കര്‍ഷകന് ഹൃദയാഘാതമുണ്ടായി, ഏഴ് മണിക്കൂര്‍ കൊണ്ട് 1000 ഏക്കര്‍ വിളവെടുത്ത് നല്‍കി സുഹൃത്തുക്കള്‍...

By Web TeamFirst Published Sep 24, 2020, 1:02 PM IST
Highlights

അവിടെയെത്തിയപ്പോഴാണ് വിളവെടുപ്പ് പാതിവഴിയിൽവെച്ച് ഉപേക്ഷിക്കപ്പെട്ട കാര്യം അവർ അറിയുന്നത്. ഈ വിഷമഘട്ടത്തിൽ അദ്ദേഹത്തെ സഹായിക്കാൻ അവർ തീരുമാനിച്ചു.

വടക്കൻ ദക്കോട്ടയിലെ ക്രോസ്ബിക്ക് സമീപമുള്ള തന്‍റെ ഗോതമ്പുപാടം വിളവെടുക്കുകയായിരുന്നു ലൈൻ ഉൻജെം. ആ സമയം ഒട്ടും പ്രതീക്ഷിക്കാതെ പക്ഷേ പാടത്ത് തീപ്പിടിത്തമുണ്ടായി. തീ അണക്കാനുള്ള നെട്ടോട്ടത്തിൽ അദ്ദേഹത്തിനാകട്ടെ ഹൃദയസ്തംഭനവുമുണ്ടായി. തുടർന്ന്, വടക്കൻ ദക്കോട്ടയിലെ ട്രിനിറ്റി മെഡിക്കൽ സെന്ററിലേക്ക് അൻ‌ജെമിനെ വിമാനമാർഗം കൊണ്ടുപോവുകയായിരുന്നു. ക്രോസ്ബിയിലെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃഷിസ്ഥലം അനാഥമായിക്കിടന്നു. വിളവെടുപ്പ് പാതിവഴിയ്ക്ക് ഉപേക്ഷിക്കപ്പെട്ടു. ആശുപത്രിയിൽ അത്യാസന്നനിലയിൽ കഴിയുന്ന അദ്ദേഹത്തെ കാണാൻ സുഹൃത്തുക്കൾ ആശുപത്രിയിൽ ചെന്നു. അക്കൂട്ടത്തിൽ കുടുംബസുഹൃത്തായ ജെന്ന ബിൻഡെയും ഉണ്ടായിരുന്നു. 

അവിടെയെത്തിയപ്പോഴാണ് വിളവെടുപ്പ് പാതിവഴിയിൽവെച്ച് ഉപേക്ഷിക്കപ്പെട്ട കാര്യം അവർ അറിയുന്നത്. ഈ വിഷമഘട്ടത്തിൽ അദ്ദേഹത്തെ സഹായിക്കാൻ അവർ തീരുമാനിച്ചു. പകുതിയായ വിളവെടുപ്പ് പൂർത്തിയാക്കാൻ അവർ മുന്നോട് വന്നു. ജെന്നയും പ്രദേശത്ത് തന്നെയുള്ള രണ്ട് കർഷകരും ചേർന്ന് അദ്ദേഹത്തിന് വേണ്ടി വിളവെടുപ്പ് ആരംഭിച്ചു. പതുക്കെപ്പതുക്കെ കൂടുതൽ ആളുകൾ അവരെ സഹായിക്കാനായി മുന്നോട്ടുവന്നു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് പാതിവഴിയ്ക്ക് നിർത്തിയ വിളവെടുപ്പ് പൂർത്തിയാക്കാൻ അവരെല്ലാം കയ്യുംമെയ്യും മറന്ന് അധ്വാനിച്ചു. ഉൻജെം ആശുപത്രിയിൽ കഴിഞ്ഞ സമയത്ത്, നാല്‍പ്പത് മുതല്‍ അമ്പതോളം സുഹൃത്തുക്കൾ ഒത്തുചേർന്ന് പ്രിയപ്പെട്ട കൃഷിക്കാരന്റെ ശ്രമങ്ങൾ പൂർത്തിയാക്കാൻ സഹായിച്ചു. ഒരു കർഷകന്റെ അധ്വാനവും സ്വപ്നവും പാഴായിപ്പോകുന്നത് അവർക്ക് കൈയുംകെട്ടി നോക്കിനിൽക്കാനായില്ല. ഏഴ് മണിക്കൂറിനുള്ളിൽ മൊത്തം 1,000 ഏക്കർ പാടം അവർ വിളവെടുത്തു. 

"അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞ സുഹൃത്തുക്കൾ എന്നെ വിളിച്ച് 'സഹായിക്കണോ' എന്ന് ചോദിക്കാൻ തുടങ്ങി. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് മണിക്കൂറിനുള്ളിൽ, ആളുകൾ പാടത്തേക്ക് ഒഴുകിയെത്തി. ആരോടും സഹായം ചോദിക്കാതെതന്നെ സ്വയം മുന്നോട്ട് വരികയായിരുന്നു അവരെല്ലാം" സുഹൃത്തായ ഡോൺ ആൻഡേഴ്സൺ പറഞ്ഞു. "ഉൻ‌ജെമിന്റെ വിള സുരക്ഷിതമായി സൂക്ഷിക്കപ്പെടും. ഏത് ആപത്തിലും സഹായിക്കാൻ മനസ്സുള്ള ഒരുകൂട്ടം സുഹൃത്തുക്കൾ ഉണ്ടെന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും, ഈ ദുഷ്‌കരമായ സമത്ത് ഒട്ടും ഭയമില്ലാതെ സഹായിക്കാനായി മുന്നോട്ട് വന്നവരുമാണ് അവർ. ഇതുപോലുള്ള പ്രശ്നങ്ങളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന് അറിയാൻ കഴിയുന്നത് എത്ര വലിയ ആശ്വാസമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു. 

"വിളകൾ വിളവെടുക്കാതെ ഉപേക്ഷിക്കപ്പെട്ടാൽ അത് വ്യക്തിപരമായും സാമ്പത്തികമായും അദ്ദേഹത്തിന്റെ കുടുംബത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടാണ് ഞങ്ങൾ രണ്ടാമതൊന്നാലോചിക്കാതെ വിളവെടുപ്പ് പൂർത്തിയാക്കാൻ മുന്നോട് വന്നത്" ജെന്ന പറഞ്ഞു. ആശുപത്രിയിൽ കിടക്കുന്ന അൻ‌ജെം സുഖം പ്രാപിക്കാൻ തുടങ്ങിയെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.  

click me!