
തിരുവനന്തപുരം: 'പൊട്ടിപ്പോയെന്ന് കരുതി എട്ടുകാലി അതിന്റെ വല ഉപേക്ഷിച്ച് പോകുന്നില്ലല്ലോ. വീണ്ടും അത് വല നെയ്യാൻ തുടങ്ങും. അതിന്റെ വാസസ്ഥലമല്ലേ അത്? അതുപോലെ ഞാനും അതിജീവിച്ചു തുടങ്ങുകയാണ്. എനിക്കും ജീവിക്കണ്ടേ?' പറയുന്നത് ഹനാനാണ്. അതിജീവനത്തിന്റെ മറുപേരാണ് ഈ പെൺകുട്ടി. സ്കൂൾ യൂണിഫോമിൽ മീൻ വിറ്റതിന്റെ പേരിൽ പുകഴ്ത്തലിനും പിന്നീട് ഇകഴ്ത്തലിനും ഇരയായിട്ടുണ്ട് ഹനാൻ. ഒരു മാസം മുമ്പ് സംഭവിച്ച അപകടത്തിൽ വീൽചെയറിൽ കഴിയുമ്പോഴും തന്റെ ബിസിനസ് സംരംഭം താഴെ വയ്ക്കാൻ ഹനാൻ തയ്യാറല്ല. മീൻകച്ചവടം ചെയ്തു തന്നെ ജീവിക്കാനാണ് ഹനാൻ ആഗ്രഹിക്കുന്നത്. ഒരു ലോൺ കിട്ടിയാൽ പഴയതിനേക്കാൾ ഭംഗിയായി ബിസിനസ് നടത്താമെന്ന് ഹനാന് ആത്മവിശ്വാസമുണ്ട്.
തമ്മനത്ത് തന്നെ ഹനാൻ ഒരു കട വാടകയ്ക്ക് എടുത്തിരുന്നു. ഒരു മാസത്തെ അഡ്വാൻസും നൽകി. അപകടം നടക്കുന്നതിന് കൃത്യം ഒരു മാസം മുമ്പ്. എന്നാൽ അപകടത്തിന് ശേഷം ആ കടയിലേക്ക് തിരിച്ചത്തിയ ഹനാന് അവിടെ കച്ചവടം ചെയ്യാൻ സാധിച്ചില്ല. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തിലായിരുന്നു ആ കട. അതുകൊണ്ട് അവിടെ കച്ചവടം നടത്താൻ അനുവദിക്കില്ലെന്ന് കടയുടമയുടെ മക്കൾ പറഞ്ഞു. അഡ്വാൻസ് തുകയും അറ്റകുറ്റപ്പണിക്ക് ചെലവാക്കിയ തുകയുൾപ്പെടെ അവർ തിരികെ നൽകി.
തമ്മനത്ത് നിന്നാണ് മീൻ കച്ചവടം ആരംഭിച്ചത്. അവിടെതന്നെ തുടർന്നും ജോലി ചെയ്യണമെന്നാണ് ഹനാന്‍റെ ആഗ്രഹം. കട കിട്ടാത്തതിനാൽ ഓൺലൈനായി മീൻ കച്ചവടം നടത്താനുള്ള തീരുമാനത്തിലാണ്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മീൻ വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. ഓർഡർ എടുത്തതിന് ശേഷം വൈകുന്നേരം മീൻ വൃത്തിയാക്കി ഫ്ലാറ്റുകളിൽ എത്തിക്കും. ജോലിക്കാരായ വീട്ടമ്മമാർക്ക് അതൊരു അനുഗ്രഹമായിരിക്കും എന്ന് ഹനാൻ ആത്മവിശ്വാസത്തോടെ പറയുന്നു. എന്നാൽ ആഗ്രഹങ്ങളെല്ലാം നടക്കണമെങ്കിൽ ലോൺ കിട്ടണം. വിദ്യാർത്ഥിനി ആയതിനാലും പ്രായപൂർത്തി ആകാത്തത് കൊണ്ടും ലോണിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് ഹനാന്റെ വാക്കുകൾ.
ഉദ്ഘാടനത്തിന് പോയപ്പോൾ കിട്ടിയ ചെറിയ തുകകൾ സ്വരൂപിച്ച് വച്ചിട്ടുള്ളത് മാത്രമാണ് ഇപ്പോൾ ഹനാന്റെ മൂലധനം. ഈ മാസം തന്നെ ഓൺലൈൻ ഫിഷ് മാർക്കറ്റ് ലോഞ്ച് ചെയ്യാനാണ് തീരുമാനമെന്ന് ഹനാൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു. 'അതുപോലെ ഡെലിവറി ബോയ്സിനെയും കണ്ടെത്തണം. ഈ മാസം ഇരുപതാം തീയതി വരെയാണ് ഡോക്ടർ വിശ്രമം പറഞ്ഞിരുന്നത്. എനിക്ക് കൈപിടിക്കാൻ സാധിക്കുന്ന ഇടത്തിലൊക്കെ പിടിച്ച് ഞാൻ പതുക്കെ നടക്കാൻ തുടങ്ങി. വെറുതെയിരിക്കാൻ പറ്റില്ലല്ലോ. ഈ മാസം പരീക്ഷയെഴുതണം.' ഹനാന് സ്വപ്നങ്ങളും പ്രതീക്ഷകളും ഇനിയും ബാക്കിയാണ്. അതൊക്കെയും കൈപ്പിടിയിലൊതുക്കാൻ പറ്റുമെന്ന് ആത്മവിശ്വാസവുമുണ്ട്.