സുധീരന്‍റെ പടിയിറക്കം; കാരണം സ്വന്തം ആരോഗ്യമോ, പാര്‍ട്ടിയുടെ അനാരോഗ്യമോ?

By വിപിന്‍ പാണപ്പുഴFirst Published Mar 10, 2017, 8:11 AM IST
Highlights

2013-14 കാലഘട്ടത്തില്‍ സോളാര്‍ വിവാദം കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫ് ഭരണമുന്നണിയെ പിടിച്ചുലച്ച കാലത്തിന് ശേഷമാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തന്നെ വിപ്ലവകരമായ മാറ്റം എന്ന് വിശേഷിപ്പിച്ച് വിഎം സുധീരന്‍ അവരോധിക്കപ്പെടുന്നത്. കെപിസിസി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തല മന്ത്രിസഭയിലെ രണ്ടാമനായി എത്തിയതോടെ ആര് കെപിസിസി പ്രസിഡന്‍റ് ആകും എന്നത് വലിയ ചര്‍ച്ചയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പും, വിശാല ഐ ഗ്രൂപ്പിനായി രമേശ് ചെന്നിത്തലയും തങ്ങളുടെ നോമിനികളുമായി രംഗത്ത് എത്തിയെങ്കിലും സോണിയ രാഹുല്‍ ഹൈക്കമാന്‍റിലൂടെ എകെ ആന്‍റണിയുടെ പിന്തുണയോടെ സുധീരന്‍ എന്ന മാറ്റത്തിലേക്ക് എത്തുകയായിരുന്നു അന്ന് സംസ്ഥാന നേതൃത്വം. 

സോളാര്‍ വിവാദത്തില്‍ ഇമേജ് നഷ്ടപ്പെട്ട സര്‍ക്കാര്‍, കുത്തഴി‌ഞ്ഞ സംഘടന സംവിധാനം എന്നിവയില്‍ നിന്നാണ് സുധീരന് തുടങ്ങാനുണ്ടായിരുന്നത്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്‍റെ കേരളത്തിലെ നയരൂപീകരണ സംഘങ്ങള്‍ക്ക് പുറത്തായിരുന്നു സുധീരന്‍. അതിനാല്‍ പടയും തന്ത്രങ്ങള്‍ ഒന്നും ഇല്ലാതെയാണ് സുധീരന്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കയറി വന്നത് എന്നത് സത്യം. ഈ സ്ഥാനം ലഭിക്കും മുന്‍പ് ഒളിഞ്ഞും തെളിഞ്ഞും ഭരണത്തെ കുറ്റപ്പെടുത്തിയിരുന്ന സുധീരന്‍ അതിവേഗമാണ്, ഭരണത്തിന്‍റെ നിയന്ത്രണ അച്ചുതണ്ട് ത്രിമാനമാക്കി മാറ്റിയത്. അതുവരെ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മാണി, കുഞ്ഞാലികുട്ടി എന്നിങ്ങനെയുള്ള മുന്നണി സംവിധാനവും ഭരണസംവിധാനവും. ഉമ്മന്‍ചാണ്ടി, സുധീരന്‍, ചെന്നിത്തല എന്ന രീതിയിലേക്ക് മാറി എന്ന് സമ്മതിക്കേണ്ടി വരും. കെപിസിസി അദ്ധ്യക്ഷന്‍ എന്ന ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുവാന്‍ ഉമ്മന്‍ചാണ്ടി ഒരിക്കലും തയ്യാറായിരുന്നില്ലെന്നത് സത്യം. 

അതിന്‍റെ പരിണിതമായ ഫലമാണ് ബാര്‍ തര്‍ക്കമായി പരിണമിച്ചത്. നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടണം എന്ന സുധീരന്‍റെ വാദവും, പൂട്ടരുതെന്ന് അന്നത്തെ എക്സൈസ് മന്ത്രി കെ.ബാബുവിന്‍റെയും വാശികള്‍ ഏറ്റുമുട്ടി ഉമ്മന്‍ചാണ്ടി ബാബുവിന് പിന്നാലെയായിരുന്നു. എന്നാല്‍ ഈ തര്‍ക്കം ഒടുവില്‍ കേരളത്തിലെ ബാറുകള്‍ക്ക് താഴു വീഴുന്ന രീതിയിലുള്ള നയമായി പരിണമിച്ചു. സുധീരന് ഒരു തിരിച്ചടി കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി ചെയ്തതാണ് ഇതെന്ന രാഷ്ട്രീയമായി നിരീക്ഷണം ഉയര്‍ന്നു വന്നു, ഈ രീതിയില്‍ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ മുന്നേറി. എന്നാല്‍ പാര്‍ട്ടി നിലപാട് എന്ന നിലയില്‍ സര്‍ക്കാറിനെ സംരക്ഷിക്കുന്ന രീതിയാണ് സുധീരന്‍ എടുത്തത്. 

സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്‍പ് തന്നെ സുധീരന് നേരെ പലപ്പോഴായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നീക്കം പലപ്പോഴും നടന്നു. എങ്കിലും കേരളത്തിലെ ഏത് കോണ്‍ഗ്രസ് നേതാവിനെക്കാള്‍ ഹൈക്കമാന്‍റിന് വിശ്വാസം സുധീരനെ ആയിരുന്നു. പലപ്പോഴും സുധീരന് എതിരായി എടുത്ത നിലപാടുകള്‍ ഉമ്മന്‍ചാണ്ടിയെ സംഘടനപരമായി ദുര്‍ബലനാക്കുകയായിരുന്നു എന്നതാണ് സത്യം. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഘട്ടത്തില്‍ കളങ്കിതരെ മാറ്റി നിര്‍ത്തണം എന്ന നിലപാടുമായി സുധീരന്‍ എത്തിയപ്പോള്‍ ദില്ലിയിലേക്ക് സ്ഥാനാര്‍ത്ഥി ലിസ്റ്റുമായി പോയ ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും ശരിക്കും പെടുകയായിരുന്നു. ഒടുവില്‍ ബെന്നി ബെഹന്നാനെ ബലികൊടുത്ത് കഷ്ടിച്ചാണ് ഉമ്മന്‍ചാണ്ടി ദില്ലിയില്‍ നിന്നും തലയൂരിയത്.

കേരളത്തില്‍ അവസാനവാക്ക് ആകുമ്പോഴും സംഘടന സ്വദീനം ക്ഷയിച്ച എകെ ആന്‍റണിയുടെ ആശീര്‍വാദം തനിക്കെതിരായ നീക്കങ്ങളെ എന്നും തട്ടി നിക്കുവാന്‍ സുധീരന് കരുത്തായി. എന്നാല്‍ സുധീരന് മാത്രമല്ല കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാം തന്നെ തിരിച്ചടിയായിരുന്നു 2016 ലെ നിയമസഭ തെരഞ്ഞെടുപ്പ്. ഉമ്മന്‍ചാണ്ടിയുടെ ഭരണ പിഴവുകള്‍ക്ക് ഒപ്പം സുധീരന്‍റെ പിടിവാശിയും ചര്‍ച്ചയായി. തോല്‍വിയില്‍ നിന്നും പതിവ് മേയ് വഴക്കത്തോടെ ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും അതിവേഗം ഒഴിഞ്ഞുമാറി എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് പറഞ്ഞതു വഴി ത്യാഗിയായ ഉമ്മന്‍ചാണ്ടി സ്വയം ശിക്ഷിക്കപ്പെടുകയാണ് എന്ന ഇമേജ് സൃഷ്ടിച്ചപ്പോള്‍. ചെന്നിത്തല പ്രതിപക്ഷ നേത‍ൃസ്ഥാനം നേടി വീഴ്ച അവസരമാക്കുകയായിരുന്നു. പഴയസ്ഥാനത്ത് അപ്പോഴും തുടരുന്നത് സുധീരന്‍ മാത്രമായിരുന്നു.

തെര‍ഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സുധീരനെതിരെ പുനസംഘടനയുടെ പേരിലാണ് അടുത്ത പോര്‍മുഖം എ ഗ്രൂപ്പ് തുറന്നിട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഡിസിസി പ്രസിഡന്‍റ്  സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ എ ഗ്രൂപ്പിന് ശരിക്കും വലിയ തിരിച്ചടിയാണ് ലഭിച്ചത്. ഇതിന് പിന്നിലെ സുധീരകരങ്ങളാണ് സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യം മുന്നോട്ട് വച്ച് എ ഗ്രൂപ്പ് സുധീരനെ ലക്ഷ്യം വയ്ക്കുന്നതിലേക്ക് എ ഗ്രൂപ്പിനെ നയിച്ചത്. ദില്ലി ദൗത്യങ്ങള്‍ പലതും നടന്നെങ്കിലും സുധീരന് ലഭിച്ചിരുന്ന ഹൈക്കമാന്‍റ്  പ്രതിരോധത്തില്‍ തട്ടി എല്ലാം തകര്‍ന്നു.  എന്നാല്‍ പാര്‍ട്ടി ദൗത്യങ്ങളില്‍ നിന്നും പലപ്പോഴും ഒഴിഞ്ഞു നില്‍ക്കുന്ന കാലത്ത് സംഘടന തിരഞ്ഞെടുപ്പിന് വേണ്ടി വാദിച്ച വ്യക്തിയായിരുന്നു സുധീരന്‍ എന്നത് ഇതിലെ മറ്റൊരു രസകരമായ കാര്യമാണ്.

തീര്‍ത്തും അപ്രതീക്ഷിതമായി ഒടുവില്‍ സുധീരന്‍ വിടവാങ്ങുമ്പോള്‍ മുന്നില്‍ വയ്ക്കുന്നത് സ്ഥാനം ഒരു പ്രശ്നമല്ലെന്ന സന്ദേശമാണ്. എത്രകാലം ചില സമ്മര്‍ദ്ദങ്ങളെ താങ്ങുവാന്‍ സാധിക്കും എന്നത് സുധീരനും ചിന്തിച്ച് കാണണം.സുധീരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജി വച്ചത് ഉചിതമായെന്നാണ് രാജിവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഇരു ഗ്രൂപ്പുകളേയും സംഘടനാ രംഗത്ത് കൂടെ കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല കാലിയായ പാർട്ടി ഖജനാവും, എല്ലാം കൊണ്ട് രാജിയാണ് ഉചിതമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകുമെന്നും ഈ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.  കെപിസിസി സംസ്ഥാന നേതൃത്വത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഇന്ദിരഭവനില്‍ സുധീരന്‍റെ രാജിയില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുമ്പോഴാണ് ഇത്തരം വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്. 

ഗ്രൂപ്പ് രാഷ്ട്രീയത്തിന് എതിരെ എന്നതായിരുന്നു സുധീരന്‍റെ കെപിസിസി സ്ഥാനത്ത് എത്തുമ്പോഴുള്ള പ്രധാന മുദ്രവാക്യമായത്, എന്നാല്‍ ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പ് ഉണ്ടാകുകയും സുധീരനെ ചിലര്‍ അവരുടെ ഗോഡ്ഫാദരും അയതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അതിനാല്‍ തന്നെ ഒരു കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ സുധീരന്‍ വിജയമാണോ എന്നതും സംശയമുള്ള കാര്യമായി തന്നെ അവശേഷിക്കുന്നു. 

കോണ്‍ഗ്രസിനെ സംബന്ധിച്ച് അവരുടെ ഏറ്റവും മോശം കാലവസ്ഥയിലൂടെയാണ് രാജ്യത്തും കേരളത്തിലും കടന്ന് പോകുന്നത്. പ്രതിച്ഛായയില്‍ എങ്കിലും ക്ലീന്‍ എന്ന പറയാവുന്ന നിലപാടുമായി നില്‍ക്കുന്ന കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയുമ്പോള്‍ എന്താണ് കോണ്‍ഗ്രസ് പകരം കൊണ്ടുവരുക എന്നത് തന്നെയാണ് കേരളം ഉറ്റുനോക്കുന്നത്. പ്രതിപക്ഷം എന്ന നിലയില്‍ ഇപ്പോള്‍ തന്നെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നത്. ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് പറയുമ്പോള്‍ ഉമ്മന്‍ചാണ്ടി എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഈ അവസരത്തിലാണ് സുധീരന്‍റെ രാജിയും.  ഇനിയാര് എന്ന ചോദ്യം സജീവമാകുമ്പോള്‍ അടുത്ത വ്യക്തിയാര് എന്ന് വ്യക്തമായ ശേഷം മാത്രമേ സുധീരനെ വിലയിരുത്താന്‍ സാധിക്കൂ എന്നതും കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു സത്യമാണ്.

click me!