിലത്തെ പേരാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയില്‍ അണക്കെട്ട് നിര്‍മ്മിച്ച് വൈദ്യുതി നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ മരങ്ങള്‍ വെട്ടി നശിപ്പിച്ച്, ശുദ്ധമായ ജലസ്രോതസ്സ് ഇല്ലാതാക്കി ആരംഭിക്കാനൊരുങ്ങുന്ന പദ്ധതിയെ എതിര്‍ത്ത് പരിസ്ഥിതി വാദികളും രംഗത്തത്തിയിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതിയെക്കുറിച്ച് ഒരിടത്തും പറയുന്നില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അതിരപ്പള്ളി പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പിലാക്കണമെങ്കില്‍ കേന്ദ്രാനുമതി വേണം. എന്നാല്‍ പദ്ധതിയില്ലെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനുമേലും വിവാദം മുറുകുകയാണ്.

click me!