ഇങ്ങനെയും അധ്യാപകരുണ്ട്; ഇവിടെ ടോയ് ലെറ്റും, ക്ലാസ് മുറികളും വൃത്തിയാക്കുന്നത് ഈ ഹെഡ് മാസ്റ്റര്‍

By Web TeamFirst Published Nov 22, 2018, 3:51 PM IST
Highlights

രക്ഷിതാക്കള്‍ പറയുന്നു, ''ഓരോ കുട്ടിയും വൃത്തിയും വ്യക്തിശുചിത്വവും പാലിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കൂടാതെ, സ്പോര്‍ട്സ്, ഗെയിം ഇതിലെല്ലാം അവരെ പങ്കെടുപ്പിക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ ഓരോ ദിവസവും സ്കൂളില്‍ വിടാന്‍ നമുക്ക് ഇഷ്ടമാണ്'' എന്ന്. 
 

കാമരാജനഗര്‍: ബി. മഹദേശ്വര സ്വാമി എന്ന പ്രധാനാധ്യാപകന്‍ തികച്ചും വ്യത്യസ്തനാണ്. സ്വന്തം വിദ്യാര്‍ത്ഥികളുടെ ശുചിത്വം, പാഠ്യ-പാഠേതര വിഷയങ്ങളിലുള്ള കഴിവ്, സ്കൂളിലെ നല്ല അന്തരീക്ഷം ഇവയൊക്കെയാണ് ഇദ്ദേഹത്തിന് പ്രധാനം.  ക്ലാസ് മുറികളും ടെയ് ലെറ്റുകളും വൃത്തിയാക്കാനിറങ്ങുന്നത് ഇദ്ദേഹം തന്നെയാണ്. പല സ്കൂളുകളിലും അനധ്യാപക സ്റ്റാഫുകളുടെ കുറവുണ്ട്. അപ്പോഴാണ്, മഹദേശ്വര സ്കൂള്‍ വൃത്തിയാക്കിനിറങ്ങിയത്.

കര്‍ണാടകയിലെ കാമരാജനഗര്‍ ജില്ലയിലെ ഗവണ്‍മെന്‍റ് പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനാണ് മഹദേശ്വര. അദ്ദേഹത്തിന്‍റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ടോയ് ലെറ്റുകളും ക്ലാസ്മുറികളും വൃത്തിയാക്കിക്കൊണ്ടാണ്. അതിനാല്‍ തന്നെ വൃത്തിയുള്ള ശുചിമുറികളാണ് ഈ സ്കൂളിലേത്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. സ്വന്തം കയ്യിലെ പണമുപയോഗിച്ച് സ്കൂളിലെ ലൈബ്രറി വികസിപ്പിക്കുകയും പൂന്തോട്ടം പരിചരിക്കുകയും ഒക്കെ ചെയ്യുന്നു ഇദ്ദേഹം.

ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്കൂളിനെ മികച്ച ഒന്നാക്കി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അധ്യാപകര്‍ സ്വന്തം ജോലി പോലും ശരിക്ക് ചെയ്യാന്‍ മടിക്കുന്ന കാലത്താണ് സ്കൂളിനും അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ഒരു അധ്യാപകന്‍ ഇത്രയും ചെയ്യാന്‍ തയ്യാറാവുന്നത്. 

രക്ഷിതാക്കള്‍ പറയുന്നു, ''ഓരോ കുട്ടിയും വൃത്തിയും വ്യക്തിശുചിത്വവും പാലിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കൂടാതെ, സ്പോര്‍ട്സ്, ഗെയിം ഇതിലെല്ലാം അവരെ പങ്കെടുപ്പിക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ ഓരോ ദിവസവും സ്കൂളില്‍ വിടാന്‍ നമുക്ക് ഇഷ്ടമാണ്'' എന്ന്. 

1988 ല്‍ ഒരു ട്രൈബല്‍ സ്കൂളില്‍ ജോലി ചെയ്യുമ്പോഴും മഹദേശ്വര തന്നെയായിരുന്നു സ്കൂള്‍ ടോയ് ലെറ്റുകളും മറ്റും വൃത്തിയാക്കിയിരുന്നത്. സാമൂഹ്യ പ്രവര്‍ത്തകനും ആദിവാസി വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ.എച്ച്. സുദര്‍ശനായിരുന്നു സ്കൂള്‍ തുടങ്ങിയത്. 

അതാണ് വ്യക്തിശുചിത്വത്തെ കുറിച്ചും സാമൂഹ്യസേവനങ്ങളെ കുറിച്ചും തന്നെ പഠിപ്പിച്ചതെന്ന് മഹദേശ്വര പറയുന്നു. പിന്നീട് 1944 -ലാണ് ഇദ്ദേഹം ഗവണ്‍മെന്‍റ് സ്കൂളിലേക്ക് വരുന്നത്. അപ്പോഴും അദ്ദേഹം സ്കൂള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. 
 

click me!