എയിംസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഡോക്ടർമാരുടെ അനുഭവങ്ങൾ, സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് വിജയത്തിന് എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നു. അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഏകാഗ്രതയെയും പഠനത്തെയും എങ്ങനെ ബാധിക്കുന്നു.

മിതമായ സ്മാർട്ട്ഫോൺ ഉപയോഗവും സമൂഹ മാധ്യമ ലഹരിയും കൗമാരക്കാരെയും മുതിർന്നവരെയും ഒരുപോലെ തളർത്തുന്ന കാലത്ത്, ഡിജിറ്റൽ ലോകത്ത് നിന്നുള്ള വിട്ടുനിൽക്കൽ വലിയ വിജയങ്ങളിലേക്ക് നയിക്കുമെന്ന് തെളിയിക്കുകയാണ് എയിംസിലെ വിദഗ്ധർ. ഐഎൻഐ - സിഇടി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 15-ാം റാങ്ക് നേടിയ ഡോ. അൻവേഷയുടെയും, എയിംസിലെ റേഡിയോളജിസ്റ്റായ ഡോ. ദത്തയുടെയും അനുഭവങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

ബുദ്ധിയേക്കാൾ പ്രധാനം അച്ചടക്കം

കഠിനമായ മത്സര പരീക്ഷകളിൽ വിജയിക്കാൻ ബുദ്ധിശക്തിയേക്കാൾ ഉപരിയായി അച്ചടക്കമാണ് വേണ്ടതെന്ന് ഡോ. അൻവേഷ പറയുന്നു. പരീക്ഷാ തയ്യാറെടുപ്പിനിടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകൾ പൂർണ്ണമായും ഒഴിവാക്കിയത് തന്‍റെ ഏകാഗ്രത വർദ്ധിപ്പിച്ചു. മുൻപ് പരാജയപ്പെട്ടപ്പോൾ തന്‍റെ പോരായ്മകൾ തിരിച്ചറിഞ്ഞ് പഠനരീതി മാറ്റിയതാണ് എയിംസ് പ്രവേശന പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിക്കൊടുത്തതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

Scroll to load tweet…

സമൂഹ മാധ്യമങ്ങളെ അകറ്റി നിർത്തുക

ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ അവസരമാക്കി മാറ്റാം എന്നതിന്‍റെ ഉദാഹരണമാണ് ഡോ. ദത്ത പങ്കുവെച്ച അനുഭവം. 2020-ൽ നീറ്റ് പിജി പരീക്ഷയിൽ 13,000 -ാം റാങ്ക് മാത്രം ലഭിച്ച സമയത്താണ് തന്‍റെ പ്രണയ ബന്ധം തകരുന്നത്. എന്നാൽ, ആ തകർച്ചയിൽ തളരാതെ, വാട്സാപ്പും ക്രോമും ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ തടസ്സങ്ങളും ഫോണിൽ നിന്ന് നീക്കം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. അഞ്ച് മാസത്തോളം സമൂഹ മാധ്യമങ്ങളിൽ നിന്ന് പൂർണ്ണമായും മാറിനിന്ന് പഠിച്ചതോടെ എയിംസിൽ പിജി സീറ്റ് എന്ന സ്വപ്നം അദ്ദേഹം യാഥാർത്ഥ്യമാക്കി. ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത്, താൽക്കാലികമായെങ്കിലും സമൂഹ മാധ്യമം ഉപേക്ഷിക്കുന്നത് എപ്പോഴും മൂല്യമുള്ള ഒന്നായിരിക്കുമെന്നാണ് ഡോ. ദത്ത പറയുന്നത്.

സമയം കൊല്ലികൾ

സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ റീലുകളിലും ഷോർട്ട് വീഡിയോകളിലും സമയം കളയുന്നത് ഗൗരവകരമായ പ്രശ്നമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വെറുതെ സ്ക്രോൾ ചെയ്യുന്നത് തലച്ചോറിന്‍റെ കോഗ്നിറ്റീവ് മെമ്മറിയെ ദോഷകരമായി ബാധിക്കും. ചെറിയ വീഡിയോകൾ തുടർച്ചയായി കാണുന്നത് ദീർഘനേരം ഒരു കാര്യത്തിൽ ശ്രദ്ധിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു. അഞ്ച് മിനിറ്റ് കൂടിയെന്ന് കരുതി തുടങ്ങുന്ന ഉപയോഗം മണിക്കൂറുകളോളം നീണ്ടുപോകുന്നത് മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്നു.