
ബ്രസല്‍സ്: ബെല്‍ജിയത്തിലെ ഏറ്റവും മോശം കള്ളന്മാരെന്ന് വിളികേട്ടിരിക്കുകയാണ് ഈ കള്ളന്മാര്‍. സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് ഈ ആറ് പേരും ഒരു സിഗരറ്റ് ഷോപ്പില്‍ മോഷണത്തിനെത്തിയതാണ്. പക്ഷെ, ഇപ്പോള്‍ ഇവിടെ പണം കുറവാണെന്നും പിന്നീട് വന്നാല്‍ തന്‍റെ കയ്യില്‍ ഒരുപാട് പണമുണ്ടാകുമെന്നും കടയുടമ പറഞ്ഞതിനനുസരിച്ച് കള്ളന്മാര്‍ തിരികെ പോവുകയായിരുന്നു. പിന്നീട്, കള്ളന്മാര്‍ വാക്ക് പാലിച്ചു. കുറേ നേരത്തിനു ശേഷം തിരികെയെത്തി. പൊലീസ് ഇവരെ അറസ്റ്റും ചെയ്തു.
സംഭവം നടന്നത് ഇങ്ങനെയാണ്; മൂന്നു മണിയോടെയാണ് കടയില്‍ മോഷ്ടാക്കളെത്തിയത്. എന്നാല്‍, ഇത് കച്ചവടത്തിന് നല്ല സമയമല്ല. അവിടെ പണമൊന്നുമായിട്ടില്ലെന്നും വൈകുന്നേരം വീണ്ടും വരികയാണെങ്കില്‍ കൂടുതല്‍ പണമുണ്ടാകുമെന്നും കടയുടമ പറഞ്ഞു. പിന്നീട് പൊലീസിനെ വിളിച്ചുവെങ്കിലും പൊലീസ് കള്ളന്മാര്‍ തിരികെ വരുമെന്ന് വിശ്വസിച്ചില്ല. പക്ഷെ, 5.30 ആയപ്പോഴേക്കും കള്ളന്മാര്‍ വീണ്ടും വന്നു. ഇത്തവണ കടയുടമ പറഞ്ഞത്. ഇപ്പോഴും വളരെ കുറച്ച് പണമേ തന്‍റെ കയ്യിലുള്ളൂ. കടയടക്കാറായിട്ടില്ല. 5.30 അല്ല, 6.30 ന് എത്താനാണ് താന്‍ പറഞ്ഞത്. അപ്പോഴെത്തുകയാണെങ്കില്‍ കൂടുതല്‍ പണം തരാനാകുമെന്നാണ്.
കടയുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസുമെത്തി. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 6.30ന് കള്ളന്മാര്‍ വീണ്ടുമെത്തി. കടയുടെ അകത്തിരുന്ന പൊലീസുകാര്‍ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഏതായാലും ബെല്‍ജിയത്തിലെ ഏറ്റവും മോശം കള്ളന്മാരെന്ന് ഇവര്‍ വിളിക്കപ്പെട്ടു തുടങ്ങി.