ഒരു സെക്സ് റാക്കറ്റിലെ മുഴുവന്‍ പേര്‍ക്കും ശിക്ഷ വാങ്ങിനല്‍കിയ രണ്ട് പെണ്‍കുട്ടികള്‍

By Web TeamFirst Published Jan 13, 2019, 1:26 PM IST
Highlights

ലതയുടെ പിതാവ് പാവപ്പെട്ട ഒരു കൂലിപ്പണിക്കാരനായിരുന്നു. ഗീത തന്നെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് ലതയ്ക്ക് അറിയില്ലായിരുന്നു. ലതയുമായെത്തിയ ഗീതയേയും ദമ്പതികള്‍ പുറത്ത് വിട്ടില്ല. ഇത്തരം റാക്കറ്റുകള്‍ പാവപ്പെട്ട വീട്ടിലെ, വിവരങ്ങള്‍ പുറത്തു പറയാന്‍ ഭയക്കുന്ന കുട്ടികളെയാണ് എപ്പോഴും ലക്ഷ്യം വെച്ചിരുന്നത് എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. മാത്രമല്ല ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ചെറിയ പങ്ക് തുകയും ഇവര്‍ക്ക് നല്‍കി. അവര്‍ക്ക് ഒരേ സമയം ഭയവും കുറ്റബോധവുമുണ്ടായിരുന്നു. 

ജനുവരി 4... കൂഡല്ലൂര്‍ ജില്ലയിലെ പ്രത്യേക മഹിളാ കോടതി ഒരു പ്രധാന കേസിന് ശിക്ഷ വിധിച്ചു. തമിഴ് നാട്ടിലെ ഒരു സെക്സ് റാക്കറ്റിലെ 16 പേര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2014 -ലെ ഈ കേസില്‍ തമിഴ്നാട്ടില്‍ നിന്നുള്ള പത്തൊമ്പതോളം പുരുഷന്മാരെയും സ്ത്രീകളെയും വിസ്തരിച്ചിരുന്നു. കേസില്‍ പ്രതിയായ ഒരു വൈദികന് 30 വര്‍ഷം തടവും, ഒരാള്‍ക്ക് മൂന്ന് ജീവപര്യന്തവും, രണ്ട് പ്രതികള്‍ക്ക് നാല് ജീവപര്യന്തവും, മറ്റ് അഞ്ചുപേര്‍ക്ക് പത്തുവര്‍ഷം കഠിന തടവും മഹിളാ കോടതി ജഡ്ജി ലിംഗേശ്വരന്‍ വിധിച്ചു.

13, 14 വയസുള്ള രണ്ട് പെണ്‍കുട്ടികളായിരുന്നു പരാതിക്കാര്‍. പീഡനത്തിന്‍റെയും മനുഷ്യക്കടത്തിന്‍റെയും ഇരകളായിരുന്നു ഇവര്‍. ഗീതയും ലതയും (പേരുകള്‍ സാങ്കല്‍പികം). മാസങ്ങളോളമാണ് ഈ രണ്ട് പെണ്‍കുട്ടികളെയും ഇവര്‍ ഉപദ്രവിച്ചത്. അവരുടെ കയ്യില്‍ നിന്ന് മാസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കു ശേഷം രക്ഷപ്പെടുക മാത്രമല്ല ഈ പെണ്‍കുട്ടികള്‍ ചെയ്തത്. അതിലെ മുഴുവന്‍ ആളുകളെയും ജയിലിലടക്കാനായി അഞ്ച് വര്‍ഷത്തോളം നിയമപോരാട്ടം നടത്തുകയും ചെയ്തു. 

ഇതില്‍പെട്ട പതിനാറു പേര്‍ക്കും നാല് തവണ ജീവപര്യന്തമടക്കം ശിക്ഷകള്‍ കിട്ടി. അതില്‍ ഒരു സ്ത്രീ സെക്സ് റാക്കറ്റില്‍ പെട്ടുപോയ ഇരയാണ് എന്നതിനാല്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചു. ശിക്ഷിക്കപ്പെട്ടവരില്‍ കുട്ടികളെ അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച ഒരു വൈദികനും അറസ്റ്റിലായിരുന്നു.

ലതയുടെ അച്ഛനില്‍ നിന്നും, പെണ്‍കുട്ടിയെ കാണാതായി എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് 2014 -ലാണ് കേസില്‍ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണം എത്തിച്ചേര്‍ന്നത് സംസ്ഥാനത്തെ ഏറ്റവും അപകടകരമായ ട്രാഫിക്കിങ് റാക്കറ്റിലേക്കാണ്. തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ തിത്താക്കുടി പൊലീസ് ഇതിലുള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. പക്ഷെ, അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന്, സിബി സിഐഡി കേസ് ഏറ്റെടുക്കുകയും 2018 -ല്‍ കേസ് കോടതിയിലെത്തുകയും ചെയ്തു.

എങ്ങനെ പെണ്‍കുട്ടികള്‍ ഇവരുടെ കയ്യിലകപ്പെട്ടു

2014 -ന്‍റെ തുടക്കത്തില്‍ 13 വയസുള്ള ഗീത, ധനലക്ഷ്മിയെ കണ്ടുമുട്ടുന്നു. ഗീതയ്ക്ക് അച്ഛനും അമ്മയുമില്ലായിരുന്നു. അമ്മമ്മയാണ് അവളെ നോക്കിയിരുന്നത്. ധനലക്ഷ്മി കൂഡല്ലൂരില്‍ ഗീതയുടെ വീടിനടുത്ത് റോഡ് സൈഡില്‍ ഇഡലി വില്‍ക്കുന്ന ആളായിരുന്നു. ഗീത ഒരിക്കല്‍ ധനലക്ഷ്മിയുടെ വീട്ടിലെത്തിയപ്പോള്‍ ധനലക്ഷ്മിയും ഭര്‍ത്താവും ചേര്‍ന്ന് അവളെ പിടികൂടുകയും ക്വാര്‍ട്ടേഴ്സിലേക്ക് വലിച്ചിഴക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് അവള്‍ പീഡനത്തിനിരയാവുകയും അവളെ ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

അവളെ സ്വാധീനിക്കാനും അനുസരിപ്പിക്കാനുമായി നിരവധി മാര്‍ഗങ്ങള്‍ ധനലക്ഷ്മിയും സംഘവും ചെയ്തിരുന്നുവെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ സെല്‍വ പ്രിയ പറയുന്നു. സെല്‍വ പ്രിയയാണ് ഈ കേസ് കൈകാര്യം ചെയ്തിരുന്നത്. പീഡനത്തിനു ശേഷം അവളെ അവര്‍ വീട്ടിലേക്ക് വിട്ടില്ല. മാത്രവുമല്ല അവള്‍ക്ക് വില കൂടിയ അവളൊരിക്കലും കണ്ടിട്ടു പോലുമില്ലാത്ത ഭക്ഷണങ്ങളും മറ്റും നല്‍കി. നടന്നത് പുറത്താരോടും പറയരുതെന്ന് അവളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ വല്ലവരോടും പറഞ്ഞാല്‍ ഗീതയുടെ സ്വഭാവം മോശമാണെന്ന് നാട്ടുകാരോട് പറയുമെന്നും അവളെ ഭീഷണിപ്പെടുത്തി. 

ഈ ദമ്പതികള്‍ ഒരു സെക്സ് റാക്കറ്റിന്‍റെ ഭാഗമായിരുന്നു. ഇവര്‍ ഗീതയെ സ്കൂളിലോ പുറത്തേക്കോ വിടാതെ പലരുടെയും മുന്നിലെത്തിക്കുകയും ചെയ്തു. പിന്നെയും മൂന്ന് പുരുഷന്മാര്‍ക്ക് കൂടി അവളെ അവര്‍ നല്‍കി. ബ്ലാക്ക് മെയില്‍ ചെയ്യുമെന്ന് ഭയന്ന ഗീത ആരോടും ഒന്നും പറഞ്ഞില്ല. പക്ഷെ, പിന്നീടൊരിക്കല്‍ അവള്‍ക്ക് നോ പറയാനുള്ള ധൈര്യം കിട്ടി. അവള്‍ക്ക് പോകുന്നെങ്കില്‍ പോകാം, പക്ഷെ, പകരം ഒരാളെ അവര്‍ക്ക് എത്തിച്ചു നല്‍കണമെന്ന് ദമ്പതികള്‍ അവളോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് 14 വയസുകാരിയായ ലത റാക്കറ്റിന്‍റെ കയ്യിലകപ്പെടുന്നത്. 

ലതയുടെ പിതാവ് പാവപ്പെട്ട ഒരു കൂലിപ്പണിക്കാരനായിരുന്നു. ഗീത തന്നെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് ലതയ്ക്ക് അറിയില്ലായിരുന്നു. ലതയുമായെത്തിയ ഗീതയേയും ദമ്പതികള്‍ പുറത്ത് വിട്ടില്ല. ഇത്തരം റാക്കറ്റുകള്‍ പാവപ്പെട്ട വീട്ടിലെ, വിവരങ്ങള്‍ പുറത്തു പറയാന്‍ ഭയക്കുന്ന കുട്ടികളെയാണ് എപ്പോഴും ലക്ഷ്യം വെച്ചിരുന്നത് എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. മാത്രമല്ല ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ചെറിയ പങ്ക് തുകയും ഇവര്‍ക്ക് നല്‍കി. അവര്‍ക്ക് ഒരേ സമയം ഭയവും കുറ്റബോധവുമുണ്ടായിരുന്നു. 

ഈ ഭയപ്പെടുത്തുന്ന അവസ്ഥയും പീഡനങ്ങളും പെട്ടെന്ന് അവസാനിക്കും എന്നായിരുന്നു ഗീതയും ലതയും വിശ്വസിച്ചിരുന്നത്. എന്നാല്‍, ജൂണ്‍ മാസത്തോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമായി. പലപല ബ്രോക്കര്‍മാരുടേയും വീടുകളിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊണ്ടിരുന്നു. നിരവധി പേര്‍ അവിടെ എത്തി. ആ സമയത്താണ് ലതയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുന്നത്. മകളെ കാണുന്നില്ല എന്നായിരുന്നു പരാതി. ഈ പെണ്‍കുട്ടികള്‍ വസ്തുക്കളെ പോലെ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നു അഡ്വ. സെല്‍വി പ്രിയ പറയുന്നു. അരുള്‍ദാസ് എന്ന് പേരുള്ള ഒരു വൈദികനും കേസില്‍ പ്രതിയായിരുന്നു. കൂഡല്ലൂരിലെ അടുത്ത പ്രദേശത്തേക്ക് അയക്കപ്പെടും മുമ്പ് പെണ്‍കുട്ടികള്‍ രണ്ട് ദിവസം താമസിച്ചത് ഈ വൈദികനൊപ്പമായിരുന്നു. അവിടെ വച്ച് നിരവധി തവണ വൈദികന്‍ ഗീതയെ പീഡിപ്പിച്ചു. മാത്രമല്ല രണ്ട് പെണ്‍കുട്ടികളെയും അശ്ലീലചിത്രങ്ങള്‍ കാണിക്കുയും ചെയ്തു. 30 വര്‍ഷം തടവാണ് വൈദികന് ലഭിച്ച ശിക്ഷ. 

അവിടെ വച്ച് ലതയെ മറ്റൊരു ബ്രോക്കര്‍ ദമ്പതികള്‍ സേലത്തേക്ക് കൊണ്ടുപോയി. ഇതാണ് പൊലീസിനേയും വലച്ചത്. അവര്‍ക്ക് ഇവരെ കണ്ടെത്താനായില്ല. അവിടെവച്ച്, ഫാത്തിമ എന്ന് പേരായ ഒരു ബ്രോക്കറുടെ വീട്ടില്‍ നിന്നും ലതയും ഗീതയും ഒരുമിച്ച് രക്ഷപ്പെടുകയായിരുന്നു. അവിടം മുതല്‍ അവര്‍ പോരാട്ടം തുടങ്ങി. 

പെണ്‍കുട്ടികള്‍ തിരിച്ചെത്തിയതോടെ അവരെ ഉപദ്രവിച്ചവരും സെക്സ് റാക്കറ്റില്‍ അംഗമായവരുടേയും പല പേരുകളും അവര്‍ വെളിപ്പെടുത്തി. അവരെ കണ്ടെത്തുക പൊലീസിന് എളുപ്പമായിരുന്നില്ല. പലര്‍ക്കും കൃത്യമായ വിലാസം പോലും ഇല്ലായിരുന്നു. ഒരാള്‍ പിടിയിലകപ്പെട്ട വിവരമറിഞ്ഞാല്‍ മറ്റുള്ളവര്‍ രക്ഷപ്പെടുമെന്നും പൊലീസിന് ഉറപ്പായിരുന്നു. രണ്ട് വര്‍ഷമായിട്ടും പ്രധാനപ്പെട്ട പ്രതികളെയൊന്നും പിടികൂടാനായില്ല. അതോടെ ലതയുടെ പിതാവ് സിബി സിഐഡി അന്വേഷണം ആവശ്യപ്പെട്ടു. സിബി സിഐഡി അന്വേഷണം ഏറ്റെടുത്തു. രണ്ട് പേര്‍ അപ്പോഴും രക്ഷപ്പെട്ടു. അവരെ കണ്ടെത്താനായിരുന്നു പിന്നത്തെ ശ്രമം. സതീഷ് കുമാര്‍ ഭാര്യ തമിളരശി എന്നിവരായിരുന്നു അവര്‍. സതീഷ് കുമാര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഭാര്യ അതിന് കൂട്ടുനിന്നു. 

അവരെയടക്കം പിടികൂടാനായത് രണ്ട് പെണ്‍കുട്ടികളും ധൈര്യത്തോടെ അന്വേഷണത്തിനൊപ്പം നിന്നതുകൊണ്ടാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പോസ്കോ ആക്ട് അടക്കം ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ സഹായത്തോടെ സംസ്ഥാനത്ത് ഒട്ടാകെയുള്ള സെക്സ് റാക്കറ്റിലെ ഓരോ കണ്ണിയേയും പിടികൂടിയിരുന്നു. 

പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തിലുള്ള ശിക്ഷകളാണ് പ്രതികള്‍ക്ക് വിധിച്ചിരിക്കുന്നത്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ഇതേ ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഉണ്ട് എന്നതിനാലാണ് ഇത്. 

പെണ്‍കുട്ടികള്‍ രണ്ടുപേരും പഠനം തുടരുന്നു. ലത നേഴ്സാകാന്‍ പരിശീലിക്കുകയാണ്. ഗീത സംഭവിച്ചതില്‍ നിന്ന് മുക്തയായിക്കൊണ്ടിരിക്കുന്നു. രണ്ടുപേര്‍ക്കും ഇപ്പോള്‍ പതിനെട്ട് വയസ് കഴിഞ്ഞു. ലത ഹോസ്പിറ്റലിലും ഗീത അമ്മമ്മയുടെ കൂടെയും താമസിക്കുന്നു. 

click me!