ഫെങ് ഷൂയി പ്രകാരം വീട്ടിലെ ദോഷം മാറാനായിയുവതി പൊതുവഴിയിലെ ട്രാഫിക് മിറർ മാറ്റി സ്ഥാപിച്ചു. ഇത് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയും തുടർന്ന് അവിടെ തുടർച്ചയായി അപകടങ്ങൾ സംഭവിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കുറ്റക്കാരിയെ കണ്ടെത്തി.

ന്‍റെ വീടിന്‍റെ 'ഫെങ് ഷൂയി' അഥവാ വാസ്തു മെച്ചപ്പെടുത്താനായി പൊതുവഴിയിലെ ട്രാഫിക് മിറർ യുവതി മാറ്റി സ്ഥാപിച്ചു. പിന്നാലെ അതുവഴി വന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി അപകടങ്ങൾ. ചൈനയിലെ ഷാങ്ഹായിലെ ഒരു ജനവാസ മേഖലയിലാണ് വിചിത്രമായ ഈ സംഭവം നടന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ദോഷം മാറാൻ

റോഡിലെ വളരെ കുത്തനെയുള്ള ഒരു വളവിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ ഡ്രൈവർമാരെ സഹായിക്കുന്നതിനാണ് അധികൃതർ അവിടെ ഒരു കോൺവെക്സ് മിറർ സ്ഥാപിച്ചത്. എന്നാൽ, ഈ കണ്ണാടി തന്‍റെ വീടിന് നേരെയിരിക്കുന്നത് കുടുംബത്തിന് ദോഷകരമാണെന്ന് വിശ്വസിച്ച യുവതി അത് ആകാശത്തിന് നേരെ തിരിച്ചു വെക്കുകയായിരുന്നു.

ഫെങ് ഷൂയി പ്രവചനം

യുവതിക്ക് അടുത്തിടെ മോശം സമയവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതിനെത്തുടർന്ന് അവർ ഒരു 'ഫെങ് ഷൂയി' വിദഗ്ധനെ വീട്ടിൽ വരുത്തി പരിശോധിച്ചിരുന്നു. ഈ ട്രാഫിക് മിറർ വീടിന് നേരെയിരിക്കുന്നത് "പിശാചിനെ വെളിപ്പെടുത്തുന്ന" ഫലമുണ്ടാക്കുന്നുവെന്നും അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ഇയാൾ ദമ്പതികളെ വിശ്വസിപ്പിച്ചു. ഇതിന് പിന്നാലെയാണ് യുവതി കണ്ണാടിയുടെ ദിശ മാറ്റിയത്.

പിന്നാലെ അപകടം

കണ്ണാടി മാറ്റിയതോടെ ഡ്രൈവർമാരുടെ കാഴ്ച മറയുകയും ആ വളവിൽ തുടർച്ചയായി മൂന്ന് അപകടങ്ങൾ സംഭവിക്കുകയും ചെയ്തു. പ്രോപ്പർട്ടി മാനേജ്‌മെന്‍റ് കമ്പനി പലതവണ കണ്ണാടി പഴയപടി ആക്കിയെങ്കിലും യുവതി ഓരോ തവണയും അത് മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ സ്ത്രീയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.

Scroll to load tweet…

ഫെങ് ഷൂയി

പുരാതന ചൈനീസ് വാസ്തുശാസ്ത്രമാണ് ഫെങ് ഷൂയി. 'കാറ്റും വെള്ളവും' എന്നാണ് ഈ വാക്കിന്‍റെ അർത്ഥം. കെട്ടിടങ്ങൾ, ഫർണിച്ചറുകൾ, ഇടങ്ങൾ എന്നിവ പ്രകൃതിയുമായി സമന്വയിപ്പിച്ച് ക്രമീകരിക്കുന്നതിലൂടെ പോസിറ്റീവ് ഊർജ്ജം കൈവരുമെന്നും ഇത് ഭാഗ്യമുണ്ടാക്കുമെന്നും ചൈനക്കാർ വിശ്വസിക്കുന്നു.

ഈ സംഭവം ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തുടക്കമുട്ടി. സ്വന്തം ഐശ്വര്യത്തിനായി മറ്റുള്ളവരുടെ ജീവൻ പണയപ്പെടുത്തിയ യുവതിയെ പലരും വിമർശിച്ചു. എല്ലാ ദോഷങ്ങൾക്കും ഒരു കണ്ണാടിയെ കുറ്റം പറയുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു ഒരാൾ എഴുതിയത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയ ഈ പ്രവൃത്തി ഗൗരവകരമായ കുറ്റകൃത്യമാണെന്നും ജയിൽ ശിക്ഷ വരെ ലഭിക്കാമെന്നും പോലീസ് യുവതിക്ക് മുന്നറിയിപ്പ് നൽകി.