കുടിവെള്ളമാണ് ഈ മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്നത്!

By അനൂപ് ബാലചന്ദ്രന്‍First Published Aug 4, 2016, 8:47 AM IST
Highlights

ദില്ലി: ഫ്‌ളൂറൈഡ് എന്ന രാസവസ്തു അമിതമായി കലര്‍ന്ന വെള്ളം കുടിച്ച് ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ വികലാംഗരുടെ എണ്ണം കൂടുകയാണ് . വേദനസംഹാരികള്‍ക്കും, കാല്‍സ്യം ഗുളികകള്‍ക്കും അപ്പുറം  ചികിത്സ നല്‍കി എല്ലുകളിലെ ഫ്‌ലൂറോസിസ് ബാധ തടയാന്‍ ഡോക്ടര്‍മാര്‍ക്കും കഴിയുന്നില്ല. കുടിവെള്ളം ജാര്‍ഖണ്ഡിലെ ഈ ഗ്രാമങ്ങളുടെ കണ്ണീരായി മാറുകയാണ്.

സ്‌കെല്‍ട്ടല്‍ ഫ്‌ളൂറോസിസ് എന്ന രോഗമാണ് ഇവിടെ ദുരന്തം വിതയ്ക്കുന്നത്. ജലസമൃദ്ധമായിരുന്ന ഈ പ്രദേശങ്ങളില്‍ കല്‍ക്കരി അനുബന്ധ വ്യവസായങ്ങള്‍ കൂടുകയും മഴ കുറയുകയും ചെയ്തതോടെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞു.അവശേഷിക്കുന്ന വെള്ളത്തില്‍ ഭൂമിക്കടിയിലെ ഫ്‌ളൂറൈഡ് അമിതമായി കലര്‍ന്ന് തുടങ്ങി. ഇതോടെ ഈ വെള്ളം കുടിക്കുന്ന ഗ്രാമീണരുടെ എല്ലുകളും ശോഷിച്ചു.ഇതോടെ ഈ ഗ്രാമങ്ങള്‍  അധികം കേട്ട് കേള്‍വിയില്ലാത്ത സ്‌കെല്‍ട്ടല്‍ ഫ്‌ളൂറോസിസ് എന്ന അസ്ഥി രോഗത്തിന്റെ ദുരന്ത സ്മാരകങ്ങളായി.സ്‌കെല്‍ട്ടല്‍ ഫ്‌ളൂറോസിസ് ബാധിച്ച ഗര്‍വ്വയിലേയും,പലാമുവിലേയും ഗ്രാമങ്ങള്‍ ജലചൂഷണം നേരിടുന്ന ഗ്രാമങ്ങള്‍ക്കും,വരള്‍ച്ച നേരിടുന്ന പ്രദേശങ്ങള്‍ക്കും ശക്തമായ മുന്നറിയിപ്പാണ്..

പ്രതാപ് പൂര്‍ എന്ന് ദളിത് ഗ്രാമത്തില്‍ അന്‍പത്തിയഞ്ച് വയസ്സുള്ള രാംപതി ദേവിയെ ചണനാരുകള്‍ കൂട്ടി കെട്ടിയ കട്ടിലില്‍ തളര്‍ത്തിയിട്ടിരിക്കുകയാണ്.. വില്ലു പോലെ കാലുകള്‍ വളഞ്ഞ് പുളയുന്നു,കാഴ്ച്ചശക്തിയും കുറഞ്ഞു, ഈ സ്ഥിതിയില്‍ രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. ഭര്‍ത്താവ് ഗനൗരി റാമും എല്ലുകളെ തളര്‍ത്തുന്ന ഫ്‌ളൂറൈഡ് ബാധയില്‍ അവശനായി കഴിഞ്ഞു. രാംപതി ദേവിയുടെ ഭര്‍ത്താവ് ഗനൗരി റാം പറയുന്നു: ചികിത്സ പോയിട്ട് ആഹാരത്തിന് പോലും വഴിയില്ല.ഇവള്‍ ഇവിടെ ഇരുന്ന് കരഞ്ഞ് തീരുകയാണ്.

ഇവിടത്തെ ഗ്രാമങ്ങളില്‍ എല്ലാം കുടുംബത്തിലും ഉണ്ട് വികലാംഗര്‍, 38 പേര്‍ മരിച്ചു. ഗര്‍ഭസ്ഥ അവസ്ഥയില്‍ ഫ്‌ലൂറൈഡ് കലര്‍ന്ന വെള്ളം കുടിച്ച് ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളില്‍ ചിലരും വൈകല്യം ബാധിച്ചവര്‍. ദിവസം 100 രൂപ പോലും വരുമാനമില്ലാത്ത കുടുംബങ്ങളാണ് മലിനമായ കുടിവെള്ളം തളര്‍ത്തിയ ഈ ഗ്രാമങ്ങളിലുള്ളത്.ഇവര്‍ക്കുള്ള സര്‍ക്കാരിന്റെ സഹായം വേദന സംഹാരികളും, പോഷകാഹാരം കഴിക്കണമെന്ന ഒട്ടും ചിലവില്ലാത്ത ഉപദേശവും മാത്രമാണ്. 

ഈ ഗ്രാമത്തിന്റെ കണ്ണീര്‍ ഇതാ ഇവിടെ കാണാം: 

click me!