കൊവിഡ് ബാധിക്കുമോ എന്ന ഭയം, ഇന്ത്യൻ വംശജൻ വിമാനത്താവളത്തിലൊളിച്ചു കഴിഞ്ഞത് മൂന്നുമാസം, പിടിക്കപ്പെട്ടതിങ്ങനെ

By Web TeamFirst Published Jan 19, 2021, 12:13 PM IST
Highlights

1,000 ഡോളർ അടച്ചാൽ മാത്രമേ അയാൾക്ക് ജാമ്യം കിട്ടുകയുള്ളൂ. കൂടാതെ അയാളെ വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് കോടതി വിലക്കുകയും ചെയ്തിട്ടുണ്ട്. 

കൊറോണ വൈറസ് എന്ന മഹാമാരി നമ്മെ വിടാതെ പിന്തുടരുമ്പോൾ, പലർക്കും പഴയപോലെ പുറത്തിറങ്ങാനും, യാത്ര ചെയ്യാനും ഭയമാണ്, പ്രത്യേകിച്ച് പ്രായമായവർക്ക്. ഇന്ത്യൻ വംശജനായ ഒരു കാലിഫോർണിയക്കാരൻ എന്നാൽ കൊവിഡ് വന്നേക്കുമോ എന്നാശങ്കപ്പെട്ട്, വീട്ടിൽ പോകാൻ ഭയന്ന് എന്താണ് ചെയ്തതെന്നോ? ചിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മാസത്തോളം ഒളിച്ച് താമസിച്ചു. എന്നാൽ, എങ്ങനെയാണ് ആരുടേയും ശ്രദ്ധയിൽ പെടാതെ അയാൾ ഒളിച്ച് താമസിച്ചതെന്നത് എല്ലവരെയും അദ്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയാണ്. ഒടുവിൽ സംശയം തോന്നിയ എയർലൈൻസിലെ ജീവനക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. വിമാനത്താവളത്തിലെ നിയന്ത്രിത പ്രദേശത്ത് അതിക്രമിച്ച് കയറിയതിനും, തെറ്റായ പെരുമാറ്റത്തിനും 36 -കാരനായ ആദിത്യ സിങ്ങിനെ പ്രാദേശിക അധികാരികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. 

ഒക്ടോബർ 19 -ന് ലോസ് ഏഞ്ചൽസിൽ നിന്ന് ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനത്തിലാണ് സിങ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിൽ എത്തിയ അയാൾ അവിടത്തെ സുരക്ഷാമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ, ഈ സംഭവം അധികൃതരെ ഒന്നടങ്കം ഞെട്ടിച്ചു. മൂന്നുമാസത്തോളം ആരുടേയും ശ്രദ്ധയിൽ പെടാതെ ഒളിവിൽ കഴിഞ്ഞ സിങ് മറ്റ് യാത്രക്കാർ നൽകിയ ഭക്ഷണപ്പൊതികൾ കഴിച്ചാണ് ജീവിച്ചത്. എന്നാൽ, ഒരുദിവസം യുണൈറ്റഡ് എയർലൈൻസിലെ രണ്ട് ജീവനക്കാർ അയാളുടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വെളിച്ചത്തായത്. സിങ്, തന്ത്രപൂർവ്വം, താൻ ധരിച്ചിരുന്ന എയർപോർട്ട് ഐഡി ബാഡ്ജ് അവരെ കാണിച്ചു. എന്നാൽ, ഈ ബാഡ്ജ് പിന്നീട് ഒരു ഓപ്പറേഷൻ മാനേജരുടെതാണെന്ന് കണ്ടെത്തി. ബാഡ്ജ് കാണാതായതിനെ തുടർന്ന് ആ മാനേജർ ഒക്ടോബർ 26 -ന് പരാതി നൽകിയിരുന്നു.  

സിംഗിന്റെ കള്ളത്തരം കണ്ടുപിടിച്ച യുണൈറ്റഡ് എയർലൈൻസ് ജീവനക്കാർ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. വിമാനത്താവളത്തിലെ ഗേറ്റ് എഫ് 12 -ന് സമീപമുള്ള ടെർമിനൽ 2 -ൽ നിന്ന് ഇയാളെ മണിക്കൂറുകൾക്കകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്പിറ്റാലിറ്റിയിൽ ബിരുദാനന്തര ബിരുദം നേടിയ സിങ്ങിന് വ്യക്തമായ രേഖയുണ്ടെന്നും ക്രിമിനൽ പശ്ചാത്തലമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അസിസ്റ്റന്റ് പബ്ലിക് ഡിഫെൻഡർ കോർട്ട്നി സ്മോൾവുഡ് അഭിപ്രായപ്പെട്ടു. ലോസ് ഏഞ്ചൽസിന്റെ അടുത്തുള്ള ഓറഞ്ചിലെ ഒരു നിവാസിയാണ് സിങ്. കൂടാതെ അദ്ദേഹം ജോലിയില്ലാത്തയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു. 1,000 ഡോളർ അടച്ചാൽ മാത്രമേ അയാൾക്ക് ജാമ്യം കിട്ടുകയുള്ളൂ. കൂടാതെ അയാളെ വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് കോടതി വിലക്കുകയും ചെയ്തിട്ടുണ്ട്. “ഇന്നത്തെ കാലഘട്ടത്തിൽ ഈ വസ്തുതകളും സാഹചര്യങ്ങളും തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി കണ്ടെത്തുന്നു” ജഡ്ജി ഒറിറ്റ്സ് പറഞ്ഞു. ആളുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യേണ്ട വിമാനത്താവളങ്ങൾ, യഥാർത്ഥത്തിൽ സുരക്ഷിതമാണോ എന്ന് ഇത്തരം സംഭവങ്ങൾ നമ്മെ ചിന്തിപ്പിക്കുന്നു.  

click me!