മിണ്ടാനും കേള്‍ക്കാനുമാകില്ലെങ്കിലെന്താ ഞാന്‍ ഹാപ്പിയാണ്

By Web TeamFirst Published Jul 31, 2018, 6:12 PM IST
Highlights

ഞാനാകെപ്പാടെ തോറ്റുപോയി. വിഷാദവും മറ്റുമെന്നെ തളര്‍ത്തി. ഞാന്‍ തളര്‍ന്നുവീണു. ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടമായി. പക്ഷെ, പ്രതിസന്ധി ഘട്ടങ്ങള്‍ നിങ്ങള്‍ക്ക് കരുത്താകുമെന്ന് പറയുന്നത് സത്യമാണ്. 
 

മിണ്ടാനും കേള്‍ക്കാനും കഴിയില്ലെന്നത് ചിലപ്പോള്‍ അവളെ വേദനിപ്പിച്ചിരുന്നു. അത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. സ്കൂളിലെ അധ്യാപകര്‍ വഴക്ക് പറഞ്ഞപ്പോള്‍, പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ മരിച്ചുപോയപ്പോള്‍, അമ്മയേയും സഹോദരനേയും പോലെ തനിക്ക് കുടുംബത്തിനായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍. പക്ഷെ, ഇപ്പോള്‍ അവള്‍ക്കാ സങ്കടമില്ല. അവള്‍ വളരെ ഹാപ്പിയാണ്. ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലാണ് ആര്‍ക്കും പ്രചോദനമാവുന്ന ആ പെണ്‍കുട്ടിയുടെ കഥ പങ്ക് വെച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റ്: ഞാന്‍ ജനിച്ചത് സ്നേഹവും സന്തോഷവുമുള്ളൊരു കുടുംബത്തിലാണ്. ഒരു പനി വന്നതിനു പിന്നാലെ ഒരുമാസം കുഞ്ഞായിരിക്കുമ്പോള്‍ എനിക്കെന്‍റെ കേള്‍വിശക്തിയും കാഴ്ചശക്തിയും നഷ്ടമായി. നാല് വയസുവരെ ഞാനൊരു സാധാരണ സ്കൂളിലാണ് പോയ്ക്കൊണ്ടിരുന്നത്. എനിക്ക് പെട്ടെന്നൊന്നും ഒന്നും മനസിലാകുമായിരുന്നില്ല. അങ്ങനെ എന്‍റെ അധ്യാപകരാണ് എന്നെ കാഴ്ചയും കേള്‍വിയുമില്ലാത്തവരുടെ സ്കൂളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കളുടെ അടുത്ത് പറയുന്നത്. 

അങ്ങനെ പുതിയ സ്കൂളില്‍... അതെനിക്കിഷ്ടമായി. ഞാന്‍ സൈന്‍ ലാംഗ്വേജ് പഠിച്ചു തുടങ്ങി. എനിക്ക് മറ്റുള്ളവരോട് സംവദിക്കാനായിത്തുടങ്ങി. എന്‍റെ അധ്യാപകരെല്ലാം നല്ലവരായിരുന്നു. പക്ഷെ, അവിടെ ഏഴാം ക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളൂ. പിന്നെയെനിക്ക് ബാന്ദ്രയില്‍ തന്നെയുള്ള മറ്റൊരു സ്കൂളിലേക്ക് മാറേണ്ടി വന്നു. അവിടെ അധ്യാപകരെന്നെ വഴക്ക് പറഞ്ഞു തുടങ്ങി. കാരണം, മറ്റു കുട്ടികളേക്കാള്‍ പയ്യെയായിരുന്നു ഞാന്‍ കാര്യങ്ങള്‍ മനസിലാക്കിയിരുന്നത്. എന്‍റെ ആത്മവിശ്വാസം തകര്‍ന്നുപോയി. 

2013 ല്‍ ഹൃദയാഘാതം വന്ന് അച്ഛന്‍ മരിച്ചു. ഞാനാകെപ്പാടെ തോറ്റുപോയി. വിഷാദവും മറ്റുമെന്നെ തളര്‍ത്തി. ഞാന്‍ തളര്‍ന്നുവീണു. ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടമായി. പക്ഷെ, പ്രതിസന്ധി ഘട്ടങ്ങള്‍ നിങ്ങള്‍ക്ക് കരുത്താകുമെന്ന് പറയുന്നത് സത്യമാണ്. 

നമ്മള്‍ വീട്ടുകാരെല്ലാം ഒരുമിച്ചുനിന്നു. സഹോദരന്‍ ജോലി ചെയ്തു തുടങ്ങി. അമ്മ മുഴുവന്‍ സമയവും ജോലി ചെയ്തു. ട്രാന്‍സ്പോര്‍ട്ട് ബിസിനസായിരുന്നു. എനിക്കും വീട്ടിലെന്തെങ്കിലും സഹായിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, എവിടെ തുടങ്ങുമെന്ന് യാതൊരു നിശ്ചയവുമില്ലായിരുന്നു. എന്‍റെ ഡോക്ടറാണ് പറഞ്ഞത്. അവിടെ അടുത്തൊരു കഫേയുണ്ട്. അവര്‍ സംസാരിക്കാനും കേള്‍ക്കാനും കഴിയാത്തവര്‍ക്ക് ജോലി നല്‍കുന്നുണ്ടെന്ന്. എനിക്ക് പ്രതീക്ഷ തോന്നി. എന്‍റെ ആന്‍റിയോട് ഞാനവരോട് സംസാരിക്കാന്‍ ഞാന്‍ പറഞ്ഞു. പിന്നെ, എനിക്കൊരു സൈന്‍ ലാംഗ്വേജ് ഇന്‍റര്‍വ്യൂ. അങ്ങനെ എനിക്ക് ജോലി കിട്ടി. 

എനിക്കത് വിശ്വസിക്കാനായില്ല. ഞാന്‍ തുടങ്ങി. എന്‍റെ വീഴ്ചകളിലെല്ലാം അവിടെ ഓരോരുത്തരും സഹായിച്ചു. ആദ്യത്തെ സാലറി കിട്ടിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത് ഞാനെന്‍റെ അമ്മയ്ക്ക് കൊടുത്തു. എനിക്ക് മനസിലായി ഞാന്‍ കഴിയാത്തവളല്ല, കഴിവുള്ളവളാണെന്ന്. ഇന്ന്, നമ്മുടെ എല്ലാ ലോണുകളും അടച്ച് തീര്‍ന്നു. ഞങ്ങളെല്ലാവരും വീടിനു വേണ്ടി ജോലി ചെയ്യുന്നു. എന്നെ സംബന്ധിച്ചാണെങ്കില്‍, ഞാന്‍ ഭയങ്കര സന്തോഷവതിയാണ്. ഒരു ദിവസം കഫേയിലെത്തിയ കസ്റ്റമര്‍ എനിക്കായി ഒരു കാര്യമെഴുതി, ‘Bravo, Sophia your Masala tea was the best!’ഞാന്‍ ഈ ലോകത്തിന്‍റെ ഏറ്റവും മുകളിലെത്തിയ പോലെയാണ് എനിക്കപ്പോള്‍ തോന്നിയത്. 

 

click me!