ഒരു ഫ്ലാറ്റ് കാണുന്നതിന് വേണ്ടി മാത്രം ഒരു മാസത്തെ വാടക ആവശ്യപ്പെട്ട ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് ബെംഗളൂരുവില്‍ നിന്നുള്ള യുവാവ്. എന്ത് മറുപടി പറയണം എന്നുപോലും മനസിലാവാതെ അവിടെ നിന്നും പോന്നു എന്നാണ് യുവാവ് കുറിച്ചത്. 

പല വലിയ ന​ഗരങ്ങളിലും ഒരു വാടകവീട് ഒപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബ്രോക്കർമാരാണെങ്കിൽ പിടിച്ചുപറിക്കുന്നത് പോലെയാണ് കമ്മീഷൻ വാങ്ങിക്കൊണ്ട് പോവുന്നത്. പലരും വാടകയുടെ പകുതിയൊക്കെയാണ് കമ്മീഷൻ ആവശ്യപ്പെടുന്നത്. വാടകവീടുകൾ വെറുതെ കാണിച്ച് തരാൻ പോലും എന്തെങ്കിലും കാശ് ആവശ്യപ്പെടുന്നവരുണ്ട്. ബെം​ഗളൂരു പോലെയുള്ള ന​ഗരങ്ങളിൽ വാടക തന്നെ വളരെ കൂടുതലാണ്. എന്നാൽ, ഇതിനെയൊക്കെയും കടത്തിവെട്ടുന്ന ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഒരു ഫ്ലാറ്റ് കാണാൻ വേണ്ടി മാത്രം ഒരു മാസത്തെ വാടക ചോദിച്ചു എന്നും പറഞ്ഞാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് അനുസരിച്ച്, സംഭവം നടന്നത് ഏകദേശം രണ്ട് മാസം മുമ്പാണ്. ഒരു ബഹുനില കെട്ടിടത്തിനടുത്തു കൂടി നടക്കവേ അവിടെയുണ്ടായിരുന്ന ഒരു സുരക്ഷാ ജീവനക്കാരനോട് ഫ്ലാറ്റുകൾ വല്ലതും ഒഴിഞ്ഞുകിടക്കുന്നുണ്ടോ എന്ന് ചോദിക്കുകയായിരുന്നു യുവാവ്. ഒരു ഫ്ലാറ്റ് ഒഴിഞ്ഞു കിടപ്പുണ്ട് എന്നും ആവശ്യമെങ്കിൽ അതിന്റെ ഉടമയുടെ നമ്പർ നൽകാമെന്നും ജീവനക്കാരൻ പറയുകയും ചെയ്തു.

ഉടമയെ വിളിച്ചപ്പോൾ, സെക്യൂരിറ്റി ഗാർഡ് ഫ്ലാറ്റ് കാണിച്ചുതരുമെന്ന് അയാൾ പറയുകയും ചെയ്തു. സംഭാഷണത്തിനിടയിൽ യാതൊരു ഫീസിനെ കുറിച്ചോ, ഡെപ്പോസിറ്റിനെ കുറിച്ചോ, പ്രത്യേക ചാർജിനെ കുറിച്ചോ ഒന്നും പറഞ്ഞതുമില്ല. ആദ്യം എല്ലാം വളരെ സാധാരണ പോലെ തന്നെയായിരുന്നു. അങ്ങനെ സെക്യൂരിറ്റി ​ഗാർഡിനൊപ്പം ഫ്ലാറ്റിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് അയാൾ പറയുന്നത്. അപാർട്മെന്റ് കാണണമെങ്കിൽ ഒരുമാസത്തെ വാടക നൽകണം എന്ന്. സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞതുകേട്ട് യുവാവ് ഞെട്ടിപ്പോയി. എന്ത് പറയണമെന്ന് പോലും തനിക്ക് അറിയുമായിരുന്നില്ല, താനവിടെ നിന്നും അപ്പോൾ തന്നെ നടന്നുനീങ്ങി എന്നാണ് യുവാവ് കുറിക്കുന്നത്.

 

 

ഇതുപോലെ, ആർക്കെങ്കിലും അനുഭവമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് യുവാവിന്റെ പോസ്റ്റ്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത് വെറും തട്ടിപ്പാണ് എന്നാണ് മിക്കവരും കമന്റുകൾ നൽകിയിരിക്കുന്നത്.