ചൈനയിലെ ഷാങ്ഹായിൽ യുവാക്കൾക്കിടയിൽ പുതിയൊരു ബാർ സംസ്കാരം പ്രചാരത്തിലാകുന്നു. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രവും കോക്ടെയിലുകളും സംയോജിപ്പിക്കുന്ന ഇവിടെ, മദ്യം നൽകുന്നതിന് മുൻപ് ഡോക്ടർമാർ ഉപഭോക്താക്കളുടെ നാഡി പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുന്നു.  

Add Asianetnews as a Preferred SourcegooglePreferred

ദ്യമാണ് വിഷയം. കേരളത്തിൽ രാവിലെ 10 മുതൽ 12 മണി വരെ ബാറുകൾ തുറക്കാൻ സ‍ർക്കാർ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. അതേസമയം ചങ്കിലെ ചൈനയിൽ നിന്നും പുറത്ത് വരുന്ന വാർത്തകളിൽ ബാറുകൾ മദ്യപാനികളുടെ ആരോഗ്യ പരിശോധന തുടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. അതെ, തിരക്കുപിടിച്ച നഗരജീവിതവും അമിതമായ ജോലിഭാരവും കാരണം സമ്മർദ്ദത്തിലായ യുവാക്കൾക്കായാണ് ചൈനയിലെ ഷാങ്ഹായിൽ വ്യത്യസ്തമായ ഒരു ബാർ പ്രവർത്തനം ആരംഭിച്ചത്.

കുടിക്കും മുമ്പ് നാഡി പരിശോധിക്കാൻ ഡോക്ടർ

പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രവും (Traditional Chinese Medicine - TCM) ആധുനിക കോക്ടെയിലുകളും സംയോജിപ്പിച്ചാണ് ഇവിടെ പാനീയങ്ങൾ വിളമ്പുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ്ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷാങ്ഹായിലെ നിയാങ് ക്വിങ് ബാറിൽ എത്തുന്നവർക്ക് മദ്യം ഓർഡർ ചെയ്യുന്നതിന് മുൻപ് ഒരു ആരോഗ്യ പരിശോധനയുണ്ടാകും. ഡോക്ടർമാർ ഉപഭോക്താക്കളുടെ കൈത്തണ്ടയിലെ നാഡി പരിശോധിച്ച് അവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. പരിശോധനയ്ക്ക് ശേഷം, ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഔഷധസസ്യങ്ങളും വേരുകളും ചേർത്താണ് മിക്സോളജിസ്റ്റ് പാനീയങ്ങൾ തയ്യാറാക്കുന്നത്.

പങ്ക് വെൽനസ്

സാധാരണ ബാറുകളിൽ മദ്യക്കുപ്പികൾ നിരത്തി വെച്ചിരിക്കുന്ന സ്ഥാനത്ത് ഇവിടെ ഔഷധങ്ങൾ സൂക്ഷിക്കുന്ന തടിയിലുള്ള ചെറിയ ഡ്രോയറുകളാണ് കാണാൻ കഴിയുക. ഗോജി ബെറികൾ, ഏഞ്ചലിക്ക റൂട്ട് തുടങ്ങിയ ഔഷധങ്ങളുടെ സുഗന്ധമാണ് ഈ ബാറിലുടനീളം. ഇത്തരത്തിലുള്ള 'ടിസിഎം ബാറുകൾ' ഇപ്പോൾ ചൈനയിലെ പല നഗരങ്ങളിലും വ്യാപകമാവുകയാണ്. കടുത്ത മാനസിക സമ്മർദ്ദവും സമയക്കുറവും അനുഭവിക്കുന്ന യുവാക്കൾക്കിടയിൽ പ്രചാരത്തിലുള്ള "പങ്ക് വെൽനസ്" എന്ന ജീവിതരീതിയുടെ പ്രതിഫലനമാണിത്. അമിതമായി ജോലി ചെയ്യുകയും വൈകി ഉറങ്ങുകയും ജങ്ക് ഫുഡ് കഴിക്കുകയും ചെയ്യുന്നതിലൂടെ ശരീരം മോശമാകുമ്പോൾ തന്നെ, ഇത്തരം ഹെൽത്ത് ഡ്രിങ്കുകളിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനെയാണ് അവർ 'പങ്ക് വെൽനസ്' എന്ന് വിളിക്കുന്നത്.

ഔഷധ വീഞ്ഞ്

രാത്രി വൈകി ഉറങ്ങുകയും ഫാസ്റ്റ് ഫുഡ് കഴിക്കുകയും ചെയ്യുന്ന താൻ ജോലി കഴിഞ്ഞാൽ ഇത്തരം ബാറുകളിൽ വരാൻ ഇഷ്ടപ്പെടുന്നുവെന്ന് 26 കാരിയായ ഹെലൻ ഷാവോ പറയുന്നു. മദ്യപിക്കുന്നതിനോടൊപ്പം തന്നെ തന്‍റെ ആരോഗ്യത്തെക്കുറിച്ച് ഒരു ധാരണ ലഭിക്കാനും ഇത് സഹായിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. ബാർ ഉടമയും ടി.സി.എം വിദഗ്ധനുമായ ഡിങ്ങ് പറയുന്നത്, ചൈനീസ് മരുന്നുകളും മദ്യവും തമ്മിലുള്ള ഈ കൂട്ടുക്കെട്ട് പുതിയൊരു കാര്യമല്ലെന്നാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ, ചൈനീസ് വൈദ്യശാസ്ത്രത്തിൽ ഇതിന് വലിയൊരു ചരിത്രമുണ്ട്. പണ്ട് ഇത് 'ഔഷധ വീഞ്ഞ്' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.