
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റിടത്തുനിന്നും ജീവിതത്തിലേക്ക് തിരികെ വരികയാണ് ഹനാന്‍. അതിനിടെയാണ് ഡോക്ടറോട് ഹനാന്‍ ഒരു ചോദ്യം ചോദിച്ചത്, മറ്റൊന്നുമല്ല, 'എനിക്ക് കല്യാണം കഴിക്കാൻ പറ്റുമോ?' എന്ന്. തനിക്ക് പെട്ടെന്ന് എഴുന്നേറ്റ് നടക്കാനാകുമോ എന്നറിയാനായിരുന്നു ഹനാന്‍റെ ഈ ചോദ്യമെന്ന് മനോരമ ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചോദ്യം കേട്ട ഡോക്ടർമാരൊന്ന് ഞെട്ടി. അപകടം നടന്നിട്ട് ഒരു മാസം. വീൽച്ചെയറിലായിരുന്നു മുപ്പത് ദിവസവും ഈ പെൺകുട്ടി. വീൽച്ചെയറിലിരുന്ന് കൊണ്ട് തന്നെ, തീർന്നു പോയെന്ന് മറ്റുള്ളവർ വിധിയെഴുതിയ സ്വപ്നങ്ങളെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അവൾ. അതിൽ വിജയിച്ചു എന്ന് തന്നെ ഹനാൻ ആത്മവിശ്വാസത്തോടെ പറയുന്നു.
എനിക്ക് പിടുത്തം കിട്ടുന്ന ഇടങ്ങളിലെല്ലാം പിടിച്ച് ഞാൻ നടക്കാൻ തുടങ്ങി. അപകടത്തിന് ഒരുമാസം മുമ്പ് വാടകയ്ക്ക് എടുത്തിരുന്ന കട ചില കാരണങ്ങൾ കൊണ്ട് ലഭിച്ചില്ല. കട കിട്ടിയില്ലെങ്കിലും മീൻ കച്ചവടം നടത്താതിരിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഓൺലൈനായി ഫിഷ് മാർക്കറ്റ് ചെയ്യാനാണ് പദ്ധതി. കൊച്ചിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് വിൽപനയ്ക്ക് പ്ലാൻ ചെയ്തിരിക്കുന്നത്. വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഹനാന്റെ വാക്കുകളിൽ നിന്നും ആത്മവിശ്വാസം ഒരു തരി പോലും നഷ്ടപ്പെട്ടില്ല.
ഈ മാസം ഇരുപത് വരെയാണ് ഡോക്ടർ വിശ്രമം പറഞ്ഞിരുന്നത്. അത് പൂർത്തിയാകാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഒരു ലോൺ കിട്ടിയിരുന്നെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തത് കൊണ്ടും വിദ്യാർത്ഥിനി ആയത് കൊണ്ടും ലോൺ കിട്ടില്ല. ഫ്ലാറ്റുകളിൽ മീൻ എത്തിക്കാൻ ഒരു ഡെലിവറി വാൻ വേണം. അതിനാണ് ലോണിന് അപേക്ഷിച്ചത്. എന്നാൽ തന്റെ കയ്യിലെ കുഞ്ഞ് സമ്പാദ്യങ്ങൾ കൊണ്ട് വാൻ വാങ്ങി ഈ മാസം തന്നെ ഓൺലൈൻ മാർക്കറ്റിംഗ് ലോഞ്ച് ചെയ്യാനാണ് തീരുമാനം. ഒരിടത്തും ഒന്നിന്റെ മുന്നിലും തോറ്റുകൊടുക്കാൻ ഹനാൻ തയ്യാറല്ല. അത്ര മാത്രം.