''അയാം സോറി അയ്യപ്പാ, നാന്‍ ഉള്ള വന്താ എന്നാപ്പാ''; വൈറലായി പാ രഞ്ജിത്തിന്റെ ബാൻഡിന്‍റെ പാട്ട്

By Web TeamFirst Published Jan 3, 2019, 2:00 PM IST
Highlights

'അയാം സോറി അയ്യപ്പാ… നാ ഉള്ള വന്താ യെന്നപ്പാ, ഭയം കാട്ടി അടക്കിവയ്ക്കാ പഴയ കാലം ഇല്ലപ്പാ...’ എന്ന് തുടങ്ങുന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിൽ‌ ഇപ്പോൾ വൈറലാകുകയാണ്. ബാൻഡിലെ പ്രധാന ഗായിക ഇസൈവാണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ചെന്നൈ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി തമിഴ് നാട്ടിൽനിന്നൊരു ബാൻഡ്. ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള 'കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡ്' ആണ് പാട്ട് പാടി സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.    

'അയാം സോറി അയ്യപ്പാ… നാ ഉള്ള വന്താ യെന്നപ്പാ, ഭയം കാട്ടി അടക്കിവയ്ക്കാ പഴയ കാലം ഇല്ലപ്പാ...’ എന്ന് തുടങ്ങുന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിൽ‌ ഇപ്പോൾ വൈറലാകുകയാണ്. ബാൻഡിലെ പ്രധാന ഗായിക ഇസൈവാണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശബരിമല സത്രീ പ്രവേശനത്തെ പിന്തുണയ്ക്കുകയും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളെയും അനാചാരങ്ങളും സ്ത്രീ ശാക്തീകരണവുമൊക്കെയാണ് ഗാനത്തിൽ ചർച്ച ചെയ്യുന്നത്. 

ചെന്നൈ മൈലാപ്പൂരിൽവച്ച നടന്ന നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലായിരുന്നു കാസ്റ്റ്‌ലെസ്സ് കളക്ടീവ് ഈ ഗാനം അവതരിപ്പിച്ചത്. രഞ്ജിത്തിന്റെ നേത‍ൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് നീലം കള്‍ച്ചറല്‍ സെന്റർ. 

തമിഴ് നാട്ടില്‍ നടക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾക്കെതിരെ പാട്ടിലൂടെ ശബ്ദമുയർത്തുന്നതിനാണ് പാ രഞ്ജിത്ത് കാസ്റ്റ്‌ലെസ്സ് കളക്ടീവ് ആരംഭിക്കുന്നത്. ആളുകളിൽ രാഷ്ട്രീയ അവബോധം പടുത്തുയർത്തുക എന്ന ലക്ഷ്യവും ബാൻഡിലൂടെ രഞ്ജിത്ത് ലക്ഷ്യമിടുന്നു. 19 പേര് അടങ്ങുന്നതാണ് കാസ്റ്റ്‌ലെസ് കളക്ടീവ്. പത്തൊമ്പതാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സി ഇയോതൈ തസ് ഉപയോഗിച്ച ജാതി ഇല്ലാത്ത തമിഴ് ജനത എന്ന പ്രയോഗത്തില്‍ നിന്ന് പ്രേരണ ഉള്‍കൊണ്ടാണ് ‘കാസ്‌റ്റ്‌ലെസ് കളക്ടീവ്’ എന്ന് ബാൻഡിന് പേര് നല്‍കിയത്. 

1871 -ലെ രാജ്യത്തെ ആദ്യ സെൻസെസിൽ ജാതി വെളിപ്പെടുത്താതെ പേര് രജിസ്റ്റർ ചെയ്യാൻ ഇയോതൈ ദളിതരോട് ആവശ്യപ്പെട്ടിരുന്നു. അതാണ് കളക്ടീവ് ബാൻഡ് ലക്ഷ്യം വയ്ക്കുന്നതെന്ന് പാ രഞ്ജിത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സംഗീതത്തിലൂടെ ജാതിയും മത വിവേചനയും ഇല്ലായ്മ ചെയ്യുക എന്നതാണ് ബാൻഡിലൂടെ ലക്ഷ്യമിടുന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കി.

click me!