ടെന്‍ഷന്‍ കുറക്കാന്‍ കൊതുകുകളെ കൊന്ന് പുസ്തകത്തിലൊട്ടിച്ചു വയ്ക്കും, വിചിത്രമായ വിനോദമുള്ള പെണ്‍കുട്ടി

By Web TeamFirst Published Jan 19, 2021, 12:37 PM IST
Highlights

പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും മികച്ച പ്രകടനം നടത്താനുള്ള സമ്മർദ്ദം വളരെ കൂടുതലായിരുന്നു. തണുപ്പുകാലത്തെത്തുടർന്ന് ദില്ലിയിൽ കൊതുകുകൾ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതും അപ്പോഴായിരുന്നു.

ഇന്ത്യയെ കാലങ്ങളായി അലട്ടുന്ന ഒരു പ്രശ്നമാണ് കൊതുക് പരത്തുന്ന രോഗങ്ങൾ. 2019 -ൽ മാത്രം 487,000 മലേറിയ, ഡെങ്കി, ചിക്കുൻ‌ഗുനിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊതുകിന്റെ കടികൊള്ളാത്ത ആളുകളുണ്ടാകില്ല. 19 -കാരിയായ ശ്രേയ മോഹൻപാത്രയും ഇവരിൽ ഒരാളാണ്. കൊതുകിനെ അകറ്റി നിർത്താനായി ഇലക്ട്രിക് മെഷീനുകളും, കോയിലുകളും റാക്കറ്റും ഒക്കെ അവൾ പരീക്ഷിച്ചു. ഒരു കാര്യവുമുണ്ടായില്ല. ഒടുവിൽ സ്വന്തം കൈതന്നെ ആയുധമാക്കാൻ അവൾ തീരുമാനിച്ചു. അതോടെ അതവൾക്ക് ഒരു വിനോദമായി മാറി. ടെൻഷൻ അകറ്റാൻ അവൾ തന്നെ കണ്ടെത്തിയ മാർഗ്ഗം. പലരും ടെൻഷൻ വന്നാൽ പാട്ടു കേൾക്കുകയോ, ഒന്ന് പുറത്തിറങ്ങി നടക്കുകയോ ഒക്കെയാണ് ചെയ്യാറുള്ളത്. എന്നാൽ, ശ്രേയ കൊതുകിനെ കൊന്നാണ് ടെൻഷൻ അകറ്റുന്നത്. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഇത് വളരെ പരിശീലനവും, സൂക്ഷ്മതയും വേണ്ട ഒന്നാണെന്നാണ് ശ്രേയയുടെ പക്ഷം. ഇങ്ങനെ കൊന്ന കൊതുകുകളെ അവൾ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും മികച്ച പ്രകടനം നടത്താനുള്ള സമ്മർദ്ദം വളരെ കൂടുതലായിരുന്നു. തണുപ്പുകാലത്തെത്തുടർന്ന് ദില്ലിയിൽ കൊതുകുകൾ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതും അപ്പോഴായിരുന്നു. “എന്റെ ബയോളജി പരീക്ഷയുടെ തലേദിവസം. പഠിച്ചതിന് ശേഷം ഞാൻ കൊതുകിനെ ഒന്നിനു പുറകെ ഒന്നായി കൊന്ന് ഒരു പാത്രത്തിൽ ശേഖരിച്ചു” ശ്രേയ ഓർക്കുന്നു. അവയെ കൊല്ലാൻ തുടങ്ങിയതോടെ പരീക്ഷയുടെ എല്ലാ സമ്മർദ്ദങ്ങളും അവൾ മറന്നുവത്രെ. അവൾ ചത്ത കൊതുകുകളെ അക്കമിട്ട് ഒരു നോട്ട്ബുക്കിൽ ഒട്ടിക്കാനും ഒരു ട്രോഫിപോലെ സൂക്ഷിക്കാനും തുടങ്ങി. പിന്നീട് ഇതവൾക്കൊരു വിനോദമായി മാറി. പതുക്കെ കൊതുകിനെ ചതക്കാതെ തന്നെ കൊല്ലുന്ന ഒരു സാങ്കേതികവിദ്യ അവൾ വികസിപ്പിച്ചെടുത്തു. പതിനാലാം വയസ്സിൽ കഠിനമായ ഡെങ്കിപ്പനി ബാധിച്ചത്തോടെ കൊതുകുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവൾ കൂടുതൽ ബോധവതിയായി. ഇത്ര വിദ​ഗ്ദ്ധമായി കൊതുകുകളെ കൊല്ലുന്ന ഇവളുടെ ഈ കഴിവിനെ കുറിച്ച് ആദ്യമൊന്നും ആർക്കും അറിയില്ലായിരുന്നു. എന്നാൽ, 2020 ഒക്ടോബറിൽ, “how it started vs. how it’s going” എന്ന തലക്കെട്ടിൽ ട്വിറ്ററിൽ അവൾ കൊന്ന കൊതുകുകളുടെ ചിത്രങ്ങൾ പങ്കിട്ടു.  

അധികം താമസിയാതെ ചിത്രത്തിന് 110 k ലൈക്കുകളും, 25,000 തവണ ഷെയറും വന്നു. ക്രമേണ, 5,500 -ലധികം ആളുകൾ അവളെ പിന്തുടരാൻ തുടങ്ങി. എന്നാൽ, ആളുകളിൽ നിന്ന് പലരീതിയിലുള്ള പ്രതികരണമായിരുന്നു അവൾക്ക് ലഭിച്ചത്. പലരും അവളെ “സൈക്കോപാത്ത്”, “സീരിയൽ കില്ലർ” എന്നൊക്കെ വിളിച്ചു. ചിലർ വിചിത്രമായ രീതിയിലുള്ള പ്രതികാരം എന്നും പറഞ്ഞു. പലരുടെയും പരിഹാസങ്ങൾ അവളെ വിഷമിപ്പിച്ചെങ്കിലും അവൾ കൊതുകുകളെ കൊല്ലുന്നത് തുടർന്നു. അവളുടെ ഈ വിചിത്രമായ വിനോദങ്ങൾ ആദ്യമൊക്കെ മാതാപിതാക്കൾ എതിർത്തു. “ഈ നോട്ട്ബുക്കുമായി ഞാൻ വളരെ ബന്ധപ്പെട്ടിരിക്കുന്നു. എന്റെ കുടുംബം ഇത് വലിച്ചെറിയുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തുമായിരുന്നു. പക്ഷേ എനിക്ക് അത് സഹിക്കാൻ കഴിയില്ല” അവൾ പറഞ്ഞു. എന്നാൽ, പിന്നീട് വീട്ടുകാർ ഇതിനെ സ്വീകരിയ്ക്കാൻ തുടങ്ങി. ഭാവിയിൽ, ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടെക്സ്റ്റൈൽ പ്രിന്റുകൾ രൂപകൽപ്പന ചെയ്ത് തന്റെ ഹോബിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിക്കുകയാണ് ശ്രേയ.

click me!