ഹനാന്‍ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു; പ്രണവിനൊപ്പമുള്ള സിനിമ നഷ്ടമാക്കിയവര്‍; പിണറായി ഇടപെട്ടിട്ടും രക്ഷയില്ലാതെ ഹുക്ക വിവാദം

By Web TeamFirst Published Nov 26, 2018, 5:17 PM IST
Highlights

വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും സഹിക്കാന്‍ പറ്റാതായപ്പോള്‍ 'എനിക്ക് വൈറലാകേണ്ട', സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് കൈകൂപ്പി പറഞ്ഞ് ഹനാന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. കേരളത്തിന്‍റെ പൊതു ബോധം വീണ്ടും ഹനാനൊപ്പം കൈകോര്‍ത്തു. വ്യാജ പ്രതികരണങ്ങളില്‍ തളരാത്ത ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി

കൊച്ചി: തൃശ്ശൂര്‍ സ്വദേശിനി ഹനാന്‍ ഹനീനിയെന്ന പെണ്‍കുട്ടി മുഖ്യധാരയിലേക്ക് എത്തുന്നത് യൂണിഫോം പോലും മാറാതെയുള്ള മീന്‍ കച്ചവടത്തിലൂടെയായിരുന്നു. കൊച്ചിയിലെ പാലാരിവട്ടം, തമ്മനം ജങ്ഷനുകളില്‍ പുഞ്ചിരിക്കുന്ന മുഖവുമായി മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി  തൊടുപുഴയിലെ അല്‍ അസര്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയാണെന്ന് കൂടി അറിഞ്ഞതോടെ കേരളം ഒരേ മനസ്സാല്‍  ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ തലപൊക്കാനും അധികം വൈകിയില്ല.  ഫോട്ടോഷൂട്ടാണെന്നതുമുതല്‍ തുടങ്ങിയ ആരോപണങ്ങള്‍ വ്യക്തിഹത്യ ചെയ്യുന്ന നിലയിലേക്ക് വരെയെത്തി.

പ്രണവ് മോഹന്‍ലാലിനൊപ്പമുളള സിനിമ നഷ്ടമായി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുളള ചിത്രത്തില്‍ വേഷം നല്‍കാമെന്ന് വ്യക്തമാക്കി സംവിധായകന്‍ അരുണ്‍ ഗോപി കേരളത്തെ ഞെട്ടിച്ചു. എന്നാല്‍ വിവാദങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ പ്രണവിനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായി. പിന്നാലെ ഹനാന്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണെന്ന് കോളേജ് അധികൃതര്‍ തന്നെ വ്യക്തമാക്കി രംഗത്തെത്തി. കടുത്ത ചെവിവേദന മൂലം ബുദ്ധിമുട്ടിയ ഹനാനെ സഹായിച്ചത് അധ്യാപകരാണെന്നും കോളേജ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെ കഷ്ടപ്പെടുന്ന കുട്ടിയാണെന്നും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ സജീവമാണ് ഹനാനെന്നും തൊടുപുഴ അല്‍ അസര്‍ കോളേജ് അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ വ്യക്തമാക്കി.

ഫോട്ടോഷൂട്ടാണെന്നതുമുതല്‍ തുടങ്ങിയ ആരോപണങ്ങള്‍ വ്യക്തിഹത്യ ചെയ്യുന്ന നിലയിലേക്ക് വരെയെത്തി

ഹനാൻ  നടത്തുന്നത് നാടകമാണെന്നും എല്ലാവരെയും പറ്റിക്കുകയാണെന്നും നൂറുദ്ദീന്‍ ഷെയ്ഖ് എന്ന യുവാവ് ഫേസ്ബുക്കി ലൈവിലൂടെ പറഞ്ഞപ്പോള്‍ അതും ആഘോഷമാക്കാന്‍ ആളുണ്ടായി. ഒടുവില്‍ നുറുദ്ദീന് മാപ്പ് പറയേണ്ടിവന്നതും കേരളം കണ്ടു. എന്നാലും വിമര്‍ശകര്‍ ഒരൂ വശത്ത് ശക്തമായി നിലകൊണ്ടു. അവരുടെ തലച്ചോറില്‍ ഹനാനെ ആക്ഷേപിക്കാനുള്ള  ചിന്തകള്‍ വട്ടമിട്ട് പറക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായിയുടെ ഇടപെടല്‍

വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും സഹിക്കാന്‍ പറ്റാതായപ്പോള്‍ 'എനിക്ക് വൈറലാകേണ്ട', സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് കൈകൂപ്പി പറഞ്ഞ് ഹനാന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. കേരളത്തിന്‍റെ പൊതു ബോധം വീണ്ടും ഹനാനൊപ്പം കൈകോര്‍ത്തു. വ്യാജ പ്രതികരണങ്ങളില്‍ തളരാത്ത ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞുവച്ചത്. കുപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പിന്നാലെ വയനാട് സ്വദേശി നൂറുദ്ദീൻ ഷെയ്ഖും ഗുരുവായൂര്‍ സ്വദേശി വിശ്വനാഥും ഉൾപ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലായി.

അതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ ഹനാന്‍ എത്തി.

അതിനിടയില്‍ മകളെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്കെല്ലാം മറുപടിയുമായി ഉമ്മയും രംഗത്തെത്തി. 'എന്റെ മകള്‍ പറയുന്നത് സത്യമാണ്. അവള്‍ കള്ളിയല്ല. കൊച്ചുന്നാള്‍ മുതല്‍ അവള്‍ കഷ്ടപ്പെട്ടാണ് എന്നെയും കുടുംബത്തെയും നോക്കുന്നത്' കണ്ണീരണിയാതെ സുഹറ ബീവി പറഞ്ഞപ്പോള്‍ നൊമ്പരമായി അത് മാറി. അപ്പോഴും ഹനാനെ വിമര്‍ശിക്കാന്‍ ചിലര്‍ സമയം കണ്ടെത്തികൊണ്ടേയിരുന്നു. സോഷ്യല്‍ മീഡിയ ആക്രമണത്തിനെതിരെ കേസുകളും അറസ്റ്റുകളും കൂടുകയും ചെയ്തു. അതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ ഹനാന്‍ എത്തി. ജീവിക്കാന്‍ പണിയെടുക്കുന്ന പെണ്‍കുട്ടിക്ക് കേരളം പിന്തുണ നല്‍കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഏവരെയും ഓര്‍മ്മിപ്പിച്ചു.

പ്രളയത്തിലെ സഹായവും വാഹനാപകടവും

കേരളം മഹാപ്രളയത്തിലാണ്ടപ്പോള്‍ സഹായിക്കാന്‍ ഓടിയെത്തിവരുടെ കൂട്ടത്തില്‍ അവളുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ ചേര്‍ത്ത് വച്ചതും വൈറല്‍ ഗേളായപ്പോള്‍ ലഭിച്ച സഹായങ്ങളില്‍ നിന്നുള്ള പണവുമെല്ലാം ചേര്‍ത്ത് ഒന്നരലക്ഷം രൂപ ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കാര്യങ്ങള്‍ വലിയ പ്രശന്മില്ലാതെ പോകുമ്പോഴാണ് റോഡപകടത്തിന്‍റെ രൂപത്തില്‍ വീണ്ടും ദുരന്തമെത്തുന്നത്.  കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വച്ച് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. നട്ടെല്ലിന് സാരമായ പരിക്കേറ്റ ഹനാനെ അടിയന്തര  ശസ്ത്രക്രിയക്ക് വിധേയമാക്കി.  

ഹനാനെ പ്രവേശിപ്പിച്ച ഐസിയുവില്‍ കയറി കൊടുങ്ങല്ലൂര്‍ സ്വദേശി ഫേസ്ബുക്ക് ലൈവ്  ചെയ്തതും പിന്നീടുണ്ടായ വിവാദങ്ങളും ഞെട്ടിക്കുന്നതായിരുന്നു. തനിക്കുണ്ടായ അപകടം മനപ്പൂര്‍വ്വമാണോ എന്ന് സംശയമുണ്ടെന്നായിരുന്നു ഹനാന്‍ ആരോപിച്ചത്. 'അപകടം നടന്നതിന് തൊട്ടു പിന്നാലെ എക്സ്ക്ലൂസിവാണെന്ന് പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് കിടക്കുന്ന എന്‍റെ വീഡിയോ ഒരാള്‍ എടുത്തു, ഓണ്‍ലൈന്‍ മാധ്യമം എന്ന് പറഞ്ഞ അവരെ  ആരാണ് അപകടവിവരം അറിയിച്ചതെന്ന്  അറിയില്ല. ഇത്ര വേഗം അവരെങ്ങനെ അപകടം നടന്ന സ്ഥലത്തെത്തി. എന്നോട് ചോദിക്കാതെ അവിടെ നിന്ന് ഫേസ്ബുക്കില്‍ ലൈവ് ചെയ്തു. ഇപ്പോഴും അവര്‍ ശല്യം ചെയ്യുന്നുണ്ട്, വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന പല കാര്യങ്ങളും തമ്മില്‍ പൊരുത്തമില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസിനെ അറിയിക്കുമെന്നാണ് ഹനാന്‍ പറഞ്ഞത്.

സാന്ത്വനമായി പിതാവ് ഹമീദ് എത്തിയത് ഹനാനെ സന്തോഷത്തിലാക്കി

അതിനിടയില്‍ സാന്ത്വനമായി പിതാവ് ഹമീദ് എത്തിയത് ഹനാനെ സന്തോഷത്തിലാക്കി. ഉമ്മയെ ഉപേക്ഷിച്ച് പോയതാണെങ്കിലും മകളെ എന്നും സ്നേഹത്തോടെയാണ് കണ്ടതെന്നായിരുന്നു ഹമീദിന്‍റെ പ്രതികരണം. ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഹനാന് നേരിടേണ്ടി വന്നത് പുതിയ പ്രശ്നങ്ങളായിരുന്നു. പൊതു സ്ഥലത്തെ മീന്‍ കച്ചവടത്തിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നതോടെ ഓണ്‍ലൈനായി മത്സ്യ വില്‍പ്പന നടത്തി ജീവിതം കെട്ടിപ്പടുക്കാനാണ് ഹനാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ മത്സ്യകച്ചവടത്തിനിടെയാണ് ഹുക്ക വലിക്കുന്ന പുതിയ വിവാദം തലപൊക്കിയത്. ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിച്ചത്. ഇത്തരം വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഹനാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഞാന്‍ പട്ടിണി കിടക്കുന്നത് കണ്ടാലെ അവര്‍ക്കൊരു ആശ്വാസമുള്ളു

ഹനാന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്വര്‍ണ്ണം ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ദേ ഹുക്കാ. ചിലര്‍ പിന്നാലെ കൂടിയിരിക്കുകയാണ്. മഞ്ഞയില്‍ മാത്രം വാര്‍ത്തകള്‍ കാണുന്ന ചിലര്‍. എന്റെ ആദ്യത്തെ വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ട്. ദാരിദ്രമല്ല, പല ജോലികള്‍ ചെയ്ത് അധ്വാനിച്ചാണ് ജീവിക്കുന്നതെന്ന്. അത്തരം ജോലികള്‍ ആരോഗ്യം വീണ്ടെടുത്തത് മുതല്‍ ചെയ്ത് പോരുന്നു. ഇനിയും തുടരും. സിനിമയില്‍ നിന്ന് അവസരം ലഭിച്ചിരുന്നു. അഭിനയിക്കാനും, പാടാനും അവസരം ലഭിച്ചു. ഇതിന്റെ ചര്‍ച്ചക്കായി എന്നെ ഹോട്ടലില്‍ വിളിച്ചാല്‍ ഞാന്‍ മീന്‍ വില്‍പ്പനക്കാരിയാണ്, എനിക്ക് ഹോട്ടല്‍ അയിത്തമാണെന്ന് പറയാനാക്കുമോ ഞാനും സ്റ്റാര്‍ഹോട്ടലൊക്കെ കണ്ടോട്ടേ ചേട്ടാ..

പല സ്ഥലങ്ങളിലും പോകുമ്പോള്‍ പലരും നിര്‍ബന്ധിക്കാറുണ്ട്, ഭക്ഷണം കഴിക്കാനും മറ്റും. ഇത്തരത്തില്‍ ഹുക്കയേ കുറിച്ചറിയാന്‍ ഒരു കൗതുക൦ തോന്നി. പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷ൦ മാത്രം. കൂടാതെ പലരു൦ അവിടേ ചെയ്യുന്നുണ്ടായിരുന്നു.

എന്നാല്‍ ചിലര്‍ക്ക് എന്‍റെ ജീവിത രീതിയാണ് പ്രശ്‌നം. ഞാന്‍ പട്ടിണി കിടക്കുന്നത് കണ്ടാലെ അവര്‍ക്കൊരു ആശ്വാസമുള്ളു. പിന്നെ മീന്‍ വില്പന അത്ര മോശം പണിയല്ലാട്ടോ. അതിനൊരു തൊട്ടുകൂടായ്മയുമില്ല. എല്ലാ ജോലികള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. പിന്നെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ അവരുടെ അനുവാദം കൂടാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നല്ല കാര്യമല്ല. പിന്നെ മഞ്ഞ വാര്‍ത്തകള്‍ മാത്രം കൊടുക്കുന്ന മലയാളിവാ൪ത്ത എന്ന് പേരുളള ഓണ്‍ലൈന്‍കാരുടെ പണിയും കലക്കിയിട്ടുണ്ട്. നല്ല റേറ്റിങ് കിട്ടിയല്ലോ അല്ലേ... ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍കമിഴ്ത്തും.

click me!