
പരപ്പനങ്ങാടി: മുന്നില്‍ കടലായിരുന്നു. പിന്നില്‍ അവര്‍ കടന്നു പോന്ന ജീവിതത്തിന്റെ അലകടലുകള്‍.
സങ്കടവും നിസ്സഹായതയും അതിരിട്ട ജീവിതത്തിന്റെ ആ കടലുകള്‍ താണ്ടിയാണ് അവരുടെ വീല്‍ ചെയറുകള്‍ ഇരമ്പിയാര്‍ക്കുന്ന കടലിനടുത്തേക്ക് ചെന്നത്. കടല്‍ കണ്ടപ്പോള്‍ അവര്‍ ആകെയിളകി. ഒരിക്കലും അരികില്‍ വരാത്ത വിധം ജീവിതം സന്തോഷം കൊണ്ടും ചങ്ങാത്തം കൊണ്ടും അവരെ തൊട്ടു. അതുവരെ, അവരില്‍ പലരും വായിച്ചും കേട്ടും മാത്രം അറിഞ്ഞ സാന്നിധ്യമായിരുന്നു കടല്‍. അതാണ് ഇപ്പോള്‍ തൊട്ടു മുന്നില്‍. ആകാശത്തെയും കടലിനെയും സാക്ഷിയാക്കി അവര്‍ ആ നിമിഷങ്ങളെ ഉള്ളിനുള്ളിലേക്ക് ആവാഹിച്ചു. ജീവിതത്തില്‍ എന്നും കരുത്താവുന്ന ആ അനുഭവത്തെ ഓര്‍മ്മകളുടെ ആല്‍ബത്തിലേക്ക് പകര്‍ത്തി.
പരപ്പനങ്ങാടി ബീച്ചിലാണ്, വീല്‍ ചെയറുകളില്‍ ജീവിക്കുന്ന ഒരു പറ്റം സ്ത്രീകള്‍ ഒരുമിച്ചു കൂടിയത്. മനുഷ്യാവകാശ സംഘടനയായ ഗ്രീന്‍ പാലിയേറ്റീവ് ഇന്നും നാളെയുമായി നടത്തുന്ന 'പെണ്‍ശലഭക്കൂട്ടം' എന്ന പരിപാടിയുടെ ഭാഗമായാണ് ജീവിതം വീല്‍ ചെയറുകളിലേക്ക് ബലമായി പിടിച്ചിരുത്തിയ അനേകം സ്ത്രീകള്‍ ആഹ്ലാദത്തോടെ കടല്‍ത്തീരത്ത് ഒന്നിച്ചത്. കടല്‍ കണ്ടും തിരമാലകളെ തൊട്ടും സന്ധ്യമാറി ഇരുട്ടു വീണിട്ടും തിരിച്ചുപോരാന്‍ മനസ്സില്ലാതെ അവര്‍ ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാത്ത ആനന്ദവും അഭയവും ആശ്വാസവും അനുഭവിക്കുകയായിരുന്നു.
ചിറകറ്റവരെന്ന് കൂട്ടിലൊതുങ്ങിപ്പോയ 38 സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തിന്റെ ചിറകുകള്‍ മുളപ്പിച്ച 'പെണ്‍ശലഭക്കൂട്ടം' പരിപാടി ഇന്നും നാളെയുമായി പരപ്പനങ്ങാടി സോഫ്റ്റ് അക്കാദമി ക്യാംമ്പസിലാണ് നടക്കുന്നത്. ഗ്രീന്‍ പാലിയേറ്റീവ് നടത്തുന്ന അനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ആ പരിപാടി. 'പെണ്ണായത് കൊണ്ടോ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടതുകൊണ്ടോ എല്ലാം അവസാനിക്കുക അല്ലെന്നും അക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്ന അറിവിന്റെ കരുത്തു കൊണ്ടും, സ്വന്തം അധ്വാനം കൊണ്ടുള്ള വരുമാനത്തില്‍ ജീവിക്കുന്നതിന്റെ ആത്മവിശ്വാസം കൊണ്ടും സര്‍ഗ്ഗശേഷി കൊണ്ടും ലോകത്തിന് വര്‍ണ്ണവും തിളക്കവുമായി ചിറകുവീശിപ്പറക്കാന്‍ നമുക്കും സാധിക്കുമെന്നും അന്നവര്‍ തിരിച്ചറിഞ്ഞു. മിണ്ടിയും പറഞ്ഞും കൂടെ ഉണ്ടായിരുന്നവരില്‍നിന്ന് മറ്റുള്ളവര്ിലേക്ക് പകര്‍ന്നത് ആ പോസിറ്റീവ് ഫീല്‍ തന്നെയായയിരുന്നു.
കടല്‍ കണ്ടും തിരമാലകളെ തൊട്ടും സന്ധ്യമാറി ഇരുട്ടു വീണിട്ടും തിരിച്ചുപോരാന്‍ മനസ്സില്ലാതെ അവര്‍ ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാത്ത ആനന്ദവും അഭയവും ആശ്വാസവും അനുഭവിക്കുകയായിരുന്നു.
'ഉപദേശമോട്ടിവേഷന്‍ ക്ലാസ്സുകള്‍ കൊണ്ട് ബോറടിപ്പിക്കാനല്ല, ഒരുമിച്ചിരുന്നും മിണ്ടിയും പറഞ്ഞും പാട്ടുപാടിയും കഥപറഞ്ഞും വരച്ചും കടല് കാണാന്‍ പോയും ക്യാമ്പ് ഫയര്‍ ഒരുക്കിയുമായിരുന്നു ഗ്രീന്‍ പാലിയേറ്റീവ് 'പെണ്‍ശലഭക്കൂട്ടം' എന്ന പരിപാടി ഒരുക്കിയത്. ആ ആഹ്ലാദം നല്‍കുന്ന ആത്മവിശ്വാസത്തിലൂടെ സ്വന്തം കാലില്‍ നില്‍ക്കുന്നതിനു വഴിയൊരുക്കുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
ക്യാമ്പിന്റെ സജീവ സാന്നിധ്യമായിരുന്ന സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാഫിയ ഷെറിന്‍ അതിനെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ ഈ വരികള്‍ കാണുക. അതിലുണ്ട്, ആ പരിപാടിയുടെ മുഴുവ ന്‍ ഊര്‍ജവും:
അവര്‍ കടലിനെ തൊട്ടപ്പോള്‍ ആകാശം ചിരിച്ചു.
43ു വയസ്സുകാരിയായ ആ അമ്മയുടെ വിസ്മയം വിടര്‍ന്ന കണ്ണുകളില്‍ സന്തോഷത്തിരമാലകള്‍ ചിതറി. ആദ്യമായി കടല് കണ്ട ആഹ്ലാദം.
കുഞ്ഞുനാളില്‍ ഉപ്പയുടെ തോളില്‍ ഇരുന്നു കണ്ട കടല്‍ നീണ്ട പതിനെട്ടു വര്‍ഷത്തിന് ശേഷം വീണ്ടും കണ്ണ് നിറയെ കണ്ടപ്പോള്‍ ആ യുവതിയുടെ ഉള്ളില്‍ ഒരു കടല്‍ സന്തോഷം തുളുമ്പി.
അവര്‍ മാത്രമായിരുന്നില്ല കൂട്ടത്തില്‍ ഏറെപ്പേരും കേട്ടറിഞ്ഞും വായിച്ചും മാത്രം അറിഞ്ഞ കടല്‍ എന്ന അത്ഭുതം ജീവിതത്തില്‍ ആദ്യമായി കാണുന്നവരായിരുന്നു!!
'പെണ്‍ശലഭക്കൂട്ടം' ക്യാമ്പില്‍ പങ്കെടുത്തവരുടെ ഇന്നത്തെ സായാഹ്നം പരപ്പനങ്ങാടി ബീച്ചിലായിരുന്നു. വീല്‍ചെയറില്‍ ഒതുങ്ങിപ്പോയ പെണ്‍ജീവിതങ്ങള്‍ക്ക് മോഹിക്കാന്‍ പോലും ആകാത്ത ഒരു സൗഭാഗ്യമെന്ന് കരുതിയ കടല്‍ തൊട്ടുമുന്നില്‍ കണ്ടപ്പോള്‍ അവരുടെ ഉള്ളില്‍ ഉയര്‍ന്ന ആഹ്ലാദവും ആവേശവും കണ്ട് പല ദേശഭാഷകള്‍ കടന്നുപോന്നവരുടെ കാലടിപ്പാടുകള്‍ പതിഞ്ഞ ആ മണല്‍ത്തരികള്‍ പോലും അമ്പരന്നു പോയിട്ടുണ്ടാകും.
അവര്‍ മാത്രമായിരുന്നില്ല കൂട്ടത്തില്‍ ഏറെപ്പേരും കേട്ടറിഞ്ഞും വായിച്ചും മാത്രം അറിഞ്ഞ കടല്‍ എന്ന അത്ഭുതം ജീവിതത്തില്‍ ആദ്യമായി കാണുന്നവരായിരുന്നു!!
നിസ്സാരമെന്ന് നാം കരുതുന്ന ആഹ്ലാദങ്ങളും പോലും നിഷേധിക്കപ്പെടുന്നവരുടെ ഉള്ളില്‍ ആര്‍ത്തലക്കുന്ന സങ്കടക്കടല്‍ നാം എപ്പോഴെങ്കിലും അറിയുന്നുവോ എന്നായിരിക്കും പിറകെ ഓടിവന്ന തിരമാലകള്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞു കൊണ്ടിരുന്നത്.
ഗ്രീന്‍ പാലിയേറ്റീവിന് പിന്തുണ നല്‍കാന്‍ ഈ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാം
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.