
സ്വന്തം ചിത്രം താന്‍ പോലും അറിയാതെ ഒരു ദിവസം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടാലോ? അതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പല പല പരസ്യങ്ങളിലും അവള്‍ സ്വന്തം മുഖം കണ്ടത്. സൌത്ത് ആഫ്രിക്കന്‍ എഴുത്തുകാരിയും കലാകാരിയുമായ ശബ്നത്തിനാണ് ഈ അനുഭവം.
കാനഡയിലുള്ള ഒരു സുഹൃത്താണ് ശബ്നമിന്‍റെ ഫേസ്ബുക്ക് പേജില്‍ കനേഡിയന്‍ പത്രത്തില്‍ വന്ന പരസ്യം പോസ്റ്റ് ചെയ്തത്. 'നിന്നെ പോലെയുണ്ട്' എന്ന് പറഞ്ഞായിരുന്നു പരസ്യചിത്രം പോസ്റ്റ് ചെയ്തത്. പലരും ഫോട്ടോയ്ക്ക് താഴെ കമന്‍റ് ചെയ്തു, 'അതേ അതുപോലെത്തന്നെയുണ്ട്.' ശബ്നമിനും തോന്നി തന്നെപ്പോലെ തന്നെയുണ്ടെന്ന്.
സുഹൃത്തിട്ട പോസ്റ്റിന് താഴെ വന്ന് പഴയൊരു സുഹൃത്തിട്ട കമന്‍റ് കണ്ടപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് അവള്‍ക്ക് മനസിലായത്. 'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മളെല്ലാവരും ചേര്‍ന്ന് ഒരു ഫോട്ടോഷൂട്ട് ചെയ്തത് ഓര്‍മ്മയില്ലേ?' എന്നായിരുന്നു ചോദ്യം.
ഇതാണ് സംഭവം
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ്. ശബ്നമിന് 24 വയസുള്ളപ്പോള്‍ അവരും യൂണിവേഴ്സിറ്റിയിലെ കുറച്ച് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ഫ്രീ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു. 100 ഫേസസ് ഷൂട്ട് (100 faces shoot) എന്നോ മറ്റോ ആയിരുന്നു ഷൂട്ടിന്‍റെ പേര്.
'ഞാന്‍ കരുതിയത് ആ ഫോട്ടോ അദ്ദേഹത്തിന്‍റെ പോര്‍ട്ട് ഫോളിയക്കോ എന്തെങ്കിലും ആര്‍ട്ട് പ്രൊജക്ടിനോ വേണ്ടി എടുത്തതാണ് എന്നാണ്. ഒരു ആര്‍ട്ട് പ്രൊജക്ടിനെ കുറിച്ച് ആരോ അവിടെ പറയുന്നുമുണ്ടായിരുന്നു.' ശബ്നം പറയുന്നു. അത് കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞു. ശബ്നത്തിനിപ്പോള്‍ 33 വയസായി.
വളരെ പെട്ടെന്ന് ഷൂട്ട് അവസാനിച്ചു. ഫോട്ടോഗ്രാഫര്‍ ചിരിക്കാന്‍ പറഞ്ഞു. ചിരിച്ചു, ഫോട്ടോയെടുത്തു, അതിനിടയില്‍ ഒരു പേപ്പര്‍ ഒപ്പിടാന്‍ പറഞ്ഞു. ഒപ്പിട്ടു. എല്ലാം പെട്ടെന്ന്. പക്ഷെ, അന്നറിയില്ലായിരുന്നു, അതൊക്കെ സ്റ്റോക്ക് ചെയ്യാനായിരുന്നുവെന്ന്. കനേഡിയന്‍ പത്രത്തില്‍ പരസ്യം കണ്ടപ്പോഴും ശബ്നത്തിന് അത് ഒരു തമാശയായിട്ടാണ് തോന്നിയത്. എന്നാല്‍ പിന്നീടാണ് കാര്യമത്ര തമാശയല്ലെന്ന് മനസിലായത്. അതുപോലെ ഒരുപാട് സ്ഥലത്ത് ആ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നു. പക്ഷെ, ഒന്നിനു പോലും അവള്‍ക്ക് പ്രതിഫലം കിട്ടിയിരുന്നില്ല. ശബ്നം ആ ഫോട്ടോഗ്രാഫറെ വിളിച്ചു. അപ്പോഴാണയാള്‍ കാര്യം പറഞ്ഞത്, ഫോട്ടോ സ്റ്റോക്ക് ഇമേജിലേക്ക് മാറ്റാനുള്ള എഗ്രിമെന്‍റാണ് അന്നവള്‍ ഒപ്പിട്ടു നല്‍കിയത്.
ശബ്നം അതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തു. 'ശരിയാണ്. ഞാനൊരു ചെറിയ പേപ്പര്‍ ഒപ്പിട്ടു നല്‍കിയിരുന്നു. അത് വിഡ്ഢിത്തം ആയിരുന്നു.'
പിന്നെയൊരു സുഹൃത്താണ് ശബ്നത്തിനോട് എങ്ങനെയാണ് ഗൂഗിളില്‍ ഇമേജ് സേര്‍ച്ച് ചെയ്ത് സമാനമായ ഇമേജ് കണ്ടുപിടിക്കുന്നതെന്ന് പറഞ്ഞുകൊടുത്തത്. അത് നോക്കിയ ശബ്നം ഞെട്ടി. ഏതാണ്ടൊരു അമ്പതോളം ചിത്രങ്ങളുണ്ടായിരുന്നു സമാനമായി. പലതും കുഴപ്പങ്ങളില്ലാത്ത പരസ്യങ്ങളായിരുന്നു. എന്നാല്‍ ചിലതൊന്നും അങ്ങനെ ആയിരുന്നില്ല.
വളരെ അപകടം പിടിച്ചതായിരുന്നു പല പരസ്യങ്ങളും. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവ, പല ഫേഷ്യല്‍ ക്രീമുകളുടേയും പരസ്യത്തില്‍... അങ്ങനെ ആ പട്ടിക നീളുന്നു. പലതരം പേരുകളിലാണ് ഓരോ പരസ്യത്തിലും ശബ്നത്തിന്‍റെ ഫോട്ടോ നല്‍കിയിരിക്കുന്നത്. പല ഫേഷ്യല്‍ ക്രീമിന്‍റെയും പരസ്യത്തില്‍ നല്ല ഫലം ലഭിക്കുമെന്നും മറ്റുമുള്ള തെറ്റായ വിവരണങ്ങളുമുണ്ട്. അതോടെ ശബ്നം ഫോട്ടോഗ്രാഫറെ വിളിച്ചു. തെറ്റായ പേരുകളുടെ കാര്യം സൂചിപ്പിച്ചപ്പോള്‍ അതും ഒപ്പിട്ടു സമ്മതിച്ചതാണെന്നാണ് ഫോട്ടോഗ്രാഫര്‍ അറിയിച്ചത്.
എന്നാല്‍ തന്‍റെ ചിത്രങ്ങളുപയോഗിച്ച് പല തെറ്റായ പരസ്യങ്ങളും നല്‍കുന്നുവെന്നത് ശബ്നത്തിനെ വേദനിപ്പിച്ചു. അവര്‍ വീണ്ടും ഫോട്ടോഗ്രാഫറെ വിളിച്ചു. താന്‍ അതൊന്നും വായിച്ചുനോക്കാതെ ഒപ്പിട്ടതാണെന്നും തന്‍റെ ഭാഗത്തും തെറ്റുണ്ടെന്നും അവള്‍ സമ്മതിച്ചു. പക്ഷെ, ദയവു ചെയ്ത് ആ ചിത്രങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ശബ്നം അറിയപ്പെടുന്ന എഴുത്തുകാരിയായതുകൊണ്ടോ എന്തോ അയാളത് അംഗീകരിച്ചു. ചിത്രങ്ങള്‍ പിന്‍വലിച്ചു.
ശബ്നത്തിന് മറ്റുള്ളവരോട് പറയാനുള്ളതുമിതാണ്. ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ തരുന്ന പേപ്പറുകളും എഗ്രിമെന്‍റുകളും കൃത്യമായി വായിച്ചുനോക്കണം. ഇല്ലെങ്കില്‍ തെറ്റായ പല പരസ്യത്തിലും അറിയാതെയാണെങ്കിലും നമ്മളും പങ്കാളികളാകാം. അത് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായിത്തന്നെയാണ് ശബ്നം സ്വന്തം കഥ ട്വിറ്ററിലെഴുതിയതും.