
വിഭവങ്ങൾ തീരുന്നതും, മാറിവരുന്ന കാലാവസ്ഥയും ഒക്കെ ഇനി വരുന്ന വർഷങ്ങളിൽ മനുഷ്യന് ഭൂമിയിൽ ജീവിക്കാൻ വെല്ലുവിളികളാകുന്നു. താമസിക്കാന്‍ പുതിയൊരു ഗ്രഹത്തിനായുള്ള തിരച്ചിൽ മനുഷ്യൻ ആരംഭിച്ച് കാലം കുറേയായി. ഈ അടുത്തകാലത്തായി കണ്ടെത്തിയ പ്രോക്സിമ ബി എന്ന ഗ്രഹം നമുക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു. നമ്മുടെ സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെന്‍റൗറിയോട് ചേർന്ന് കിടക്കുന്ന ഭൂമിയെപ്പോലുള്ള ഒരു ഗ്രഹമാണ് ഇത്. ഈ ഗ്രഹം സൂര്യനിൽ നിന്ന് 4.2 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്.
ഗവേഷകർ പറയുന്നത്, ഭൂമി സൂര്യന്റെ എത്ര അടുത്താണോ സ്ഥിതിചെയ്യുന്നത് അതിലും 20 മടങ്ങ് അരികെയാണ് പ്രോക്സിമ ബിയും അതിന്റെ നക്ഷത്രവും സ്ഥിതി ചെയ്യുന്നതെന്നാണ്. സ്വാഭാവികമായും, ആ ഗ്രഹത്തിന്റെ ഉപരിതല താപനില ഭൂമിയ്ക്ക് സമമാകുമെന്നാണ് വിശ്വസിക്കുന്നത്. ഇത് പ്രോക്സിമ ബിയിൽ വെള്ളം ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. വെള്ളം ഉള്ളതുകൊണ്ട് തന്നെ, ജീവ വ്യവസ്ഥയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാകാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 -ൽ ചിലി ആസ്ഥാനമായുള്ള ഹാർപ്സ് ആണ് ഇത് ആദ്യമായി കണ്ടെത്തിയത്. എന്നാൽ സ്വിസ് നിർമ്മിത ESPRESSO സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ച് ഗ്രഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതാണ് ഈ പുതിയ അനുമാനങ്ങൾക്ക് കാരണം. നക്ഷത്രങ്ങളിൽ നിന്നും മറ്റ് ഗോളകങ്ങളിൽ നിന്നും പുറപ്പെടുന്ന വൈദ്യുതകാന്തിക വികിരണത്തിന്റെ വർണരാജി കാണിക്കാൻ ഉപയോഗിക്കുന്ന ചിത്രങ്ങളാണ് സ്പെക്ട്രോഗ്രാഫുകൾ.
പത്ത് വർഷത്തോളം നീണ്ട് നിന്ന പരിശ്രമത്തിന്റെ ഫലമാണ് ഇതെന്ന് UNIGE ഫാക്കൽറ്റി ഓഫ് സയൻസിലെ ജ്യോതിശാസ്ത്ര വിഭാഗം പ്രൊഫസറും ESPRESSO നേതാവുമായ ഫ്രാൻസെസ്കോ പെപ്പെ പറഞ്ഞു. ഈ വിജയത്തിൽ തങ്ങൾ അതീവ സന്തുഷ്ടരാന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പൂർണമായും സന്തോഷിക്കാൻ നമുക്ക് സാധിക്കില്ല. കാരണം ഭൂമിയിലേക്ക് സൂര്യൻ അയയ്ക്കുന്നതിനേക്കാൾ 400 മടങ്ങ് കൂടുതൽ അൾട്രാ വയലറ്റ് കിരണങ്ങളാണ് പ്രോക്സിമ സെന്റൗറി അതിനടുത്തുള്ള ഗ്രഹങ്ങളിലേയ്ക്ക് അയക്കുന്നത്. അതിനാൽ പ്രോക്സിമ ബിക്ക് ഈ കിരണങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ കഴിയുന്ന ഒരന്തരീക്ഷമുണ്ടോ എന്നത് അന്വേഷിക്കണം. അടുത്ത തലമുറ സ്പെക്ട്രോഗ്രാഫുകൾക്ക് ഒരുപക്ഷെ ഇതിന് ഉത്തരം കണ്ടെത്താനാകും. ESPRESSO യുടെ പിൻഗാമിയായ RISTRETTO ഇതിനകം വികസിപ്പിച്ചതായി പറയപ്പെടുന്നു.
മേയ് 26 -ന് പ്രീപ്രിന്‍റ് സെർവായ arXiv -ൽ ഈ ഗ്രഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.